ഇംപീച്ച്‌മെന്റ് ഭീഷണി നേരിട്ട ഇന്ത്യന്‍ ജഡ്ജിമാര്‍ ഇവരാണ്

ഇംപീച്ച്‌മെന്റ് ഭീഷണി നേരിട്ട ഇന്ത്യന്‍ ജഡ്ജിമാര്‍ ഇവരാണ്

രാജ്യത്ത് ജഡ്ജിമാര്‍ക്കെതിരെ പലവിധ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതുവരെ ഇംപീച്ച്‌മെന്റ് ഉണ്ടായിട്ടില്ല. എന്നാല്‍ ഇതിനുള്ള നീക്കങ്ങള്‍ നേരിട്ട ജഡ്ജിമാരുണ്ട്
Published on

ക്രമക്കേടുകളോ ഗുരുതര വീഴ്ചകളോ തെളിയിക്കപ്പെട്ടാല്‍ ജഡ്ജിമാരെ തല്‍സ്ഥാനത്തുനിന്ന് നീക്കുന്ന നിയമ നടപടിയാണ് ഇംപീച്ച്‌മെ ന്റ്. നടപടി സാധ്യമാകണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകണം. രാജ്യത്ത് ജഡ്ജിമാര്‍ക്കെതിരെ പലവിധ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതുവരെ ഇംപീച്ച്‌മെന്റ് ഉണ്ടായിട്ടില്ല. എന്നാല്‍ ഇതിനുള്ള നീക്കങ്ങള്‍ നേരിട്ട ജഡ്ജിമാരുണ്ട്. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റ് നീക്കം നടത്തിയതാണ് ഒടുവിലത്തേത്.

ദീപക് മിശ്ര

സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ ദീപക് മിശ്രയ്‌ക്കെതിരെ സഹജഡ്ജിമാര്‍ രംഗത്തെത്തുകയും സമാനതകളില്ലാത്തവിധം വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. സുപ്രീം കോടതിയില്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നുവെന്നതടക്കം കടുത്ത ആരോപണങ്ങളാണ് ദീപക് മിശ്രയ്‌ക്കെതിരെ ഇവര്‍ ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കമുണ്ടായത്. ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോഴ അഴിമതിയില്‍ ദീപക് മിശ്രയുടെ പേര് പരാമര്‍ശിക്കപ്പെട്ടത് മുന്‍നിര്‍ത്തിയായിരുന്നു പ്രതിപക്ഷ നീക്കം. കോഴ വാങ്ങിയ കോളജിന് അനുകൂലമായി സുപ്രീം കോടതിയില്‍ നിന്ന് വിധിയുണ്ടായതായിരുന്നു സംശയത്തിന് ഇടനല്‍കിയത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭാ അദ്ധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളുകയായിരുന്നു.

സി.വി.നാഗാര്‍ജുന റെഡ്ഡി

പല കേസുകളിലും ക്രമക്കേടുകളും വഴിവിട്ട ഇടപെടലുകളും നടത്തിയെന്നാരോപിച്ചാണ് ആന്ധ്ര-തെലങ്കാന ഹൈക്കോടതി ജഡ്ജിയായിരുന്ന സിവി നാഗാര്‍ജുന റെഡ്ഡിക്കെതിരെ ഇംപീച്ച്‌മെന്റിന് നീക്കമുണ്ടായത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള ജൂനിയര്‍ ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയെന്നടക്കമുള്ള ആരോപണങ്ങള്‍ ഇദ്ദേഹത്തിന് നേരിടേണ്ടി വന്നു. നാഗാര്‍ജുന റെഡ്ഡിയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് സമയത്ത് നീക്കമുണ്ടായി. 2016 ഡിസംബറില്‍ 61 രാജ്യസഭാ എംപിമാര്‍ ഒപ്പിട്ട് പ്രമേയം അവതരിപ്പിച്ചു എന്നാല്‍ 19 പേര്‍ പിന്‍വാങ്ങിയതോടെ നീക്കം പരാജയപ്പെട്ടു. എന്നാല്‍ രണ്ടാം തവണ 60 രാജ്യസഭാ എംപിമാര്‍ ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചെങ്കിലും സഭയില്‍ അംഗീകരിക്കപ്പെട്ടില്ല.

സൗമിത്ര സെന്‍

കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസായിരുന്നു സൗമിത്ര സെന്‍. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസില്‍ റിസീവര്‍ ആയിരിക്കെ അഴിമതി നടത്തിയെന്നായിരുന്നു ഇദ്ദേഹത്തിനെതിരായ പരാതി. ക്രമക്കേട് നടത്തുകയും ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ രാജ്യസഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. ലോക്‌സഭയിലും പാസാകുമെന്ന് കണ്ടതോടെ ഇദ്ദേഹം രാജിവെച്ചൊഴിയുകയായിരുന്നു. ഇതോടെ ഇദ്ദേഹത്തിനെതിരായ നടപടി മരവിപ്പിച്ചു.

പിഡി ദിനകരന്‍

സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് പിഡി ദിനകരനെതിരെയും അഴിമതിയാരോപണമായിരുന്നു ഉയര്‍ന്നത്. അഴിമതി നടത്താന്‍ നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്തതടക്കം 16 കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ കണ്ടെത്തിയത്. ഇംപീച്ച്‌മെന്റ് നടപടിയുണ്ടാകുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇദ്ദേഹം 2011 ജൂലൈയില്‍ രാജിവെച്ചൊഴിഞ്ഞു.

ജെ ബി പാര്‍ഡിവാല

സംവരണ വിഷയത്തില്‍ സംവരണത്തിനെതിരെ പരാമര്‍ശം നടത്തിയതിനാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ജെബി പാര്‍ഡിവാലയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കമുണ്ടായത്. സംവരണവും അഴിമതിയുമാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്നായിരുന്നു ഇദ്ദേഹം ഒരു വിധിപ്രസ്താവത്തില്‍ പരാമര്‍ശിച്ചത്. 2015 ല്‍ 58 രാജ്യസഭാ എംപിമാര്‍ ചേര്‍ന്ന് ഇദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു. പ്രസ്തുത നോട്ടീസ് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് വിട്ടയുടന്‍ പാര്‍ഡിവാല തന്റെ വിധിപ്രസ്താവത്തില്‍ നിന്ന് വിവാദപരാമര്‍ശം ഒഴിവാക്കി. ഇതോടെ ഇദ്ദേഹത്തിനെതിരായ നീക്കം അവസാനിച്ചു.

വി രാമസ്വാമി

സുപ്രീം കോടതിയിലെ ജസ്റ്റിസ് ആയിരുന്ന വി രാമസ്വാമിക്കെതിരെയാണ് ആദ്യമായി ഇംപീച്ച്‌മെന്റ് നീക്കമുണ്ടായത്. പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ അഴിമതി നടത്തിയെന്നാരോപിച്ചായിരുന്നു നീക്കം. ഇംപീച്ച്‌മെന്റ് പ്രമേയം ലോക്‌സഭയില്‍ വന്നു. പ്രമേയം പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണ്ടിയിരുന്നു. എന്നാല്‍ 96 പേര്‍ അനുകൂലമായി വോട്ട്‌ചെയ്‌തെങ്കിലും കോണ്‍ഗ്രസും സഖ്യകക്ഷികളും വിട്ടുനിന്നിരുന്നു. ഇതോടെ ഇംപീച്ച്‌മെന്റ് നീക്കം ഫലം കണ്ടില്ല,

logo
The Cue
www.thecue.in