സംസ്ഥാനത്ത് ഒരാഴ്ച്ചയ്ക്കിടെ മൂന്ന് ആള്‍ക്കൂട്ട ആക്രമണങ്ങള്‍, ഒരു മരണം
സംസ്ഥാനത്ത് അരങ്ങേറുന്ന ആള്‍ക്കൂട്ട ആക്രമങ്ങളിലെ അവസാനത്തെ ഇരയാണ് മലപ്പുറത്ത് ആത്മഹത്യ ചെയ്ത ഷാഹിര്‍. പ്രണയിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിച്ചതച്ചതില്‍ മനം നൊന്ത 22കാരന്‍ വീട്ടിലെത്തി ഉറ്റവരുടെ മുന്നില്‍ വെച്ച് വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ മരിച്ചു. ഷാഹിര്‍ പ്രണയിച്ച പെണ്‍കുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയുണ്ടായി. വിഷം ഉള്ളില്‍ ചെന്ന് അവശനിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ ആഴ്ച്ചത്തെ മാത്രം കണക്കെടുത്താല്‍ മൂന്ന് ആള്‍ക്കൂട്ട ആക്രമണങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. പുറത്തുവന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഈ കണക്ക്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നും മോഷ്ടാക്കളെന്നും ആരോപിച്ച് ഇതര സംസ്ഥാനക്കാരേയും യാചകരേയും കൈകാര്യം ചെയ്ത് ബസ് കയറ്റി വിടുന്ന സംഭവങ്ങളുടെ കണക്കെടുത്താല്‍ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കും.
മലപ്പുറത്തെ ഷാഹിറിന്റെ ജീവനെടുത്തത് ദുരഭിമാനമാണെങ്കില്‍ മറ്റ് രണ്ടിടങ്ങളില്‍ അക്രമികള്‍ വേറെ കാരണങ്ങളാണ് തല്ലിച്ചതയ്ക്കാന്‍ കണ്ടെത്തിയത്. പൊന്നാനി പടിഞ്ഞാറേക്കര സ്വദേശി പ്രവീണിനെ കടപ്പുറത്ത് വെച്ച് ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്. കഞ്ചാവുമായി എത്തിയതിനാണ് പ്രവീണിനെ മര്‍ദ്ദിച്ചതെന്നാണ് നാട്ടുകാരില്‍ ചിലരുടെ ന്യായീകരണം. പ്രവീണും കടപ്പുറത്തെ ചില മത്സ്യത്തൊഴിലാളികളുമായി സിനിമാ തിയേറ്ററില്‍ വെച്ച് തര്‍ക്കമുണ്ടായിരുന്നെന്നും ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണം എന്നുമാണ് പൊലീസിന് കിട്ടിയ സൂചന. ഉത്തരേന്ത്യന്‍ ശൈലിയില്‍ മര്‍ദ്ദനത്തിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി. എട്ടോളം പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുന്ന് ദൃശ്യങ്ങളില്‍ കാണാം. ഇനിയും മര്‍ദ്ദിക്കരുതെന്ന് കാഴ്ച്ചക്കാരിലൊരാള്‍ വിളിച്ചുപറയുന്നതും വീഡിയോയിലുണ്ട്.
67കാരനായ ഹൃദ്രോഗിയാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ മൂന്നാമത്തെ ആള്‍. ശനിയാഴ്ച്ച രാത്രി ഓട്ടോയില്‍ വിറകും പഴയ സാധനങ്ങളുമായി വീട്ടിലേക്കു പോകുകയായിരുന്നു തിരുവനന്തപുരം കാലടി ചിറപ്പാലം സ്വദേശി സതീശന്‍. ചിറപ്പാലത്തിന് അടുത്തുള്ള ഒരു ഒഴിഞ്ഞ പറമ്പിന് സമീപത്ത് മൂത്രമൊഴിക്കാനായി ഓട്ടോ നിര്‍ത്തി. ഇതുകണ്ടെത്തിയ ഒരു സംഘം മാലിന്യം തള്ളാനുള്ള ശ്രമാണെന്നാരോപിച്ച് 67കാരനെ മര്‍ദ്ദിക്കുകയായിരുന്നു. അവശനിലയിലായതിനേത്തുടര്‍ന്ന് ഹൃദ്രോഗിയായ വയോധികനെ ഫോര്‍ട്ട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. സതീശന്റെ മൊഴിയില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം