landless families Thovarimala
landless families Thovarimala

പ്രളയ സഹായം പോലും കിട്ടിയില്ല, ഓഫീസുകൾ കയറി മടുത്തു, തൊവരിമല സമരക്കാർ പറയുന്നു

Published on

ഏഴാം ക്ലാസുകാരി ശ്രീമതിക്ക് കഴിഞ്ഞ പ്രളയകാലത്തെ നഷ്ടം തകർന്ന വീടു മാത്രമല്ല, പുഴകൊണ്ടുപോയ പാഠപുസ്തകങ്ങളും ബാഗും കുടയും കൂടിയാണ്. ഇതൊക്കെ ഇത്ര വലിയ നഷ്ടമാണോയെന്ന് ചിന്തിക്കാം. ശ്രീമതി പറയുന്നത് കേൾക്കാം

വെള്ളം കയറിയപ്പോൾ ബുക്കും കുടയുമൊക്കെ പോയി. കുറച്ച് പുസ്തകം സ്കൂളിൽ നിന്ന് കിട്ടി. ബാഗും കുടയുമൊക്കെ ഓരോരുത്തരുടെ കൈയ്യിൽ നിന്നും വാങ്ങിയതാണ്. ഷീറ്റ് കൊണ്ട് മറച്ച വീടാണ്. അതിന്റെ ഒരു ഭാഗം പോയി. പഠിക്കാൻ പോലും പറ്റുന്നില്ല”.

ശ്രീമതി

ഇതേ നിസ്സഹായതയാണ് മുട്ടിൽ ചുണ്ടൻ പുഴയുടെ ഇരുകരകളിലുമുള്ള തെക്കുംപാടി, അടുവാടി കോളനി നിവാസികൾക്ക് പറയാനുള്ളത്. അവരെല്ലാം തൊവരിമലയിലെ മിച്ചഭൂമി കൈയ്യേറി കുടിൽ കെട്ടാനിറങ്ങിയത് പ്രളയകാലത്തെ നാശനഷ്ടങ്ങൾക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ്‌.

"വെള്ളം കയറിയപ്പോൾ ഞങ്ങളുടെ അപേക്ഷ ആരും എടുത്തില്ല. കലക്ടറേറ്റില്‍ വന്നു. പഞ്ചായത്തിൽ കൊടുത്താൽ വാങ്ങില്ല. വോട്ടിന് വീട്ടിലേക്ക് ഓടി വരും. വോട്ട് കൊടുത്തിട്ടുണ്ട്. ഇനി ഞങ്ങൾക്ക് വീടും ഒരു കക്കൂസും തരണം . അതില്ലാത്തത് കൊണ്ടാണ് ഞങ്ങൾ വെട്ടിപ്പിടിക്കാൻ പോയത് " അടുവാടി കോളനിയിലെ നാല്പത്തഞ്ചുകാരിയായ തങ്കു പറയുന്നു.

Thovarimala Protest
Thovarimala Protest

വെള്ളം കയറിയപ്പോൾ ഞങ്ങളുടെ അപേക്ഷ ആരും എടുത്തില്ല. കലക്ടറേറ്റില്‍ വന്നു. പഞ്ചായത്തിൽ കൊടുത്താൽ വാങ്ങില്ല. വോട്ടിന് വീട്ടിലേക്ക് ഓടി വരും. വോട്ട് കൊടുത്തിട്ടുണ്ട്. ഇനി ഞങ്ങൾക്ക് വീടും ഒരു കക്കൂസും തരണം . അതില്ലാത്തത് കൊണ്ടാണ് ഞങ്ങൾ വെട്ടിപ്പിടിക്കാൻ പോയത്

തങ്കു

പ്രളയബാധിതർക്ക് സഹായധനമായി പ്രഖ്യാപിച്ച പതിനായിരം രൂപ ലഭിക്കാൻ ഓഫീസുകൾ കയറിയിറങ്ങിയ അനുഭവമാണ് തെക്കുംപാടി കോളനിയിലെ ലീലയും പറയുന്നത്. " പുലർച്ചെ വെള്ളം കയറിയത് ആരും അറിഞ്ഞില്ല . ഒന്നും എടുത്ത് വെക്കാൻ പറ്റിയില്ല. ചെമ്പും കലവുമൊക്കെ ഒലിച്ചുപോയി. വീടിനകത്ത് വെള്ളം കയറി. വീട് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടാണ് മറച്ചത്. അതൊക്കെ പോയി. വീടിന്റെ ഫോട്ടോയൊക്കെ എടുത്ത് കളക്ടർക്ക് അപേക്ഷ കൊടുത്തു. ഒന്നും കിട്ടിയില്ല. ഒരു പൈസയും കിട്ടിയില്ല. അതിന് വേണ്ടി കുറെ നടന്നു. രണ്ട് ദിവസം മാത്രം വെള്ളം കയറിയവർക്ക് ഒന്നും തരില്ലാന്ന് പറഞ്ഞു. പൈസക്കാർക്കൊക്കെ സഹായം കിട്ടി. രണ്ട് നില വീടുള്ളവർക്ക് സഹായമുണ്ട്. കുടിലിലുള്ളവർക്കില്ല".

സഹായധനം ലഭിക്കാതെ പ്രതിസന്ധിയിലായപ്പോഴാണ് സമരത്തിനിറങ്ങിയതെന്ന് കലക്ടറേറ്റിന് മുന്നിൽ സമരം നടത്തുന്ന സരോജിനി പറയുന്നു.'' ഞങ്ങൾക്ക് ഭൂമിയില്ല. വെള്ളം കയറിയപ്പോൾ ഉള്ളതും പോയി. ഇതിനെ പറ്റിയൊന്നും പറഞ്ഞു തരാൻ ആരുമില്ല. രണ്ട് മുറിയുള്ള വീട്ടിൽ നാല് കുടുംബമാണ് താമസിക്കുന്നത്. വീടില്ലാത്തത് കൊണ്ട് എല്ലാരും അവിടെ നിന്ന് പോകുന്നു. സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ കുട്ടി എങ്ങനെ പഠിക്കും. ഇത്ര പേര് താമസിക്കുന്നിടത്ത് കുട്ടികൾക്ക് പഠിക്കാൻ പറ്റോ?'' സരോജിനി ചോദിക്കുന്നു .

21 ാം തിയ്യതി ഉച്ചയോടെയാണ് 13 പഞ്ചായത്തുകളിലെ ആദിവാസികൾ ഉൾപ്പെടെയുള്ള ആയിരം ഭൂരഹിതർ തൊവരിമല മിച്ചഭൂമി കൈയ്യേറി കുടിൽ കെട്ടിയത്. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കൈവശമുണ്ടായിരുന്ന 5000 ഏക്കർ ഭൂമി 1970 ൽ അച്യുതമേനോൻ സർക്കാർ ഏറ്റെടുത്തതാണ്. വനം വകുപ്പിന്റെ കൈവശമാണ് ഭൂമിയിപ്പോൾ. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റെയ്ഞ്ചിൽ ഉൾപ്പെട്ട 110 ഏക്കർ ഭൂമിയാണ് സമരക്കാർ കൈയ്യേറിയത്. ബുധനാഴ്ച സമരക്കാരെ വനം വകുപ്പ് ഒഴിപ്പിച്ചു. ചിതറിയോടിയ സമരക്കാർ സംഘടിച്ച് വയനാട് കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. രണ്ട് ഏക്കർ ഭൂമി ലഭിച്ചാൽ മാത്രമേ പിൻമാറുകയുള്ളൂവെന്ന് സമരക്കാർ പറയുന്നു.

logo
The Cue
www.thecue.in