കോര്‍പ്പറേറ്റുകള്‍ക്ക് ലക്ഷദ്വീപ് വില്‍ക്കാന്‍ വെച്ച നിയോലിബറല്‍ നാടകത്തിനിട്ട പേരാണ് വികസനം

കോര്‍പ്പറേറ്റുകള്‍ക്ക് ലക്ഷദ്വീപ് വില്‍ക്കാന്‍ വെച്ച നിയോലിബറല്‍ നാടകത്തിനിട്ട പേരാണ് വികസനം
Published on

സേവ് ലക്ഷദ്വീപ് ക്യാപയിനെതിരെ, അഥവാ ലക്ഷദ്വീപിലെ മനുഷ്യര്‍ക്കെതിരെ, രണ്ടു ആഖ്യാനങ്ങളാണ് മുഖ്യമായും വലതുപക്ഷം പ്രചരിപ്പിക്കുന്നത്. ഒന്ന് വികസനം, രണ്ട് ദ്വീപിലേക്കുള്ളതും അവിടെയുള്ളതുമായ തീവ്രവാദ-മയക്കുമരുന്ന് സംഘത്തെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത. രണ്ടും നിക്ഷിപ്തതാത്പര്യങ്ങള്‍ ആണ്.

ദ്വീപുകാരോടുള്ള ഗുണകാംക്ഷയുടെ തേന്‍പുരട്ടിയ ഒരു നീളന്‍കുറിപ്പ് ഈയിടെയായി പ്രചരിക്കുന്നുണ്ട്. മറുപക്ഷം അവതരിപ്പിക്കുകയാണ് എന്ന മുഖവുരയോടെ തുടങ്ങുന്ന ആ കുറിപ്പിലെ ചില കാര്യങ്ങള്‍ തെറ്റുധാരണയോ ആശയക്കുഴപ്പമോ ഉണ്ടാക്കാന്‍ പോന്നതാണ്.

സിനിമക്കാരെല്ലാം പിന്തുണക്കുന്ന ലക്ഷദ്വീപില്‍ ഒരു സിനിമാതീയേറ്റര്‍ പോലുമില്ല എന്നതില്‍ ആവലാതിപ്പെടുന്നു. നല്ലൊരു ഹോട്ടലോ ഷോപ്പിംഗ് മാളോ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയോ ബാറോ ബിയര്‍ പാര്‍ലറോ ദ്വീപിലില്ല.

ഇങ്ങനെ എന്നും ഈ തുരുത്തുകളെ വികസനം കേറാമൂലകളായി ഒറ്റപ്പെടുത്തിയിടുക എന്നതാണ് സേവ് ലക്ഷദ്വീപ് കാമ്പയിന്‍കാരുടെ ആവശ്യമെന്നും മോഡി സര്‍ക്കാര്‍ അങ്ങനെ പോരാ എന്ന ദൃഢനിശ്ചയത്തിലാണെന്നും ലേഖകന്‍ അവകാശപ്പെടുന്നു.

മാലിദ്വീപുകള്‍ പോലെയോ മക്കാവോ പോലെയോ ബാലി പോലെയോ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന, ഡോളറുകള്‍ വാരാന്‍ പറ്റുന്ന മികവുറ്റ ടൂറിസ്റ്റു കേന്ദ്രമാക്കി ലക്ഷദ്വീപിനെ മാറ്റാനാണത്രെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ നിശ്ചയദാര്‍ഢ്യത്തോടെ ശ്രമിക്കുന്നത്. പട്ടേലും അവസരം കിട്ടുമ്പോളൊക്കെ ഈ മാലിദ്വീപ് ശൈലിയിലുള്ള വികസനത്തെപ്പറ്റി പറയുന്നുണ്ട്.

ഇപ്പറയുന്ന മാലിദ്വീപില്‍ ചെറുതും വലുതുമായി 1190 ദ്വീപുകളുണ്ട്. ലക്ഷദ്വീപില്‍ ആകെയുള്ളത് 36 എണ്ണമാണ്. അവയില്‍ പത്തിലാണ് ആള്‍ത്താമസമുള്ളത്. ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളില്‍ പരിസ്ഥിതിസൗഹൃദപരമായി ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ദ്വീപുകാരാരും ഇന്നുവരെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല.

തലമുറകളായി അനുഭവിച്ചുവരുന്ന സ്വന്തം ഭൂമിയും സ്വത്തും വിഭവങ്ങളും നാഗരാസൂത്രണത്തിന്റെയും വികസനത്തിന്റെയും പേരില്‍ അവരില്‍ നിന്ന് ഏതുനിമിഷവും തട്ടിയെടുക്കാവുന്ന തരത്തിലാണ് ലക്ഷദ്വീപ് വികസന അതോറിറ്റി നിയമം തയാറാക്കിയിട്ടുള്ളതെന്ന് അതിലെ വകുപ്പുകളിലൂടെ കടന്നുപോകുന്ന ആര്‍ക്കും ബോധ്യപ്പെടും. അവയെപ്പറ്റി ഇതിനകം നിരവധിതവണ എഴുതപ്പെട്ടതിനാല്‍ ആവര്‍ത്തന ഭയം കാരണം വീണ്ടും വിസ്തരിക്കുന്നില്ല.

ഒരു ജനതക്ക് അവരുടെ വികസനത്തില്‍ ഒരു പങ്കാളിത്തവുമില്ലേ? അവര്‍ക്ക് അഭിപ്രായം പറയാന്‍ പാടില്ലേ? അവരുടെ ന്യായമായ ആശങ്കകള്‍ അകറ്റേണ്ടതും അവരെ വിശ്വാസത്തിലെടുക്കേണ്ടതുമില്ലേ? ഭൂമി തട്ടിപ്പറിക്കുന്ന വികസന നിയമങ്ങളോടൊപ്പം ഗുണ്ടാനിയമവും കൂടി അവതരിപ്പിക്കുന്നത് അവരെ ഭീഷണിപ്പെടുത്താനല്ലെങ്കില്‍ പിന്നെ മറ്റെന്തിനാണ്?

