സ്വവർഗ വിവാഹം ഇന്ത്യൻ സംസ്കാരത്തിന് എതിരെന്ന് കേന്ദ്രസർക്കാർ വാദിക്കുന്നത് എന്തിന്റെ ബലത്തിൽ?

സ്വവർഗ വിവാഹം ഇന്ത്യൻ സംസ്കാരത്തിന് എതിരെന്ന് കേന്ദ്രസർക്കാർ വാദിക്കുന്നത് എന്തിന്റെ ബലത്തിൽ?
Published on
Summary

'നിലവില്‍ പ്രചരിക്കുന്ന കഥകളും മിത്തോളജിയും ആര്‍ക്കൈവലായിട്ടുള്ള തെളിവുകളും ക്ഷേത്ര ശില്പങ്ങളും പരിശോധിക്കുമ്പോള്‍ സ്വവര്‍ഗ ബന്ധങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെന്നത് വ്യക്തമായി തെളിയുന്നുണ്ട്'. സ്വവര്‍ഗവിവാഹത്തിന് നിയമപരമായ അനുമതി നല്‍കണമെന്നാവാശ്യപ്പെടുന്ന ഹര്‍ജികളെ എതിര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ക്വിയര്‍ വിദ്യാര്‍ത്ഥി ആദി എ.പി ഭവിതയോട് സംസാരിച്ചത്

കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ എനിക്ക് ഞെട്ടലില്ല. 2018ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയത്, ബി.ജെ.പി അധികാരത്തിലിരിക്കുമ്പോള്‍ പ്രതീക്ഷിച്ച വിധിയായിരുന്നില്ല. വലിയ പ്രതിഷേധങ്ങളും പ്രതീക്ഷിച്ചു. ആര്‍.എസ്.എസും സംഘപരിവാറുമൊക്കെ ആ വിധി വന്നപ്പോള്‍ ഏറെക്കുറെ മൗനത്തിലായിരുന്നുവെന്നത് കൗതുകമുണ്ടാക്കിയ കാര്യമായിരുന്നു. ദീപ മേത്തയുടെ ഫയര്‍ പുറത്തിറങ്ങിയ സമയത്ത് തിയ്യേറ്റര്‍ കത്തിക്കുന്ന തരത്തിലൊക്കെയുള്ള പ്രതിഷേധങ്ങൾ നടത്തിയവർ ഈ വിഷയത്തില്‍ നിഷ്പക്ഷമായ നിലപാടാണ് സ്വീകരിച്ചത്. കൂടാതെ ബി.ജെ.പി.യിലെ പല നേതാക്കളും ഇതിനെ അനുകൂലിച്ചും സംസാരിക്കുകയുണ്ടായി. ക്വിയര്‍ മൂവ്‌മെന്റിനകത്തെ ബി.ജെ.പിയെ അനുകൂലിക്കുന്ന വലതുപക്ഷരാഷ്ട്രീയമുള്ള മനുഷ്യര്‍ക്ക് നിലവിലുള്ള ഹിന്ദുത്വ ഭരണകൂടത്തോട് കൂറ് കാണിക്കാനുള്ള അവസരം കൂടി ഈ വിധിയോടെ ലഭിച്ചു. ഇതിന് ശേഷം നടന്ന ദില്ലി പ്രൈഡിലൊക്കെ മോദിയുടെയും അമിത് ഷായുടെയുമെല്ലാം പ്ലക്കാര്‍ഡുകളുമായി ആളുകളുണ്ടായിരുന്നു.

മോദിയാണ് തങ്ങളെ വിമോചിപ്പിച്ചതെന്നും സ്വവര്‍ഗ ലൈംഗികത കുറ്റമല്ലെന്ന കോടതി വിധിക്ക് പിന്നിലെന്നുമൊക്കെയുള്ള അഭിപ്രായങ്ങള്‍ വലതുപക്ഷാഭിമുഖ്യമുള്ള ക്വിയർ സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടു വന്നു.

