നിപയ്ക്ക് പിന്നിലുണ്ട് ചില പരിസ്ഥിതി പ്രശ്‌നങ്ങള്‍ 

നിപയ്ക്ക് പിന്നിലുണ്ട് ചില പരിസ്ഥിതി പ്രശ്‌നങ്ങള്‍ 

Published on

കോഴിക്കോട് ജില്ലയിലെ ജാനകികാടിനോട് ചേര്‍ന്ന സൂപ്പിക്കടയിലാണ് കേരളത്തിലാദ്യമായി നിപ എന്ന മാരക രോഗത്തെ തിരിച്ചറിഞ്ഞത്. രോഗാണു എങ്ങനെ മനുഷ്യ ശരീരത്തിലെക്കെത്തി എന്ന ആലോചനകളും പരീക്ഷങ്ങളും നിരീക്ഷണങ്ങളും വിലയിരുത്തലുകളും നടന്നു. പഴംതീനി വവ്വാലുകളിലാണ് നിപ വൈറസ് ഉള്ളതെന്ന് ശാസ്ത്രലോകം നേരത്തെ കണ്ടെത്തിയിരുന്നു. അതില്‍ നിന്നുള്ള നിഗമനങ്ങളാണ് പിന്നീടുള്ള ചര്‍ച്ചകള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും അടിത്തറയൊരുക്കിയത്. നിപ രോഗത്തിന് കാരണമാകുന്ന വൈറസ് കാലങ്ങളായി ഇവിടെയുള്ള വവ്വാലുകളിലുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. പിന്നെ വൈറസ് മനുഷ്യരിലേക്കെത്താനും മരണ കാരണമാകാനും ഇടയാക്കിയതെന്ന ചിന്തയും ഇതിനൊപ്പം നടത്തേണ്ടതുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

നിപ വൈറസ് സാന്നിധ്യമുള്ളത് ഫ്‌ളയിങ് ഫോക്‌സ് എന്ന വവ്വാലുകളിലാണ്. വൈറസിനെ വഹിക്കുമ്പോഴും വവ്വാലുകള്‍ക്ക് രോഗബാധ ഉണ്ടാകുന്നില്ല. എന്നാല്‍ ഇവയുടെ ശരീര സ്രവങ്ങളിലൂടെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗാണു എത്തുന്നു. ഉയര്‍ന്ന ശരീരോഷ്മാവില്‍ ഇരിക്കുമ്പോഴാണ് വൈറസ് വവ്വാലില്‍ സജീവമാകുന്നത്. ഈ ഘട്ടത്തില്‍ കഴിക്കുന്ന പഴങ്ങളിലേക്ക് വൈറസ് എത്തും. പ്രസവിക്കുമ്പോഴും പാല് കൊടുക്കുമ്പോഴും ഊഷ്മാവ് ഉയരും. കുഞ്ഞുങ്ങളിലും ആണ്‍വവ്വാലുകളിലും വൈറസ് ഉണ്ടാകും.

കഴിഞ്ഞ വര്‍ഷം 55 പഴതീനി വവ്വാലുകളെയാണ് പേരാമ്പ്രയിലെ സൂപ്പിക്കടയില്‍ നിന്നും പിടികൂടി പരിശോധിച്ചിരുന്നത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലാബില്‍ പരിശോധിച്ച അഞ്ച് വവ്വാലുകളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. പൂനൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധിച്ച 11 എണ്ണത്തില്‍ വൈറസിനെ കണ്ടെത്തി. ഇരുപത്തിരണ്ട് ശതമാനം വവ്വാലുകളിലാണ് വൈറസിനെ കണ്ടെത്തിയത്. വവ്വാല്‍ തന്നെയാണോ രോഗ കാരണമെന്നതിന് എതിരഭിപ്രായങ്ങള്‍ ഇപ്പോഴും വകുപ്പുകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയില്‍ വൈറസിനെ കണ്ടെത്താത്തതാണ് സംശയത്തിന് കാരണം. എന്നാല്‍ ആരോഗ്യവിദഗ്ധര്‍ ഇതില്‍ ഉറച്ചു നില്‍ക്കുകയാണ്.

