മസൂദ് അസ്ഹര്‍ ആഗോള ഭീകരന്‍, എന്താണ് ഇനിയുള്ള നടപടികള്‍? 

മസൂദ് അസ്ഹര്‍ ആഗോള ഭീകരന്‍, എന്താണ് ഇനിയുള്ള നടപടികള്‍? 

Published on

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്ര സംഘന ആഗോള ഭീകരനായി പ്രഖ്യാപിച്ചു. മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളെ പാകിസ്താന് പിന്നില്‍ ഉറച്ചുനിന്ന് വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞ് നിര്‍ത്തിയ ചൈന ഇക്കുറി യുഎന്നില്‍ എതിര്‍പ്പുമായി എത്തിയില്ല. ഒരു പതിറ്റാണ്ട് നീണ്ടുനിന്ന ഇന്ത്യന്‍ ശ്രമങ്ങള്‍ക്കാണ് മേയ് ഒന്നിന് അംഗീകാരം കിട്ടിയത്. ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായാണ് യുഎന്നിന്റെ നടപടിക്രമങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

ജെയ്‌ഷെ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടനയ്ക്ക് മുമ്പാകെ ഡല്‍ഹി ആവശ്യം ഉന്നയിച്ചിട്ട് പത്തു വര്‍ഷമായി. നാല് തവണയാണ് മറ്റു രാജ്യങ്ങളുടെ പിന്തുണ ലഭിക്കുമ്പോഴും ചൈന നടപടിക്രമങ്ങള്‍ക്ക് തടയിട്ടത്. എന്നാല്‍ വീറ്റോ അധികാരമുള്ള യുഎസും ഫ്രാന്‍സും ബ്രിട്ടന്‍ ഇന്ത്യന്‍ ആവശ്യത്തെ പിന്തുണച്ച് ഉറച്ചുനിന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലും ജെയ്‌ഷെ മുഹമ്മദാണെന്ന് സ്ഥിരീകരിച്ചതോടെ ലോകരാജ്യങ്ങള്‍ ഇന്ത്യയുടെ ആവശ്യത്തെ ഒന്നടങ്കം പിന്തുണച്ചു. ഇതാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയത്.

എന്താണ് ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ സംഭവിക്കുക?

സ്വത്ത് കണ്ടുകെട്ടും

യുഎന്‍ നിരോധന കമ്മിറ്റിയുടെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവ് അനുസരിച്ച് കാലതാമസമില്ലാതെ എല്ലാ രാജ്യങ്ങളും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ സ്വത്ത് കണ്ടുകെട്ടണം. വ്യക്തിയുടേയും സംഘടനയുടേയും ഫണ്ടുകളും സാമ്പത്തിക സ്രോതസുകളും ഇല്ലാതാക്കണം. യാതൊരുവിധ സാമ്പത്തിക മൂല്യമുള്ള വസ്തുക്കളും വ്യക്തിയുടെ പേരില്‍ ഉണ്ടാവാന്‍ പാടില്ല.

യാത്രാവിലക്ക്

രാജ്യത്തിനുള്ളില്‍ പ്രവേശിക്കാനോ പുറത്തേക്ക് യാത്ര ചെയ്യാനോ രാജ്യത്തിനുള്ളില്‍ യാത്ര ചെയ്യാനോ അനുവദിക്കരുത്. എല്ലാ രാജ്യങ്ങളും അവരുടെ അധീനതയിലുള്ള പ്രദേശത്ത് ഈ വ്യക്തി കടന്നിട്ടില്ലെന്ന് ഉറപ്പാക്കണം.

ആയുധ ഉപരോധം

വിലക്കപ്പെട്ട വ്യക്തിക്ക് നേരിട്ടോ അല്ലാതേയോ ആയുധങ്ങള്‍ വില്ക്കപ്പെടാനോ വ്യാപാരം നടക്കാനോ കൈമാറ്റം ചെയ്യാനോ ഉള്ള സാധ്യതകള്‍ക്ക് എല്ലാ രാജ്യങ്ങളും തടയിടണം. തങ്ങളുടെ പൗരന്‍മാര്‍ അവരുടെ രാജ്യത്തും പുറത്തും വിലക്കപ്പെട്ട വ്യക്തിക്ക് വാഹനങ്ങളും വിമാനങ്ങളും ആയുധങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുവകകളും സ്‌പെയര്‍ പാര്‍ട്ടുകളും സാങ്കേതിക സഹായവും നല്‍കുന്നില്ലെന്ന് ഉറപ്പാക്കണം.

ഭീകരനായി പ്രഖ്യാപിക്കപ്പെട്ട വ്യക്തിക്കും സംഘടനയ്ക്കും യാതൊരുവിധ സഹായവും പരിശീലനവും ഐക്യരാഷ്ട്ര സഭയക്ക് കീഴിലുള്ള രാജ്യങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല.

ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും സ്വന്തം രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നുവെന്നും പഴി കേള്‍ക്കുന്ന പാകിസ്താന്‍ മസൂദ് അസ്ഹറിന്റെ യുഎന്‍ ഉപരോധ ഉത്തരവിനെ അംഗീകരിക്കുകയും ഉടന്‍ ഉപരോധം നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിന് മുമ്പ് ലഷ്‌കറെ തൊയിബ ഭീകരന്‍ ഹാഫീസ് സെയ്ദിനെതിരെയാണ് യുഎന്‍ സമാന നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. 2009ലാണ് ഹാഫീസ് സെയ്ദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. 2001ല്‍ മസൂദ് അസ്ഹറിന്റെ സംഘടനയായ ജെയ്‌ഷെ മുഹമ്മദിനേയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

logo
The Cue
www.thecue.in