എഡിഫിസിന് മൂന്നും വിജയ് സ്റ്റീല്‍സിന് രണ്ടും; അഞ്ചുനിലകള്‍ വരെ സ്‌ഫോടക വസ്തു നിറയ്ക്കും, പൊളിക്കല്‍ രാവിലെ
തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയ മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് ധാരണയായി. മുംബൈയിലെ എഡിഫിസ് എഞ്ചിനീയറിങ്ങിന് മൂന്ന് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കരാര്‍ നല്‍കുമെന്നാണ് വിവരം. വിജയ് സ്റ്റീല്‍സിനെ രണ്ടെണ്ണം പൊളിക്കാനും ചുമതലപ്പെടുത്തും. സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതിയാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. ഈ രംഗത്ത് കൂടുതല്‍ പരിചയസമ്പത്തുള്ള എഡിഫിസിന് ഹോളിഫെയ്ത്ത് എച്ച് ടു ഒ, ആല്‍ഫ സെറീന്‍ എന്നീ സമുച്ചയങ്ങളാണ് നല്‍കുക. പൊളിക്കാന്‍ പ്രയാസമേറിയ കെട്ടിടങ്ങളാണ് ഇവ രണ്ടും. ഗോള്‍ഡന്‍ കായലോരവും, ജെയിന്‍ ഹൗസിങ്ങും വിജയ് സ്റ്റീല്‍സിന് നല്‍കുമെന്നുമാണ് വിവരം.
സ്‌ഫോടനം എപ്പോള്‍, എങ്ങനെ
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സ്‌ഫോടനങ്ങള്‍ രാവിലെയാകും നടത്തുക. രാവിലെ കാറ്റ് കുറവായിരിക്കും എന്നതും ഗതാഗതം നിയന്ത്രിക്കുന്നതിന് അനുയോജ്യമാണെന്നും വിലയിരുത്തിയാണിത്. താഴെ മുതല്‍ അഞ്ച് നില വരെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുക. സെക്കന്റുകളുടെ വ്യത്യാസത്തില്‍ പൊട്ടിക്കും. കീഴെ നിന്ന് തകര്‍ക്കുന്നതിനാല്‍ കെട്ടിടം നേരെ താഴേക്ക് പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊളിക്കുന്ന ഏജന്‍സികള്‍ മൈനിങ് എഞ്ചിനീയര്‍മാരുടെ സാന്നിധ്യം ഈ സമയം ഉറപ്പുവരുത്തണം. സ്‌ഫോടകവസ്തുക്കള്‍ വാങ്ങാന്‍ സാങ്കേതിക സമിതി അനുമതി നല്‍കിയിട്ടുണ്ട്. ഇത് എത്തിക്കുന്നതിന് ചില മാനദണ്ഡങ്ങളും നിശ്ചിയിച്ചിട്ടുണ്ട്. പ്രത്യേകം വാഹനങ്ങള്‍ ഇതിനായി തയ്യാറാക്കണം.
ഏജന്‍സികളുടെ സാങ്കേതിക വിദഗ്ധരില്‍ എഞ്ചിനീയറിംഗ് തലത്തിലെ ഉയര്‍ന്ന ലൈസന്‍സുകള്‍ (പെസോ ലൈസന്‍സ്, മൈന്‍സ് ഡയറക്ടറേറ്റ് ലൈസന്‍സ്) ഉള്ളയാളുകള്‍ വേണം. സ്‌ഫോടനമുണ്ടാക്കുന്ന കമ്പനം പഠിക്കാനും ഏജന്‍സികള്‍ക്ക് നിര്‍ദേശമുണ്ട്. പൊളിക്കുന്നതിന് മുന്‍പ് സമീപവാസികളെ ബോധവല്‍ക്കരിക്കും. ആറുമണിക്കൂര്‍ മുമ്പെങ്കിലും ഇവരെ ഒഴിപ്പിക്കും. ഏറ്റവും അപകട സാധ്യത കുറഞ്ഞ കെട്ടിടം ആദ്യം പൊളിക്കും. വിശ്വാസം വളര്‍ത്തി പ്രദേശവാസികളുടെ പൂര്‍ണ പിന്‍തുണ ഉറപ്പാക്കാനാണിത്. അതേസമയം കെട്ടിടങ്ങള്‍ക്കടുത്ത് താമസിക്കുന്നവര്‍ക്കായി 100 കോടി രൂപയുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും ആലോചനയിലുണ്ട്. പരിസ്ഥിതി മലിനീകരണമുണ്ടാകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചാണ് കെട്ടിടങ്ങള്‍ തകര്‍ക്കുക.