‘എന്ത് സംഭവിച്ചാലും ഞങ്ങളുണ്ട് കൂടെയെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്’, ബിജെപി തണലില്‍ തൃണമൂല്‍ ഓഫീസുകള്‍ പിടിച്ചെടുത്ത് സിപിഎം
ബിജെപി നേരിട്ട് പ്രത്യക്ഷത്തില്‍ സഹായിക്കുന്നില്ല, പക്ഷേ പിന്നില്‍ നിന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ സഹായിക്കുന്നുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങളുണ്ട് കൂടെയെന്ന് അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്നത് മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കാര്യം പരുങ്ങലിലാണ്. ഞങ്ങള്‍ ഈ അവസരം നന്നായി മുതലെടുക്കുന്നു.
പശ്ചിമ ബംഗാളിലെ ദത്താപുകുറിലെ സിപിഎം പ്രവര്‍ത്തകന്‍ ബാബു മുഖര്‍ജിയുടെ വാക്കുകളാണിത്. 34 വര്‍ഷം പശ്ചിമ ബംഗാള്‍ ഭരിച്ച പാര്‍ട്ടിയും ഇടതു മുന്നണിയും ഇക്കുറി 41 സീറ്റില്‍ മല്‍സരിച്ച് 40 ലും കെട്ടിവെച്ച കാശുപോയിട്ടും വലുതായി കാണുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയോടുള്ള പ്രതികാരത്തിനാണ്. ബിജെപിയുടെ ഫാസിസ്റ്റ് വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ത്യയിലൊട്ടാകെ തങ്ങളാണ് പോരാട്ടം നടത്തുന്നതെന്ന് അവകാശപ്പെടുമ്പോള്‍ പശ്ചിമ ബംഗാളില്‍ ബിജെപിയുടെ തണലില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുക്കുകയാണ് സിപിഎം എന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി കേഡറുകള്‍ 160 തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസുകളാണ് പിടിച്ചെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ പിടിച്ചെടുത്ത സിപിഎം ഓഫീസുകളാണ് സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചുപിടിച്ചതില്‍ അധികവും.
എന്നാല്‍ ടിഎംസി ഓഫീസുകള്‍ പിടിച്ചെടുക്കാനും സിപിഎം മടിക്കുന്നില്ല. ബിജെപി വിജയിച്ച സ്ഥലങ്ങളിലാണ് സിപിഎമ്മിന്റെ ഈ തിരിച്ചുപിടിക്കലും പിടിച്ചെടുക്കലുമെല്ലാം. രഹസ്യമായി ബിജെപി പിന്തുണ നടപടിക്കൊണ്ടെന്ന് പരസ്യമാക്കാനും സിപിഎം പ്രവര്‍ത്തകര്‍ക്ക് മടിയില്ല. എന്ത് വന്നാലും ഞങ്ങളുണ്ട് കൂടെയെന്ന ബിജെപി വാക്കുകളാണ് മമതയുടെ ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ സിപിഎമ്മുകാര്‍ക്ക് പ്രചോദനം.
1964ല്‍ സിപിഎം രൂപീകരിച്ചതിന് ശേഷം ഇതുവരേയും ഒറ്റ തെരഞ്ഞെടുപ്പില്‍ പോലും പശ്ചമി ബംഗാളില്‍ അക്കൗണ്ട് തുറക്കാതിരുന്നിട്ടില്ല സിപിഎം. എന്നാല്‍ ഇക്കുറി ഒറ്റ സീറ്റില്ലാതെ തോറ്റമ്പിയ പാര്‍ട്ടിക്ക് ബംഗാളികള്‍ തങ്ങളെ കൈവിട്ട കാര്യം പരിശോധിക്കുന്നതിലും വലുത് ബിജെപി തുണയില്‍ മമതയെ പാഠം പഠിപ്പിക്കുന്നതിലാണ്. 41 സീറ്റുകളില്‍ മല്‍സരിച്ച സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണിക്ക് 40ലും കെട്ടിവെച്ച കാശ് നഷ്ടമായി.
പശ്ചിമ ബംഗാളിലെ അക്രമോല്‍സുക രാഷ്ട്രീയത്തില്‍ പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുക്കല്‍ സര്‍വ്വ സാധാരണമാണ്. തോറ്റ പാര്‍ട്ടിയുടെ ഓഫീസുകളില്‍ കയറിച്ചെന്ന് ശക്തി തെളിയിച്ച് സ്വന്തം കൊടി നാട്ടുന്നതും നേതാക്കളുടെ ചിത്രം തൂക്കുന്നതും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആചാരം പോലെയാണ്. പല ഓഫീസുകളുടേയും നിര്‍മ്മാണം അനധികൃതമാമെന്നിരിക്കെ ആരും നിയമനടപടിക്ക് പോകാറുമില്ല. പരാജയപ്പെട്ട പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ആക്രമിക്കുന്നതും ഈ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
34 വര്‍ഷത്തെ ഇടതടവില്ലാത്ത ഇടത് ഭരണം അവസാനിപ്പിച്ച് 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ചെയ്തതും ഇതെല്ലാമാണ്. പക്ഷേ അതെല്ലാം സ്വന്തം കരുത്തിലാണെങ്കില്‍ ഇപ്പോള്‍ സിപിഎം ആശ്രയിക്കുന്നത് ബിജെപിയുടെ കരുത്തിനെയാണ്. ബിജെപി വിജയിച്ച പ്രദേശങ്ങളായ ദിന്‍ഹത, ബേദഗുരി, കൂച്ച് ബെഹാര്‍, ദീവാഡിഗി, ഭേഡിയ, ഹൂഗ്ലിയിലെ മഹേഷ്, ഹബ്ര, നോര്‍ത്ത് 24 പരഗണാസിലെ ദത്താപുകുര്‍ എന്നിവിടങ്ങളിലാണ് സിപിഎമ്മിന്റെ ഓഫീസ് പിടുത്തം.
