അറസ്റ്റിലേക്ക് വിജിലന്‍സ്; ഇബ്രാഹിംകുഞ്ഞിനെ എം എല്‍ എ ഹോസ്റ്റലിന് പുറത്തെത്തിക്കാന്‍ നീക്കം
പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലേക്ക് വിജിലന്‍സ്. തിരുവനന്തപുരത്ത് എം എല്‍ എ ഹോസ്റ്റലില്‍ തുടരുന്ന ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. പണമിടപാട് നടന്നതിന്റെയും ഒപ്പുവച്ചതിന്റെയും രേഖകള്‍ വിജിലന്‍സിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. നൂറ്റിനാല്പതോളം രേഖകളാണ് വിജിലന്‍സ് പിടിച്ചെടുത്തിരുന്നത്. വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്യാമെന്നാണ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. അറസ്റ്റുണ്ടായേക്കുമെന്ന് സൂചന ലഭിച്ചതിന് പിന്നാലെ ഇബ്രാഹിംകുഞ്ഞ് എം എല്‍ എ ഹോസ്റ്റലിലേക്ക് മാറിയിരുന്നു. നിയമസഭയിലും എം എല്‍ എ ഹോസ്റ്റലിലും വെച്ച് അറസ്റ്റ് ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഖത്തര്‍ സന്ദര്‍ശനത്തിലാണ്.
ടി ഒ സൂരജ് അടക്കം പിടിയിലായ നാല് പേരും ചോദ്യം ചെയ്യലില്‍ മുന്‍മന്ത്രിക്കെതിരെ മൊഴി നല്‍കാതിരുന്നത് അന്വേഷണ സംഘത്തെ കുഴക്കിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഉത്തരവ് പ്രകാരമാണ് നിര്‍മ്മാണ കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയതെന്ന് ടി ഒ സൂരജ് വെളിപ്പെടുത്തിയിരുന്നു. പലിശ വാങ്ങാതെ പണം അനുവദിക്കാനാണ് മന്ത്രി നിര്‍ദേശിച്ചിരുന്നതെന്നും ഇക്കാര്യം താന്‍ ഫയലില്‍ എഴുതിയെന്നുമാണ് സൂരജ് പറയുന്നത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളയുടെ എം ഡിയായിരുന്ന മുഹമ്മദ് ഹനീഷ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്‌തെന്നും സൂരജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചിരുന്നു.