രണ്ട് കുട്ടികള്‍ മതിയെന്ന നിയമം വേണം,ലംഘിക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
രണ്ട് കുട്ടികള്‍ മതിയെന്ന നിയമം രാജ്യത്തുണ്ടാകണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇത് ലംഘിക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. രാജ്യത്തെ ജനസംഖ്യാ വര്‍ധനവ് പരാമര്‍ശിച്ചപ്പോഴായിരുന്നു ഗിരിരാജ് സിങ്ങിന്റെ വാക്കുകള്‍. പ്രകൃതി വിഭവങ്ങള്‍ക്കും രാജ്യത്തിന്റെ ഐക്യത്തിനും ജനസംഖ്യാ വര്‍ധനവ് ഭീഷണി ഉയര്‍ത്തുകയാണ്. അതിനാല്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ കര്‍ശന നിയമം വേണം.വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും ജനസംഖ്യാ നിയന്ത്രണത്തിന് ശ്രമിക്കുകയാണ്. പക്ഷേ ഇന്ത്യയില്‍ ജനസംഖ്യാ നിയന്ത്രണത്തിനായുള്ള ശ്രമങ്ങളെക്കുറിച്ച് പറയുമ്പോള്‍ മതങ്ങളുമായി ബന്ധിപ്പിക്കുമെന്നും ഗിരിരാജ് പറഞ്ഞു. ജനസംഖ്യ നിയന്ത്രിക്കാന്‍ വന്ധ്യംകരണത്തിനുള്ള നിയമം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നായിരുന്നു 3 വര്‍ഷം മുന്‍പ് ഇദ്ദേഹത്തിന്റെ പ്രസ്താവന. ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ നിന്നാണ് ബിജെപി ടിക്കറ്റില്‍ ഗിരിരാജ് സിങ് ലോക്‌സഭയിലെത്തിയത്.