വവ്വാലുകളുടെ ആവാസ വ്യവസ്ഥയില്‍ നിന്നും അകലം പാലിക്കുന്നതിലൂടെ മാത്രമേ നിപയെ തടയാന്‍ കഴിയുകയുള്ളുവെന്ന് ഡോക്ടര്‍ കെ പി അരവിന്ദന്‍ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും ഈ രോഗം വരാമെന്നതാണ് സാഹചര്യം. പശ്ചിമഘട്ടത്തിലുള്‍പ്പെടെ ഉള്ള വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യമുണ്ട്. വവ്വാലുകളിലൂടെയാണ് മനുഷ്യരിലേക്ക് എത്തുന്നത്. അവയുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യര്‍ കടന്നു കയറുന്നത് ഒഴിവാക്കുകയാണ് വേണ്ടത്. ലോകത്ത് പല പകര്‍ച്ചവ്യാധികളും മനുഷ്യരിലേക്കെത്തിയത് ഈ സാഹചര്യത്തിലാണെന്നത് നമ്മുടെ മുന്നിലുണ്ട്. അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുക മാത്രമാണ് പോംവഴി. 

ഡോക്ടര്‍ കെ പി അരവിന്ദന്‍ 

ഡോക്ടര്‍ കെ പി അരവിന്ദന്‍ 
ഡോക്ടര്‍ കെ പി അരവിന്ദന്‍ 

വവ്വാലുകള്‍ പേടിക്കുമ്പോഴാണ് വൈറസ് പുറത്ത് വരുന്നതെന്നും അത്തരം സാഹചര്യം ഒഴിവാക്കണമെന്നും കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ വൈറസ് ബാധയുണ്ടായപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് അഭ്യര്‍ത്ഥിച്ചിരുന്നു. വവ്വാലുകളെ പേടിപ്പിച്ച് ഓടിക്കാന്‍ ശ്രമിക്കുന്നത് അപകട സാധ്യത കൂട്ടുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അത് അവഗണിച്ച് വവ്വാലുകളെ കല്ലെറിഞ്ഞും ബഹളം വച്ചും തുരത്താനായിരുന്നു പല സ്ഥലങ്ങളിലും ശ്രമിച്ചത്.

കാലാവസ്ഥാ വ്യതിയാനവും നിപയും

കാലാവസ്ഥ മാറ്റവും സാംക്രമിക രോഗങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. നിപ വൈറസ് മനുഷ്യരിലേക്ക് എത്തുന്നതിനും കാരണമായി ഡബ്ലുഎച്ച് ഒ ചൂണ്ടിക്കാണിക്കുന്നത് വവ്വാലുകളുടെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റമാണ്. ഈ മാറ്റം നിപ വൈറസ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും എത്തുന്നതിന് കാരണമാകുന്നു.

മലേഷ്യയില്‍ നിപ റിപ്പോര്‍ട്ട് ചെയ്തതിന്റെ കാരണം തേടിയുള്ള പഠനങ്ങളും കാലാവസ്ഥയിലും പരിസ്ഥിതിയിലും ഉണ്ടായ മാറ്റമാണ് രോഗം പടരാന്‍ ഇടയാക്കിയതെന്ന് വ്യക്തമാക്കുന്നുണ്ട്. എല്‍നിനോ പ്രതിഭാസത്തിലൂടെ മലേഷ്യന്‍ കാടുകള്‍ ഉണങ്ങുകയും പക്ഷികളും മൃഗങ്ങളും മനുഷ്യവാസ മേഖലയിലേക്ക് എത്തുകയും ചെയ്തു. കൃഷിയിടങ്ങളിലെത്തിയ പഴംതീനി വവ്വാലുകളിലൂടെ പന്നികളില്‍ വൈറസ് പടരുകയും രോഗം മനുഷ്യരെയും ബാധിക്കുകയുമായിരുന്നു. മരണം വിതച്ച അജ്ഞാത രോഗത്തെ കാമ്പുങ് ബാറു സുങ്ഹായ് നിപാ എന്ന സ്ഥലത്തെ രോഗിയില്‍ നിന്നാണ് കണ്ടെത്തിയത്. അതുകൊണ്ടാണ് രോഗാണുവിന് നിപ വൈറസ് എന്ന പേര് വരാന്‍ ഇടയാക്കിയതും.

