പറ്റ്‌നയില്‍ നിന്ന് കവര്‍ന്നത് 8.2 ലക്ഷത്തിന്റെ സവാള, നാസിക്കില്‍ നിന്ന് ഒരു ലക്ഷത്തിന്റേത്; വന്‍ വിലക്കയറ്റത്തിനിടെ ഉളളി മോഷണം
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്ളിവില കുതിച്ചുകയറി കിലോയ്ക്ക് 80 രൂപയിലെത്തിയപ്പോള്‍ വിവിധയിടങ്ങളില്‍ കവര്‍ച്ചകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 8.2 ലക്ഷം രൂപയുടെ സവാള മോഷണം പോയെന്ന പരാതിയുമായി പറ്റ്‌ന സ്വദേശി ധീരജ് കുമാര്‍ പൊലീസിനെ സമീപിച്ചു. ഫതുഹ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സൊനാരു ഗ്രാമത്തിലെ തന്റെ സംഭരണശാലയിലാണ് കവര്‍ച്ചയുണ്ടായതെന്നാണ് കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനായ ഇയാളുടെ പരാതി. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കും നാലിനും ഇടയിലായിരുന്നു കവര്‍ച്ച. 328 ചാക്കുകളിലായി സൂക്ഷിച്ച സവാളയാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.
മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപയും കവര്‍ന്നതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഷട്ടര്‍ ബലം പ്രയോഗിച്ച് ഉയര്‍ത്തി സവാള ചാക്കുകള്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു. മോഷ്ടാക്കള്‍ ഇതിനായി ട്രക്കുമായാകും എത്തിയതെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ധീരജ് കുമാറിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്റ്റേഷനില്‍ നിന്ന് ആവശ്യപ്പെട്ട പ്രകാരം കര്‍ഷകരില്‍ നിന്ന് ഉള്ളി വാങ്ങിയതിന്റെയും എത്തിച്ച വാഹനങ്ങളെയും സംബന്ധിച്ചുള്ള ചില രേഖകള്‍ ഇദ്ദേഹം സമര്‍പ്പിച്ചതായും പൊലീസ് പറയുന്നു. അതേസമയം ഇയാള്‍ മുന്‍പ് 10 ലക്ഷം രൂപയ്ക്ക് തന്റെ ഉല്‍പ്പന്നങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്തതാണെന്നും മോഷണക്കഥയില്‍ സംശയമുണ്ടെന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് വാദങ്ങളുയര്‍ന്നിട്ടുണ്ട്. ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഒരു ലക്ഷം രൂപയുടെ സവാള മോഷ്ടിക്കപ്പട്ടെന്നാണ് മഹരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉയര്‍ന്ന പരാതി. തന്റെ സംഭരണ ശാലയില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ ഉള്ളി നഷ്ടപ്പെട്ടതായി രാഹുല്‍ ബാജിറാവോ പഗാര്‍ എന്നയാളാണ് പൊലീസിനെ സമീപിച്ചത്. 117 പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ച 25 ടണ്‍ സവാളയാണ് നഷ്ടമായതെന്ന് ഇയാള്‍ പറയുന്നു. ഞായറാഴ്ച വൈകീട്ടോടെയാണ് മോഷണം നടന്നത് തിരിച്ചറിഞ്ഞത്. ഇയാളുടെ പരാതിയില്‍ പൊലീസ് വിവിധയിടങ്ങളില്‍ പരിശോധന നടത്തി. കേരളത്തില്‍ കിലോയ്ക്ക് 60 രൂപയാണ് സവാള വില.