'മങ്കിപോക്സ് പടര്‍ത്തുന്ന സ്വവര്‍ഗാനുരാഗികളും കൊവിഡ് ജിഹാദും'; മഹാമാരികളുടെ കാലത്തെ അപരഭീതി

'മങ്കിപോക്സ് പടര്‍ത്തുന്ന സ്വവര്‍ഗാനുരാഗികളും കൊവിഡ് ജിഹാദും'; മഹാമാരികളുടെ കാലത്തെ അപരഭീതി
Published on
Summary

'ഇന്നും സ്വവര്‍ഗാനുരാഗികളെ ലൈംഗികരോഗങ്ങളുടെ വാഹകരായി ചിത്രീകരിക്കാന്‍ തെല്ലും മടിയില്ലാത്ത ക്വിയര്‍ഫോബിക്കായ കൂട്ടങ്ങളുണ്ട് നമുക്ക് ചുറ്റിലും. ആലപ്പുഴയില്‍ വെച്ച് നടന്ന ക്വിയര്‍ പ്രൈഡിനോടുള്ള അസഹിഷ്ണുതയാല്‍, ചുവരുകളില്‍ 'മങ്കിപോക്സ് പടര്‍ത്തുന്നത് സ്വവര്‍ഗാനുരാഗികളാണെ'ന്നാണ് ഒരു കൂട്ടര്‍ പോസ്റ്ററൊട്ടിച്ചിരിക്കുന്നത്. ഈ വെറുപ്പ് പുതിയ കാര്യമേയല്ല'. ആദി എഴുതുന്നു.

സ്വവര്‍ഗഭീതിയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേടാണ് എയ്ഡ്സ് പകര്‍ച്ചയുടേത്. അമേരിക്കയില്‍ എയ്ഡ്സ് വ്യാപനത്തിന്റെ സന്ദര്‍ഭത്തില്‍ സ്വവര്‍ഗാനുരാഗികള്‍ വലിയ തോതില്‍ പിശാചുവത്കരിക്കപ്പെട്ടിരുന്നു.'ഗേ ക്യാന്‍സര്‍' എന്ന മട്ടിലാണ് അക്കാലത്ത് മാധ്യമങ്ങള്‍ എയ്ഡ്‌സിനെ വിശേഷിപ്പിച്ചിരുന്നത്. എയ്ഡ്സ് രോഗത്തോട് ഭരണകൂടങ്ങള്‍ സ്വീകരിച്ച നിഷേധ മനോഭാവം ഒരുപാട് മനുഷ്യരുടെ ജീവനാണെടുത്തത്. ഇന്നും സ്വവര്‍ഗാനുരാഗികളെ ലൈംഗികരോഗങ്ങളുടെ വാഹകരായി ചിത്രീകരിക്കാന്‍ തെല്ലും മടിയില്ലാത്ത ക്വിയര്‍ഫോബിക്കായ കൂട്ടങ്ങളുണ്ട് നമുക്ക് ചുറ്റിലും. ആലപ്പുഴയില്‍ വെച്ച് നടന്ന ക്വിയര്‍ പ്രൈഡിനോടുള്ള അസഹിഷ്ണുതയാല്‍, ചുവരുകളില്‍ 'മങ്കിപോക്സ് പടര്‍ത്തുന്നത് സ്വവര്‍ഗാനുരാഗികളാണെ'ന്നാണ് ഒരു കൂട്ടര്‍ പോസ്റ്ററൊട്ടിച്ചിരിക്കുന്നത്. ഈ വെറുപ്പ് പുതിയ കാര്യമേയല്ല.

അപരഭീതി (Xenophobia) ചരിത്രത്തിലുടനീളം പല രൂപങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്, മഹാമാരികളുടെ കാലത്ത് അപരഭീതി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന സാമാന്യമായ അന്വേഷണമാണ് ഈ കുറിപ്പിലുള്ളത്. അതായത്, രോഗത്തിന് മേലുള്ള ഉത്തരവാദിത്തം അപരങ്ങള്‍ക്ക് മേല്‍ ചുമത്തുക വഴി അവര്‍ക്ക് മേല്‍ അഴിച്ചുവിടുന്ന എല്ലാവിധ അനീതികളെയും ന്യായീകരിക്കാനാകുന്നു. ഇതിലൂടെ രോഗം പോലെ തന്നെ ഉന്മൂലനം ചെയ്യപ്പെടേണ്ട ശത്രുവിന്റെ പദവിയിലേക്ക് അപരങ്ങളെ തരംതാഴ്ത്താനും എളുപ്പമുണ്ട്. എല്ലാ കാലങ്ങളിലും കറുത്ത വര്‍ഗ്ഗക്കാരെയും കുടിയേറ്റക്കാരെയും സ്വവര്‍ഗാനുരാഗികളെയും മുസ്ലിങ്ങളെയുമെല്ലാം ഈ വിധത്തില്‍ പിശാചുവത്കരിക്കാനും സാമൂഹികമായി പുറന്തള്ളാനുമുള്ള വലിയ ശ്രമങ്ങളുണ്ടായിട്ടുണ്ട്.

ക്വിയര്‍ മനുഷ്യര്‍ക്കൊക്കെ എയ്ഡ്സ് വന്നില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും ചിലര്‍ കരുതിയേക്കും. പൊതുവേ അതിലൈംഗികത പേറുന്ന ശരീരങ്ങളായാണ് ക്വിയര്‍ മനുഷ്യരെ പൊതുബോധം സ്റ്റീരിയോടൈപ്പ് ചെയ്തിരിക്കുന്നതെന്ന് സാരം

ക്വിയര്‍ മനുഷ്യരും 'ഗേ ക്യാന്‍സറും'

ക്വിയര്‍ മനുഷ്യരെ ലൈംഗികരോഗങ്ങളുടെ വാഹകരായി ചിത്രീകരിക്കുന്ന പാരമ്പര്യത്തിന് വലിയ ചരിത്രമുണ്ട്. ഒരു ക്വിയര്‍ വ്യക്തിയുടെ ലൈംഗികത നിരന്തരം സംശയത്തിന്റെ നിഴലിലാണ്. ന്യായമായും, അവര്‍ക്ക് 'വഴിവിട്ട ബന്ധങ്ങ'ളുണ്ടാകുമെന്നും ലൈംഗികരോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമൊക്കെയുള്ള മുന്‍വിധി പലരിലുമുണ്ടാകും. ക്വിയര്‍ മനുഷ്യര്‍ക്കൊക്കെ എയ്ഡ്സ് വന്നില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും ചിലര്‍ കരുതിയേക്കും. പൊതുവേ അതിലൈംഗികത പേറുന്ന ശരീരങ്ങളായാണ് ക്വിയര്‍ മനുഷ്യരെ പൊതുബോധം സ്റ്റീരിയോടൈപ്പ് ചെയ്തിരിക്കുന്നതെന്ന് സാരം.

ക്വിയര്‍ മനുഷ്യരെ മാത്രം ലൈംഗികരോഗങ്ങളുടെ മൊത്തവ്യാപരികളായി ചിത്രീകരിച്ചുവെന്നതാണ് രണ്ടാമത്തെ സ്വാധീനം. ഇതിനോട് ചേര്‍ന്ന്, ലൈംഗികാവശ്യങ്ങളെ പ്രതി ട്രാന്‍സ് ജെന്റര്‍ മനുഷ്യരെയുള്‍പ്പെടെ സമീപിക്കുന്ന വലിയൊരു വിഭാഗം ആളുകളെ എയ്ഡ്‌സുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാനും സാധിച്ചു.

