‘വിഷയം സംസ്ഥാനസുരക്ഷയെ ബാധിക്കുന്നത്’; ഊരാളുങ്കലിന് പൊലീസ് ഡേറ്റാബാങ്ക് നല്‍കരുതെന്ന് ചെന്നിത്തല
കേരള പൊലീസിന്റെ ഡേറ്റാ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് തുറന്നു നല്‍കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്റെ ഡേറ്റാ ബേസ് സ്വകാര്യ കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ നല്‍കുന്നത് അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന് മുന്‍ ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. ആളുകളുടെ രഹസ്യവിവരങ്ങള്‍ ഉള്‍പ്പെടെ അടങ്ങിയതാണ് ഡേറ്റാ ബാങ്ക്. അത് ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൊടുത്ത നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ നടപടി പുനപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പൊലീസില്‍ സൂക്ഷിക്കേണ്ട രഹസ്യവിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കും. പൊലീസില്‍ തന്നെ ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്.
രമേശ് ചെന്നിത്തല
സിപിഐഎം നിയന്ത്രണത്തില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് സോഫ്റ്റ് വെയര്‍ സാധ്യതാ പഠനത്തിന് വേണ്ടി 35 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ടുകൊണ്ടുള്ള ഡിജിപി ഉത്തരവ് പുറത്തായിരുന്നു. പാസ്പോര്‍ട്ട് പരിശോധനയ്ക്കുള്ള സോഫ്റ്റ്വെയര്‍ പദ്ധതിക്ക് വേണ്ടി കേന്ദ്ര ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപ അനുവദിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച ഓര്‍ഡര്‍ കഴിഞ്ഞയാഴ്ച്ച സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയിരുന്നു.
പാസ്പോര്‍ട്ട് അപേക്ഷാ പരിശോധനയ്ക്കുള്ള സോഫ്റ്റ്വെയറിന്റെ നിര്‍മ്മാണത്തിനായി പൊലീസ് ഡേറ്റാബേസ് തുറന്നുകൊടുക്കണമെന്നാണ് ഒക്ടോബര്‍ 29ലെ ഉത്തരവിലുള്ളത്. ഏറെ പ്രധാനമായ ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക് സിസ്റ്റത്തിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാന്‍ ഇതോടെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് സ്വതന്ത്രാനുമതി ലഭിച്ചു.
കൊച്ചി പൊലീസ് ചൂണ്ടിക്കാട്ടിയ സുരക്ഷാ ആശങ്ക ഡിജിപി തള്ളി
കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് ഡേറ്റാബേസില്‍ പ്രവേശിക്കാനുള്ള അനുവാദവും ഊരാളുങ്കലിന് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ പൊലീസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും, ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ കുറ്റവാളികള്‍ വരെയുള്ള വരുടെ വിശദവിവരങ്ങള്‍ ക്ഷണനേരം കൊണ്ട് സോഫ്റ്റ് വെയര്‍ നിര്‍മാണ യൂണിറ്റിന്റെ പക്കലെത്തും. സ്വകാര്യ കമ്പനികള്‍ സാമ്പിള്‍ ഡേറ്റ ഉപയോഗിച്ച് സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കുന്നതാണ് സാധാരണ രീതി. അതിന് പകരം സംരക്ഷിക്കപ്പെടേണ്ട നിര്‍ണായക വിവരങ്ങള്‍ തന്നെ ഊരാളുങ്കലിന് വേണ്ടി തുറന്നുകൊടുത്തു. ഡേറ്റാബേസില്‍ പ്രവേശിക്കാന്‍ ഊരാളുങ്കല്‍ ഒക്ടോബര്‍ 25ന് നല്‍കിയ അപേക്ഷയില്‍ നാല് ദിവസത്തിനുള്ളില്‍ തന്നെ ഡിജിപി അനുമതി നല്‍കി. പദ്ധതിയേക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചത് നവംബര്‍ രണ്ടിനും. ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഡേറ്റാബേസിലെ മുഴുവന്‍ വിവരങ്ങളും കിട്ടില്ലെന്നാണ് ഡിജിപി ഓഫീസിന്റെ വാദം.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം