ആര് തുള്ളിയാലും മാറ്റും, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ യൂണിവേഴ്‌സിറ്റി കോളജ് അവിടെ നിന്ന് മാറ്റുമെന്ന് കെ മുരളീധരന്‍
യുഡിഎഫ് അധികാരത്തിലേറിയാല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുമെന്ന് കെ മുരളീധരന്‍ എംപി. കോളജ് അവിടെ നിലനില്‍ക്കുന്നിടത്തോളം എസ്എഫ്‌ഐയുടെ തേര്‍വാഴ്ചയുണ്ടാകും. അതിനാല്‍ കോളജ് മാറ്റണം. ഏത് ആളുകള്‍ തുള്ളിയാലും ശരി ആ കോളജ് അവിടെ നിന്ന് മാറ്റും. 1992 ല്‍ കെ കരുണാകരന്റെ ഗവണ്‍മെന്റ് എടുത്ത തീരുമാനം അടുത്ത യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കും.
ഇപ്പോഴത്തെ കോളജ് കെട്ടിടം ചരിത്രമ്യൂസിയമോ പൊതുസ്ഥലമോ ആക്കണമെന്നും മുരളീധരന്‍ വ്യക്തമാക്കി. അന്ന് സമരം ചെയ്യാന്‍ ഇപ്പോള്‍ ഭരിക്കുന്നവര്‍ തയ്യാറെടുത്തോളൂവെന്നും കെ മുരളീധരന്‍ പറഞ്ഞു. മുന്‍പ് കെ മുരളീധരന്‍ സമാന അഭിപ്രായം പങ്കുവെച്ചപ്പോള്‍ അതിനെതിരെ, യൂണിവേഴ്‌സിറ്റി കോളജില്‍ അഖില്‍ വധശ്രമ കേസിലെ രണ്ടാം പ്രതിയായ നസീം അന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.
ഈ കോളജ് ഇടിച്ചുനിരത്താന്‍ തന്റെ അച്ഛന്‍ കരുണാകരന്‍ വിചാരിച്ചിട്ട് നടന്നില്ല, പിന്നല്ലേ നീ, എന്നായിരുന്നു മാസങ്ങള്‍ക്ക് മുന്‍പുള്ള കുറിപ്പ്. യൂണിവേഴ്‌സിറ്റി കോളജ് കാര്യവട്ടത്തേക്ക് മാറ്റണമെന്നും ഇപ്പോഴത്തെ കോളജ് കെട്ടിടങ്ങള്‍ പൊളിച്ച് കളയുകയോ അല്ലെങ്കില്‍ ചരിത്ര മ്യൂസിയമാക്കുകയോ ചെയ്യണമെന്നുമായിരുന്നു കെ മുരളീധരന്റെ അന്നത്തെ പ്രസ്താവന.