ക്വിയര്‍ മനുഷ്യരെ സംബന്ധിച്ച് ഈയൊരു മുന്‍വിധി രണ്ട് നിലയിലുള്ള സ്വാധീനങ്ങളാണ് രൂപപ്പെടുത്തിയെടുത്തതെന്ന് പറയാം; ഒന്ന്, ക്വിയര്‍ മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ വളരെ നിര്‍ണ്ണായകമായതാണ്. ഇന്ത്യയില്‍ ട്രാന്‍സ് ജെന്റര്‍ സ്ത്രീകളുടെയും, ലൈംഗികതൊഴിലാളികളുടെയും, എം.എസ്.എം. വിഭാഗത്തില്‍പ്പെട്ടവരുടെയും സംഘാടനത്തില്‍ എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ കോണ്ടം വിതരണ പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. എയ്ഡ്സ് വ്യാപനത്തിന്റെ സന്ദര്‍ഭത്തില്‍ രൂപപ്പെട്ട ചെറുതും വലുതുമായ കൂട്ടായ്മകളാണ് ക്വിയര്‍ മുന്നേറ്റത്തിന്റെ അടിത്തറയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത്. ഐ.പി.സി.377-ന്റെ ഭരണഘടന വിരുദ്ധ സ്വഭാവം കണക്കിലെടുത്ത് എയ്ഡ്സ് വിവേചന വിരുദ്ധ മുന്നേറ്റങ്ങളാണ് ആദ്യമായി ഹൈക്കോടതിയെ സമീപിക്കുന്നത്. എയ്ഡ്സ് രോഗികളുടെയും ലൈംഗികതൊഴിലാളികളുടെയും ഇടയില്‍ രൂപപ്പെട്ട ഈ മട്ടിലുള്ള ചെറിയ സംഘങ്ങളാണ് പിന്നീട് വലിയ തരത്തിലുള്ള സംഘടനാവബോധത്തിലേക്കുയരുന്നത്. ക്വിയര്‍ മനുഷ്യരെ മാത്രം ലൈംഗികരോഗങ്ങളുടെ മൊത്തവ്യാപരികളായി ചിത്രീകരിച്ചുവെന്നതാണ് രണ്ടാമത്തെ സ്വാധീനം. ഇതിനോട് ചേര്‍ന്ന്, ലൈംഗികാവശ്യങ്ങളെ പ്രതി ട്രാന്‍സ് ജെന്റര്‍ മനുഷ്യരെയുള്‍പ്പെടെ സമീപിക്കുന്ന വലിയൊരു വിഭാഗം ആളുകളെ എയ്ഡ്‌സുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാനും സാധിച്ചു.

ഈ അടുത്ത കാലത്ത് മാത്രമാണ്, ജനിതക പഠനങ്ങളുടെ സഹായത്തോടെ Gaetan Dugas രോഗബാധയുടെ ഉറവിടമല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടത്. പക്ഷേ ഇപ്പോഴും സ്വവര്‍ഗഭീതിയ്ക്ക് വളമായി ഈ മുന്‍വിധികള്‍ വ്യാപകമായി തന്നെ ഉപയോഗിക്കുന്നുണ്ട്.

ലൈംഗികരോഗികളായി ക്വിയര്‍ മനുഷ്യരെ സ്റ്റീരിയോടൈപ്പ് ചെയ്യുന്നതില്‍ സ്വവര്‍ഗഭീതിയുടെ ചരിത്രമുള്ളടങ്ങിയിട്ടുണ്ടെന്നാണ് പറഞ്ഞുവന്നത്. അമേരിക്കയില്‍ എയ്ഡ്സ് പടര്‍ച്ചയുടെ ഉറവിടമെന്നോണം കഴിഞ്ഞ കാലം വരെ, കനേഡിയന്‍ ഫ്ളൈറ്റ് അറ്റന്‍ഡന്റും സ്വവര്‍ഗാനുരാഗിയുമായ Gaetan Dugas എന്ന മനുഷ്യനെയാണ് ചിത്രീകരിച്ചിരുന്നത്. 1980-കളില്‍ 'പേഷ്യന്റ് സീറോ' എന്ന തെറ്റായ വിശേഷണത്തിന്റെ പേരില്‍ Gaetan നെ ചരിത്രം കഴിയുന്നത്ര പിശാചുവത്കരിച്ചു. അമേരിക്കന്‍ ജേണലിസ്റ്റായ റാന്‍ഡി ഷില്‍ട്ട്‌സ് എയ്ഡ്സ് വ്യാപനത്തെ പ്രമേയമാക്കി എഴുതിയ And the band played on; Politics, People and the AIDS Epidemic (1987) എന്ന പുസ്തകത്തെ പിന്‍പറ്റി വലിയ തോതിലുള്ള സ്വവര്‍ഗ്ഗഭീതി പ്രചരിപ്പിക്കാനാണ് മാധ്യമങ്ങള്‍ എയ്ഡ്സ് രോഗത്തെ ഉപയോഗിച്ചത്. പത്രങ്ങളുടെ തലക്കെട്ടുകളില്‍ അമേരിക്കയെ ദുഷിപ്പിക്കുന്ന ശക്തികളായി സ്വവര്‍ഗാനുരാഗികളെ ചിത്രീകരിക്കുകയുണ്ടായി. ന്യൂയോര്‍ക്ക് പോസ്റ്റിന്റെ തലക്കെട്ട് 'നമുക്ക് എയ്ഡ്സ് തന്ന വ്യക്തി'എന്നായിരുന്നു. 1993-ല്‍ HBO-ഇല്‍ സംപ്രേഷണം ചെയ്ത ഷില്‍ട്ട്‌സിന്റെ പുസ്തകത്തിന്റെ ചലച്ചിത്ര പതിപ്പ് Dugas- നെ പ്രതിനായകനാക്കി ഉറപ്പിച്ചെടുത്തു. ഈ അടുത്ത കാലത്ത് മാത്രമാണ്, ജനിതക പഠനങ്ങളുടെ സഹായത്തോടെ Gaetan Dugas രോഗബാധയുടെ ഉറവിടമല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടത്. പക്ഷേ ഇപ്പോഴും സ്വവര്‍ഗഭീതിയ്ക്ക് വളമായി ഈ മുന്‍വിധികള്‍ വ്യാപകമായി തന്നെ ഉപയോഗിക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയും അപരഭീതിയും

