മുന്‍ ഭാഗങ്ങള്‍ വായിക്കാം
നിയമസഭയില്‍ അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിനായുള്ള സൈറണ്‍ മുഴങ്ങി. പ്രമേയത്തെ അനുകൂലിക്കുന്നവര്‍ എഴുന്നേറ്റു നില്‍ക്കണമെന്ന് സ്പീക്കര്‍ വി. ഗംഗാധരന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷനിരയുടെ മുന്‍ നിരയിലിരുന്ന പ്രതിപക്ഷനേതാവ് ടി. വി. തോമസ് എന്തു ചെയ്യണമെന്നറിയാത്ത മുഖഭാവത്തോടെ തിരിഞ്ഞ് സന്ദര്‍ശകഗ്യാലറിയിലേക്ക് നോക്കി. അവിടെയിരുന്നിരുന്ന കഷണ്ടി ബാധിച്ച ദീര്‍ഘകായന്‍ 'വേണ്ട' എന്ന അര്‍ത്ഥത്തില്‍ തലയൊന്നു ചലിപ്പിച്ചു കാണിച്ചു. ടി വി. തിരിഞ്ഞ് തന്നോടൊപ്പം കമ്മ്യൂണിസ്റ്റ് ബെഞ്ചുകളിലിരിക്കുന്നവരെ നോക്കി ആ ചലനമാവര്‍ത്തിച്ചു. പോള്‍ ആരംഭിച്ചപ്പോള്‍ അറിയാതെ എഴുന്നേറ്റു പോയ ചിലര്‍ പെട്ടെന്നുതന്നെ സീറ്റിലിരുന്നു. അടുത്തത് പ്രമേയത്തെ എതിര്‍ക്കുന്നവരുടെ ഊഴമാണ്. വോട്ടെടുപ്പിനുള്ള സൈറണ്‍ മുഴങ്ങിയപ്പോള്‍ ടി.വി. വീണ്ടും സന്ദര്‍ശക ഗ്യാലറിയിലേക്ക് നോക്കി. അവിടെയിരിക്കുന്നയാള്‍ അതേ ചലനം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. ടി.വിയും സഖാക്കളും സീറ്റുകളില്‍ തന്നെ ഉറച്ച് അങ്ങനെയിരുന്നു.
1954 ഫെബ്രുവരി 8. തിരുകൊച്ചി നിയമസഭയായിരുന്നു വേദി. തെക്കന്‍ തിരുവതാംകൂറിലുള്ള തമിഴ് ഭൂരിപക്ഷപ്രദേശങ്ങള്‍ മദിരാശി സംസ്ഥാനത്തോട് സംയോജിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം നടത്തിയ തിരുവിതാംകൂര്‍ തമിഴ്‌നാട് കോണ്‍ഗ്രസിന്റെ ഏഴു പ്രവര്‍ത്തകര്‍ മാര്‍ത്താണ്ഡത്ത് നടന്ന പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. അതേത്തുടര്‍ന്ന് പട്ടം താണുപിള്ളയുടെ ന്യൂനപക്ഷ പി.എസ് പി. മന്ത്രിസഭയ്ക്ക് പിന്തുണ നല്‍കിയിരുന്ന കോണ്‍ഗ്രസും നേശമണി രാശായുടെ തമിഴ്‌നാട് കോണ്‍ഗ്രസ്സും പിന്തുണ പിന്‍വലിച്ചു. പി.എസ്.പിയുടെ തന്നെ അംഗമായിരുന്ന ടി.എസ്. രാമസ്വാമി മന്ത്രിസഭയ്‌ക്കെതിരെ സഭയിലവതരിപ്പിച്ച അവിശ്വാസപ്രമേയം വോട്ടിനിട്ടപ്പോള്‍ ഉണ്ടായ രംഗങ്ങളാണ് വിവരിച്ചത്.
മന്ത്രിസഭയെ നിലനിറുത്തുന്നതിനായി ചില ഉപാധികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പി. എസ്. പി. യ്ക്ക് മുമ്പാകെ വെച്ചിരുന്നു. 1954-ലെ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം ചേര്‍ന്നു ഭരിക്കും എന്നു പ്രഖ്യാപിച്ചുകൊണ്ട് വോട്ടു പിടിക്കുകയും ഒടുവില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിനോട് കൂട്ടുചേരുകയും ചെയ്ത പട്ടം താണുപിള്ളയുടെ രാഷ്ട്രീയവഞ്ചന പാര്‍ട്ടി മറന്നിട്ടുണ്ടായിരുന്നില്ല. പാര്‍ട്ടി ആവശ്യപ്പെട്ട ഉപാധികള്‍ പ്രകാരം പുന്നപ്ര-വയലാര്‍ സേനാനികളെ മോചിപ്പിക്കുകയും കുടിയൊഴിപ്പിക്കല്‍ നിരോധനത്തിനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്ത പട്ടം, തമിഴ് പ്രക്ഷോഭകാരികളുള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കണം എന്ന ആവശ്യത്തിന് വഴങ്ങാന്‍ കൂട്ടാക്കിയില്ല.
അവിശ്വാസപ്രമേയത്തിനുള്ള മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യത്തെക്കുറിച്ച് ഒരു പ്രഖ്യാപനവും നടത്താതിരുന്നപ്പോഴാണ് 'ഇനിയെന്ത്' എന്ന ചോദ്യവുമായി ടി വി സന്ദര്‍ശകഗ്യാലറിയിലേക്ക് നോക്കിയത്. അവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും ഉന്നതസ്ഥാനം വഹിക്കുന്ന ജനറല്‍ സെക്രട്ടറി അജയഘോഷ് സഭാനടപടികളെല്ലാം ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. വലതുപക്ഷസ്വഭാവമുള്ള കക്ഷിയാണെങ്കിലും പേരിന്റെ കാര്യത്തില്‍ ഇടതുപക്ഷ ലേബല്‍ സൂക്ഷിക്കുന്ന പ്രജാ'സോഷ്യലിസ്റ്റ്'പാര്‍ട്ടിയുടെ മന്ത്രിസഭയെ കുരുതി കൊടുത്തു കൊണ്ട് പ്രധാന ശത്രുവായ കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൂട്ടുനില്‍ക്കരുത് എന്ന സന്ദേശമാണ് ടി വി തോമസിന് അജയന്‍ തന്റെ മുഖചലനങ്ങളിലൂടെ കൈമാറിയത്.
