കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ വൈറസ്; കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ വൈറസ്; കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവെന്ന് ആരോഗ്യമന്ത്രി
Published on

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരിച്ച 12 വയസുള്ള കുട്ടിക്ക് നിപ വൈറസ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

ശനിയാഴ്ച രാത്രി വൈകിയാണ് പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫലം ലഭിച്ചത്. ഉടന്‍ തന്നെ ആരോഗ്യവകുപ്പ് യോഗം ചേര്‍ന്നു. 20 ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. കുറയാത്തതിനെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളായതിനെ തുടര്‍ന്ന് പുലര്‍ച്ചെ 4.45ഓടെയാണ് മരിച്ചത്.

കുട്ടിയുടെ രക്ഷിതാക്കളും അയല്‍വാസികളും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ള ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പൊലീസ് അടച്ചു.

2018 മെയിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇരുപതോളം പേര്‍ മരിച്ചിരുന്നു. 2019ല്‍ കൊച്ചിയിലും വൈറസ് സ്ഥിരീകരിച്ചെങ്കിലും വേഗത്തില്‍ നിയന്ത്രണവിധേയമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in