പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റിന് അനുമതി തേടിയിട്ടില്ലെന്ന് സ്പീക്കര്‍

പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റിന് അനുമതി തേടിയിട്ടില്ലെന്ന് സ്പീക്കര്‍

Published on

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. പാലത്തിന്റെ കരാര്‍ നല്‍കിയ സമയത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണിത്. പാലാരിവട്ടം പാലം നിര്‍മ്മിച്ച ആര്‍ഡിഎസ് കമ്പനിക്ക് കരാറിന് വിരുദ്ധമായി 8.25 കോടി രൂപ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ തീരുമാനപ്രകാരമായിരുന്നുവെന്നാണ് ടി ഒ സൂരജ് ആവര്‍ത്തിക്കുന്നത്. ആര്‍ബിഡിസികെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷ് ശുപാര്‍ശ ചെയ്‌തെന്നും സൂരജ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

സൂരജ് ഉള്‍പ്പെടെ നാല് പേരാണ് അറസ്റ്റിലായത്. ഇബ്രാഹിംകുഞ്ഞിനെ അനുകൂലിച്ച് പി കെ കുഞ്ഞാലിക്കുട്ടി എം പി രംഗത്തെത്തിയിരുന്നു. നിരപരാധിത്വം തെളിയിക്കാന്‍ യുഡിഎഫ് പിന്തുണയ്ക്കുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കേസില്‍ പ്രതിയാക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. നിര്‍മാണക്കമ്പനികള്‍ക്ക് മുന്‍കൂറായി പണം നല്‍കാറുണ്ട്. പാല ഉപതിരഞ്ഞെടുപ്പിന് മുമ്പായി അറസ്റ്റുണ്ടാകുമോയെന്നതാണ് യുഡിഎഫ് നേതൃത്വത്തിന്റെ ആശങ്ക.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വി കെ ഇബ്രാഹിംകുഞ്ഞ് തിരുവനന്തപുരത്തെ എം എല്‍ എ ഹോസ്റ്റലിലാണുള്ളത്. ഇവിടെ നിന്ന് അറസ്റ്റ് ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണം. അനുമതി തേടിയിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

logo
The Cue
www.thecue.in