എന്നാല്‍ മുപ്പതു വോട്ടുകളുടെ ഭൂരിപക്ഷത്തോടെ അവിശ്വാസപ്രമേയം പാസ്സാകുകയും പട്ടം മന്ത്രിസഭ നിലംപതിക്കുകയും ചെയ്തതോടെ ആ രാഷ്ട്രീയ നാടകത്തിന് തിരശ്ശീല വീണു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നായകസ്ഥാനത്തേക്ക് അജയഘോഷ് എത്തിയതിന് തൊട്ടുപിന്നാലെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്നത്. 1951-ലെ ഒക്ടോബര്‍ മാസത്തില്‍ കല്‍ക്കട്ടയില്‍ വെച്ചു നടന്ന പ്രത്യേക പാര്‍ട്ടി സമ്മേളനം പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യയുടെ മുഖ്യധാരയിലേക്ക് പൂര്‍വാധികം ശക്തിയോടെ മടങ്ങിയെത്താനുള്ള തീരുമാനം കൈക്കൊണ്ടു. സോഷ്യലിസ്റ്റ് വിപ്ലവം അരങ്ങേറുന്നതിന് മുമ്പായി സാമ്രാജ്യത്വ/ഫ്യൂഡല്‍ വിരുദ്ധ വിപ്ലവം പൂര്‍ത്തിയാക്കുക എന്നതാണ് അടിയന്തിര കടമയെന്നു ചൂണ്ടിക്കാട്ടിയ പുതിയ പാര്‍ട്ടി പരിപാടി, ഇതിനു വേണ്ടി തൊഴിലാളി, കര്‍ഷക,പെറ്റി ബൂര്‍ഷ്വാ വിഭാഗങ്ങളെയും ദേശീയസ്വാതന്ത്ര്യത്തിനും രാജ്യപുരോഗതിയ്ക്കും വേണ്ടി നിലകൊള്ളുന്ന ദേശീയ ബൂര്‍ഷ്വാസിയെയും ഒരുമിച്ചണിനിരത്തിക്കൊണ്ടുള്ള ഒരു ഐക്യമുന്നണി കെട്ടിപ്പടുക്കണമെന്ന് ആഹ്വാനം ചെയ്തു.
1951 അവസാനം ആരംഭിച്ച ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ സാമ്രാജ്യത്വ കുത്തകകളുടെയും നാടുവാഴികളുടെയും പിന്തുണയുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു പുറത്താക്കി, അവിടെ മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള വിവിധപാര്‍ട്ടികളും ഗ്രൂപ്പുകളും നയിക്കുന്ന ഒരു ജനകീയ ജനാധിപത്യ ഗവണ്മെന്റിനെ അധികാരത്തിലേറ്റണമെന്ന് കമ്മ്യൂണിസ്റ്റ്പാര്‍ട്ടി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്താനും മറ്റുമായി എസ് എ ഡാങ്കെ, എ. കെ. ഗോപാലന്‍, ബങ്കിം മുഖര്‍ജി, മുസാഫര്‍ അഹമ്മദ്,ജ്യോതി ബസു,ഇസഡ് എ അഹമ്മദ്, സോഹന്‍ സിംഗ് ജോഷ് എന്നിവരടങ്ങിയ ഒരു കമ്മിറ്റിയെ നിയോഗിച്ചു. കമ്മ്യൂണിസ്റ്റ്പാര്‍ട്ടി അപ്പോഴും രാജ്യത്ത് പലയിടത്തും പൂര്‍ണമായും നിയമവിധേയമായിട്ടില്ലാത്തതു കൊണ്ട്, സ്വതന്ത്രസ്ഥാനാര്‍ത്ഥികളായിട്ടാണ് പാര്‍ട്ടിയുടെ സഖാക്കള്‍ പല സംസ്ഥാനങ്ങളിലും മത്സരിച്ചത്. തിരുക്കൊച്ചിയും മദ്രാസും ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഗണ്യമായ വോട്ടുകളും സീറ്റുകളും നേടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയായി. ആന്ധ്രയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് 40 സീറ്റുകള്‍ നേടിയപ്പോള്‍ തെലുങ്കാനാ കലാപത്തിന്റെ പേരും പെരുമയുമായെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ലഭിച്ചത് 41 സീറ്റുകളായിരുന്നു!
1953 ഡിസംബര്‍ മാസത്തില്‍ മധുരയില്‍ ചേര്‍ന്ന മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രക്കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ (293)നേടിയ രണ്ടുപേരില്‍ ഒരാള്‍ അജയഘോഷായിരുന്നു. മറ്റേത് ഇ എം എസ് നമ്പൂതിരി പ്പാടും. 145-ഉം 107-ഉം വോട്ടുകള്‍ വീതം മാത്രം നേടിയ പഴയ രണ്ടു ജനറല്‍ സെക്രട്ടറിമാര്‍ - ബി. ടി.രണ ദിവേയും പി.സി. ജോഷിയും കമ്മിറ്റിയില്‍ നിന്ന് പുറത്താകുകയും ചെയ്തു. പാര്‍ട്ടിയ്ക്കുള്ളിലെ അജയ്യനായ നേതാവായി അജയഘോഷ് ഉയര്‍ന്നുവന്നത് മധുര കോണ്‍ഗ്രസിലൂടെയാണ്.
സ്റ്റാലിന്റെ മരണത്തിന് മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം 1956 മാര്‍ച്ചില്‍ മോസ്‌കോയില്‍ നടന്ന സി.പി.എസ്. യുവിന്റെ ചരിത്രപ്രധാനമായ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് സി.പി.ഐ.യുടെ പ്രതിനിധി സംഘത്തെ നയിച്ചത് അജയഘോഷായിരുന്നു. സ്റ്റാലിന്റെ ചെയ്തികളെ തള്ളിപ്പറഞ്ഞ നികിതാ ക്രൂഷ്‌ചേവിന്റെ നടപടിയോട് സി.പി.ഐ. പൂര്‍ണ്ണമായി യോജിച്ചില്ല. 'സ്റ്റാലിന് സംഭവിച്ച ഗുരുതരമായ തെറ്റുകള്‍ തുറന്നുകാട്ടപ്പെടേണ്ടതാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ, സോഷ്യലിസം എന്ന മഹത്തായ ആശയം സാക്ഷാത്ക്കരിക്കുന്നതിനും മനുഷ്യരാശിയുടെ മുന്നേറ്റത്തിനും തൊഴിലാളിവര്‍ഗത്തിന്റെ മോചനത്തിനും വേണ്ടി ജീവിതമുഴിഞ്ഞു വെച്ച മഹാനായ മാര്‍ക്‌സിറ്റായി സ്റ്റാലിനെന്നും ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യുമെന്ന്' ന്യൂ ഏജില്‍ എഴുതിയ ലേഖനത്തില്‍ അജയഘോഷ് വിലയിരുത്തി. മറ്റൊരിക്കല്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് ഗവണ്മെന്റിന്റെ 'പുരോഗമന സ്വഭാവത്തെ'യും 'സോഷ്യലിസ്റ്റ് കാഴ്ചപ്പാടിനെ'യും പ്രകീര്‍ത്തിച്ചു കൊണ്ട് സോവിയറ്റ് പ്രസിദ്ധീകരണമായ 'ന്യൂ ടൈംസി'ല്‍ വന്ന ലേഖനത്തോട് 'ന്യൂ എജി'ലൂടെ വിയോജിപ്പ് പ്രകടിപ്പിക്കാനും അജയഘോഷ് മടിച്ചില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വന്‍പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന ആന്ധ്ര പ്രദേശ് നിയമസഭയിലേക്ക് 1955-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടി നേരിട്ടു. രാജേശ്വരറാവുവും ബാസവപുന്നയ്യയുമൊക്കെ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ വെറും 15 സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിയ്ക്ക് നേടാന്‍ കഴിഞ്ഞത്. ആയിടെ നടന്ന സോവിയറ്റ് നേതാക്കളായ ക്രൂഷ്‌ചേവിന്റെയും ബുള്‍ഗാനിന്റെയും ഇന്ത്യ സന്ദര്‍ശനവും ജനകീയ ചൈനയുമായി ഇന്ത്യ പഞ്ചശീല ഉടമ്പടിയില്‍ ഒപ്പു വെച്ചതും മദ്രാസ് സംസ്ഥാനത്തെ ആവടിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം സോഷ്യലിസം മുഖ്യലക്ഷ്യമായി പ്രഖ്യാപിച്ചതും നെഹ്റു മുഖ്യശില്പിയായ ചേരിചേരാ നയവുമൊക്കെയാണ് സോവിയറ്റ്യൂണിയന്റെയും മറ്റും കണ്ണില്‍ നെഹ്‌റു ഗവണ്മെന്റിന്റെ പുരോഗമന പ്രതിച്ഛായ ഉയര്‍ത്തിയത്. ഇതൊക്കെ ആന്ധ്രാ തെരഞ്ഞെടുപ്പിനെയും ബാധിച്ചു.
ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മൂന്ന് ചിന്താധാരകള്‍ ഉയര്‍ന്നുവന്നു. 1956 ഏപ്രിലില്‍ പാലക്കാട് വെച്ചുനടന്ന പാര്‍ട്ടിയുടെ നാലാം കോണ്‍ഗ്രസിലാണ് ഈ അഭിപ്രായസംഘട്ടനങ്ങളുടെ രൂപം കൈക്കൊള്ളുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസിലെ നെഹ്‌റു നേതൃത്വം നല്‍കുന്ന സാമ്രാജ്യത്വവിരുദ്ധ വിഭാഗവുമായി ചേര്‍ന്നുകൊണ്ട് ഒരു ഐക്യമുന്നണി രൂപീകരിക്കുന്നതിനെ കുറിച്ച് പി. സി. ജോഷി, സി. രാജേശ്വര റാവു, ഭവാനി സെന്‍,സോമനാഥ് ലാഹരി, രവി നാരായണ റെഡ്ഢി തുടങ്ങിയവര്‍ വാദിച്ചു.
എന്നാല്‍ ഇന്ത്യ ഇനിയും പൂര്‍ണ്ണമായും സ്വാതന്ത്ര്യം നേടിയിട്ടില്ലെന്നും കോണ്‍ഗ്രസ് സര്‍ക്കാരിനെ കടപുഴക്കിയെറിഞ്ഞുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന തൊഴിലാളി വര്‍ഗ ജനാധിപത്യവിപ്ലവത്തിലൂടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടിയെടുക്കണമെന്നായിരുന്നു പി. സുന്ദരയ്യ, ബി. ടി. രണദിവേ, പി. രാമമൂര്‍ത്തി, ജ്യോതി ബസു, ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്, പ്രമോദ് ദാസ് ഗുപ്ത തുടങ്ങിയവരുടെ നിലപാട്.
എന്നാല്‍ അജയഘോഷ് നേതൃത്വം നല്‍കുന്ന മൂന്നാമത്തെ വിഭാഗത്തിനായിരുന്നു ഭൂരിപക്ഷം. വലതുപക്ഷത്തില്‍ നിന്നും ഇടതുപക്ഷത്തില്‍ നിന്നും തുല്യമായ അകലം പാലിച്ച ഈ മദ്ധ്യവര്‍ത്തി വിഭാഗം, കോണ്‍ഗ്രസിന്റെ വിദേശനയം പുരോഗമനപരവും ആഭ്യന്തരനയങ്ങള്‍ പിന്തിരിപ്പനും ജനദ്രോഹപരവുമാണെന്ന് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്ര സുമായി 'ഐക്യവും സമരവും' എന്ന ആശയമാണ് അവര്‍ മുന്നോട്ടു വെച്ചത്. ഈ നിലപാട് എടുക്കുന്നതില്‍ ഇ. എം.എസ്. ഒരു പ്രധാന പങ്കു വഹിച്ചിരുന്നു. പാലക്കാട് കോണ്‍ഗ്രസില്‍ വെച്ച് വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുമ്പോഴേക്ക് അജയഘോഷ് പാര്‍ട്ടിയിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യനായ നേതാവായി മാറിയിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ശക്തിപ്പെടുത്തുക, സ്വതന്ത്ര ഇന്ത്യയുടെ ആസൂത്രണാധിഷ്ഠിത വികസനനയത്തോട് സൃഷ്ടിപരമായ സമീപനം സ്വീകരിക്കുക, ലോകസമാധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ഇന്ത്യയുടെ വിദേശനയത്തെ പിന്തുണയ്ക്കുക, സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി കൂടുതല്‍ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക, സോഷ്യലിസ്റ്റ് ചേരിയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢതരമാക്കുക, സാമ്രാജ്യത്വ ത്തിന്റെ ദുഷ്‌ചെയ്തികളെ തുറന്നുകാട്ടുക തുടങ്ങിയവ ഉള്‍പ്പെട്ട നയപരിപാടിക്കാണ് നാലാം കോണ്‍ഗ്രസ് രൂപം നല്‍കിയത്.
അജയഘോഷിന്റെ നേതൃത്വത്തില്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് അമൃതസറില്‍ ചേരുമ്പോഴേക്ക് പാര്‍ട്ടി അഭൂതപൂര്‍വമായ നേട്ടങ്ങള്‍ പലതും കൈവരിച്ചിരുന്നു. പുതുതായി രൂപം കൊണ്ട കേരളസംസ്ഥാനത്ത് ഇ.എം. എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതാണ് അതിലേറ്റവും പ്രധാനം. അഞ്ചു സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 65 സീറ്റുകള്‍ നേടി അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പതിനഞ്ച് സംസ്ഥാനങ്ങളിലായി 219 നിയമസഭാ സീറ്റുകള്‍ നേടി. ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രധാന പ്രതിപക്ഷപാര്‍ട്ടിയായി. വിപ്ലവപരമായ ഭൂപരിഷ്‌കരണ നിയമവും വിദ്യാഭ്യാസ നിയമവുമുള്‍പ്പെടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൈക്കൊണ്ട എല്ലാ സുപ്രധാന നടപടികളുടെയും പിറകില്‍, പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ അജയഘോഷിന്റെ നിര്‍ണ്ണായകമായ ഇടപെടലുകളുണ്ടായിരുന്നു.
റോസമ്മ പുന്നൂസ് മത്സരിച്ച ദേവികുളം ഉപതെരഞ്ഞെടുപ്പില്‍ മന്ത്രിമാര്‍ ആരും തന്നെ പ്രചാരണത്തിന് പോകേണ്ടെന്നുള്ള നിര്‍ദ്ദേശം നല്‍കിയത് അജയഘോഷായിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ആരെ ചുമതല പ്പെടുത്തണമെന്നു നിശ്ചയിക്കാന്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അജയന്‍ ചോദിച്ചു. 'ഏറ്റവും കൂടുതല്‍ കമ്മ്യൂണിസ്റ്റ് എം. എല്‍.എ. മാരെ തെരഞ്ഞെടുത്ത ജില്ല ഏതാണ്? ആ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി പോകട്ടെ,ദേവികുളത്ത്.'
അങ്ങനെയാണ് 57-ല്‍ പത്ത് പാര്‍ട്ടി എം.എല്‍.എ മാരെ വിജയിപ്പി ച്ച ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ സെക്രട്ടറി വി.എസ്.അച്യുതാനന്ദനെ ഉപതെരഞ്ഞെടുപ്പിന്റെ ചുമതല പാര്‍ട്ടി ഏല്‍പിക്കുന്നത്. അജയന്‍ മനസില്‍ കണ്ടതുപോലെ ഉപതെരഞ്ഞെടുപ്പില്‍ നിറപ്പകിട്ടാര്‍ന്ന വിജയം നേടുകയും ചെയ്തു.
എന്നാല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലഘട്ടത്തില്‍ ഉണ്ടായ വെടിവെപ്പുകളിലും മറ്റ് അനിഷ്ട സംഭവങ്ങളിലും ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കാനും അജയഘോഷ് ഒട്ടും മടികാണിച്ചില്ല. കേരളത്തിലെ പിന്തിരിപ്പന്‍ ശക്തികള്‍ അഴിച്ചുവിട്ട കുപ്രസിദ്ധമായ വിമോചനസമരം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടുന്നതില്‍ കലാശിച്ചു. നെഹ്‌റു ഗവണ്മെന്റിനെയും ആ നടപടിക്ക് പ്രേരിപ്പിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്ദിരാഗാന്ധിയെയും കോണ്‍ഗ്രസിലും പ്രതിപക്ഷത്തുമുള്ള മറ്റു വലതു പ്രതിലോമ ശക്തികളെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച അജയഘോഷിന്റെ വാക്കുകള്‍ ലോകശ്രദ്ധ പിടിച്ചുപറ്റി.
സായുധവിപ്ലവത്തിന്റെ പാത കൈവെടിഞ്ഞുകൊണ്ട് സമാധാനത്തിന്റെ പാതയിലൂടെ സോഷ്യലിസം കൈവരിക്കാനുള്ള സാദ്ധ്യത പാര്‍ട്ടി ചര്‍ച്ച ചെയ്തംഗീകരിച്ചത് അമൃതസറില്‍ നടന്ന പ്രത്യേക കോണ്‍ഗ്രസില്‍ വെച്ചായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒരു കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ നിന്ന് വിശാലമായ ജനാധിപത്യസ്വഭാവത്തോട് കൂടിയ ഒരു ദേശീയപാര്‍ട്ടിയായി രൂപാന്തരപ്പെടുത്തുന്നതിനുള്ള വേദിയായതും അമൃതസറാണ്. പാര്‍ട്ടിയുടെ ഭരണഘടനയില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തിയ പാര്‍ട്ടി കോണ്‍ഗ്രസ് പോളിറ്റ് ബ്യൂറോ, സെന്‍ട്രല്‍ കമ്മിറ്റി എന്നീ ദ്വിതല സംഘടനാസംവിധാനങ്ങള്‍ക്കു പകരം വിപുലമായ അംഗസംഖ്യയോട് കൂടിയ ദേശീയ കൗണ്‍സില്‍, ദേശീയ എക്‌സിക്യൂട്ടീവ്, ദേശീയ സെക്രട്ടറിയേറ്റ് എന്നീ ത്രിതല സംവിധാനത്തിന് രൂപം നല്‍കി. ഇതിനെല്ലാം മുന്‍കയ്യെടുത്തതും നേതൃത്വം നല്‍കിയതും അജയഘോഷായിരുന്നു. എന്നാല്‍ സമാധാനപരമായ പാത എന്ന ആശയത്തോടും പുതിയ സംഘടനാസംവിധാനത്തോടും എതിര്‍പ്പുള്ള ഒരു വിഭാഗം പി. സുന്ദരയ്യ, ബി.ടി. രണദിവേ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ സജീവമായിരുന്നു.
ആ നാളുകളായപ്പോഴേക്കും അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അജയ് ഘോഷിന്റെ സ്ഥാനം വളരെ നിര്‍ണ്ണായകമായി മാറിക്കഴിഞ്ഞിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ സമുജ്ജ്വല വ്യക്തിത്വങ്ങളായിരുന്ന മഹാനായ ഹോചിമിന്‍, സ്പാനിഷ് ആഭ്യന്തര സമരത്തിന്റെ തീപ്പൊരിനേതാവ് ഡോളോറെസ് ഇബാരുരി, ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യനേതാവായ മോറിസ് തോറസ്, ഇറ്റലിയില്‍ അന്റോണിയോ ഗ്രാംസിയുടെ ഉറ്റ സഖാവായിരുന്ന പാമിറോ തോഗ്ലിയാറ്റി, ജര്‍മ്മന്‍ പാര്‍ട്ടിയിലെ കരുത്തനായ വാള്‍ട്ടര്‍ ഉള്‍ബ്രിച്ച്, ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവും സൈദ്ധാന്തികനുമായിരുന്ന രജനി പാംദത്ത്...ഇവരുടെ നിരയില്‍പ്പെട്ട നേതാവായി പരിഗണിച്ച്, ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അജയഘോഷിനെ ആദരിച്ചുപോന്നു. അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ക്ക് ഏറെപ്രാധാന്യം കല്പിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. 1960-ല്‍ മോസ്‌കോയില്‍ വെച്ചു ചേര്‍ന്ന 81 കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും വര്‍ക്കേഴ്സ് പാര്‍ട്ടികളുടെയും സമ്മേളനത്തിന്റെ ദേശീയ വിമോചന സമര വിഭാഗത്തിലെ ഡ്രാഫ്റ്റിംഗ് കമ്മീഷന്റെ ചെയര്‍മാന്‍ അജയഘോഷായിരുന്നു. അടുത്ത സമ്മേളനം വിളിച്ചുചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള ചുമതലയേല്പിച്ചത് സി.പി.ഐ അടക്കമുള്ള പന്ത്രണ്ട് പാര്‍ട്ടികളെയാണ്.
