നിപയില്‍ ഗവേഷണത്തിന് കേന്ദ്രസഹായം തേടും,പുറത്തുവരുന്നത് ആശ്വാസവാര്‍ത്തകളെന്നും മുഖ്യമന്ത്രി
രണ്ട് വര്‍ഷമായി നിപ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തടയിടാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വവ്വാലുകള്‍ ഏത് ഘട്ടത്തിലാണ് വൈറസിനെ പുറത്ത് വിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗവേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിഷയത്തില്‍ തുടര്‍ പഠനം നടത്തും. അതിനായി വകുപ്പുകളുടെ യോഗം വിളിക്കും. ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ കൂട്ടായി ശ്രമിക്കണം. ഇതിനായി കേന്ദ്ര സര്‍ക്കാറിനോട് സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. നിരീക്ഷണത്തിലുള്ള ആറ് പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്നത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. എന്നാലും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം തുടരും. കുറച്ചു പേര്‍ കൂടി നിരീക്ഷണത്തിലുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരും. കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ പ്രയോജനപ്പെട്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.