‘സ്വയം ഇല്ലാതാകില്ലെന്ന് തീരുമാനിച്ചാണ് രാമനാഥപുരത്ത് പോയത്’; തിരോധാനത്തില്‍ സിഐ നവാസ്
വിഷമമുണ്ടായപ്പോള്‍ ഏകാന്തതയ്ക്ക് വേണ്ടി മാറിനിന്നതാണെന്ന് കൊച്ചി സെന്‍ട്രല്‍ സ്‌റ്റേഷന്‍ സി ഐ നവാസ് മാധ്യമങ്ങളോട്. രാമേശ്വരം വരെ പോയി, രാമനാഥപുരത്ത് ഒരു ഗുരുവുണ്ട്. അദ്ദേഹത്തെ കണ്ടു. സ്വയം ഇല്ലാതാകില്ലെന്ന് തീരുമാനിച്ചാണ് പോയത്. സ്വയം കലഹിക്കാതെ മനസ്സിനെ പിടിച്ചുനിര്‍ത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. എന്നാല്‍ യാത്രക്കിടെ പത്രത്തില്‍ തന്നെക്കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു.
സ്‌നേഹിക്കുന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കും മിത്രങ്ങള്‍ക്കുമൊക്ക സങ്കടമുണ്ടായെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തിരിച്ചെത്തുകയായിരുന്നു. ഒരിക്കലും ഒളിച്ചോടില്ല, താന്‍ മൂലം ആരെങ്കിലും വിഷമിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം തിരുത്തണം. കുടുംബത്തെ പിന്‍തുണച്ചതിന് മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും നന്ദി രേഖപ്പെടുത്തുന്നു. താന്‍ നല്‍കിയതിനേക്കാളേറെ ഈ സമൂഹം ഈ രണ്ട് ദിവസം പിന്‍തുണയും സ്‌നേഹവും തന്നു. അതിലേറെ തിരിച്ചുനല്‍കിയേ സര്‍വീസ് വിടുകയുള്ളൂവെന്നും നവാസ് പറഞ്ഞു.
തനിക്ക് പറയാനുള്ളത് മേലുദ്യോഗസ്ഥരെ വിശദമായി ധരിപ്പിച്ചിട്ടുണ്ട്. ഫോഴ്‌സിന്റെ ഭാഗമായതിനാല്‍ എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താനാകില്ല. മേലുദ്യോഗസ്ഥര്‍ പറയുന്നതിനനുസരിച്ച് ചുമതലയില്‍ തിരികെ പ്രവേശിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഷമം വരുമ്പോള്‍ ആളുകള്‍ സ്വയം കലഹിക്കും. അല്ലെങ്കില്‍ മറ്റുള്ളവരോട് കലഹിക്കും, അല്ലെങ്കില്‍ എവിടെയെങ്കിലും അടച്ചിരിക്കും. എനിക്ക് ഏകാന്തത വേണമെന്ന് തോന്നി, കുറേക്കാലമായി യാന്ത്രികമായി ജോലി ചെയ്യുകയായിരുന്നു.
മനസ്സിനെ തൃപ്തിപ്പെടുത്തേണ്ടതുണ്ടായിരുന്നു. ആത്മാവിന് ഭക്ഷണം നല്‍കാന്‍ വേണ്ടി മാറിനില്‍ക്കുകയായിരുന്നുവെന്നും നവാസ് വിശദീകരിച്ചു. വിഷമത്തെ നേരിടാന്‍ നല്ല യാത്രകള്‍ നടത്തുക, സംഗീതം ആസ്വദിക്കുക, നല്ല പുസ്തകങ്ങള്‍ വായിക്കുക, ഗുരുവിനെ കാണുക നല്ല സുഹൃത്തുക്കളുമായി സംവദിക്കുക, ഇങ്ങനെയൊക്കെ ചെയ്യുമല്ലോ, അങ്ങനെ മാറിനിന്നതാണ്. മദ്യത്തിലോ മയക്കുമരുന്നിലോ അഭയം പ്രാപിക്കുന്നവരുണ്ട്.
അതെനിക്ക് പറ്റില്ല. 48 മണിക്കൂര്‍ നേരത്തെ മാറിനില്‍പ്പ് സ്‌നേഹിക്കുന്നവരില്‍ വളരെ സങ്കടമുണ്ടാക്കിയെന്ന് അറിഞ്ഞപ്പോള്‍ പോയ അതേ വേഗതയില്‍ തിരിച്ചുവരികയായിരുന്നു. മടക്കയാത്രയില്‍ കോയമ്പത്തൂര്‍ വെച്ചാണ് പൊലീസ് സംഘം തന്നെ കാണുന്നതെന്നും നവാസ് വ്യക്തമാക്കി.