ആ സമ്മേളനത്തില്‍ അജയന്‍ നടത്തിയ പ്രസംഗത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാവോയിസ്റ്റ് നേതൃത്വം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനായി ആരംഭിച്ച കുല്‍സിതശ്രമങ്ങളെ നിശിതമായി വിമര്‍ശിച്ചു. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഭിന്നിപ്പിന് വഴിതെളിച്ചു കൊണ്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യം ചെയ്തത്,1960 ല്‍ മോസ്‌കോയില്‍ ചേര്‍ന്ന 81 കമ്മ്യൂണിസ്റ്റ് / വര്‍ക്കേഴ്സ് പാര്‍ട്ടികളുടെ സമ്മേളനം പ്രഖ്യാപനത്തിന് കടകവിരുദ്ധമായ നിലപാട് സ്വീകരിക്കുക എന്നതായിരുന്നു. സമാധാനപരമായ സഹവര്‍ത്തിത്വം എന്ന ആശയത്തെ മാവോയിസ്റ്റ് നേതൃത്വം രൂക്ഷമായി വിമര്‍ശിച്ചു. ചൈനീസ് പാര്‍ട്ടിയുടെ നേതൃത്വവുമായി ഭിന്നതയ്ക്ക് കാരണമായ പ്രശ്‌നങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും ക്ഷമയോടെ അവരെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാനും അജയഘോഷ് മുന്‍കൈയെടുത്തു. അതേസമയം ഇന്ത്യയോട് ചൈന സ്വീകരിച്ച ആക്രമണത്തിന്റെ സമീപനത്തെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. ചൈനീസ് കമ്മ്യൂണിസ്റ്റ്പാര്‍ട്ടി തെറ്റായ നിലപാടുകള്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ അത് ചൂണ്ടിക്കാട്ടിയ ഡാങ്കെയെ ദേശീയകൗണ്‍സിലിനെക്കൊണ്ട് സെന്‍ഷര്‍ ചെയ്യിക്കുന്നതില്‍ വിജയിച്ച സുന്ദരയ്യ - രണദിവേ വിഭാഗത്തിന് ജനറല്‍ സെക്രട്ടറി യുടെ ചൈനാ വിമര്‍ശനം ഇഷ്ടപ്പെട്ടില്ല.1960-ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്ന അജയഘോഷിനോട് സുന്ദരയ്യ ആവേശത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു.
'അജയ്,നിങ്ങള്‍ ചൈനയ്‌ക്കെതിരെ തെറ്റായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.ഇതു ശരിയല്ല.'
(1962 ലെ ചൈനീസ് ആക്രമണത്തിനു ശേഷവും ,ഒരിക്കലും ചൈന ഇന്ത്യയെ ആക്രമിച്ചിട്ടില്ലെന്നും മക്‌മോഹന്‍ രേഖ കടന്നുവെന്ന ഒരു ചെറിയ അബദ്ധം മാത്രമാണ് അവര്‍ക്ക് സംഭവിച്ചതെന്നും സുന്ദരയ്യ അതേ ആവേശത്തോടെ പ്രസ്താവിച്ചിരുന്നു.)
ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ഇന്ത്യയിലെ പാര്‍ട്ടിയിലും അഭിപ്രായഭിന്നതകള്‍ മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കുന്ന നാളുകളിലാണ് 1961 ഏപ്രില്‍ മാസം ഏഴ് മുതല്‍ പതിനാറു വരെയുള്ള തീയതികളില്‍ വിജയവാഡയില്‍ വെച്ച് ആറാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്. മിഖായേല്‍ സുസ്ലോവിന്റെ നേതൃത്വത്തില്‍ ഒരു അഞ്ചംഗ പ്രതിനിധി സംഘം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയിരുന്നു. ചെക്കോസ്ലോവാക്യ, ബള്‍ഗേറിയ,ഇറ്റലി,ആസ്ട്രേലിയ, റുമാനിയ, ഹംഗറി എന്നീ രാജ്യങ്ങളില്‍ നിന്നും സൗഹാര്‍ദ്ദപ്രതിനിധികള്‍ എത്തിയതോടെ പാര്‍ട്ടി കോണ്‍ഗ്രസ് അന്തര്‍ദ്ദേശീയ തലത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമായി.ഇന്ത്യാ ഗവണ്മെന്റ് വിസ നിഷേധിച്ചതുകൊണ്ട് ഫ്രാന്‍സ്, ജര്‍മ്മന്‍ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധിസംഘങ്ങള്‍ക്ക് പങ്കെടുക്കാനായില്ല.
സംഭവബഹുലവും സംഘര്‍ഷഭരിതവുമായിരുന്ന കുറെ ദിവസങ്ങളായിരുന്നു അത്. എസ്. എ. ഡാങ്കെ,പി സി ജോഷി,ഡോ.അധികാരി,ഭവാനിസെന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിനെതിരായി ബി. ടി.രണദിവേയും പി സുന്ദരയ്യയും പി രാമമൂര്‍ത്തിയുമെല്ലാം ചേര്‍ന്ന് മറ്റൊരു പ്രമേയം അവതരിപ്പിച്ചു. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു രേഖ ഇ. എം. എസ്. നമ്പൂതിരിപ്പാട് അവതരിപ്പിച്ചു. പാര്‍ട്ടിയിലെ സെന്റട്രിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ഭൂപേശ് ഗുപ്ത, ജ്യോതി ബസു, എം എന്‍ ഗോവിന്ദന്‍ നായര്‍, ഏ.കെ. ഗോപാലന്‍ തുടങ്ങിയവരൊക്കെ അതിനെയാണ് പിന്തുണച്ചത്. അജയ് ഘോഷിന്റെ നിലപാടും ഏറെക്കുറെ അതിനോട് യോജിക്കുന്നതായിരുന്നു. ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പും വാക്ക് ഔട്ടും നടപടികളെ തടസ്സപ്പെടുത്തലും ബഹളം വെക്കലുമെല്ലാം പലവട്ടം അരങ്ങേറി. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രതിനിധികളെ മുന്‍നിര്‍ത്തിക്കൊണ്ട് പാര്‍ട്ടി ഇപ്പോള്‍ പിളരും എന്ന് ഏതാണ്ട് തീര്‍ച്ചയായ നിമിഷങ്ങള്‍. അതിനിടെ അജയന് നേരിയ തോതില്‍ ഹൃദയാഘാതവും സംഭവിച്ചു. രണ്ടു ദിവസം കിടക്കയില്‍ തന്നെ വിശ്രമിക്കാന്‍ ഒരുങ്ങിയെങ്കിലും സംഘര്‍ഷം മൂര്‍ഛിച്ച ചില നിര്‍ണ്ണായകഘട്ടങ്ങളില്‍ സ്‌ട്രെച്ചറില്‍ എത്തി നടപടികളില്‍ പങ്കുകൊള്ളുന്ന സാഹചര്യമുണ്ടായി. പാര്‍ട്ടിയില്‍ ഭിന്നത ഒഴിവാക്കാനായി സുസ്ലോവിന്റെ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായി.
കോണ്‍ഗ്രസിനോടുള്ള പാര്‍ട്ടിയുടെ നിലപാടിനെ സംബന്ധിച്ചായിരുന്നു സുന്ദരയ്യ ഗ്രൂപ്പിന്റെ പ്രധാന അഭിപ്രായവ്യത്യാസം. ജനസംഘവും സ്വതന്ത്രാപാര്‍ട്ടിയും കോണ്‍ഗ്രസ്സിനുള്ളിലെ വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളും ഒത്തുചേര്‍ന്ന് രൂപം കൊള്ളുന്ന പ്രതിലോമ മുന്നണിയെ നേരടാന്‍ കോണ്‍ഗ്രസിനുള്ളിലെ നെഹ്റു നയിക്കുന്ന പുരോഗമനചേരിയെ കൂടി അണിനിരത്തിക്കൊണ്ടുള്ള ഒരു ദേശീയ ജനാധിപത്യമുന്നണിക്കു വേണ്ടിയാണ് ഡാങ്കെ നയിച്ച മറുപക്ഷം വാദിച്ചത്.
പാര്‍ട്ടി ഒരു പിളര്‍പ്പിലേക്ക് പോകുകയാണ് എന്ന പ്രതീതി നിറഞ്ഞുനിന്ന ഘട്ടത്തിലാണ് മൂന്നാം ദിവസം അജയഘോഷ് 'പുതിയ സാഹചര്യവും നമ്മുടെ കടമകളും'എന്ന തന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം നടത്തുന്നത്. രോഗാവസ്ഥയെ തൃണവല്‍ഗണിച്ചുകൊണ്ട് പാര്‍ട്ടിയുടെ ഐക്യവും കെട്ടുറപ്പും പുനഃസ്ഥാപിക്കാന്‍ വേണ്ടി ജനറല്‍ സെക്രട്ടറി ചെയ്ത ആ നീണ്ട പ്രസംഗത്തെ പ്രതിനിധി സഖാക്കള്‍ ആവേശപൂര്‍വ്വം കൈയടിച്ച് സ്വീകരിച്ചു. ഡാങ്കെ പക്ഷത്തോട് ചില കാര്യങ്ങളില്‍ യോജിച്ചുകൊണ്ടാണെങ്കിലും മറുപക്ഷത്തിനും കൂടി സ്വീകാര്യമായ ചില ആശയങ്ങളുണ്ടായിരുന്ന ആ പ്രസംഗത്തെ ആദ്യം സ്വാഗതം ചെയ്തത് എതിര്‍പക്ഷത്തിന്റെ പ്രധാന വക്താവായ ബി. ടി. രണദിവേ ആണ്.
'ഈ പ്രസംഗം സെക്രട്ടറി ദേശീയ കൗണ്‍സില്‍യോഗത്തില്‍ നടത്തിയിരുന്നെങ്കില്‍ ഞാന്‍ ബദല്‍ പ്രമേയം കൊണ്ടുവരില്ലായിരുന്നു'വെന്നാണ് രണദിവേ പറഞ്ഞത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായി നീണ്ട ചര്‍ച്ചകള്‍ നടത്തി തയ്യാറാക്കിയ രേഖയ്ക്ക് പകരം ജനറല്‍ സെക്രട്ടറി നടത്തിയ പ്രസംഗം തന്നെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ നയരേഖയായി മാറുന്ന അപൂര്‍വസംഭവമാണ് പിന്നീട് ഉണ്ടായത്. ഈ പ്രസംഗത്തിലെ ആശയങ്ങള്‍ക്ക് അനുസൃതമായി രാഷ്ട്രീയപ്രമേയം ഭേദഗതി ചെയ്യുന്ന ഉത്തരവാദിത്തം ജനറല്‍ സെക്രട്ടറിയെ തന്നെ ഏല്‍പ്പിക്കാനുള്ള നിര്‍ദ്ദേശവും സ്റ്റിയറിങ് കമ്മിറ്റിയ്ക്ക് വേണ്ടി എം. എന്‍. ഗോവിന്ദന്‍ നായര്‍ സമ്മേളനത്തിന് മുമ്പാകെ അവതരിപ്പിച്ചു. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ ഈ നിര്‍ദ്ദേശം കൈയടിച്ച് അംഗീകരിച്ചതോടെ പടിവാതില്‍ക്കല്‍ വരെ എത്തിയ ഭിന്നിപ്പ് ഒഴിവായി. പിളര്‍പ്പ് ഒഴിവാക്കാന്‍ വിഭാഗീയതയുടെ വക്താക്കള്‍ അന്നേരം തയ്യാറായെങ്കിലും അജയഘോഷിനോട് പൂര്‍ണമായും ക്ഷമിക്കാന്‍ അവര്‍ ഒരിക്കലും കൂട്ടാക്കിയില്ല.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആ നാളുകളില്‍ അജയഘോഷിനെ കണ്ടിരുന്നത് അവരുടെ ഏറ്റവും കടുത്ത ശത്രുവായിട്ടാണ്. പീക്കിങ് റേഡിയോയും ചൈനീസ് വാര്‍ത്താ ഏജന്‍സിയും അദ്ദേഹത്തെ വ്യക്തിപരമായി തന്നെ നിരന്തരം കടന്നാക്രമിച്ചുകൊണ്ട് പ്രക്ഷേപണങ്ങളും വാര്‍ത്തകളും ലേഖനങ്ങളും കൊടുത്തുകൊണ്ടിരുന്നു. അവരുടെ നിലപാടുകളും അഭിപ്രായങ്ങളും ഏറ്റുപാടിക്കൊണ്ടിരുന്ന സിപിഐ യിലെ ഒരു വിഭാഗവും അജയനെ ശത്രുവായിട്ടാണ് കണ്ടത്. അജയഘോഷ് വിടപറഞ്ഞ് പതിനഞ്ചു വര്‍ഷം കഴിഞ്ഞ് ബസവപുന്നയ്യ എഴുതിയ ഒരു ലേഖനത്തില്‍ അജയഘോഷിനെ വിശേഷിപ്പിച്ചത് ' The skilful architect of indian revisionism' എന്നാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ ഐക്യവും കെട്ടുറപ്പുമാണ് അജയഘോഷ് എക്കാലവും പരമപ്രധാനമായി കരുതിപ്പോന്നിരുന്നത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കടകവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചു പോന്ന രണ്ടു വിഭാഗങ്ങളുടെയും ഇടയില്‍ ഐക്യത്തിന്റെ പ്രതിരൂപം പോലെയാണ് അജയന്‍ നിലകൊണ്ടത്. ഏതാണ്ട് സമാന ചിന്താഗതിക്കാരായ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ - ഇ എം എസ്, ഭൂപേശ് ഗുപ്ത, എം.എന്‍.ഗോവിന്ദന്‍ നായര്‍ എന്നിവരുമായിട്ടായിരുന്നു അദ്ദേഹത്തിന് മാനസികമായി ഏറ്റവും അടുപ്പമുണ്ടായിരുന്നത്.
സഖാവ് ലെനിന്റെ പ്രിയപ്പെട്ട പ്രസ്ഥാനമായ സി. പി.എസ്. യു. നയിച്ചിരുന്ന ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളി വര്‍ഗസാര്‍വദേശീയത എന്ന സിദ്ധാന്തത്തിന്റെയും ഏറ്റവും വലിയ വക്താവും അനുയായിയുമായിരുന്നു അജയഘോഷ്. ഇന്ത്യയില്‍ ശക്തമായ ഒരു സമാധാനപ്രസ്ഥാനവും ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനവും ആഫ്രോ ഏഷ്യന്‍ പ്രസ്ഥാനവും കെട്ടിപ്പടുക്കാന്‍ അജയഘോഷ് അക്ഷീണം പ്രയത്‌നിച്ചു.
1961 സെപ്റ്റംബര്‍ മാസത്തില്‍ ദല്‍ഹിയില്‍ ചേര്‍ന്ന ദേശീയോദ്ഗ്രഥന സമ്മേളനത്തില്‍ അജയഘോഷ് നടത്തിയ പ്രസംഗം ഇന്ത്യ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെയും എങ്ങനെയാണ് ഇനി രാജ്യം മുന്നോട്ടു പോകേണ്ടത് എന്നതിനെയും സംബന്ധിച്ചുള്ള ആഴത്തിലുള്ള വിലയിരുത്തലായിരുന്നു. 'Communalism Most serious Menace' എന്ന പേരില്‍ വിലപ്പെട്ട ചരിത്രരേഖയായി തീര്‍ന്ന ആ പ്രസംഗത്തിലൂടെ ഇന്ത്യ നേരിടുന്ന വര്‍ഗീയഭീഷണിയെക്കുറിച്ച് അജയന്‍ നല്‍കിയ മുന്നറിയിപ്പുകള്‍ എത്ര ശരിയെന്ന് കാലം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
ഏറ്റവുമൊടുവില്‍ അജയഘോഷ് ഒരുപാട് ആഹ്ലാദിച്ചതും ആഘോഷിച്ചതും പോര്‍ച്ചുഗീസ് കാരുടെ കൈകളില്‍ നിന്ന് ഗോവ വിമോചിക്കപ്പെട്ട നിമിഷങ്ങളിലായിരുന്നു. ഗോവ വിമോചനസമരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവമായ പങ്കാളിത്തവും ഇടപെടലുകളും ഉറപ്പു വരുത്തിയതിലൂടെ അജയന്‍ ചരിത്രപരമായ തന്റെ കടമ നിറവേറ്റുകയായിരുന്നു.
പാര്‍ട്ടി സഖാവും ജീവിതപങ്കാളിയുമായ ലിത്തോ ഘോഷും അരുണ്‍ എന്ന കൊച്ചു മകനും ചേര്‍ന്ന അജയന്റെ സ്വകാര്യ ജീവിതത്തില്‍ ഒരിക്കലും വിശ്രമത്തിന്റെ നിമിഷങ്ങളുണ്ടായിട്ടില്ല. കുട്ടികളോടൊത്തുള്ള നിമിഷങ്ങള്‍ അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടു. പുസ്തകങ്ങളായിരുന്നു അജയന്റെ പ്രിയപ്പെട്ട മറ്റൊരു ലോകം. പഠിച്ച വിഷയമായ ശാസ്ത്രത്തോട് ആഭിമുഖ്യം പുലര്‍ത്തുമ്പോഴും ഷേക്‌സ്പിയറോട് മനസ്സിലൊരുപാട് ഇഷ്ടം സൂക്ഷിച്ചു.
പാര്‍ട്ടിയ്ക്കുള്ളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിച്ച നാളുകളില്‍ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള അനാരോഗ്യത്തിന്റെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ആസന്നമായ 1962-ലെ പൊതു തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലേക്ക് ആഴ്ന്നിറങ്ങുന്നതിന് മുമ്പ് സോവിയറ്റ് യൂണിയനില്‍ പോയി ചികിത്സ നടത്തി ആരോഗ്യം വീണ്ടെടുക്കണമെന്ന് അടുത്ത സഖാക്കള്‍ നിര്‍ദ്ദേശിച്ചു. അതിനുവേണ്ടി അവധിയില്‍ പ്രവേശിച്ചുകൊണ്ട് ഇ. എം. എസിന് സെക്രട്ടറിയുടെ ചുമതലകള്‍ കൈമാറുകയും ചെയ്തു. എന്നാല്‍ ചികിത്സയുടെ പേരു പറഞ്ഞുകൊണ്ട് അജയഘോഷ് സോവിയറ്റ് യൂണിയനില്‍ പോകുന്നത് പാര്‍ട്ടിയ്ക്കുള്ളിലെ സാഹചര്യങ്ങളെ സംബന്ധിച്ച് സി. പി. എസ്.യുവിന്റെ നിര്‍ദ്ദേശങ്ങള്‍ തേടാനാണെന്നായിരുന്നു എതിര്‍വിഭാഗത്തിന്റെ സംശയവും ആക്ഷേപവും. അപ്പോഴേക്കും ആ പക്ഷവുമായി കൂടുതല്‍ അടുത്തിരുന്ന ഇ.എം. എസ്, വിദേശയാത്രക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള പാര്‍ട്ടിയുടെ തീരുമാനം അറിയിച്ചു. ആശയപരമായി വ്യക്തമായ ഭൂരിപക്ഷമുള്ള ദേശീയ കൗണ്‍സില്‍ യോഗത്തില്‍ തനിക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് ഉറപ്പുണ്ടായിട്ടും അജയന്‍ മോസ്‌കോ യാത്ര ഉപേക്ഷിക്കുകയാണ് ചെയ്തത്.
മൂന്നാം ലോക്‌സഭയിലെയും വിവിധ നിയമസഭകളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗബലം വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമായിരുന്നില്ല അജയഘോഷിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്ക് രാജ്യത്തെ ഏറ്റവും ശക്തമായ പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറണം എന്ന സ്വപ്നവും അതിനു പാര്‍ട്ടിയ്ക്ക് കഴിയും എന്ന പ്രതീക്ഷയും അദ്ദേഹം ആ ദിവസങ്ങളില്‍ ഭൂപേശ് ഗുപ്ത യുമായി പങ്കുവെച്ചിരുന്നു. ബീഹാറിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിശ്രമലേശമില്ലാതെ പങ്കുകൊണ്ട അജയന്‍ പഞ്ചാബിലേക്ക് യാത്ര തിരിക്കാനായി തയ്യാറെടുക്കുമ്പോഴാണ് ഹൃദ്രോഗ ബാധയുണ്ടാകുന്നത്. നേരത്തെ നിശ്ചയിച്ചതനുസരിച്ചു സംഘടനാപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കാണാന്‍ ചെന്ന എം. എന്‍. ഗോവിന്ദന്‍ നായരും ഭൂപേശ് ഗുപ്തയും കാണുന്നത് വേദന കൊണ്ട് പുളയുന്ന അജയനെയാണ്. നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനായി തനിക്ക് പോയേ പറ്റൂവെന്നു വാശിപിടിച്ചെങ്കിലും അവര്‍ അതിനനുവദിച്ചില്ല. അജയന്റെ ആവശ്യപ്രകാരം ഭൂപേശ് അപ്പോള്‍ തന്നെ പഞ്ചാബിലേക്ക് പോയി. ആശുപത്രിയില്‍ കിടക്കുമ്പോഴും നേരത്തെ ഏറ്റിരുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനായി കേരളത്തിലേക്ക് പോയേ പറ്റൂവെന്ന് നിര്‍ബന്ധംപിടിച്ച അജയനെ എമ്മെന്‍ കര്‍ശനമായി തടഞ്ഞു. അന്നേ ദിവസം തന്നെ, 1962 ജനുവരി പതിമൂന്നാം തീയതി എല്ലാവരിലും കടുത്ത ആഘാതമേല്പിച്ചുകൊണ്ട് അജയഘോഷ് മരണത്തിന് കീഴടങ്ങി.
ദീര്‍ഘകാലത്തെ വിപ്ലവപാരമ്പര്യവും വ്യക്തിപരമായ മഹിമയും ഔന്നത്യവുമുള്ള എത്രയോ നേതാക്കള്‍ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്തുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയ്ക്കുള്ളിലെ വിരുദ്ധ ചിന്താഗതിക്കാരെ കൂട്ടിയിണക്കി, ഒപ്പം ചേര്‍ത്തുപിടിച്ചു കൊണ്ടുപോകാന്‍ അജയഘോഷിനെപ്പോലെ കഴിവും സാമര്‍ത്ഥ്യവുമുള്ള ഒരാളെ ജനറല്‍ സെക്രട്ടറിപദത്തിലേക്ക് കണ്ടുപിടിക്കാന്‍ എളുപ്പമായിരുന്നില്ല. കാരണം അപ്പോഴേക്കും സഖാക്കള്‍ക്കിടയില്‍ പരസ്പരവിശ്വാസവും സൗഹൃദവും നഷ്ടപ്പെട്ടിരുന്നു. ഒടുവില്‍, ദീര്‍ഘകാലം പാര്‍ട്ടിയ്ക്കുള്ളില്‍ അജയഘോഷിന്റെ വലം കൈ ആയി പ്രവര്‍ത്തിക്കുകയും അവസാന നാളുകളില്‍ അദ്ദേഹത്തില്‍ നിന്ന് അകല്‍ച്ച പാലിക്കാന്‍ തുടങ്ങുകയും ചെയ്ത ഇ.എം. എസ്.നമ്പൂതിരിപ്പാടിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. പക്ഷെ അങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത് ജനറല്‍ സെക്രട്ടറി സ്ഥാനത്തിനു മുകളില്‍ ഒരു ചെയര്‍മാന്‍ സ്ഥാനം പുതിയതായി സൃഷ്ടിച്ചുകൊണ്ടാണ്. ആ പദവിയിലേക്ക് പാര്‍ട്ടിയിലെ ഭൂരിപക്ഷവിഭാഗത്തിന്റെ നേതാവായ എസ്.എ. ഡാങ്കെയെ തെരഞ്ഞെടുത്തതോടെ സംഘര്‍ഷം മൂര്‍ച്ഛിക്കുകയായിരുന്നു.
വൈകാതെ, അജയ്‌ഘോഷും ഭൂരിപക്ഷം സഖാക്കളും ആശങ്കപ്പെട്ടതുപോലെ ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യം മാവോയിസ്റ്റ് ചൈന ചെയ്തു. ഇന്ത്യയെ ആക്രമിച്ചു.ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഭിന്നിപ്പിച്ചു. ഇന്ത്യന്‍ പാര്‍ട്ടിയിലും പിളര്‍പ്പിലേക്കുള്ള യാത്ര പിന്നീട് ദ്രുതഗതിയിലായിരുന്നു. 1962 മേയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനമേറ്റെടുത്ത ഇ. എം. എസ്. 1963 ഫെബ്രുവരിയില്‍ ആ സ്ഥാനത്തുനിന്ന് രാജിവെച്ചു.'ഡാങ്കെ കത്തുകളു'ടെ പേരില്‍ 1964 ഏപ്രില്‍ 11-ന് മറ്റ് 31 സഖാക്കളെയും കൂട്ടി ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയി. അജയഘോഷിന്റെ പ്രിയപ്പെട്ട പ്രസ്ഥാനം നെടുകെ പിളര്‍ന്നു. പിന്നീട് പല കഷണങ്ങളായി.
അജയ്കുമാര്‍ ഘോഷ് എന്ന ധീരനും മനുഷ്യസ്‌നേഹിയുമായ കമ്മ്യൂണിസ്റ്റുകാരന്‍ അന്ത്യവിശ്രമം കൊള്ളുന്നത് യമുനാതീരത്താണ്. അദ്ദേഹം സ്വപ്നം കണ്ടതുപോലെ ചെങ്കോട്ടയില്‍ ചെങ്കൊടി പാറുന്ന ദിനമൊരിക്കലും ഉദയം ചെയ്തില്ല. അജയന്‍ അന്ന് മുന്നറിയിപ്പ് നല്കിയതുപോലെ വര്‍ഗീയതയുടെ കരാളമേഘങ്ങള്‍ ഇന്‍ഡ്യയുടെ ആകാശത്തെ മുഴുവനായി മൂടിക്കഴിഞ്ഞു. അതേസമയം, ശക്തമായ ഒരു ചെറുത്തുനില്‍പ്പിനോ തിരിച്ചടി നല്‍കാനോ കഴിയാത്ത വിധത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ആകെ ദുര്‍ബലമായി ത്തീരുകയും ചെയ്തിരിക്കുന്നു.
ഒറ്റക്കല്ലില്‍ തീര്‍ത്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അധഃസ്ഥിത വര്‍ഗ്ഗത്തിന്റെയും മര്‍ദ്ദിത ജനവിഭാഗത്തിന്റെയും മനസുകളിലെ പ്രതീക്ഷാഗോപുരവും ആശാദീപവുമൊക്കെയായി വളര്‍ത്തിയെടുത്ത, പ്രസ്ഥാനത്തിനു വേണ്ടി ഒരായുഷ്‌ക്കാലം മുഴുവനു മുഴിഞ്ഞു വെച്ച അതുല്യനായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു സഖാവ് അജയഘോഷ്. അങ്ങനെ ഒരു വലിയ മനുഷ്യന്‍ അറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്നു എന്ന് അന്നത്തേക്കാള്‍ എത്രയോ ഭീതിദവും ഭീകരവുമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയെ അറിയിക്കാനും ഓര്‍മ്മപ്പെടുത്താനുമുള്ള ഒരു ചെറിയ ശ്രമമായിരുന്നു ഈ കുറിപ്പ്.ആര്‍ക്കുവേണ്ടിയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലകൊള്ളേണ്ടത് എന്ന ചര്‍ച്ചകള്‍ രാഷ്ട്രീയാന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുന്ന ഈ കാലഘട്ടത്തില്‍ അത്തരമൊരു ഓര്‍മ്മപ്പെടുത്തലിന് പ്രസക്തിയുണ്ടെന്നു വിശ്വസിക്കുന്നു.