ഒരു നാട്ടില്‍ കൊണ്ടുവരുന്ന പരിഷ്‌കരണങ്ങളില്‍ അന്നാട്ടിലെ ജനങ്ങള്‍ക്ക് ഒരു പങ്കാളിത്തവുമില്ലെങ്കില്‍, അവരുടെ അഭിപ്രായത്തിനു വിലയില്ലെങ്കില്‍, അവരുടെ ആശങ്കള്‍ക്ക് സമാശ്വാസമില്ലെങ്കില്‍ അതവര്‍ക്കുവേണ്ടിയല്ല എന്നുറപ്പാണ്. കൊളോണിയല്‍ അധീശത്വബോധത്തിന്റെ മനസ്സാണ് അത്തരം ഭരണാധികാരികളെ ഭരിക്കുന്നത്.

നൂറ്റാണ്ടുകളായി കടലില്‍ മീന്‍ പിടിച്ചും തെങ്ങു കൃഷിചെയ്തും സ്വന്തം നാട്ടില്‍ സമാധാനത്തോടെ ജീവിച്ചുവരുന്ന മനുഷ്യരെ നടുക്കടലിലേക്ക് തള്ളുന്നതിനു സമാനമാണ് പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്‌കാരണങ്ങള്‍. അവരുടെ സ്വത്തും സ്വാതന്ത്ര്യവും ഉപജീവനോപാധികള്‍ക്കും മറ്റു വിഭവങ്ങള്‍ക്കും ദ്വീപിലെ ജീവിതസംസ്‌കാരത്തെക്കുറിച്ചൊന്നുമറിയാത്ത കുറെ പേര്‍ വന്നു വിലയിടുകയും ഭീഷണിപ്പെടുത്തുകയും തുറുങ്കിലടക്കുകയും ചെയ്യുന്ന ക്രൂരതയാണ് ലക്ഷദ്വീപിലിപ്പോള്‍ അരങ്ങേറിത്തുടങ്ങുന്നത്. വന്‍കിട കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഭൂമി തട്ടിപ്പറി നടത്തുന്ന ഈ നിയോലിബറല്‍ നാടകത്തിനിട്ട പേര് പതിവുപോലെ 'വികസനം' എന്നു തന്നെയാണ്.

ഒരു ജനതക്ക് അവരുടെ വികസനത്തില്‍ ഒരു പങ്കാളിത്തവുമില്ലേ? അവര്‍ക്ക് അഭിപ്രായം പറയാന്‍ പാടില്ലേ? അവരുടെ ന്യായമായ ആശങ്കകള്‍ അകറ്റേണ്ടതും അവരെ വിശ്വാസത്തിലെടുക്കേണ്ടതുമില്ലേ? ഭൂമി തട്ടിപ്പറിക്കുന്ന വികസന നിയമങ്ങളോടൊപ്പം ഗുണ്ടാനിയമവും കൂടി അവതരിപ്പിക്കുന്നത് അവരെ ഭീഷണിപ്പെടുത്താനല്ലെങ്കില്‍ പിന്നെ മറ്റെന്തിനാണ്? ക്രിമിനല്‍ കേസുകളില്ലാത്ത, ജയിലുകളില്‍ ആളില്ലാത്ത ഒരു നാട്ടില്‍ ഇങ്ങനെ ഒരു നിയമത്തിന്റെ ജനാധിപത്യപരമായ ഔചിത്യം എന്താണ്? കണക്കുകള്‍ പരിശോധിച്ചും അനുഭവങ്ങള്‍ നിരത്തിയും ആലോചിക്കൂ.

കള്ളക്കഥകള്‍ പലതും ഒഴുകിനടക്കുന്നുണ്ട്. മതം നോക്കി മാത്രം മനുഷ്യന് ജീവിക്കാനുള്ള അവകാശം കല്‍പ്പിച്ചുകൊടുക്കുകയും അല്ലെങ്കില്‍ തല്ലിക്കൊല്ലുകയും ചെയ്യുന്ന, അന്തസ്സുകെട്ട രീതിയില്‍ തടവില്‍ പതിറ്റാണ്ടുകള്‍ പാര്‍പ്പിച്ചുപീഡിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയക്കാരുടെ അടിസ്ഥാന ഇന്ധനം കള്ളവും വഞ്ചനയുമാണ്. അവര്‍ 'അപരനെ' മനുഷ്യനായി പരിഗണിക്കുന്നില്ല.

അതുകൊണ്ട്, മനുഷ്യര്‍ക്കുള്ള ആനുകൂല്യങ്ങളോ അവകാശങ്ങളോ കൊടുക്കേണ്ടതില്ല. അവരെ കുടിയൊഴിപ്പിക്കുകയോ പൗരത്വം റദ്ദാക്കുകയോ അവരുടെ ഭൂമി തട്ടിപ്പറിക്കുകയോ തുറുങ്കിലടക്കുകയോ ചെയ്യാം. കള്ളക്കഥകള്‍ക്കൊരു പഞ്ഞവുമുണ്ടാകില്ല.

ലക്ഷദ്വീപില്‍ അതിനനുവദിക്കില്ല എന്നാണ് സേവ് ലക്ഷദ്വീപ് കാമ്പയിനുകാര്‍ പറയുന്നത്. ഞങ്ങള്‍ എല്ലാം വിറ്റുതുലക്കും എന്നുമാത്രമാണ് കേന്ദ്രഭരണകൂടത്തിന്റെ പരിഷ്‌കരണത്തട്ടിപ്പിന്റെ യാഥാര്‍ഥ്യം.

