തനിക്കും മാതാവിനും സഹോദരിക്കുമെതിരെ, അകന്നുകഴിയുന്ന പിതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് രൂക്ഷ മറുപടിയുമായി ആക്ടിവിസ്റ്റ് ഷെഹ്‌ല റാഷിദ്. അദ്ദേഹം ഭാര്യയെ മര്‍ദ്ദിക്കുകയും നിരന്തരം അധിക്ഷേപിക്കുകയും ചെയ്യുന്ന അധപ്പതിച്ചയാളാണെന്ന് ഷെഹ്‌ല ട്വീറ്റ് ചെയ്തു. അരോചകവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് പിതാവ് അബ്ദുള്‍ റാഷിദ് ഷോറ തനിക്കും അമ്മയ്ക്കും സഹോദരിക്കുമെതിരെ ഉന്നയിച്ചത്. ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളായതിനാലാണ് പ്രതികരിക്കാന്‍ നിര്‍ബന്ധിതയായത്. ഗാര്‍ഹിക പീഡനത്തിന് ഞങ്ങള്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയതാണ്. ഇതേ തുടര്‍ന്ന് വീട്ടില്‍ പ്രവേശിക്കുന്നത് 17.11.2020 മുതല്‍ കശ്മീരിലെ കോടതി തടഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി വന്നത്.
ജീവിതത്തിലുടനീളം അദ്ദേഹത്തിന്റെ അതിക്രമങ്ങളും അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളുമെല്ലാം അമ്മ സഹിക്കുകയും മിണ്ടാതിരിക്കുകയുമായിരുന്നു. ഞാനും സഹോദരിയും കുട്ടികളായിരുന്നപ്പോള്‍ അമ്മയെ സംരക്ഷിക്കാനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ശാരീരികവും മാനസികവുമായ അതിക്രമങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ അദ്ദേഹം ഞങ്ങളെയും അധിക്ഷേപിക്കാന്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബറില്‍ താന്‍ ഒരു പരാതി നല്‍കിയിട്ടുണ്ടെന്നും ഷെഹ്‌ല ട്വീറ്റില്‍ വിശദീകരിക്കുന്നു.
ജമ്മുവില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് ഷെഹ് ലയ്‌ക്കെതിരെ അബ്ദുള്‍ റാഷിദ് ഷോറ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും അവരുടെ സുരക്ഷാ ഗാര്‍ഡില്‍ നിന്നും തന്റെ ജീവന് ഭീഷണി നേരിടുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു. മുന്‍ എംഎല്‍എ റാഷിദ്, വ്യവസായി സഹൂര്‍ വടാലി എന്നിവരില്‍ നിന്ന് 3 കോടി രൂപ കൈപ്പറ്റിയാണ് ഷെഹ് ല രാഷ്ട്രീയ പ്രവേശം നടത്തിയതെന്നുമായിരുന്നു മറ്റൊരാക്ഷേപം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കുന്നുവെന്ന് ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തവരാണ് റാഷിദും സഹൂറും. ഷെഹ്ല ജെകെ പൊളിറ്റിക്കല്‍ മൂവ്‌മെന്റിന്റെ ഭാഗമായത് ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. ഐഎഎസ് ടോപ്പറും പിന്നീട് സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവേശനം നടത്തുകയും ചെയ്ത ഷാ ഫൈസലാണ് ജെകെ മൂവ്‌മെന്റിന്റെ സ്ഥാപകന്‍. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് താന്‍ മാറുന്നുവെന്ന് ഷെഹ്‌ല പിന്നീട് വ്യക്തമാക്കിയിരുന്നു.
Wife Beater, Abusive And Depraved Man, Shehla Rashid Hits Back After Fathers Allegations.