ബംഗാളി ന്യൂസ് പോര്‍ട്ടലായ ദ വാള്‍ പറയുന്നത് പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ കാവിപ്പാര്‍ട്ടിയുടെ വിജയം ആഘോഷിക്കുന്ന വേളയില്‍ തൃണമൂല്‍ ഓഫീസുകള്‍ പിടിച്ചെടുത്ത് സിപിഎം പ്രവര്‍ത്തകര്‍ക്ക് ദാനമായി നല്‍കിയെന്നാണ്.
സെരാമ്പൂരില്‍ മല്‍സരിച്ചു തോറ്റ സിപിഎം നേതാവ് തിര്‍ത്ഥാങ്കര്‍ റോയ് പ്രതികരിച്ചത് തന്റെ പ്രദേശമായ മഹേഷില്‍ അത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ്. മഹേഷിലെ സിപിഎം പാര്‍ട്ടി ഓഫീസ് തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തൃണമൂല്‍ പ്രവര്‍ത്തകര്‍ പൂട്ടി അവരുടെ കൊടിവെച്ചുവെന്നും പൊലീസിന്റെ സഹായത്തോടെ ഇടത് പ്രവര്‍ത്തകര്‍ ഓഫീസ് തിരിച്ചുപിടിക്കുകയായിരുന്നു എന്നുമാണ് റോയ് പറഞ്ഞത്.
പശ്ചിമ ബംഗാളിലെ ബിജെപി വിജയത്തിന് പിന്നിലെ പ്രധാന ശക്തി സിപിഎം വോട്ടുകളാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പുറകെയാണ് ഈ പരസ്പര സഹകരണം. മമത ബാനര്‍ജിയെ തോല്‍പ്പിക്കുക എന്നതായിരുന്നു പ്രധാന അജണ്ട. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ എല്ലാം തള്ളുകയായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയും തണമൂലും ഇത്തരത്തില്‍ ഇടതുമുന്നണി ബിജെപിയെ സഹായിച്ചെന്ന് പ്രചാരണം നടത്തുകയാണെന്നും മാധ്യമങ്ങള്‍ ഇത് പ്രചരിപ്പിക്കുകയാണെന്നുമാണ് യെച്ചൂരി പറഞ്ഞു.
പക്ഷേ 29.9% വോട്ട് ഷെയര്‍ 2014 ഉണ്ടായിരുന്ന സിപിഎമ്മിന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കിട്ടിയത് 7% വോട്ട്. 2014ല്‍ 16.8% വോട്ടുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി കിട്ടിയത് 40.25% വന്‍ വര്‍ധന.
മേദിനിപൂരിലെ സിപിഎമ്മിന്റെ യുവനേതാവ് സുജിത് ജന ഇക്കാര്യത്തില്‍ സ്ഥിരീകരണവും നല്‍കി.
ഞങ്ങള്‍ക്ക് ആദ്യം വേണ്ടത് മമതയെ തോല്‍പ്പിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് അറിയാമായിരുന്നു തൃണമൂലിനെ തോല്‍പ്പിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂവെന്നത്. അതുകൊണ്ട് പാര്‍ട്ടിയിലുണ്ടായിരുന്ന എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്തു.
സുജിത് ജന
ആദ്യം ബിജെപി സഹായം പാര്‍ട്ടി ഓഫീസുകള്‍ പിടിക്കാന്‍ ഉണ്ടായിരുന്നുവെന്ന് സമ്മതിക്കാഞ്ഞ ഗുണ ദ വയറിനോട് പിന്നീട് അക്കാര്യം തുറന്നു സമ്മതിച്ചു. ബിജെപിയുടെ വിജയം പോരാടാന്‍ ഞങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കിയെന്നും യുവനേതാവ് പറഞ്ഞു.
നാദിയയിലെ സിപിഎം അംഗം ദീപക് റോയി പറയുന്നത് ബിജെപിയുടെ വിജയം തൃണമൂലിനെ തകര്‍ത്തതോടെ അവര്‍ക്ക് ബംഗാളിലെ കളം നഷ്ടമായി എന്നും ഇതിന്റെ ഗുണം ലഭിക്കുക തങ്ങള്‍ക്കാണെന്നുമാണ്. സിപിഎം റാലികളിലും മീറ്റിങുകളിലും പങ്കെടുത്തെങ്കിലും തങ്ങളുടെ ആളുകള്‍ ബിജെപിക്കാണ് വോട്ട് ചെയ്തത്. അതുകൊണ്ട് തൃണമൂല്‍ ഓഫീസ് ഞങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ സ്വാഭാവികമായും ബിജെപി എതിര്‍ക്കില്ലല്ലോ എന്നാണ് ഈ സിപിഎമ്മുകാരന്റെ വാദം.
മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ സൂജന്‍ ചക്രബര്‍ത്തി പറയുന്നത് പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കാന്‍ സിപിഎം ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലെന്നാണ്.