ബഷീറിന്റെ 'മതിലുകള്‍' ചെയ്യാന്‍ തയ്യാറായപ്പോള്‍ മറ്റൊരാളെപ്പറ്റി എനിക്ക് ചിന്തിക്കേണ്ടി വന്നില്ല. അത് മമ്മൂട്ടിക്ക് വേണ്ടി ഉണ്ടായിവന്ന ഒരു വേഷം പോലെ ആയിരുന്നു. മമ്മൂട്ടിയെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ എഴുതുന്നു
മമ്മൂട്ടിയെന്ന നടനെ ഞാനാദ്യമായി ശ്രദ്ധിക്കുന്നത് കെ.ജി.ജോര്‍ജ്ജിന്റെ 'മേള'യിലാണ്. ആഴക്കിണറ്റില്‍ മോട്ടോര്‍ സൈക്കിളോടിക്കുന്ന പരുക്കനും, സാഹസികനുമായ കഥാപാത്രമായി മമ്മൂട്ടി ശോഭിച്ചു. അതിന് ശേഷം പല ചിത്രങ്ങളിലും മമ്മൂട്ടിയുടെ പ്രകടനം ഞാന്‍ കൗതുകപൂര്‍വം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാലംവിനാ മമ്മൂട്ടി മലയാള സിനിമയുടെ തലപ്പത്തുകാരനുമായി.
അങ്ങനെയിരിക്കെയാണ് ഞാന്‍ 'അനന്തരം' ചെയ്യാന്‍ തയ്യാറാവുന്നത്. കോളേജ് വിദ്യാര്‍ത്ഥിയായ ചെറുപ്പക്കാരന്റെ വേഷത്തിന് അശോകനെ നിശ്ചയിച്ചിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അയാളുടെ ജ്യേഷ്ഠനായി അഭിനയിക്കുവാന്‍ മമ്മൂട്ടിയെ ക്ഷണിക്കുവാനും തീരുമാനിച്ചു. നായകന്റേതല്ലാത്ത വേഷം ചെയ്യാന്‍ മമ്മൂട്ടിക്ക് താല്പര്യമുണ്ടാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു, എങ്കിലും നേരിട്ട് ബന്ധപ്പെടാന്‍ തന്നെ തീരുമാനിച്ചു.
എറണാകുളത്ത് 'സുറുമ' എന്ന പേരിലുള്ള വീട്ടില്‍ ചെന്ന് ഞാന്‍ മമ്മൂട്ടിയെ കണ്ടു, കഥാപാത്രത്തെപ്പറ്റി സംസാരിച്ചു. നായകവേഷമല്ലെന്ന് പ്രത്യേകം എടുത്തുപറയുകയും ചെയ്തു. യാതൊരു ഒഴിവുകഴിവും പറയാതെ മമ്മൂട്ടി സസന്തോഷം എന്റെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിലും ഡബ്ബിങ്ങിലുമൊക്കെ പങ്കെടുക്കുമ്പോള്‍ മമ്മൂട്ടി കാട്ടിയ അര്‍പ്പണബോധവും പ്രൊഫഷനലിസവും എന്നില്‍ അസാമാന്യമായ മതിപ്പ് ഉളവാക്കി. മമ്മൂട്ടിയുടെ രൂപഭാവങ്ങള്‍ക്കിണങ്ങുന്ന ഒരു നായകവേഷം ഉണ്ടായി വന്നാല്‍ അദ്ദേഹത്തെത്തന്നെ വീണ്ടു പങ്കെടുപ്പിക്കണമെന്നും അന്നേ തീരുമാനമെടുത്തു.
ബഷീറിന്റെ 'മതിലുകള്‍' ചെയ്യാന്‍ തയ്യാറായപ്പോള്‍ മറ്റൊരാളെപ്പറ്റി എനിക്ക് ചിന്തിക്കേണ്ടി വന്നില്ല. അത് മമ്മൂട്ടിക്ക് വേണ്ടി ഉണ്ടായിവന്ന ഒരു വേഷം പോലെ ആയിരുന്നു. ബഷീര്‍ ജിവിച്ചിരിക്കുമ്പോള്‍ ബഷീറായി അഭിനയിക്കാന്‍ ലഭിച്ച ഭാഗ്യത്തില്‍ മമ്മൂട്ടിയും അതീവ സന്തുഷ്ടനായിരുന്നു. 'മതിലുകള്‍' ലോകത്തുള്ള പ്രധാന ഫെസ്റ്റിവലുകളിലെല്ലാം പ്രദര്‍ശിപ്പിക്കുകയും നിരൂപകരുടെയും കാഴ്ചക്കാരുടെയും അളവറ്റ ആദരവ് പിടിച്ചുപറ്റുകയും ചെയ്തു.
എന്റെ ചിത്രങ്ങളില്‍ ഏറ്റവുമധികം അന്തര്‍ദ്ദേശീയ ബഹുമതികള്‍ ലഭിച്ച ചിത്രമായിരുന്നു മതിലുകള്‍. സാധാരണഗതിയില്‍ ഞാന്‍ നായകനടന്മാരെ ആവര്‍ത്തിക്കാറില്ല, പക്ഷേ മമ്മൂട്ടിയുടെ കാര്യത്തില്‍ മൂന്നാമത് ഒരു ചിത്രത്തില്‍ കൂടി മമ്മൂട്ടിയുടെ മികച്ച ഭാവപ്രകടനമുണ്ടായി.
എന്റെ ചിത്രങ്ങളില്‍ ഏറ്റവുമധികം അന്തര്‍ദ്ദേശീയ ബഹുമതികള്‍ ലഭിച്ച ചിത്രമായിരുന്നു മതിലുകള്‍. സാധാരണഗതിയില്‍ ഞാന്‍ നായകനടന്മാരെ ആവര്‍ത്തിക്കാറില്ല, പക്ഷേ മമ്മൂട്ടിയുടെ കാര്യത്തില്‍ മൂന്നാമത് ഒരു ചിത്രത്തില്‍ കൂടി മമ്മൂട്ടിയുടെ മികച്ച ഭാവപ്രകടനമുണ്ടായി.
ഏതാണ്ട് ഒരു പ്രതിനായകന്റെ സ്വഭാവമുള്ള പട്ടേലരുടെ വേഷമായിരുന്നു വിധേയനില്‍ മമ്മൂട്ടിക്ക് ചെയ്യാനുണ്ടായിരുന്നത്. സുന്ദരകളേബരനായ മമ്മൂട്ടിയുടെ മുടി പറ്റെ വെട്ടി, ഊര്‍ന്നിറങ്ങുന്ന മീശ വച്ച് നിഷ്ഠൂരനും മുന്‍കോപിയും, താന്തോന്നിയുമൊക്കെയായ പട്ടേലരായി മമ്മൂട്ടി വിലസി. ആരാധകരുടെ മനസ്സിലുള്ള റൊമാന്റിക് രൂപത്തിലുള്ള നായകവേഷത്തിന് കടകവിരുദ്ധമായിരുന്നു പട്ടേലരുടെ ഭാവവും പ്രവൃത്തികളുമെല്ലാം. എങ്കിലും വേറിട്ടൊരു വേഷം ലഭിച്ചതിലുള്ള ആവേശം ചെറുതായിരുന്നില്ല. മമ്മൂട്ടിയിലെ കറയറ്റ കലാകാരന്‍ അതുകൊണ്ട് മാത്രമാണ് ലോകശ്രദ്ധയിലേക്കുയര്‍ന്നത്. മതിലുകളിലും വിധേയനിലും മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിക്കുകയും ചെയ്തു. ചിട്ടയും നന്മയും ഒത്തുചേര്‍ന്ന ഈ മികച്ച നടന് എന്റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകള്‍.
2020ല്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ദ ക്യു'വില്‍ എഴുതിയത്
അടൂര്‍ സിനിമകളിലെ മമ്മൂട്ടി ചിത്രങ്ങളിലൂടെ
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം