കുഴിമന്തിയെ 'മന്തിസാദം' ആക്കരുത്

കുഴിമന്തിയെ 'മന്തിസാദം' ആക്കരുത്
Published on

താജ് മഹലിന്റെ പേര് 'തേജോ മഹാലയ' എന്നാക്കണം എന്ന് ബിജെപി ഒരു ആവശ്യം അറിയിച്ചിരുന്നു. ഭാഷയ്ക്ക് അകത്ത് അഴിച്ചുപണികൾ നടത്തിയും, വാക്കുകളിൽ മാറ്റങ്ങൾ കൊണ്ടുവന്നും ഏതൊന്നിന്റെയും സ്വത്വത്തെയും, അത് സംബന്ധിക്കുന്ന കാഴ്ചപ്പാടിനെയും മാറ്റിമറിക്കാൻ സാധിക്കും. ഡോ. ശാരദ ദേവിയെ പോലെയുള്ളവർ 'ഭിന്നശേഷി' എന്ന പദം മാറ്റി 'ഡിസബിലിറ്റി' എന്നാക്കണം എന്ന് പറയുന്നതും സമാനമായാണ്. വാക്കുകൾക്കും ഭാഷാപ്രയോഗങ്ങൾക്കും വ്യക്തികളുടെ ധാരണകളെയും, മനോഭാവങ്ങളെയും സ്വാധീനിക്കാൻ തക്ക ശേഷിയുണ്ട്.

താജ് മഹൽ
താജ് മഹൽ

ഭാഷയ്ക്ക് അകത്ത് നിർമിക്കുന്ന നല്ലത്-മോശം ബൈനറികൾ സാമൂഹിക-സാംസ്കാരിക മേധാവിത്തത്തെ ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഇന്ത്യയുടെ ഗ്രേഡെഡ് സാമൂഹിക അസമത്വത്തിന് ഉതകുന്ന നിലയിൽ സംസ്കൃതസ്വഭാവമുള്ള വാക്കുകൾ മേലായ്മയെ ന്യായീകരിക്കുകയും പൊതുസ്വീകാര്യമാക്കുകയും ചെയ്യുന്നു. ഭാഷയ്ക്ക് അകത്ത് ഹിംസാത്മകമായ ഒരിടം സവർണ്ണത ഉണ്ടാക്കിയെടുത്തത് ഇങ്ങനെയാണ്. ഭാഷകന്റെ നൈപുണിയായി പോലും തെറ്റിദ്ധരിപ്പിച്ചു ജാതിമേധാവിത്തത്തെ ഇത് സാധൂകരിക്കുന്നു.

അമേരിക്കൻ ലിങ്വിസ്റ്റ് ആയ ജോൺ ജെ ഗുമ്പേഴ്സ് ഇന്ത്യയ്ക്ക് ഉള്ളിൽ നടത്തിയ കമ്മ്യൂണിറ്റി പഠനത്തിന്റെ ഭാഗമായി സാമൂഹിക കൂട്ടായ്മകളും ഭാഷയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ജാതി ഭാഷയിൽ വലിയൊരു ഘടകം ആണെന്നും, അതനുസരിച്ചു സമൂഹത്തിനകത്തു ഭാഷകൊണ്ട് തന്നെ മേൽത്തട്ട്-കീഴ്ത്തട്ട് വർഗീകരണം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു കണ്ടെത്തി. സാംസ്കാരികമായിത്തന്നെ പാർശ്വവൽകൃതരാക്കാൻ വാക്കുകളെ മേൽ-കീഴ് ബന്ധങ്ങളാൽ കോർത്തിണക്കി സമാന്തര അക്ഷരമാലകളായി മാറ്റിയത് നമുക്ക് പ്രത്യക്ഷത്തിൽ തന്നെ കാണാവുന്നതാണ്. അതിനാലാണ് ചിലർ ചാവുകയും മറ്റ് ചിലർ 'തീപ്പെടുകയും' ചെയ്യുന്നതും, ചിലർ മരിക്കുകയും മറ്റ് ചിലർ 'കാലം ചെയ്യുകയും' ചെയ്യുന്നതും അതുകൊണ്ടാണ് ചിലരുടെ വീടുകൾ ഇല്ലവും തറവാടും ആകുന്നതും, മറ്റ് ചിലരുടേത് കുടികളും, മാടങ്ങളും ആകുന്നതും.