1990-കള്‍ മുതലാണ് ക്വിയര്‍ മൂവ്‌മെന്റുകള്‍ ഇന്ത്യയിൽ ശക്തമാകുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രം പിന്‍തുടരുന്നവര്‍ ആദ്യഘട്ടത്തില്‍ ഈ വിഷയങ്ങൾക്കെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും, പിന്നീട് അതില്‍ അയവ് വരുത്തിയതായി കാണാന്‍ കഴിയും. ഇതിനകത്തും ചില വൈരുദ്ധ്യങ്ങൾ പ്രകടമാണ്. കേന്ദ്രസർക്കാർ സ്വവർഗ്ഗവിവാഹം ഇന്ത്യൻ സംസ്ക്കാരത്തിന് ചേർന്നതല്ലെന്ന് പറയുന്നത് ഒരു ഉദാഹരണമായെടുക്കാം. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന നിലപാടാണ് മുമ്പും കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. ട്രാന്‍സ് ബില്ലിലും വലിയ പ്രശ്നങ്ങളുണ്ടായിരുന്നു. 2014-ലെ നല്‍സ വിധിയെ അട്ടിമറിക്കുന്നതായിരുന്നു ബിൽ. വലിയ പ്രതിഷേധങ്ങൾ രാജ്യമാകെ നടന്നിട്ടും അത് നിയമമായി മാറി. ട്രാൻസ് മനുഷ്യർക്കുള്ള സംവരണം ഒ.ബി.സിക്കൊപ്പം കൊടുക്കാമെന്ന് പറഞ്ഞ് കൃതമായ ജാതി പക്ഷപാതം കേന്ദ്രം തുറന്ന് കാണിച്ചു. ഇങ്ങനെ ഈ വിഷയങ്ങളില്‍ ഹിന്ദുത്വ സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകളില്‍ വൈരുദ്ധ്യമുണ്ടെന്ന് കുറച്ച് കാലത്തെ ചരിത്രം എടുത്ത് പരിശോധിച്ചാല്‍ വ്യക്തമാകും.

ഹിന്ദുത്വ ഭരണകൂടം ഇത്തരമൊരു ഉൾക്കൊള്ളൽ നയം സ്വീകരിക്കുന്നതിന് പല കാരണങ്ങളുണ്ട്. സെമിറ്റിക് മതങ്ങള്‍ക്കോ ആ രീതിയിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഉള്ളത് പോലുള്ള സ്വഭാവമല്ല ബി.ജെ.പിക്കോ ഹിന്ദുത്വക്കുമുള്ളത്. എന്തിനെയും ഉള്‍ക്കൊള്ളുന്ന വിശാല- ഉദാര സമീപനമാണ് അതിനുള്ളത്.

കര്‍ണാടകയില്‍ ഹിജാബിനെതിരെ നടപടി സ്വീകരിക്കുമ്പോള്‍ അവര്‍ പറയുന്നത് മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടിയാണെന്നാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യം, പുരോഗമനം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അവരുടെ അജണ്ടകളും അപര വിദ്വേഷവും നടപ്പിലാക്കാന്‍ ഭരണകൂടത്തിന് പ്രത്യേക മിടുക്കുണ്ട്.

ഐ.പി.സി 377 വിധിയുടെ സമയത്ത് വലതുപക്ഷ സര്‍ക്കിളുകള്‍ പ്രചരിപ്പിച്ചത്, വിദേശികള്‍ വന്നപ്പോഴാണ് ഇതെല്ലാം വിലക്കപ്പെട്ടതെന്നും അതിനു മുമ്പ് എല്ലാ തരം ലൈംഗിക ബന്ധങ്ങളും അനുവദിച്ചിരുന്ന സുന്ദര സുരഭില ഭൂതകാലമുണ്ടായിരുന്നുവെന്നാണ്. മുഗള്‍ ഭരണവും ബ്രിട്ടീഷ് ആധിപത്യവുമാണ് ഇതെല്ലാം വിലക്കിയതെന്ന നരേറ്റീവ് അവര്‍ ഉണ്ടാക്കിയെടുത്തു. ഒരു സിനിമയിലെ സ്വവർഗ്ഗബന്ധത്തെ പോലും അംഗീകരിക്കാന്‍ കഴിയാതിരുന്നവരാണ് ഈ രീതിയില്‍ പതിയെ പതിയെ ചുവടുമാറ്റി വന്നത്. അത് എത്രമാത്രം പൊള്ളയാണെന്ന് മനസിലാക്കാന്‍ കഴിയുന്ന സന്ദര്‍ഭമാണ് ഇതൊക്കെ. ഇതുകൂടാതെ മനുഷ്യാവകാശ സമ്മേളനങ്ങളിലും ക്വിയര്‍ അവകാശങ്ങളെക്കുറിച്ചും ആരോഗ്യ പരിരക്ഷയെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളില്‍ നിന്നുമെല്ലാം ഇന്ത്യന്‍ സര്‍ക്കാര്‍ വിട്ടു നിന്ന ചരിത്രവുമുണ്ട്.

സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദങ്ങളും കോമഡിയാണ്.

ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണ്, സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലേക്ക് കൊണ്ടു വരാന്‍ കഴിയില്ല, വിവാഹം മൗലികാവകാശമല്ല തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ ഒന്നാമത്തെ കാര്യമെടുത്താല്‍, എന്താണ് ഇന്ത്യന്‍/ഹിന്ദു സംസ്‌കാരം? നിലവില്‍ പ്രചരിക്കുന്ന കഥകളും മിത്തോളജിയും ആര്‍ക്കൈവലായിട്ടുള്ള തെളിവുകളും ക്ഷേത്ര ശില്പങ്ങളും പരിശോധിക്കുമ്പോള്‍ സ്വവര്‍ഗ ബന്ധങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെന്നത് വ്യക്തമായി തെളിയുന്നുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്ന് പിന്നെ എന്തിന്റെ ബലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്ന ചോദ്യം ഉയരും. ആ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം ഉണ്ടാകണമെന്നില്ല.

അതേ സമയം,ഇതിന്റെ മറ്റൊരു വശം നോക്കിയാൽ ഐ.പി.സി 377 ഭാഗികമായി റദ്ദാക്കിയുള്ള വിധി വന്നതിന് ശേഷം ക്വിയര്‍ മനുഷ്യരെക്കുറിച്ചുള്ള പ്രധാന ചര്‍ച്ച വിഷയം സ്വവര്‍ഗ്ഗ വിവാഹമാണ്. ഞാന്‍ ആ നിലപാടിനോട് യോജിക്കുന്നില്ല. ആരാണ് വിവാഹാവകാശത്തിനായി കോടതിയെ സമീപിക്കുന്നതെന്നും ആരുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നുമുള്ള ചോദ്യമാണ് എനിക്കുള്ളത് എത്രത്തോളം ഉന്നതമായ സാമൂഹ്യ- സാമ്പത്തിക ജീവിതമുള്ള മനുഷ്യരുടെ പരിഗണനാ വിഷയമാണിത്. അമ്പതും നൂറും രൂപയ്ക്ക് ലൈംഗിക ജോലി ചെയ്യുന്ന മനുഷ്യര്‍ ഇപ്പോഴും കേരളത്തിലുള്‍പ്പെടെ ഉണ്ട്. വിവാഹം എന്നതല്ല അവരുടെ പരിഗണനയിലെ പ്രധാന വിഷയം. താമസം. ജോലി, ആരോഗ്യം, റിസര്‍വേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ അവരുടെ മുന്നിലുണ്ട്. സ്വവര്‍ഗ വിവാഹം എന്റെ സമര വിഷയമല്ല. അതല്ല എന്റെ പ്രധാന പ്രശ്‌നം. അതിന്റെ അർത്ഥം ഞാൻ ആ ചർച്ചയിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നുവെന്നല്ല. എന്റെ മനുഷ്യര്‍ വീടില്ലാതെ, ജോലിയില്ലാതെ, അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി പോലും സെക്‌സ് വര്‍ക്ക് ചെയ്യുകയും പിച്ചയെടുക്കുകയും തെരുവില്‍ കൊല്ലപ്പെടുകയും ചെയ്യുമ്പോൾ,അടിയന്തരമായി പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളിലേക്കാണ് ഞാൻ ഊന്നൽ നൽകുന്നത്. ഈ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിച്ച് വിവാഹ വിഷയത്തില്‍ കേന്ദ്രീകരിച്ചുള്ള നരേറ്റീവ് ഉണ്ടാക്കിയെടുക്കുന്നതിനോട് താല്‍പര്യമില്ല. കേന്ദ്ര സർക്കാരിന്റെ നിലപാടിനോടും ക്വിയർ/മനുഷ്യത്വ വിരുദ്ധതയോടും യാതൊരു വിധ വിട്ടുവീഴ്ച്ചയില്ലെന്നും സൂചിപ്പിക്കട്ടെ.

Related Stories

No stories found.
logo
The Cue
www.thecue.in