'എംടിയെപോലെ ഒരെഴുത്തുകാരനെ തേടി നൂറുകണക്കിനു പുതിയ മലയാള പുസ്തകങ്ങള്‍ ഒരു വര്‍ഷം ചെല്ലുന്നുണ്ടാവും. ചില പുസ്തകങ്ങള്‍ സമ്മര്‍ദ്ദം മൂലം അദ്ദേഹത്തിനു വായിക്കേണ്ടിവന്നിട്ടുണ്ടുമുണ്ടാകും. അങ്ങനെ വായിക്കേണ്ടി വന്നതിന്റെ മടുപ്പും അനിഷ്ടവും കൂടിയാകാം അദ്ദേഹം പ്രകടിപ്പിച്ചത്.' എഴുത്തുകാരനും നിരൂപകനുമായ അജയ് പി മങ്ങാട്ട് എഴുതുന്നു.
ഞാന്‍ മനസ്സിലാക്കിയിടത്തോളം എം.ടി ആലോചിച്ചുറപ്പിച്ചു മാത്രം സംസാരിക്കുന്ന ഒരാളാണ്. അതിനാല്‍ ഈ അഭിമുഖത്തില്‍ സമകാലിക മലയാള സാഹിത്യ വായനയെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വമാണ്. അത് ഉത്തരവാദിത്ത ബോധത്തോടെയുമാണെന്ന് ഞാന്‍കരുതുന്നു.
പല പുസ്തകങ്ങളും പാതിവഴിക്കു നിര്‍ത്തുന്നു എന്നതു പുസ്തകം മടുപ്പിച്ചു എന്ന അര്‍ത്ഥത്തിലാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ചില സന്ദര്‍ഭങ്ങളില്‍ ഗൗരവമുള്ള ചില കൃതികളും ഇടയ്ക്ക് നിര്‍ത്തേണ്ടതായിവരാറുണ്ട്. അതു പക്ഷേ, കൃതിയുടെ ആഴത്തിലേക്ക് പോകാനാവാതെ വായനക്കാര്‍ അക്ഷമരാകുന്നതു കൊണ്ടു സംഭവിക്കുന്നതാണ്. അല്ലെങ്കില്‍ വായനക്കാരുടെ സാഹിത്യഭാഷയിലുള്ള പരിചയക്കുറവുമാകാം. ഇതു രണ്ടുമല്ല, സാഹിത്യരചനയിലെ നിലവാരത്തകര്‍ച്ച തന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നു തുടര്‍ന്നുള്ള വിശദീകരണങ്ങളില്‍ നിന്നും വ്യക്തമാണ്. നിലവാരത്തകര്‍ച്ചയ്ക്കുകാരണം ഭാഷാപരമായ പ്രശ്നമാണെന്ന് എം.ടി പറയുന്നുണ്ട്. എഴുത്തുകാര്‍ സ്വന്തം ഭാഷ ഉണ്ടാക്കുകയും പുതിയ പ്രമേയങ്ങള്‍ ആ ഭാഷയില്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ വായനക്കാര്‍ പുസ്തകത്തെ ആലിംഗനം ചെയ്യുന്നു. അതിനെ കൂടെക്കൊണ്ടുപോകുന്നു.
എം.ടി എഴുതിയതു വായിച്ചും പ്രസംഗിക്കുന്നത് കേട്ടിട്ടുമാണ് ഞാന്‍ ഹെമിങ് വേ യെ വായിച്ചത്. ഒട്ടേറെ എഴുത്തുകാരെ തിരസ്‌കരിക്കാനുള്ള ഊര്‍ജ്ജവും അതു പകര്‍ന്നു.
എന്റെ തലമുറയിലെ ഒരു വിഭാഗത്തെ എം.ടി നന്നായി സ്വാധീനിച്ചിരുന്നു. കാരണം അദ്ദേഹം താന്‍ പ്രവര്‍ത്തിച്ച രംഗങ്ങളിലെല്ലാം വലിയ തോതില്‍ വിജയിക്കുകയും നല്ല ജനപ്രീതി നേടുകയും ചെയ്ത ആളായിരുന്നു. ഈ ജനപ്രീതി വലിയ ഒരു അളവോളം സിനിമയില്‍ നിന്നാണു വന്നതെന്നതു സാഹിത്യത്തെ ഗൗരവത്തോടെ സമീപിച്ച വായനക്കാര്‍ മുന്‍പേ മനസ്സിലാക്കുകയും ചെയ്തിരുന്നു.