കുഴിമന്തി
കുഴിമന്തി

ഭാഷയ്ക്ക് അകത്ത് സംസ്കൃതവൽക്കരണം നടത്താൻ പൈതൃകത്തെയും, ചരിത്രത്തെയും കൂട്ടുപിടിക്കുന്നതിന്റെ പുറകിലും സമാന ഫാഷിസ്റ്റ് ഉദ്ദേശങ്ങൾ ഉണ്ട്. വൈവിധ്യങ്ങളെ റദ്ദ് ചെയ്യൽ ഒരു പ്രത്യേക തരം ഭാഷാലാവണ്യത്തിലേക്ക് നമ്മളെ എത്തിക്കുകയും, അത് ഭാഷയുടെ മേന്മയെ സംബന്ധിച്ച് ഏകശിലാരൂപത്തിലുള്ള ഒരു ഫാഷിസറ്റ് ബോധ്യം നിർമിക്കുകയും ചെയ്യും. അങ്ങനെ ഈ ഭാഷാലാവണ്യം, ഭാഷ പേറുന്ന സംസ്കാരത്തിന് പുറത്തുള്ളവയെ അപരമാക്കും. കുഴിമന്തി ദുസ്സഹമാവുന്നത് അങ്ങനെയാണ്.

വി. കെ. ശ്രീരാമൻ
വി. കെ. ശ്രീരാമൻ

സവർണ്ണ കാഴ്ച്ച(Savarna Gaze ) പോലെ തന്നെയാണ് ഭാഷയാൽ സ്വാധീനപ്പെടുന്ന സവർണ്ണ അഭിരുചിയും (Savarna Palate). വി. കെ. ശ്രീരാമൻ ഇന്റർവ്യൂവിൽ 'തീട്ടം' എന്ന പേരുള്ള ഭക്ഷണം വന്നാൽ ആൾക്കാർ പേര് മാറ്റില്ലേ എന്ന് ചോദിക്കുന്നു, 'മലായ്' എന്നൊരു ഭക്ഷണം ഇപ്പോഴും നമുക്കിവിടെ സുലഭമായി ലഭിക്കുന്ന ഒന്നാണല്ലോ. അതുകൊണ്ട് തന്നെ 'കുണ്ഠിതം ' പോലെയുള്ള വാക്കുകളോട് തോന്നാത്ത അതൃപ്തി 'കുഴിമന്തിയോട് തോന്നുന്നതിലെ പ്രശ്നം അന്ത്രോപോളജിക്കൽ കൂടിയാവുന്നുണ്ട്. ഭാഷാപരമായി അപരമാക്കുന്നതോട് കൂടി, അത് ശരീരപരമാവുകയും അങ്ങനെ കുറച്ചുകൂടി വളർന്നു സംസ്കാരികമായി അപരമാവുകയും ചെയ്യും.

സംസ്കൃതവൽക്കരിക്കാത്ത വാക്കുകളെ എല്ലാം ഇഷ്ടപ്പെടണം എന്ന് പറയാനല്ല ഉദ്ദേശിക്കുന്നത്. ഏതൊരു സമൂഹത്തിലെയും വ്യക്തിയുടെ പ്രവർത്തനത്തിൽ ഭാഷയുടെയും ചിന്തയുടെയും ഒരു നിശ്ചിത സ്വയംഭരണമുണ്ട്. അതുകൊണ്ട് തന്നെ വളരെ ഏകപക്ഷീയമായ ലാവണ്യബോധത്തിന് ജനാധിപത്യത്തെ ഇല്ലാതാക്കാൻ സാധിക്കും. അതിനാൽ വൈവിധ്യങ്ങൾ പ്രധാനമാണ്. നമുക്ക് ഇഷ്ടമല്ലാത്തവയ്ക്കും ഇടമുണ്ടാവണം എന്ന ബോധ്യമാണ് പ്രധാനം. കുഴിമന്തിയെ 'മന്തിസാദം' ആക്കരുതേ.

Related Stories

No stories found.
logo
The Cue
www.thecue.in