വേശ്യാവൃത്തി പരാമര്‍ശത്തില്‍ ഫിറോസ് കുന്നംപറമ്പിലിന് കുരുക്ക്; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍
ഫെയ്‌സ്ബുക്ക് ലൈവിലൂടെ സ്ത്രീകള്‍ക്ക് നേരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഫിറോസിനെതിരെ എത്രയും വേഗം പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈന്‍ ആവശ്യപ്പെട്ടു.'കുടുംബത്തിലൊതുങ്ങാത്ത, വേശ്യാവൃത്തി നടത്തുന്ന, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ'എന്നിങ്ങനെയാണ് ഫിറോസ് കുന്നംപറമ്പില്‍ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയില്‍ സ്ത്രീ സമൂഹത്തെ പരാമര്‍ശിക്കുന്നതെന്നും കര്‍ശന നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.
ഒരു പെണ്‍കുട്ടിക്ക് നേരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കിടെ സ്ത്രീയെന്ന് ഉപയോഗിച്ച് സംസ്ഥാനത്തെ മുഴുവന്‍ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണ്. ഫിറോസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളാണെന്ന് പറയുന്നു. എന്നാല്‍ അങ്ങനെയൊരാള്‍ തീര്‍ത്തും വൃത്തികെട്ട ഭാഷയിലാണ് സ്ത്രീകളെ അഭിസംബോധന ചെയ്തത്. ഇങ്ങനെയുളളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ജോസഫൈന്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.എസ്.യു മലപ്പുറം ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരി വ്യക്തമാക്കിയിരുന്നു.
താനുള്‍പ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് വേശ്യയെന്ന് വിളിച്ച് അപമാനിച്ചതെന്നും അനുവദിച്ച് തരില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നില്‍ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ', എന്നിങ്ങനെയാണ് ഫിറോസ് പേരുപറയാതെ പരാമര്‍ശിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. രാഷ്ട്രീയകക്ഷികളുമായി ബന്ധമില്ലെന്ന് പറഞ്ഞിരുന്ന ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിംലീഗ് നേതാവുമായ എം സി കമറുദ്ദീന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാനെത്തിയതിനെ ജസ്ല വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ ഫിറോസിന്റെ അധിക്ഷേപം.