ഞാന്‍ പഠിക്കുന്ന കാലത്ത് എംടിയെ മറ്റെല്ലാവരെയും പോലെ വായിച്ചു. ആ രചനകളില്‍ എഴുത്തുകാരന്‍ തന്റേതായ ഭാഷയും ലോകവുമുണ്ടാക്കിയത് അനുഭവിച്ചു. എംടിയെ മാത്രമല്ല, പ്രധാനപ്പെട്ട എല്ലാ മലയാള എഴുത്തുകാരെയും ഞാന്‍ പല കാലത്തായി വായിച്ചിട്ടുണ്ട്. ഇതിനര്‍ഥം മലയാളത്തിലിറങ്ങിയ എല്ലാ നോവലുകളും കഥകളും ലേഖനങ്ങളും വായിച്ചുവെന്നല്ല. ആത്മബോധമുള്ള എല്ലാ വായനക്കാരും വായനയുടെ ഒരു ഘട്ടത്തില്‍ തനറെ വായനാ സ്വഭാവത്തെ തിരിച്ചറിയും. അതോടെ അയാള്‍ തനിക്കു പറ്റിയ പുസ്തകങ്ങളെ മാത്രം കണ്ടെത്തി വായിക്കുകയും ചെയ്യും. എം.ടി എഴുതിയതു വായിച്ചും പ്രസംഗിക്കുന്നത് കേട്ടിട്ടുമാണ് ഞാന്‍ ഹെമിങ് വേ യെ വായിച്ചത്. ഒട്ടേറെ എഴുത്തുകാരെ തിരസ്‌കരിക്കാനുള്ള ഊര്‍ജ്ജവും അതു പകര്‍ന്നു.
എന്റെ വായനയ്ക്ക് എന്റെ ഭാഷ മതിയാവില്ല. അതിനാല്‍ ഞാന്‍ കഴിയുന്നത്ര ഭാഷകളിലേക്കു പോകുന്നു. അവിടെ നിന്നെല്ലാം സമ്പാദിക്കുന്നു.
ഏറ്റവും ശക്തമായ സമകാലീന വായന അദ്ദേഹത്തിനുണ്ടെന്നതില്‍ എനിക്ക് ഒരു തര്‍ക്കവുമില്ല. അതിനാല്‍ തനിക്കു പറ്റിയ രചനകള്‍ ഇപ്പോള്‍ മലയാളത്തില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞതു സത്യസന്ധമാണെന്നും ഞാന്‍ കരുതുന്നു. കാരണം വായന എന്നത് ഒരു തെരഞ്ഞെടുപ്പാണ്. ഈ തെരഞ്ഞെടുപ്പിനുശേഷം അവശേഷിക്കുന്നതു മാത്രമാണ് ഒരാള്‍ തന്റെ വായനാമുറിയിലേക്കു കൊണ്ടുപോകുക എന്നു ഞാന്‍ കരുതുന്നു.
എംടിയെപോലെ ഒരെഴുത്തുകാരനെ തേടി നൂറുകണക്കിനു പുതിയ മലയാള പുസ്തകങ്ങള്‍ ഒരു വര്‍ഷം ചെല്ലുന്നുണ്ടാവും. ചില പുസ്തകങ്ങള്‍ സമ്മര്‍ദ്ദം മൂലം അദ്ദേഹത്തിനു വായിക്കേണ്ടിവന്നിട്ടുണ്ടുമുണ്ടാകും. അങ്ങനെ വായിക്കേണ്ടി വന്നതിന്റെ മടുപ്പും അനിഷ്ടവും കൂടിയാകാം അദ്ദേഹം പ്രകടിപ്പിച്ചത്.