ലക്ഷദ്വീപില്‍ സിനിമാതീയറ്ററുകള്‍ ഇല്ലെന്നതാണ് വിമര്‍ശകന്റെ ഒരു പരാതി. അട്ടപ്പാടിയില്‍ മള്‍ട്ടിഫ്‌ളെക്‌സുകള്‍ ഇല്ലെന്നു കുറ്റം പറയും പോലെയാണിത്. ഒരു നാട്ടില്‍ ക്രിക്കറ്റ് സ്റ്റേഡിയം ഇല്ലെന്നുകരുതി അവിടത്തുകാര്‍ക്കൊരു പ്രശ്‌നം വന്നാല്‍ പുറംനാട്ടിലെ ക്രിക്കറ്റുകളിക്കാര്‍ക്ക് അഭിപ്രായം പറയാന്‍ പാടില്ലെന്നുണ്ടോ?

രാമു കാര്യാട്ടിന്റെ കാലം തൊട്ടേ ലക്ഷദ്വീപില്‍ മലയാള സിനിമകള്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. വന്‍കരയില്‍ നിന്നുവരുന്നവര്‍ തങ്ങളുടെ നാടിനെയും ജീവിതത്തെയും എങ്ങനെയാണ് ചിത്രീകരിക്കുന്നത് എന്നുപോലും നോക്കാതെ അവയോടൊക്കെ സര്‍വാത്മനാ സഹകരിക്കുകയും കൂടെനില്‍ക്കുകയും ചെയ്തിട്ടുള്ളവരാണ് ലക്ഷദ്വീപുകാര്‍.

ഈയടുത്തകാലത്തിറങ്ങിയ ലക്ഷദ്വീപ് കേന്ദ്രീകരിച്ചുള്ള സിനിമകളില്‍ ദ്വീപുകാരായ നിരവധി അണിയറപ്രവര്‍ത്തകരാണ് പങ്കെടുത്തിട്ടുള്ളത്. ലക്ഷദ്വീപിലെ സിനിമാപ്രേമികളായ ചെറുപ്പക്കാര്‍ തങ്ങളുടെ സാങ്കേതിക പരാധീനതകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നിരന്തരമായി ഷോര്‍ട്ട് ഫിലിമുകള്‍ ഇറക്കുകയും അവ യൂട്യൂബില്‍ അന്നാട്ടുകാരും പുറംനാട്ടുകാരും കാണുകയും ചെയ്യുന്നുണ്ട്.

നിലവില്‍ ലക്ഷദ്വീപ് ഫിലിം ഫെസ്റ്റിവല്‍ എന്ന പേരില്‍ അവരുടെ കൂട്ടായ്മ ഒരു വാര്ഷികഫെസ്ടിവല്‍ നടത്തിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള കലാ അക്കാദമി സംഘടിപ്പിച്ച ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘത്തിന്റേതുള്‍പ്പെടെ മികവുറ്റ നിരവധി രചനകളാണ് മത്സരത്തിനെത്തിയത്. ദ്വീപില്‍ ആകെയുള്ള മൂന്ന് കോളേജിലും സ്ഥിരമായി ചലച്ചിത്രപ്രദര്‍ശനങ്ങളും ചര്‍ച്ചകളുമുണ്ട്.

കടമത്തെ കോളേജിലെ പി ജി വിദ്യാര്‍ത്ഥി ഡെസേര്‍ട്ടേഷനു പകരം പ്രോജെക്ടായി ദ്വീപ്സംസ്‌കാരത്തിന്റെ നേര്‍ചിത്രമവതരിപ്പിക്കുന്ന ഒരു ഷോര്‍ട്ട്ഫിലിം ആണ് ചെയ്തത്. അതിലെ നടീനടന്മാരും സാങ്കേതികപ്രവര്‍ത്തകരും ദ്വീപുകാരാണ്. ദ്വീപില്‍ നിരവധി അഭിനേതാക്കളും സംവിധായകരുമുണ്ട്.

കൂടുതല്‍ അവസരങ്ങള്‍ കൊടുക്കാന്‍ വന്‍കരയിലുള്ളവര്‍ തയാറായാല്‍ മതി. പതിറ്റാണ്ടുകള്‍ക്കുമുമ്പ് കല്‍പേനി ദ്വീപില്‍ പവിത്രമായ റംസാന്‍ മാസത്തിലെ ഒരു രാത്രി കരയില്‍നിന്നുവന്ന ഒരു അധ്യാപകന്‍ പ്രൊജക്ടര്‍ വെച്ചു സിനിമ പ്രദര്‍ശിപ്പിച്ചതിന്റെയും ജനക്കൂട്ടം കൗതുകത്തോടെ അതു കാണാനെത്തിയതിന്റെയും അനുഭവം 'സാഗര സ്പന്ദനങ്ങള്‍' എന്ന പുസ്തകത്തില്‍ ഡോ. ഹനീഫ് കോയ ഹൃദയസ്പര്‍ശിയായി വിശദീകരിക്കുന്നുണ്ട്.

ദീര്‍ഘകാലമായി നാടകപ്രവര്‍ത്തനങ്ങളുടെയും ചലച്ചിത്രശ്രമങ്ങളുടെയും പാരമ്പര്യമുള്ള ഒരു നാടാണ് ലക്ഷദ്വീപ് എന്നുചുരുക്കം. അമിനി ദ്വീപില്‍ സത്രീകളുടെ ഒരു നാടക സംഘംവരെയുണ്ടായിരുന്നു. എല്ലാ ദ്വീപുകളിലും പ്രൊജക്ടര്‍ വെച്ചുള്ള സിനിമാ പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.അത് കാണാന്‍പോയ അനുഭവങ്ങള്‍ അവിടത്തുകാര്‍ പങ്ക് വെക്കാറുണ്ട്.

ലക്ഷദ്വീപിലെ മനുഷ്യരുടെ ക്ഷേമത്തില്‍ താത്പര്യമുണ്ടെങ്കില്‍ അടിസ്ഥാനസൗകര്യങ്ങളാണ് ആദ്യം ഒരുക്കേണ്ടത്. അതിനു വിമാനത്താവള വികസനത്തെക്കാള്‍ ദ്വീപിലെ സാധാരണക്കാര്‍ക്ക് അത്യാവശ്യമുള്ളത് വലിയ കപ്പലുകളും ഹൈ സ്പീഡ് ഇന്റര്‍ ഐലന്‍ഡ് വെസ്സലുകളുമാണ്.

കോടികളുടെ കണക്കുപറയുന്ന അഗത്തി വിമാനത്താവളവികസനവും മിനിക്കോയ് വിമാനത്താവള പദ്ധതിയും തദ്ദേശീയരോടുള്ള ഗുണകാംക്ഷയെക്കാള്‍ ടൂറിസ്റ്റുകളെ ലാക്കാക്കിയാണ് എന്ന് വ്യക്തം. അല്ലെങ്കില്‍ കപ്പലുകളെക്കുറിച്ചും ജെട്ടികളെക്കുറിച്ചും മിനി പോര്‍ട്ടുകളെക്കുറിച്ചുമാണ് സംസാരിക്കുക.

ലക്ഷദ്വീപിന് മികച്ച ആരോഗ്യകേന്ദ്രങ്ങളും നല്ല വിദ്യാഭ്യാസസൗകര്യങ്ങളും വേണമെന്നതില്‍ സംശയമില്ല. അവിടത്തെ കുട്ടികള്‍ (മഹല്‍ ഭാഷ മാതൃഭാഷയായ മിനിക്കോയിയില്‍ ഉള്‍പ്പെടെ) കേരളവിദ്യാഭ്യാസ ബോര്‍ഡിന്റെ പാഠ്യപദ്ധതിയിലാണ് പഠിച്ച് സുപ്രധാന പരീക്ഷകളെല്ലാം എഴുതുന്നത്. കടലുമായോ ദ്വീപുജീവിതവുമായോ പാഠ്യപദ്ധതി അവരെ ബന്ധിപ്പിക്കുന്നില്ല, തദ്ദേശീയ ഭൂമിശാസ്ത്രമോ സംസ്‌കാരമോ ചരിത്രമോ അവര്‍ പഠിക്കുന്നില്ല.

വന്‍കരയിലെ മലയാളം അവര്‍ക്കെളുപ്പം വഴങ്ങുന്ന ഭാഷയുമല്ല. ഡിജിറ്റല്‍ ഡിവൈഡിന്റെ കാര്യം തീക്ഷ്ണമാണ്. ഇന്റര്‍നെറ്റും ടെലഫോണ്‍ സൗകര്യങ്ങളും മനസ്സുവെച്ചാല്‍ ലഭ്യമാക്കാവുന്ന സാങ്കേതികവിദ്യ ഇന്ന് നിലവിലുണ്ട്. വന്‍കരയില്‍ ചികിത്സാവശ്യത്തിനും മറ്റുമായി വരുന്ന ദ്വീപുകാര്‍ക്ക് തിരിച്ചു കപ്പല്‍ കിട്ടുന്നതുവരെ മിതമായ ചിലവില്‍ തങ്ങാനുള്ള മതിയായ സൗകര്യങ്ങളില്ല.

ദ്വീപുകാരുടെ മുന്‍ഗണനകള്‍ അവരോടു ചോദിച്ച് മനസിലാക്കുകയാണ് ഒരു മികച്ച ഭരണാധികാരി ചെയ്യുക. എല്‍ ഡി എ ആറില്‍ പറയുന്ന ഹൈവെകളും റയില്‍വേകളും ട്രാംവേകളും സ്റ്റേഡിയങ്ങളും അല്ല അവര്‍ക്ക് ഇട്ടാവട്ടത്ത് അത്യാവശ്യമായിട്ടുള്ളത്.

എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ചിറ്റമ്മ നയം കാണിക്കുന്നത്? അടിസ്ഥാനസൗകര്യങ്ങള്‍ അവിടെ എത്താത്തതില്‍ ആരാണ് ഉത്തരവാദി? കടലിനു നടുവില്‍ ഒറ്റപ്പെട്ടുകിടക്കുന്ന മനുഷ്യരാണോ? കേന്ദ്രഗവണ്മെന്റുകള്‍ മാറിമാറി ഭരിച്ച നാടാണത്. എത്രയോ കാലമായി പല സംഘടനകള്‍, വിവിധ ജനപ്രതിനിധികള്‍ മുറവിളി കൂട്ടുന്നുണ്ട്.

ഇതില്‍ ഏത് പ്രശ്നത്തിനാണ് ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള സത്യസന്ധമായ പരിഹാരം പുതിയ ഭരണകൂടം മുന്നോട്ടുവെച്ചിട്ടുള്ളത്? ഓരോ പദ്ധതിയുടെയും ഗുണഭോക്താക്കള്‍ ആരെന്നും അതുകൊണ്ട് വിപത്തുണ്ടാകുന്നത് ആര്‍ക്കെന്നും നോക്കിയാല്‍ കാര്യങ്ങള്‍ക്ക് വ്യക്തത കിട്ടും. ദ്വീപുകാര്‍ക്ക് എന്തായാലും ആ വ്യക്തതയില്‍ ഒരു കുറവുമില്ല.

അവര്‍ നിഷ്‌കളങ്കരാണെങ്കിലും മണ്ടന്മാരല്ല. ജനങ്ങള്‍ക്ക് ഉപദ്രവമില്ലാതെ, ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളില്‍ പരിസ്ഥിതിസൗഹൃദപരമായ ടൂറിസം പദ്ധതികള്‍ നടത്തിക്കൊളൂ, ഞങ്ങളെ ഞങ്ങളുടെ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കൂ എന്നുമാത്രമാണ് അവര്‍ കരഞ്ഞുപറഞ്ഞുകൊണ്ടേയിരിക്കുന്നത്.

ഇറക്കുമതി ചെയ്ത നിയോലിബറല്‍ വികസന മാതൃകകകള്‍ ലോകത്തെല്ലായിടത്തും തദ്ദേശീയജനതകളെ കുടിയിറക്കുകയും ആട്ടിപ്പായിക്കുകയും അവരുടെ സംസ്‌കാരത്തെ നശിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത് എന്ന് സമകാലീനലോകത്ത് കണ്ണുതുറന്നു ജീവിക്കുന്ന എല്ലാവര്‍ക്കുമറിയാം. അവിടങ്ങളിലെല്ലാം വികസനത്തിന്റെ കള്ളവാഗ്ദാനങ്ങളും വഞ്ചനകളുമുണ്ടായിട്ടുണ്ട്.

ഇതേ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദമനിലെ ദമനീസ് ആദിവാസി മുക്കുവര്‍ തലമുറകളായി ജീവിക്കുന്ന വാട്ടര്‍ഫ്രണ്ടില്‍ നിന്നും അവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയും സ്‌കൂളുകള്‍ ജയിലുകളാക്കി മാറ്റുകയും ചെയത് കൊണ്ടുവന്ന വികസനം ആര്‍ക്കുവേണ്ടിയായിരുന്നു?

സി ജി കോര്‍പ്പറേഷന്റെ ഉടമയും നേപ്പാളീസ് കോടീശ്വരനുമായ ബിനോയ് ചൗധരിയുടെ ടെന്റ് ടൂറിസമാണിപ്പോള്‍ അവിടെ നടക്കുന്നത്.

ആ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ ഏതാനും കിലോമീറ്ററുകള്‍ അകലെ ടെന്റ് കെട്ടി താമസിക്കുന്നു. ഇതാണ് പട്ടേലിന്റെ വികസനപരമ്പര്യം. ലക്ഷദ്വീപില്‍ കൊണ്ടുവന്ന ഗുണ്ടാ ആക്റ്റ് അവിടെയും കൊണ്ടുവന്നിരുന്നു എന്ന് മറക്കരുത്.

നീതി ആയോഗ് കുറേക്കാലമായി വിവിധ ഏജന്‍സികളുടെ സഹായത്തോടെ ലക്ഷദ്വീപിലെ ടൂറിസം സാധ്യതകള്‍ പഠിച്ചുവരുന്നതായി ദ്വീപുകാര്‍ക്ക് അറിയാവുന്നതാണ്. ലക്ഷദ്വീപിന് വികസനം വേണ്ടെന്നോ ടൂറിസം വേണ്ടെന്നോ ഒരു ദ്വീപുകാരും പറയുന്നുമില്ല. ഇതൊരു ജനാധിപത്യരാജ്യമാണെങ്കില്‍, ദ്വീപുകാര്‍ പൗരന്മാരാണെങ്കില്‍, സ്വന്തം നാടിന്റെ ഭാവിയെക്കുറിച്ചുള്ള സുപ്രധാന തീരുമാനങ്ങളില്‍ പങ്കാളിത്തം അവര്‍ക്ക് നല്‍കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് ആഭ്യന്തര കോളനീകരണമാണ്. എതിര്‍ക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും അറസ്റ്റുചെയ്ത് പീഡിപ്പിക്കാന്‍ പാകത്തിന് ഗുണ്ടാ ആക്റ്റും കൂടെ വരുമ്പോള്‍ അതിന്റെ ഉദ്ദേശ്യം എന്തെന്ന് ഒരു സംശയവും ഏതായാലും ദ്വീപുകാര്‍ക്കില്ല.

അവര്‍ നിഷ്‌കളങ്കരാണെങ്കിലും മണ്ടന്മാരല്ല. ജനങ്ങള്‍ക്ക് ഉപദ്രവമില്ലാതെ, ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളില്‍ പരിസ്ഥിതിസൗഹൃദപരമായ ടൂറിസം പദ്ധതികള്‍ നടത്തിക്കൊളൂ, ഞങ്ങളെ ഞങ്ങളുടെ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കൂ എന്നുമാത്രമാണ് അവര്‍ കരഞ്ഞുപറഞ്ഞുകൊണ്ടേയിരിക്കുന്നത്.

'ഭരണകൂടം വികസനാധിഷ്ഠിതമായ പരിഷ്‌കരണത്തിനും ഭരണകൂട വിരുദ്ധര്‍ മതരാഷ്ട്രീയാധിഷ്ഠിതമായ തല്‍സ്ഥിതിവാദത്തിനും വേണ്ടിയാണ് നിലകൊള്ളുന്നത്' എന്ന ഒരു മഹത്തായ 'സമവാക്യം' ലേഖകന്‍ കണ്ടുപിടിത്തമായി അവതരിപ്പിക്കുന്നുണ്ട്. ഇതാണ് സ്പഷ്ടവും കൃത്യവുമായ ഇസ്ലാമോഫോബിയ. ദ്വീപുപ്രശ്‌നത്തിന്റെ തുടക്കത്തിലേ പ്രൊഫ തോമസ് ഐസക് പറഞ്ഞ, പലരും ചൂണ്ടിക്കാണിച്ച വര്‍ഗീയ അജണ്ട വികസനത്തിന്റെ മറവില്‍ ചിലവഴിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

ദ്വീപുകാര്‍ മുസ്ലിംകളാണല്ലോ. മുസ്ലിംകളാവുമ്പോള്‍ പിന്നെ സ്വഭാവികമായും യാഥാസ്ഥിതികത കാണുമല്ലോ. അപ്പോള്‍ പിന്നെ കിടക്കട്ടെ മതരാഷ്ട്രവാദം കൂടി. അപ്പറഞ്ഞതെന്താണെന്നുപോലും അറിയാത്ത മനുഷ്യരെപ്പറ്റി ഇതാരോപിക്കുന്നത് പച്ചക്ക് വര്‍ഗീയത പറഞ്ഞ് വോട്ടുപിടിക്കുകയും അധികാരമുപയോഗിച്ച് ന്യൂനപക്ഷസമുദായങ്ങളെ ഒറ്റക്കും കൂട്ടായും തല്ലിക്കൊല്ലുകയും ജയിലില്‍ പതിറ്റാണ്ടുകള്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന ആളുകള്‍ ആണ്. അല്ലെങ്കില്‍ അവര്‍ക്കുവേണ്ടിയാണ്. ഇതിലും വലിയ തമാശ വേറെ വേണോ?