മനുഷ്യര്‍ കുടിയേറുന്നതും കാടുകള്‍ ഇല്ലാതാകുന്നതും വവ്വാലുകളുടെ ഭക്ഷണ ശ്രോതസ്സുകള്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഭക്ഷണം തേടി ഇവ മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്കെത്തുന്നുവെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ കാട്ടിലുള്ളവയുടെ ആവാസ വ്യവസ്ഥയെക്കാള്‍ പ്രശ്‌നം നേരിട്ടത് ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന വന്‍മരങ്ങളില്‍ താമസിച്ചവയ്ക്കാണ്. കെട്ടിടം,റോഡ് എന്നിവയുടെ നിര്‍മ്മാണത്തിനായി വന്‍മരങ്ങള്‍ വെട്ടിമാറ്റേണ്ടി വന്നതോടെ വവ്വാലുകള്‍ വീടുകളില്‍ ഉള്‍പ്പെടെ എത്തുന്ന അവസ്ഥയുണ്ടായി. പല വീടുകളും വവ്വാലുകളാല്‍ ചുറ്റപ്പെട്ടു. നിപ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ പ്രദേശങ്ങളിലുള്ളവരുടെ പരിഭ്രാന്തിയും കൂടി.

ഡോക്ടര്‍ ടി വി സജീവ് 
ഡോക്ടര്‍ ടി വി സജീവ് 

വന്‍മരങ്ങളിലാണ് വവ്വാലുകള്‍ താമസിച്ചിരുന്നത്. വന്മരങ്ങള്‍ മുറിച്ച് മാറ്റുമ്പോള്‍ ഇവ കൂട്ടത്തോടെ അടുത്തുള്ള മരങ്ങളില്‍ ചേക്കേറും. ഒരു മരത്തില്‍ തന്നെ ധാരാളം വവ്വാലുകള്‍ എത്തിപ്പെടും. ഭക്ഷണത്തിനുള്‍പ്പെടെ ഇവ പരസ്പരം മത്സരിക്കും. ആരോഗ്യം ക്ഷയിക്കുന്ന വവ്വാലിന്റെ ശരീരത്തില്‍ നിന്നുള്ള വൈറസ് അതിജീവനത്തിനായി പുതിയ ശരീരത്തിലെത്തും. സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്ത് ചാടുന്നത്. പല വഴികളിലൂടെ ഇവ മനുഷ്യരിലുമെത്തുന്നു. 

ഡോക്ടര്‍ ടി വി സജീവ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 

ജനവാസ കേന്ദ്രങ്ങളിലെ ഒഴിഞ്ഞ പ്രദേശങ്ങളില്‍ വവ്വാലുകള്‍ ചേക്കേറുന്നു. പിന്നീട് ഇവിടേക്ക് ആളുകള്‍ താമസിക്കാനെത്തുന്നത് നിപ പോലുള്ള രോഗങ്ങള്‍ക്ക് കാരണാകുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കുരങ്ങു പനി, ചെള്ളിപ്പനി, പക്ഷിപ്പനി, പന്നിപ്പനി പോലെ നിപയും വന്യജീവികളുമായുള്ള സമ്പര്‍ക്കത്തിലൂടെ മനുഷ്യര്‍ക്ക് പിടിപെടാമെന്ന തിരിച്ചറിവാണ് ഇനി ഉണ്ടാവേണ്ടത്. അതിനായി ഇത്തരം ജീവികളെ അവയുടെ ആവാസ വ്യവസ്ഥയില്‍ ജീവിക്കാന്‍ അനുവദിക്കുകയെന്നതാണ് ഏക പോംവഴി. അതിനായി ജൈവവൈവിദ്ധ്യം നിലനിര്‍നിര്‍ത്തണം.

logo
The Cue
www.thecue.in