‘രമേശാ മോനേ,നിങ്ങള്‍ ഭരിച്ചാലും ഐഎന്‍ടിയുസിയെ അനുവദിക്കില്ല’ ; ചെന്നിത്തലയോട് മുത്തൂറ്റ് ചെയര്‍മാന്‍ എംജി ജോര്‍ജ്
മുത്തൂറ്റ് ഫിനാന്‍സില്‍ ഒരു തൊഴിലാളി യൂണിയനെയും അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യത്തില്‍ ഉറച്ച് ചെയര്‍മാന്‍ എംജി ജോര്‍ജ്. കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയെയും അനുവദിക്കില്ലെന്ന് താന്‍ രമേശ് ചെന്നിത്തലയോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു എംജി ജോര്‍ജിന്റെ വാദം. രമേശാ മോനേ, നിങ്ങള്‍ ഭരിച്ചാലും ഐഎന്‍ടിയുസിയെ മുത്തൂറ്റില്‍ അനുവദിക്കില്ലെന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. കേരള കോണ്‍ഗ്രസിന്റെ യൂണിയന്‍ വന്നാല്‍ പൊതുസമൂഹം അവര്‍ക്കെതിരാകുമെന്ന് ജോസ് കെ മാണിയോടും പറഞ്ഞിട്ടുണ്ട്. ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രനോടും അതുതന്നെയാണ് പറഞ്ഞത്.
ഒരു യൂണിയന്‍ ഇങ്ങനെ ചെയ്താല്‍ ഒരു പ്രസ്ഥാനവും രക്ഷപ്പെടില്ലെന്നുമായിരുന്നു എംജി ജോര്‍ജിന്റെ പരാമര്‍ശം. അതുകൊണ്ടാണ് ആളുകള്‍ സംസ്ഥാനത്തിന് പുറത്തുപോയി സംരംഭങ്ങള്‍ തുടങ്ങുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളം അറിയപ്പെടുന്നത്. എന്നാല്‍ ചെകുത്താന്‍മാരാണ് യൂണിയനിലുള്ളതെന്നും അദ്ദേഹം അധിക്ഷേപിച്ചു. പിണറായി വിജയനല്ല സിഐടിയുവാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. മാനേജ്‌മെന്റ് ഒരുപാട് തവണ താഴ്ന്നുകൊടുത്തു. തൊഴിലാളികള്‍ക്കായി ഒന്നും ചെയ്തില്ലെന്ന വാദം കള്ളത്തരമാണെന്നും മുത്തൂറ്റ് ചെയര്‍മാന്‍ അവകാശപ്പെട്ടു. ശേഷം എംജി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് കയര്‍ക്കുകയും ചെയ്തു.
വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്ത് ഒരു മണിക്കൂറോളം തന്റെ നിലപാടുകള്‍ വിശദീകരിച്ച ശേഷം എഴുന്നേറ്റുപോവുകയായിരുന്നു. വാര്‍ത്താ സമ്മേളനമാണെന്നും തങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ തന്റെ മെസേജ് നല്‍കാന്‍ വന്നതാണെന്നും പത്ര സമ്മേളനത്തിന് വന്നതല്ലെന്നുമായിരുന്നു മറുപടി. പിന്നെന്തിനാണ് തങ്ങളെ വിളിച്ചുവരുത്തിയതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞു. ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറല്ലെന്നും മാധ്യമപ്രവര്‍ത്തകരില്‍ മാര്‍ക്‌സിസ്റ്റ് അനുഭാവികളുണ്ടെന്നുമായിരുന്നു അപ്പോഴത്തെ മറുപടി. റിപ്പോര്‍ട്ടര്‍മാരോട് കയര്‍ത്ത ശേഷം എംജി ജോര്‍ജ് വേദി വിടുകയും ചെയ്തു.