ലക്ഷദ്വീപില്‍ പെട്ട ബംഗാരത്ത് ടൂറിസ്റ്റുകള്‍ക്ക് നിരവധി വര്‍ഷങ്ങളായി മദ്യം വിളമ്പുന്നുണ്ട്. അതിലാരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. ആള്‍പ്പാര്‍പ്പുള്ള ദ്വീപുകളില്‍ മദ്യമൊഴുക്കുന്നതില്‍ അന്നാട്ടിലെ ബഹുഭൂരിപക്ഷത്തിനും തീര്‍ച്ചയായും എതിര്‍പ്പും ആശങ്കകളുമുണ്ട്. വന്‍കരയില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന നൂറുകണക്കിന് തൊഴിലാളികളും ഉഗ്യോഗസ്ഥരും ദ്വീപുകളിലുണ്ട്. പ്രത്യേകിച്ചും കവരത്തിയില്‍.

അവര്‍ക്കും ദ്വീപിലെ ചെറുപ്പക്കാര്‍ക്കും മദ്യം ലഹരിയായി മാറിയാല്‍ ദ്വീപിലെ സമാധാനജീവിതവും സാമൂഹികാന്തരീക്ഷവും മാറിമറിയാന്‍ അധികകാലം വേണ്ടിവരില്ല. ഇപ്പോള്‍ വീടുപൂട്ടാതെ പുറത്തിറങ്ങിപ്പോയാല്‍ തിരിച്ചെത്തുമ്പോളും വീട്ടിലുള്ളതെല്ലാം അങ്ങനെതന്നെ ബാക്കിയുണ്ടാവും എന്നത് ദ്വീപില്‍ ജീവിച്ചിട്ടുള്ള ഏതു മനുഷ്യനുമുള്ള ഒരു ജീവിതാനുഭവമാണ്.

കാല്പനിക കെട്ടുകഥയല്ല. അതൊക്കെ മാറുമെന്നും ആളുകള്‍ക്ക് പരസ്പരം വിശ്വാസം നഷ്ടപ്പെടുമെന്നും അവര്‍ക്കാശങ്കയുണ്ട്. മുസ്ലിംകളായി എന്നതിന്റെ പേരില്‍ അവര്‍ക്ക് സ്വന്തം സാമൂഹികസുരക്ഷയെക്കുറിച്ച് ആശങ്കകള്‍ പാടില്ല എന്നുണ്ടോ?

ഏകപക്ഷീയമായി മാംസാഹാരവും മീനും കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്നുമാറ്റി സസ്യാഹാരം അടിച്ചേല്‍പ്പിച്ചത് ദ്വീപിലെ കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്താനാണ് എന്ന വാദം ഒന്നാന്തരം തമാശയാണ്.

ചുറ്റും കടലിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന നാട്ടില്‍ മീന്‍ പോലും മെനുവിലില്ലാതാവുക. ഒരു ജനതയുടെ ഭക്ഷണസ്വാതന്ത്ര്യത്തിനു മീതെ കടന്നുകയറ്റം നടത്തി മൃഗസംരക്ഷണ നിയമത്തിന്റെ പേരില്‍ ഗോവധനിരോധനം അടിച്ചേല്‍പ്പിക്കുന്ന ഒരു അഡ്മിനിസ്‌ട്രേറ്റര്‍ക്ക്, ദ്വീപിലെ കുട്ടികളുടെ പോഷകാഹാരത്തിന്റെ കാര്യത്തിലുള്ള ശ്രദ്ധ മികച്ച നേരമ്പോക്കുതന്നെ.

ടൂറിസം പദ്ധതികള്‍ക്കാവശ്യമായ രീതിയില്‍ തീരദേശത്തെ 'വൃത്തി'യാക്കിവെക്കുക എന്നതുമാത്രമാണ് പാവപ്പെട്ട മുക്കുവത്തൊഴിലാളില്കൂടെ ഷെഡുകള്‍ രാത്രിക്കുരാത്രി പൊളിച്ചുമാറ്റിയതിന്റെ ലക്ഷ്യം. ബഹുമാനപ്പെട്ട സുപ്രിം കോടതി നിയമിച്ച രവീന്ദ്രന്‍ കമ്മീഷന്‍ തീരദേശ സംരക്ഷണ നിയമത്തില്‍ എന്തൊക്കെയാവാം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.

അതിനെയെല്ലാം മറികടന്നു കൊണ്ടാണ് ഈ നീക്കങ്ങള്‍. തെങ്ങുകള്‍ക്ക് കാവിയും (അതെ, കാവി നിറം!) വെള്ളയും പെയിന്റടിച്ച് യൂണിഫോമണിയിച്ച് അവയുടെ സ്വാഭാവികത്തനിമ നശിപ്പിച്ചപ്പോഴേ ആളുകള്‍ മുറുമുറുത്തിരുന്നു. തീരദേശസംരക്ഷണത്തോടുള്ള പ്രിയം ഉണ്ടെങ്കില്‍ ദ്വീപിലെ അതിലോല കാലാവസ്ഥക്കനുയോജ്യമായ വികസനപദ്ധതികളാണ് കരടുനിയമത്തില്‍ ഉണ്ടാവുക. 'ഖനനം, എന്‍ജിനീയറിങ്, പാറപൊട്ടിക്കല്‍, മലതുരക്കല്‍, ഭൂമിക്കുമീതെയോ അടിയിലോ ഉള്ള മറ്റുപ്രവര്‍ത്തനങ്ങള്‍, ഏതു കെട്ടിടത്തിലും ഭൂമിയിലും വരുത്താവുന്ന നവീകരണങ്ങള്‍' എന്നിങ്ങനെയാണ് നിയമം വികസനത്തെ നിര്‍വചിക്കുന്നത്. (അധ്യായം 2/ 09). കോസ്റ്റല്‍ എറോഷനിലും പരിസ്ഥിതി സംരക്ഷണത്തിലുമുള്ള ആത്മാര്‍ഥത നോക്കൂ!

ലക്ഷദ്വീപില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനകളുണ്ട്. അവര്‍ സ്‌കൂളുകളിലും കോളേജുകളിലും ചെന്നും കുട്ടികളെ റീഫ് വാക്കിനുകൊണ്ടുപോയും മറൈന്‍ എക്കോളജിയെപ്പറ്റി ബോധവല്‍ക്കരിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം തൊട്ടടുത്തുള്ള, നേര്‍മുന്നില്‍ അനുഭവിക്കുന്ന ജീവിതാനുഭവമാണ് ദ്വീപുകാര്‍ക്ക്. അതിനെക്കുറിച്ചു ദയവായി അവരോട് ക്ലാസ്സെടുക്കാന്‍ പോകാതിരിക്കുക.

ലക്ഷദ്വീപിലെ ജനങ്ങളുടെ പ്രതിഷേധിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യത്തിനു മീതെ കൈകടത്തി സംശയമുള്ള ഏതൊരാളെയും വിചാരണയോ കാരണം കാണിക്കലോ കൂടാതെ ഒരു വര്‍ഷംവരെ തടവില്‍ വെക്കാന്‍ കഴിയുന്ന നിയമമാണ് പ്രിവെന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് ആക്ട് എന്ന ഗുണ്ടാ ആക്ട്.

ദമനിലും ദാദ്രനഗര്‍ ഹവേലിയിലും ഇതേ ആക്ട് ഇതേ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പില്‍ വരുത്തിയിരുന്നു എന്ന് മറക്കരുത്. 25 കോടി രൂപ തന്നില്ലെങ്കില്‍ ഈ ഗുണ്ടാ ആക്ട് ഉപയോഗിച്ച് വ്യാജകേസില്‍ കുടുക്കുമെന്ന് പട്ടേല്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതില്‍ മനം നൊന്താണ് തന്റെ പിതാവ് ദാദ്രനഗര്‍ ഹവേലി എം പി മോഹന്‍ ദേല്‍കര്‍ ആത്മഹത്യാ ചെയ്തതെന്ന് മകന്‍ അഭിനവ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയില്‍ പറയുന്നു.

ദേല്‍കറിന്റെ ആത്മഹത്യാക്കുറിപ്പില്‍ തന്റെ മരണത്തിനുത്തരവാദിയായി പട്ടേലിനെയും കൂട്ടുസംഘത്തെയും പേരെടുത്തുപറയുന്നുണ്ട്. ഇതാണ് ഈ അഡ്മിനിസ്‌ട്രേറ്ററുടെയും ഈ ആക്ടിന്റെയും ചരിത്രം എന്നറിയാതെയല്ല ഗുണ്ടാ ആക്ടിനെ വെള്ള പൂശുന്നവര്‍ അതുചെയ്യുന്നത്.

ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടെന്നു തെളിയിക്കലാണിപ്പോള്‍ ചിലരുടെ രാഷ്രീയ ആവശ്യം. അതിനവര്‍ ഉദ്ധരിക്കുന്നത് ഡെക്കാന്‍ ക്രോണിക്കിള്‍ 2017 ഫെബ്രുവരിയില്‍ കോഴിക്കോട് ഡേറ്റ്‌ലൈനില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ്.

ചൈല്‍ഡ് ലൈന്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഒരു യോഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി, അയാളുടെ പേരുപോലും കൊടുക്കാതെയാണ് ദ്വീപില്‍ കേസുകളുടെ അണ്ടര്‍ റിപ്പോര്‍ട്ടിങ് ഉണ്ട് എന്ന് റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിരിക്കുന്നത്.

ആ യോഗമാവട്ടെ കവരത്തിയില്‍ ചൈല്‍ഡ് ലൈന്‍ ആരംഭിക്കുന്നതിനെക്കുറിച്ചാണ് താനും. ദ്വീപില്‍ ഏതെങ്കിലും പ്രത്യേക തരത്തിലുള്ള ക്രൈമുകള്‍ ഉണ്ടെന്നോ ഏതാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നത് എന്നോ അതില്‍ പറയുന്നുമില്ല. (ഇതേ ഡെക്കാന്‍ ക്രോണിക്കിള്‍ നിശിതമായ ഭാഷയില്‍ അഡ്മിനിസ്‌ട്രേറ്ററെ നിലക്കുനിര്‍ത്തണം എന്ന് കേന്ദ്രഗവണ്മെന്റിനോടാവശ്യപ്പെടുന്ന മുഖപ്രസംഗവുമെഴുതിയിട്ടുണ്ട്.)

ജോലിക്കോ മറ്റാവശ്യങ്ങള്‍ക്കോ വേണ്ടി ദ്വീപില്‍ ജീവിച്ച മനുഷ്യരുടെ (മതവര്‍ഗീയതയുടെ തിമിരം ബാധിക്കാത്തവരുടെ) അനുഭവമെന്തെന്ന് അന്വേഷിച്ചുനോക്കൂ. സാധിക്കുമെങ്കില്‍ പെര്മിറ്റ് എടുത്ത് അവിടെയൊന്നുപോയി ഒന്നുരണ്ടാഴ്ച നിന്നുനോക്കൂ. അപ്പോളറിയാം അവിടെത്തെ ക്രൈം അണ്ടര്‍ റിപ്പോര്‍ട്ടിങ് എന്താണെന്നും പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്ന മധ്യസ്ഥന്മാര്‍ ഉണ്ടോ എന്നും.