ലോകത്തിന്റെ ചലനത്തെയപ്പാടെ മാറ്റിമറിച്ചായിരുന്നു കൊവിഡ് വ്യാപനം സംഭവിച്ചത്. ലോകമാകെയുള്ള മനുഷ്യര്‍ പുതിയ മാറ്റങ്ങളോട് സമരസപ്പെടാന്‍ പരമാവധി ശ്രമിച്ചു; ലോക്ഡൗണും സാനിട്ടൈസറും മാസ്‌കുമെല്ലാം പതിയെ പുതിയ ജീവിതത്തിന്റെ ഭാഗമായി മാറി. വിദ്യാഭ്യാസമപ്പാടെ ഓണ്‍ലൈനിലേക്ക് ചുവടുമാറ്റി. ഓഫ്ലൈന്‍ ജീവിതമാകെ വിലക്കുകളുടെ മേഖലയായി മാറി. എല്ലാം അപ്രതീക്ഷിതമായിരുന്നു. കൊവിഡിന്റെ സ്വാധീനം നിലനില്‍ക്കുന്ന ഒരു ഇക്കോ സിസ്റ്റത്തിനുള്ളിലാണ് ഇപ്പോഴും നമ്മള്‍ (അതി)ജീവിക്കുന്നത്. മഹാമാരി ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

അപ്രതീക്ഷിതമായ രോഗ വ്യാപനവും മരണങ്ങളും സാമ്പത്തിക ഞെരുക്കവും ജനങ്ങളുടെ മാനസിക നിലയെയും പ്രതികൂലമായി ബാധിക്കുകയുണ്ടായി. കൊവിഡ് വ്യാപനം സാമൂഹികമായ അസമത്വത്തെ കുറേക്കൂടി തീവ്രമാക്കിയിരുന്നു. പൊടുന്നനെ ഒരു പുതിയ ലോക ക്രമത്തിലേക്ക് വ്യക്തികള്‍ എടുത്തെറിയപ്പെട്ടു. ലോക്ഡൗണുകള്‍ സാമ്പത്തികമായ പ്രതിസന്ധി മാത്രമല്ല സൃഷിടിച്ചത്; സ്ത്രീകളും ക്വിയര്‍ മനുഷ്യരും അടച്ചിട്ട വീടുകളില്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെട്ടു. വര്‍ഗ്ഗ വിഭജനമേറെ ശക്തമായി. ഭരണകൂടം വലിയ തോതില്‍ വ്യക്തികള്‍ക്ക് മേല്‍ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളുമേര്‍പ്പെടുത്തി. അമേരിക്കയില്‍ വംശീയത ആഴത്തില്‍ വേരോടിയപ്പോള്‍, ഇന്ത്യയിലാകട്ടെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളും ഷഹീന്‍ബാഗ്-കര്‍ഷക സമരങ്ങളും ഭരണകൂടത്താല്‍ അമര്‍ച്ച ചെയ്യപ്പെട്ടു; വിദ്യാര്‍ഥികളെയും സാമൂഹികപ്രവര്‍ത്തകരെയും ജയിലില്‍ അടച്ചുപൂട്ടി. സാമൂഹികമായ വേര്‍തിരിവുകള്‍ മുമ്പുള്ളതിനെക്കാള്‍ പരക്കെ വ്യാപിച്ച ഒരു സമയമായിരുന്നു ഇത്.

കൊവിഡ് പടര്‍ച്ചയുടെ സമയത്ത് ലോകമാകെ വലതുപക്ഷ മാധ്യമങ്ങള്‍ അപരഭീതിയെ വിറ്റഴിക്കുകയുണ്ടായി. ഡൊണാള്‍ഡ് ട്രംപിന്റെ 'ചൈനീസ് വൈറസ്' പ്രയോഗം വലിയ തോതിലുള്ള വെറുപ്പാണ് അമേരിക്കയിലുടനീളം പ്രചരിപ്പിച്ചത്. കൊവിഡിന്റെ ആദ്യകാല പ്രഭവകേന്ദ്രമായ ഇറ്റലിയിലെ വെനെറ്റോ മേഖലയിലെ ഗവര്‍ണര്‍ ഫെബ്രുവരിയില്‍ മാധ്യമപ്രവര്‍ത്തകരോട് ''ശുചിത്വത്തിലും കൈകഴുകുന്നതിലും കുളിക്കുന്നതിലും സാംസ്‌കാരികമായി കൃത്യമായ ശ്രദ്ധ ചെലുത്തുന്നതിനാല്‍ വൈറസ് കൈകാര്യം ചെയ്യുന്നതില്‍ ചൈനയേക്കാള്‍ മികച്ചതാണ് ഇറ്റലിയെന്നും, ചൈനക്കാര്‍ എലികളെ ജീവനോടെ തിന്നുന്നത് നമ്മള്‍ എല്ലാവരും കണ്ടിട്ടുണ്ടെന്നും'' പ്രഖ്യാപിക്കുകയുണ്ടായി. ഈ തരത്തിലുള്ള വംശീയമായ മുന്‍വിധികള്‍ യൂറോപ്പിലുടനീളം കൊവിഡിനൊപ്പം പടര്‍ന്നിരുന്നു. പതിവുപോലെ ലിബറല്‍ ജനാധിപത്യ പുരോഗമന പരിവേഷങ്ങളുള്ള യൂറോപ്യന്‍ ഭരണകൂടങ്ങളെല്ലാം അഭയാര്‍ത്ഥികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും കൊവിഡിനെ ഉപയോഗിക്കുകയുണ്ടായി.

വംശീയമായ ഈ വലതുപക്ഷ ആഖ്യാനങ്ങള്‍ വംശീയമായ ആക്രമണങ്ങളുടെ തോതിലും വര്‍ദ്ധനവുണ്ടാക്കി. ലോകമെമ്പാടുമുള്ള ഏഷ്യന്‍ വംശജര്‍ ആക്രമണങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും അക്രമാസക്തമായ ഭീഷണിപ്പെടുത്തലുകള്‍ക്കും വംശീയ വിവേചനത്തിനും വിധേയരായി. അഭയാര്‍ഥികളെയും കുടിയേറ്റ തൊഴിലാളികളെയും തടവിലിടാന്‍ അധികൃതര്‍ കൂട്ട റെയ്ഡുകള്‍ നടത്തുകയും, കുടിയേറ്റ സമൂഹവും റോഹിങ്ക്യന്‍ അഭയാര്‍ഥികളുമാണ് കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദികളെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു.

വലതുപക്ഷ പ്രൊഫൈലുകളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ മുസ്ലീങ്ങള്‍ കൊവിഡ് പടര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നാണ് പ്രചരിപ്പിച്ചത്. കൊവിഡ് പടര്‍ച്ചയുടെ ആദ്യഘട്ടത്തിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ചുറ്റപ്പറ്റിയുള്ള ആലോചനകളും ചര്‍ച്ചയും പതിയെ മുസ്ലീങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണങ്ങളിലേക്ക് വഴിമാറുകയും ചെയ്തു.

മുസ്ലീം അപരവത്ക്കരണം ഇന്ത്യയില്‍; തബ്ലീഗും കൊവിഡ് ജിഹാദും

ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടം കൊവിഡ് പടര്‍ച്ചയുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും മുസ്ലീങ്ങളുടെ തലയിലാണ് ചുമത്തിയത്. 2014-ല്‍ ബി.ജെ.പി. അധികാരത്തിലേറിയതിന് ശേഷം മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഹിന്ദുത്വ ഭരണകൂടം ശത്രുക്കളെ നേരിടാന്‍ കൊവിഡിനെ ഫലപ്രദമായി പ്രയോജനപ്പെടുത്തി. പശുവിന്റെ പേരിലും ലവ് ജിഹാദിന്റെ പേരിലുമെല്ലാം മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് ന്യായീകരണം ചമയ്ക്കുന്ന ഹിന്ദുത്വ ഭരണകൂടം കൊവിഡിനെയും 'ശത്രുക്കള്‍ക്ക്' നേരെയുള്ള വെറുപ്പിനെ പടര്‍ത്താനായുള്ള ഉപകരണമായി മുതലെടുക്കുകയാണ് ചെയ്തത്.

വലതുപക്ഷ പ്രൊഫൈലുകളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ മുസ്ലീങ്ങള്‍ കൊവിഡ് പടര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നാണ് പ്രചരിപ്പിച്ചത്. കൊവിഡ് പടര്‍ച്ചയുടെ ആദ്യഘട്ടത്തിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ചുറ്റപ്പറ്റിയുള്ള ആലോചനകളും ചര്‍ച്ചയും പതിയെ മുസ്ലീങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണങ്ങളിലേക്ക് വഴിമാറുകയും ചെയ്തു.

ഡല്‍ഹിയില്‍ തബ്ലീഗി ജമാഅത്ത് സംഘടിപ്പിച്ച ബഹുജന മതസമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം ധാരാളം പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്ന് ഇന്ത്യന്‍ അധികാരികള്‍ പ്രഖ്യാപിച്ചതിന് ശേഷം മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണം വര്‍ദ്ധിക്കുകയുണ്ടായി. യോഗത്തെ ''താലിബാനി കുറ്റകൃത്യം'' എന്നും ''കൊറോണ ഭീകരത'' എന്നും വിളിച്ച് വലതുപക്ഷക്കാര്‍ വെറുപ്പ് പരമാവധി പടര്‍ത്തി. വലതുപക്ഷ മാധ്യമങ്ങള്‍ ഉപയോഗിച്ച 'കൊവിഡ് ജിഹാദ്' പോലുള്ള പ്രയോഗങ്ങള്‍ക്ക് വലിയ പിന്തുണയാണ് ജനങ്ങള്‍ക്കിടയില്‍ ലഭിച്ചത്. ഇക്വാലിറ്റി ലാബ്സ് പുറത്തുവിട്ട ഒരു ഡാറ്റ പ്രകാരം മാര്‍ച്ച് അവസാന പകുതി മുതല്‍ 'കൊറോണ ജിഹാദ്' എന്ന ഹാഷ്ടാഗോടുകൂടിയ ട്വീറ്റുകള്‍ ഏകദേശം 300,000 തവണയാണ് പ്രത്യക്ഷപ്പെട്ടത്. സുദര്‍ശന്‍ ന്യൂസിന്റെ തലവനായ സുരേഷ് ചവാങ്കെ ഷോയില്‍ ഇപ്രകാരം ആക്രോശിച്ചു; ''ഞാന്‍ നിങ്ങളോട് വളരെ ഗുരുതരമായ ഒരു വിഷയം അവതരിപ്പിക്കുകയും തബ്ലീഗി ജമാഅത്ത് നിരോധിക്കണമെന്ന് നരേന്ദ്ര മോദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ മുസ്ലീം പള്ളികള്‍ ഇന്ത്യക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുവെങ്കില്‍, കൊറോണ വൈറസ് വഹിക്കുന്ന മനുഷ്യ ബോംബുകള്‍ സ്വതന്ത്രമായി വിഹരിക്കുന്നുവെങ്കില്‍, നിങ്ങള്‍ അതിനെ 'കൊറോണ ജിഹാദ്' എന്ന് വിളിക്കില്ലേ? ഈ ജിഹാദികളെ നാം സൂക്ഷ്മമായി നിരീക്ഷിക്കുകയും ജിഹാദികളെ നിയമപ്രകാരം കര്‍ശനമായി ശിക്ഷിക്കുകയും വേണം.'' സുദര്‍ശന്‍ ടി.വി.യ്ക്ക് പുറമേ പല വലതുപക്ഷ മാധ്യമങ്ങളും മുസ്ലീം സമുദായത്തെ പിശാചുവത്കരിക്കുന്നതില്‍ തിടുക്കം കാണിച്ചു. കൊറോണ വൈറസ് ബാധിക്കാന്‍ തബ്ലീഗികള്‍ ആളുകളെ തുപ്പുകയാണെന്ന ആരോപണങ്ങളുയര്‍ന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് തടയാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളെ പ്രശംസിക്കുമ്പോള്‍, തബ്ലീഗികളുടെ ''തുപ്പുന്ന ശീലം'' തങ്ങളെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ഇന്ത്യ.ടി.വി അവകാശപ്പെട്ടു. ഇസ്ലാംവിരുദ്ധമായ ഈ അന്തരീക്ഷം കൂടുതല്‍ ശക്തമായതോടെ, ഇന്ത്യയിലെ പ്രമുഖ മുസ്ലീം സംഘടനയായ ജമിയത്ത് ഉലമ-ഇ-ഹിന്ദ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

