ട്രാക്കില്‍ വെള്ളം കയറി; എറണാകുളം സൗത്ത് വഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു
കനത്ത മഴയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ പത്ത് ട്രാക്കുകളിലും വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചതായി റെയില്‍വേ അറിയിച്ചു. നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലും വെള്ളം കയറുന്നുണ്ട്. പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്.
ഇന്നലെ രാത്രി മുതല്‍ ശക്തമായ പെയ്തതോടെയാണ് എറണാകുളത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ വെള്ളം കയറിയത്. ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതത്തെയാണ് ബാധിച്ചിരിക്കുന്നത്. പിറവം-വൈക്കം റൂട്ടില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പാസ്സഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. രണ്ട് മണിക്കൂര്‍ വൈകിയാണ് ട്രെയിനുകള്‍ ഓടുന്നത്.
എറണാകുളം നഗത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയിലും എംജി റോഡിലും വെള്ളം കയറി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. എംജി റോഡിലെ കടകളില്‍ വെള്ളം കയറി.