‘ജാതിവോട്ട്’ ജനകീയത കൊണ്ട് മറികടന്ന ബ്രോ
സാമുദായിക സമവാക്യം നോക്കാതെ വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷം നടത്തിയ നീക്കം വിജയിച്ചു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തായിരുന്നു എല്‍ഡിഎഫ് ജനകീയ മേയറായ വി കെ പ്രശാന്തിലൂടെ വട്ടിയൂര്‍ക്കാവ് പിടിച്ചെടുത്തു. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലത്തില്‍ എന്‍എസ്എസ് ഉയര്‍ത്തിയ വെല്ലുവിളിയാണ് ഇടതുപക്ഷം അതിജീവിച്ചത്. 2011ല്‍ തിരുവനന്തപുരം നോര്‍ത്ത് വട്ടിയൂര്‍ക്കാവ് മണ്ഡലമായതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫും ബിജെപിയും തമ്മിലായിരുന്നു മത്സരം.
വോട്ടണ്ണെലിന്റെ തുടക്കം മുതല്‍ പ്രശാന്തിനായിരുന്നു ലീഡ്. പോസ്റ്റല്‍ വോട്ടുകളില്‍ തുടങ്ങി ആധിപത്യം. യുഡിഎഫ് അനുകൂല പഞ്ചായത്തുകളിലെ വോട്ട് കൂടി നേടിയാണ് പ്രശാന്തിന്റെ ആധികാരിക വിജയം.
34-ാം വയസ്സില്‍ തിരുവനന്തപുരം നഗരസഭയുടെ 44മത് മേയറായി. നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്നു പ്രശാന്ത്. ഭൂരിപക്ഷമില്ലാത്ത കോര്‍പ്പറേഷനില്‍ വലിയ എതിര്‍പ്പുകളില്ലാതെ ഭരണം നടത്താന്‍ പ്രശാന്തിന് കഴിഞ്ഞു. മാലിന്യവും പട്ടിശല്യവുമായിരുന്നു മേയറായി ചുമതലയേല്‍ക്കുമ്പോള്‍ പ്രശാന്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഉറവിട സംസ്‌കരണത്തിലൂടെ മാലിന്യ പ്രശ്‌നത്തെ മറികടന്നു.
മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനം, യുവനേതാവ്, മലബാറിലേക്കുള്ള പ്രളയ സഹായം എത്തിക്കാന്‍ മുന്നില്‍ നിന്നതും ജനപ്രീതി കൂട്ടിയിട്ടുണ്ടെന്ന വിലയിരുത്തലുമാണ് വട്ടിയൂര്‍ക്കാവിലേക്ക് പ്രശാന്തിനെ തന്നെ സിപിഎം തീരുമാനിച്ചത്. നാല്പത്തിരണ്ട് ശതമാനം നായര്‍ വോട്ടുകളുള്ള വട്ടിയൂര്‍ക്കാവില്‍ ഈഴവ വിഭാഗക്കാരനായ വി കെ പ്രശാന്ത് തന്റെ ജനകീയത കൊണ്ട് വിജയിക്കുമെന്ന എല്‍ഡിഎഫിന്റെ അനുമാനം തെറ്റിയില്ല.
യുഡിഎഫിനൊപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ ബിജെപിക്കുള്ള സ്വാധീനവും ഇടതിനെ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തേക്കാക്കിയിരുന്നു. അത്തരമൊരു മണ്ഡലത്തില്‍ എന്‍എസ്എസ് പരസ്യമായി രംഗത്തെത്തിയതും വെല്ലുവിളിയായി. തെരഞ്ഞെടുപ്പിലെ ജാതി സമവാക്യം പഴയകാല ചിന്തയാണെന്നായിരുന്നു പ്രശാന്തിന്റെ പ്രതികരണം. ജാതിയല്ല രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നതെന്ന നിലപാടും പ്രഖ്യാപിച്ചു പ്രശാന്ത്.
സ്ത്രീകളുടെയും യുവാക്കളുടെയും വോട്ട് നേടാനായതാണ് വിജയത്തിന് കാരണമെന്ന് പ്രശാന്ത് പറയുന്നു. എന്‍എസ്എസ് വെല്ലുവിളിച്ചപ്പോള്‍ മറ്റ് വിഭാഗങ്ങള്‍ ഇടതിനൊപ്പം നിന്നുവെന്നും രാഷ്ട്രീയ നിരീക്ഷണങ്ങളുണ്ടാകുന്നുണ്ടെങ്കിലും സ്ഥാനാര്‍ത്ഥിയുടെ മികവും പരീക്ഷണത്തിന് മുതിര്‍ന്ന സിപിഎം തന്ത്രവും വട്ടിയൂര്‍ക്കാവിലെ ആദ്യവിജയം ഇടതിന് സമ്മാനിച്ചു.