വായനയും എഴുത്തും ഒരുമിച്ചു കൊണ്ടുപോകുന്ന ആളാണു ഞാന്‍. എഴുതാത്ത സമയത്തെല്ലാം ഞാന്‍ പുതിയതും പഴയതുമായ പുസ്തകങ്ങള്‍ വായിക്കാറുണ്ട്. മലയാളത്തില്‍, ഭാഷ കൊണ്ടോ പ്രമേയം കൊണ്ടോ എനിക്ക് ആദരവും അടുപ്പവും തോന്നിയിട്ടുള്ള എഴുത്തുകാര്‍ കുറവാണ്. സ്വാഭാവികമായും എന്റെ വായനയ്ക്ക് എന്റെ ഭാഷ മതിയാവില്ല. അതിനാല്‍ ഞാന്‍ കഴിയുന്നത്ര ഭാഷകളിലേക്കു പോകുന്നു. അവിടെ നിന്നെല്ലാം സമ്പാദിക്കുന്നു. ഒരാളുടെ തെരഞ്ഞെടുപ്പ് എന്നാല്‍ അയാളുടെ ലോകവീക്ഷണത്തെയും ധിഷണാസ്വഭാവത്തെയുമാണ് പ്രകാശിപ്പിക്കുന്നത്. ചിലപ്പോള്‍ എന്നോടു മനുഷ്യര്‍ക്ക് ഇഷ്ടം തോന്നാനും മറ്റു ചിലപ്പോള്‍ വെറുപ്പു തോന്നാനും ഇതു കാരണമാകും. അത് എന്നെ വിഷമിപ്പിക്കുന്നില്ല. ഞാനെഴുതിയതു വായിച്ച് ഇഷ്ടപ്പെട്ടു സ്വീകരിച്ച മനുഷ്യരുടെ പത്തിരട്ടി എന്നെ വായിച്ചോ വായിക്കാതെയോ തിരസ്‌കരിച്ചവരാണെന്ന് എനിക്കറിയാം.
ഈ തിരസ്‌കാരങ്ങളുടെ മൂല്യം വളരെ വലുതാണ്. ഉദാഹരണത്തിന് എം.ടി അടക്കം ആധുനികതയുടെ ഭാഗമായ ഒരുപാട് എഴുത്തുകാരെ വായിച്ചു കടന്നുപോന്നവരിലൊരാളാണു ഞാന്‍. അവരുടെ പുസ്തകങ്ങളെ ഭാവുകത്വപരമായി തിരസ്‌കരിച്ചുകൊണ്ടാണ് എനിക്ക് മുന്നോട്ടുപോകാനും പുതിയ രചനകള്‍ അന്വേഷിച്ചു കണ്ടെത്താനും കഴിഞ്ഞത്. ഇത് ആ പുസ്തകങ്ങള്‍ തന്നെ നമ്മെ വേണ്ടെന്നു വയ്ക്കുന്നതാണ്. നീ ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് അവ പറയും. പഴയ സ്നേഹങ്ങളുടെ തിരസ്‌കാരം പുതിയ സ്നേഹത്തിനു വാതില്‍ തുറക്കുന്നതു പോലെ. വായനയില്‍, എഴുത്തില്‍, ജീവിതത്തില്‍ ഇതെല്ലാം പരസ്പരബന്ധിതമാണ്. സാഹിത്യത്തില്‍ ഇതു വിചിത്രമായി പ്രവര്‍ത്തിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത വായനക്കാര്‍ തങ്ങളുടെ ഇന്നലെകളെ തിരസ്‌കരിച്ചു മുന്നോട്ടു സഞ്ചരിക്കുന്നവരാണ്. എഴുത്തുകാരിലും ഇത്തരം നിശിതരായ വായനക്കാരുണ്ടെങ്കില്‍, അവരില്‍പുതിയ ഭാഷയും പ്രമേയവും ഉദിക്കും. അതില്‍ സൗന്ദര്യം ഉണ്ടാവുകയും ചെയ്യും
എം.ടിയുടെ അഭിപ്രായ പ്രകടനം, തന്റെ കയ്യിലുള്ളത് ഓട്ടക്കലമാണോ എന്ന് ചിന്തിക്കാന്‍ സര്‍ഗാത്മകതയുള്ള പുതിയ എഴുത്തുകള്‍ക്ക് ഉള്‍പ്രേരകമായിത്തീരും എന്നാണ് എന്റെ വിശ്വാസം.