‘ജെസിബി വീട്ടുമതില്‍ പൊളിച്ചെത്തിയതാണ് പരീക്ഷ കഴിഞ്ഞ് വന്നപ്പോള്‍ കണ്ടത്‌’; വിദ്യാഭ്യാസ മന്ത്രിക്ക് ഉത്തരയുടെ കത്ത് 

‘ജെസിബി വീട്ടുമതില്‍ പൊളിച്ചെത്തിയതാണ് പരീക്ഷ കഴിഞ്ഞ് വന്നപ്പോള്‍ കണ്ടത്‌’; വിദ്യാഭ്യാസ മന്ത്രിക്ക് ഉത്തരയുടെ കത്ത് 

Published on

ജൈവ ആവാസവ്യവസ്ഥയായ ശാന്തിവനത്തെ തകര്‍ത്ത് കെഎസ്ഇബി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതി പത്താം ക്ലാസുകാരി ഉത്തര. ഉത്തരയും അമ്മ മീന മേനോനുമാണ് ശാന്തിവനം സംരക്ഷിച്ചുപോരുന്നത്. ശാന്തിവനത്തിലെ അന്‍പതോളം മരങ്ങള്‍ മുറിച്ച് കെഎസ്ഇബി 110 കെവി ലൈന്‍ - ടവര്‍ നിര്‍മ്മിച്ചുവരികയാണ്. അമൂല്യ സസ്യങ്ങളും അപൂര്‍വ ജീവജാലങ്ങളുമുള്ള ശാന്തിവനം നേരിടുന്ന ദുര്യോഗം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരികയാണ് ഉത്തര. വ്യാഴാഴ്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനിരിക്കെയാണ് തുറന്നകത്ത്. വിഷയം മുഖ്യമന്ത്രിയെ ധരിപ്പിച്ച് അനുകൂല നടപടിക്ക് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫെയ്‌സ്ബുക്കിലാണ് കത്ത് പങ്കുവെച്ചത്. അതിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ.

സര്‍ക്കാര്‍ സ്ഥാപനമായ കെ സി ബി എല്‍, നേരെ പോകേണ്ട 110 കെ.വി വൈദ്യുതി ലൈന്‍ വളച്ചെടുത്ത് ഞങ്ങളുടെ പുരയിടത്തിന് നടുവിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. പ്രതീക്ഷിച്ചിരിക്കാതെ ഒരു ദിവസം ഞാന്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വന്നപ്പോള്‍ ജെസിബി വീട്ടുമതില്‍ ഇടിച്ചു പൊളിച്ചു കൊണ്ട് കയറിവന്ന് ധാരാളം അടിക്കാട് നശിപ്പിക്കുകയും വെട്ടേണ്ട 48 മരങ്ങളുടെ ലിസ്റ്റ് അമ്മയുടെ കൈയില്‍ കൊടുക്കുകയും ചെയ്യുന്ന കാഴ്ചയാണ് എനിക്ക് കാണേണ്ടി വന്നത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവര്‍ ധാരാളം യന്ത്രങ്ങളുമായി വന്ന് 50 വര്‍ഷത്തോളം പഴക്കമുള്ള ഞങ്ങളുടെ വെള്ള പൈന്‍ മരം ഞങ്ങളുന്നയിച്ച യാതൊരു അപേക്ഷകളും വകവയ്ക്കാതെ എന്റെ കണ്മുന്നില്‍ വച്ച് വെട്ടിമാറ്റി.ഒരു വലിയ പ്രദേശത്തിന് തണല്‍ നല്‍കി നിന്നിരുന്ന ആ മരം മുറിച്ച് മാറ്റിയപ്പോള്‍ താഴെയുള്ള മണ്ണിനു മാത്രമല്ല ഇത്ര നാള്‍ കൊണ്ട് എന്റെ ഉള്ളില്‍ നിറച്ചു തന്ന പാരിസ്ഥിതിക അവബോധത്തിനും കൂടിയാണ്. അവരിപ്പോള്‍ 37 സെന്റോളം നശിപ്പിച്ചുകൊണ്ട് ടവര്‍ ഉയര്‍ത്തിക്കഴിഞ്ഞു

ഉത്തര ശാന്തിവനം   

‘ജെസിബി വീട്ടുമതില്‍ പൊളിച്ചെത്തിയതാണ് പരീക്ഷ കഴിഞ്ഞ് വന്നപ്പോള്‍ കണ്ടത്‌’; വിദ്യാഭ്യാസ മന്ത്രിക്ക് ഉത്തരയുടെ കത്ത് 
ശാന്തിവനത്തില്‍ തിരുത്തലിന് ഒരാഴ്ചയനുവദിച്ച് ഹൈക്കോടതി ; മുഖ്യമന്ത്രിയുടെ പേജില്‍ മാസ് കമന്റിന് ആഹ്വാനം 

സ്‌കൂളില്‍ പാരിസ്ഥിതി വിഷയങ്ങള്‍ പഠിക്കുകയും ആ ദിനത്തിന്റെ ഭാഗമായി ലഭിക്കുന്ന തൈകള്‍ നട്ടുപിടിപ്പിക്കുകയുമൊക്കെ ചെയ്യുന്നതിനിടയിലും അതിന്റെ നേര്‍ വിപരീതമായ പ്രവൃത്തികള്‍ വീട്ടില്‍ കാണേണ്ടി വരുന്നതില്‍ അതിയായ സങ്കടമുണ്ടെന്ന് ഉത്തര വ്യക്തമാക്കുന്നു. വിഷയം മുഖ്യമന്ത്രിയെ അറിയിച്ച് ടവര്‍ ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ എടുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പരാമര്‍ശിച്ചാണ് ഉത്തര കത്ത് അവസാനിപ്പിക്കുന്നത്.

ശാന്തിവനത്തെ ബാധിക്കാത്ത തരത്തിലാണ് ആദ്യം പദ്ധതി വിഭാവനം ചെയ്തിരുന്നതെങ്കിലും പിന്നീട് വഴി മാറ്റി ലൈന്‍ വലിക്കാന്‍ മരങ്ങള്‍ വ്യാപകമായി മുറിച്ചുമാറ്റുകയായിരുന്നു. ഒത്ത നടുവിലാണ് പൈലിങ് അടക്കമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ അരങ്ങേറിയത്. എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂര്‍ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ശാന്തിവനം. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് രണ്ടേക്കര്‍ വനം. ഉടമ മീന മേനോനും കുടുംബവുമാണ് മുപ്പതുവര്‍ഷമായി ഈ ജൈവ വൈവിധ്യ കേന്ദ്രം സംരക്ഷിച്ചുപോരുന്നത്.

logo
The Cue
www.thecue.in