കേരളത്തില്‍ ജനാധിപത്യ സര്‍ക്കാരല്ല അധികാരത്തിലുള്ളതെന്ന് കേന്ദ്ര നിയമ സഹമന്ത്രി എസ്.പി.സിങ് ബാഗേല്‍. കേരളത്തിലും ബംഗാളിലും ഫാസിസ്റ്റുകളാണ് ഭരിക്കുന്നത്. ഇരുസംസ്ഥാനങ്ങളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലപ്പെടുന്നുവെന്നും കേന്ദ്ര നിയമ സഹമന്ത്രി എസ്.പി.സിങ് ബാഗേല്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് പറഞ്ഞതിനെ പിന്തുണച്ചായിരുന്നു കേന്ദ്ര നിയമ സഹമന്ത്രി എസ്.പി.സിങ് ബാഗേലിന്റെ അഭിപ്രായം. മമതാ ബാനര്‍ജി വലിയ ഫാസിസ്റ്റാണ്. എസ്.പി അധികാരത്തിലെത്തിയാല്‍ ഉത്തര്‍പ്രദേശും കേരളവും പശ്ചിമ ബംഗാളും പോലെ ആയി മാറുമെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞതെന്നും എസ്.പി.സിങ് ബാഗേല്‍ വിശദീകരിച്ചു.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അത്ഭുതകരമായ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുവെന്നും സൂക്ഷിച്ച് വോട്ട് ചെയ്യണമെന്നുമായിരുന്നു യോഗി പറഞ്ഞത്. നിങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അദ്ധ്വാനമായിരിക്കും നഷ്ടമാകുക. ഉത്തര്‍പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം വേണ്ടിവരില്ലെന്നും യോഗി പറഞ്ഞിരുന്നു.
യോഗിക്ക് ഹിന്ദിയിലും ഇംഗ്ലീഷിലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. യുപി കേരളമായാല്‍ മികച്ച വിദ്യാഭ്യാസ സൗകര്യമുണ്ടാകും, ആരോഗ്യ സേവനങ്ങളുണ്ടാകും, സാമൂഹിക ക്ഷേമമുണ്ടാകും, ജീവിതനിലവാരമുണ്ടാകും സര്‍വ്വോപരി ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടാത്ത ഒരു സമൂഹവുമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.