മുസ്ലീങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഒട്ടനേകം വ്യാജ വീഡിയോകളും ഇക്കാലത്ത് സമൂഹ മാധ്യമങ്ങളിലൂടെ വിതരണം ചെയ്യപ്പെട്ടു. ജനങ്ങളിലേക്ക് കൊവിഡ് പടര്‍ത്തുന്ന ഏജന്റുകളായും മനുഷ്യ ബോംബായുമെല്ലാം മുസ്ലീങ്ങളെ ചിത്രീകരിച്ച് അപര വിദ്വേഷം അതിന്റെ പാരമ്യത്തിലെത്തി. മനോജ് കുറീലിനെ പോലെയുള്ള വലതുപക്ഷാനുഭാവികളായ കാര്‍ട്ടൂണിസ്റ്റുകള്‍ ഒരു മുസ്ലിം വ്യക്തി ഹിന്ദുവായ ഒരാളെ ഒരു മലഞ്ചെരുവില്‍ നിന്ന് തള്ളിയിടുന്നതായി ചിത്രീകരിച്ചു. പിന്നീട്,അങ്ങേയറ്റം ഇസ്ലാമോഫോബിക്കായ ഈ പോസ്റ്റ് ട്വിറ്ററില്‍ നിന്ന് പിന്‍വലിക്കുകയുമുണ്ടായി.

മുസ്ലീങ്ങളുടെ സ്വവര്‍ഗഭീതിയും ക്വിയര്‍ മനുഷ്യര്‍ക്കിടിയിലെ മുസ്ലീം ഭീതിയും ചര്‍ച്ചയാകേണ്ടതുണ്ട്. നിലവില്‍ ഇന്ത്യയില്‍ സംഘപരിവാര്‍ ദളിതരോടും മുസ്ലീങ്ങളോടും ചെയ്യുന്ന അതേ ഹിംസയാണ് മുസ്ലീം മതത്തിലെ ചില കൂട്ടര്‍ ക്വിയര്‍ മനുഷ്യരോടും ചെയ്യുന്നതെന്ന് പറയാതെ വയ്യ. ഇത്, ക്വിയര്‍ മനുഷ്യര്‍ക്കുള്ളില്‍ ഇസ്ലാംവിരുദ്ധമായൊരു മനോഭാവം വളര്‍ത്തിയെടുക്കാന്‍ കാരണമായേക്കും എന്ന് മാത്രമല്ല, ആത്യന്തികമായി ഹിന്ദുത്വത്തിനാണ് ഗുണം ചെയ്യുക.