തികച്ചും വ്യതിരിക്തമായ സാംസ്‌കാരിക പാരമ്പര്യമുള്ള മിനിക്കോയിലെ മൂപ്പന്‍-മുപ്പത്തി സമ്പ്രദായത്തെക്കുറിച്ചുമിനി ഇത്തരം കഥകള്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. ജര്‍മന്‍ നരവംശശാസ്ത്രജ്ഞയായ എലെന കാറ്റ്‌നര്‍ ഉള്‍പ്പെടെയുള്ള നിരവധി പണ്ഡിതരുടെ ശ്രദ്ധയാകര്‍ഷിച്ച സവിശേഷമായ സാമൂഹികജീവിതക്രമമാണ് ഭാഷാന്യൂനപക്ഷം കൂടിയായ മലിക്കു വാസികളുടേത്.

കേരളത്തിലെ ഗോത്രവിഭാഗങ്ങളിലും സമാനമായ മൂപ്പന്‍ സംവിധാനമുണ്ടല്ലോ. മനുഷ്യര്‍ വസിക്കുന്ന ഏതു നാട്ടിലും അനൗപചാരിക തര്‍ക്കപരിഹാര സംവിധാനങ്ങളുണ്ടാകും. അതിനര്‍ത്ഥം ക്രൈം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു എന്നല്ല. ഈ സംവിധാനം ആകെയുള്ളത് മിനിക്കോയില്‍ മാത്രമാണ് താനും.

ടൂറിസ്റ്റുകളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ ഗുണ്ടാ നിയമം എന്നുപറയുന്നത് തികഞ്ഞ സത്യസന്ധതയില്ലായ്മയും ദ്വീപുകാരെ അപമാനിക്കാനുമാണ്. ഇന്നേവരെ വിദേശികളോ സ്വദേശികളോ ആയ ഒരൊറ്റ ടൂറിസ്റ്റും ഏതെങ്കിലും തരത്തിലുള്ള കയ്യേറ്റത്തിന് ലക്ഷദ്വീപില്‍ ഒരിടത്തും വിധേയരായിട്ടില്ല എന്നുറച്ചുപറയാനാവും.

ഇതേ മിനിക്കോയ് ദ്വീപില്‍ ഒരിക്കല്‍ താമസിച്ച് കുടുംബസമേതം വീണ്ടും പോയതിനെക്കുറിച്ച് പ്രസിദ്ധ എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ വിവേക് മെനെസിസ് മുമ്പെഴുതിയിരുന്നു. പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങളില്‍ കടുത്ത അമര്‍ഷമുള്ള മതയാഥാസ്ഥികത്വം വിവേകിനുമുണ്ട് എന്നുകൂട്ടത്തില്‍ പറയട്ടെ.

വര്‍ഷങ്ങളായി കരാര്‍ തൊഴിലെടുക്കുന്ന 500നടുത്ത് തൊഴിലാളികളെ പിരിച്ചുവിട്ടതും ദ്വീപിലെ വികസനപ്രവര്‍ത്തനങ്ങളിലുള്ള ആത്മാര്‍ത്ഥത ആയിരിക്കുമല്ലേ? തേനില്‍ ചാലിച്ച വികസനവാഗ്ദാനങ്ങള്‍ കൊണ്ടു എത്ര പൊതിഞ്ഞുവെക്കാന്‍ ശ്രമിച്ചാലും അമേദ്യത്തെ അമൃതായിക്കരുതാന്‍ വെളിവുള്ളവര്‍ക്കാവില്ല. ദ്വീപില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെപ്പിച്ചിട്ട് എല്ലാ നിര്മാണപ്രവര്‍ത്തനങ്ങള്‍ക്കും കൂടി ഒറ്റ ടെന്‍ഡര്‍ തയാറാക്കി ദ്വീപിലെ കോണ്‍ട്രാക്ടര്‍മാര്‍ക്ക് അപ്രാപ്യമായ ഭീമമായ തുകയില്‍ ഗുജറാത്തിലെ കമ്പനിക്കാര്‍ക്ക് കൊടുത്തതിനെ ദ്വീപിലെ പ്രബുദ്ധരായ ജനങ്ങള്‍ അഴിമതി എന്നാണ് വിളിക്കുക.

ബാഗാരത്തെ ടൂറിസം പദ്ധതിയുടെ ലേലം എടുത്തത് ആരാണ്? വന്‍കിട പശക്തികളുടെ നടത്തിപ്പുകാരും മേലാളന്മാരുമായി ഭൂമിതട്ടിപ്പ് നടത്തുക എന്നത് ലക്ഷദ്വീപില്‍ ആദ്യമായല്ല ബിജെപി നേതാക്കന്മാര്‍ ചെയ്യുന്നത് എന്ന് ദേശീയരാഷ്ട്രീയം പിന്തുടരുന്നവര്‍ക്കറിയാം. ഭക്തന്മാര്‍ക്ക് അറിയില്ലെങ്കിലും. ചുരുക്കത്തില്‍ ദ്വീപിലെ മണ്ണിനും ദ്വീപുകാരുടെ സംസ്‌കാരത്തിനും മീതെയുള്ള ജനാധിപത്യവിരുദ്ധമായ കടന്നുകയറ്റം പാടില്ല ലക്ഷദ്വീപുകാര്‍ പറയുന്നത്.

കോര്‍പ്പറേറ്റുകള്‍ക്ക് ലക്ഷദ്വീപ് വില്‍ക്കാന്‍ വെച്ച നിയോലിബറല്‍ നാടകത്തിനിട്ട പേരാണ് വികസനം
അഡ്മിനിസ്ട്രേറ്ററുടെ ഹിന്ദുത്വ അജണ്ടയിൽ ശ്വാസം മുട്ടി ലക്ഷദ്വീപ്; മോദിയുടെ വിശ്വസ്തൻ ഒരു ജനതയോട് ചെയ്യുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in