‘ആ ചിത്രം വ്യാജം’, Ex.MP എന്ന ബോര്‍ഡ് വെച്ച കാര്‍ എ.സമ്പത്ത് ഉപയോഗിച്ചിട്ടില്ലെന്ന് ഭാര്യ
എ സമ്പത്ത് തന്റെ കാറില്‍ Ex.MP എന്ന് ബോര്‍ഡ് വെച്ചതായി സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിച്ചതില്‍ പ്രതികരണവുമായി ഭാര്യ ലിസി സമ്പത്ത്. എക്‌സ് എംപിയെന്ന ബോര്‍ഡ് കാറില്‍ സ്ഥാപിച്ച് എ സമ്പത്ത് എവിടെയും യാത്ര ചെയ്തിട്ടില്ലെന്ന് ഭാര്യ ദ ക്യുവിനോട് പ്രതികരിച്ചു. ഇത്തരത്തില്‍ ഒരു ബോര്‍ഡ് വെച്ച് എവിടെയും പോയിട്ടില്ല. പ്രചരിക്കുന്ന ചിത്രത്തില്‍ അദ്ദേഹം ഇല്ലല്ലോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വ്യാജചിത്രമാണ് പ്രചരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം അരങ്ങേറുന്നതിനാല്‍ രണ്ട് ദിവസത്തിനകം സമ്പത്ത് മാധ്യമങ്ങളെ കാണും. ആയുര്‍വ്വേദ ചികിത്സയില്‍ കഴിയുന്നതിനാലാണ് അദ്ദേഹം ഇപ്പോള്‍ പ്രതികരിക്കാത്തതെന്നും ലിസി സമ്പത്ത് അറിയിച്ചു.
ഡോ. എ സമ്പത്തിന്റെ പേരിലുള്ള കാറില്‍ എക്സ് എംപി ( മുന്‍ എംപി )എന്ന് ബോര്‍ഡുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഞായറാഴ്ച രാവിലെ മുതല്‍ വൈറലായിരുന്നു. ഇതിന്‍മേല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറഞ്ഞു. KL01 BR 657 എന്ന നമ്പറിലുള്ള ഇന്നോവയില്‍ Ex. MP യെന്ന് ബോര്‍ഡുള്ളതാണ് ചിത്രം. ഈ നമ്പറിലുള്ള വാഹനം സമ്പത്തിന്റെ പേരിലുള്ളതാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നുണ്ട്. ആരോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച രീതിയിലാണ് ചിത്രം വൈറലായത്. വിഷയത്തില്‍ എ സമ്പത്തിനെ ട്രോളി വിടി ബല്‍റാം എംഎല്‍എ ആദ്യം രംഗത്തുവന്നിരുന്നെങ്കിലും പിന്നീട് പോസ്റ്റ് പിന്‍വലിച്ചു.
കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എത്രത്തോളം പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്ക് അടിമപ്പെട്ടവരാണെന്ന് തെളിയിക്കുന്നതാണ് തോറ്റമ്പിയ പല തോറ്റ എംഎല്‍എമാരുടെയും രോദനങ്ങളും പ്രവൃത്തികളുമെന്നായിരുന്നു വിടി ബല്‍റാമിന്റെ കുറിപ്പ്. സമ്പത്തിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു പോസ്‌റ്റെങ്കിലും ഇപ്പോള്‍ അത് കാണാനില്ല. കോണ്‍ഗ്രസ് ,ബിജെപി അനുഭാവികളാണ് ചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നല്‍കിയത്. അതേസമയം ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയുന്നതായി കെ എസ് ശബരീനാഥന്‍ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിത്രം കണ്ടപ്പോഴേ സാമാന്യ യുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നുവെന്ന് ശബരി പറയുന്നു. വിഷയങ്ങള്‍ പൊളിറ്റിക്കലായാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും കാര്യങ്ങള്‍ ശരിയാണോയെന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് ഭൂഷണമല്ലെന്നും ശബരീനാഥന്‍ കുറിച്ചു.