ആരാണ് ശത്രു- രോഗമോ? രോഗിയോ ?

ഹിന്ദുത്വ വലതുപക്ഷം ലിബറല്‍ ജനാധിപത്യത്തെയാകെ കടന്നാക്രമിക്കുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ യഥാര്‍ത്ഥ പ്രതി/ശത്രു പക്ഷമാരാണെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇല്ലാത്ത ശത്രുക്കളോട് യുദ്ധം ചെയ്യുന്നതില്‍ നിന്ന് തീര്‍ച്ചയായും പിന്മാറേണ്ടതുണ്ട്. എയ്ഡ്സിന്റെയും മങ്കിപോക്‌സിന്റെയുമെല്ലാം കുറ്റം ഒരു ന്യൂനപക്ഷ സമൂഹത്തിന്റെ തലയില്‍ വെച്ചുകെട്ടുന്ന രീതി ഒട്ടും നിഷ്‌കളങ്കമല്ലെന്നത് വ്യക്തമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുള്‍പ്പടെയുള്ള ചില മുസ്ലീം മത സംഘടനകളുടെ ക്വിയര്‍ ഭീതി വലിയ ചര്‍ച്ചയായിരുന്നു. ഇക്കൂട്ടരുടെ പ്രധാന വാദങ്ങളിലൊന്നാണ് ലൈംഗികരോഗത്തിന്റെ വാഹകരാണ് ക്വിയര്‍ മനുഷ്യരെന്നത്. രോഗത്തിന്റെ കുറ്റം വ്യക്തികള്‍ക്ക് മേല്‍ ആരോപിക്കുന്നത് കൃത്യമായും ഒരു രാഷ്ട്രീയ തന്ത്രമാണ്. യൂറോപ്യന്‍ വലതുപക്ഷ ത്തിന്റെയും TERF കളുടെയും വിദ്വേഷ ജനകമായ ആഖ്യാനങ്ങളെ ഉപയോഗിച്ചുള്ള ക്വിയര്‍ ഫോബിക്കായ പ്രചരണങ്ങളെ രാഷ്ട്രീയ ജാഗ്രതയോടെ നേരിടേണ്ടതുണ്ട്.

മുസ്ലീങ്ങളുടെ സ്വവര്‍ഗഭീതിയും ക്വിയര്‍ മനുഷ്യര്‍ക്കിടിയിലെ മുസ്ലീം ഭീതിയും ചര്‍ച്ചയാകേണ്ടതുണ്ട്. നിലവില്‍ ഇന്ത്യയില്‍ സംഘപരിവാര്‍ ദളിതരോടും മുസ്ലീങ്ങളോടും ചെയ്യുന്ന അതേ ഹിംസയാണ് മുസ്ലീം മതത്തിലെ ചില കൂട്ടര്‍ ക്വിയര്‍ മനുഷ്യരോടും ചെയ്യുന്നതെന്ന് പറയാതെ വയ്യ. ഇത്, ക്വിയര്‍ മനുഷ്യര്‍ക്കുള്ളില്‍ ഇസ്ലാംവിരുദ്ധമായൊരു മനോഭാവം വളര്‍ത്തിയെടുക്കാന്‍ കാരണമായേക്കും എന്ന് മാത്രമല്ല, ആത്യന്തികമായി ഹിന്ദുത്വത്തിനാണ് ഗുണം ചെയ്യുക. വിനാശകരമായ ഈ അപരഭീതിയെ കൃത്യമായും ചെറുത്തുതോല്പിക്കണ്ടതുണ്ട്. രോഗത്തെ നമുക്ക് എതിര്‍ക്കാം, രോഗികളെയല്ല. മങ്കിപോക്സ് എന്ന പുതിയൊരു മഹാമാരിയെ ലോകം നേരിടുമ്പോള്‍, ഒരു ന്യൂനപക്ഷ സമൂഹത്തിനെതിരെയുള്ള വെറുപ്പ് പടര്‍ത്താനാണോ നമ്മള്‍ തിടുക്കപ്പെടേണ്ടതെന്ന വീണ്ടുവിചാരമുണ്ടാകേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in