‘അക്രമസ്വഭാവമുള്ള ആനയെ തലയെടുപ്പിന്റെ മികവില്‍ എഴുന്നള്ളിക്കാനാവില്ല’; ആവേശപ്രകടനത്തിനല്ല സര്‍ക്കാരിന്റെ പ്രാധാന്യമെന്ന് മന്ത്രി രാജു
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെപ്പോലെ അക്രമ സ്വഭാവമുള്ള ആനയെ തൃശൂര്‍ പൂരം പോലെ ആളുകള്‍ വലിയ തോതില്‍ എത്തുന്ന ഉല്‍സവത്തിന് എഴുന്നള്ളിക്കാനാവില്ലെന്ന് വ്യക്തമാക്കി വനംമന്ത്രി കെ രാജു. ഫെബ്രുവരിയില്‍ രണ്ടുപേരെ കൊന്നതിനെ തുടര്‍ന്നാണ് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് വനംവകുപ്പും നാട്ടാന സംരക്ഷണ സമിതിയും വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് നീക്കി തൃശൂര്‍ പൂരത്തിന് രാമനെ എഴുന്നള്ളിക്കാന്‍ ബിജെപി പ്രക്ഷോഭത്തിന് ഒരുങ്ങി ഇറങ്ങുമ്പോള്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കുകയാണ്.
കേവലം ആവേശ പ്രകടനങ്ങള്‍ക്കല്ല സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി പറയുന്നു. ജന നന്മ ലക്ഷ്യമാക്കി, ജനങ്ങള്‍ക്ക് അപകടമുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നത്.
2009 മുതലുള്ള കണക്ക് മാത്രമെടുത്താല്‍ 7 പേരെയാണ് ആന കൊന്നതെന്ന് മന്ത്രി വ്യക്തമാക്കുന്നു. കൂടാതെ തിരുവമ്പാടി ചന്ദ്രശേഖരന്‍, കൂനത്തൂര്‍ കേശവന്‍ എന്നീ നാട്ടാനകളെ കുത്തി കൊലപ്പെടുത്തിയിട്ടുമുണ്ട്. ഏകഛത്രാധിപതിയെന്ന് 'ആനപ്രേമികള്‍' വിളിക്കുന്ന ആറ് പാപ്പാന്‍മാരെ അടക്കം 13 പേരെയാണ് കൊന്നിട്ടുള്ളത്.
ഇത്രയും അക്രമ സ്വഭാവമുള്ള ആനയെ തലയെടുപ്പിന്റെ മികവു കൊണ്ട് മാത്രം തൃശ്ശൂര്‍ പൂരം പോലുള്ള ഒരു ഉത്സവത്തിന് എഴുന്നെള്ളിച്ചാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കുമെന്ന് മന്ത്രി പറയുന്നു.
അമ്പലപരിസരം മുഴുവന്‍ തിങ്ങി നിറഞ്ഞിരിക്കുന്ന ആളുകള്‍ക്ക് ഇടയില്‍ എഴുന്നെള്ളിച്ചു നില്‍ക്കുന്ന ഈ ആനയുടെ ഒരു ചെറിയ പിണക്കമോ പ്രതികരണമോ പോലും വലിയ ദുരന്തമായി മാറാന്‍ സാദ്ധ്യതയുണ്ട്. അപകടകാരികളായ ഇത്തരം ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നെള്ളിച്ചു കൊണ്ടു വരുന്നത് സൃഷ്ടിക്കാവുന്ന ദുരന്തം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് രേഖകള്‍ പ്രകാരം 54 വയസ്സ് കഴിഞ്ഞതായി പറയുന്നുണ്ടെങ്കിലും അതിലേറെ പ്രായമുള്ളതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് വനംമന്ത്രി പറയുന്നു. ആനയ്ക്ക് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതും പ്രായം ചെന്നതു കാരണം സാധാരണ നിലയിലുള്ള കാഴ്ച ശക്തി ഇല്ലാത്തതുമാണ്.
വലതുകണ്ണിന് തീരെ കാഴ്ചയില്ലാത്തതിനാല്‍ ഒറ്റ കണ്ണ് കൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള ഈ ആനയെ അമിതമായി ജോലിഭാരം ഏല്‍പ്പിച്ചു കൊണ്ട് ഉടമസ്ഥര്‍ കഠിനമായി പീഢിപ്പിക്കുകയായിരുന്നു. അതിന്റെ കാഴ്ചശക്തി കുറവ് കാരണം എല്ലാ വശങ്ങളിലുമായി 4 പാപ്പാന്‍മാരുടെ സഹായത്തിലാണ് അതിനെ ഉത്സവങ്ങളില്‍ എഴുന്നെള്ളിക്കാറുണ്ടായിരുന്നത്. ഇതൊക്കെയായിട്ടും അത് പല തവണ അക്രമാസക്തമായിട്ടുണ്ട്. ഏറ്റവുമൊടുവിലായി 08-02-19 ല്‍ രണ്ട് ആളുകളെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ ആനയെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആനയുടമകള്‍ നല്‍കേണ്ട നഷ്ടപരിഹാരമോ ഇന്‍ഷൂറന്‍സ് തുകയോ പോലും പല കേസുകളിലും ഇനിയും നല്‍കിയിട്ടില്ലെന്നതാണ് വസ്തുതയെന്നും മന്ത്രി പറയുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ സംബന്ധിച്ച് വിദഗ്ധരായ ആളുകള്‍ ഉള്‍പ്പെട്ട ഒരു സമിതി പരിശോധിച്ച് ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ആനയെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ല എന്ന് ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണെന്ന് മന്ത്രി ചൂണ്ടിക്കാണിക്കുന്നു. കാഴ്ച ശക്തിയില്ലാത്ത ആനയെ കഠിനമായി പണിയെടുപ്പിച്ച് പീഡിപ്പിക്കുകയാണ് ഉടമസ്ഥരെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു.
ആനയെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം ജില്ലാ കളക്ടര്‍ക്കാണ്. ഉത്സവങ്ങളും പൂരങ്ങളുമെല്ലാം മുന്‍വര്‍ഷങ്ങളിലെപ്പോലെ തന്നെ യാതൊരു തടസ്സവും കൂടാതെ നടത്തുന്നതിനുള്ള തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു നടപ്പാക്കുന്നതെന്നും മന്ത്രി വിശദീകരിക്കുന്നു.
ഈ വിഷയം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയതോതിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും കെ രാജു ചൂണ്ടിക്കാണിക്കുന്നു. എത്ര അപകടകാരിയായ ആനയായാലും അതിനെ എഴുന്നെള്ളിച്ച് കോടികള്‍ സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള, ജനങ്ങളുടെ ജീവന് അല്‍പ്പവും വില കല്‍പ്പിക്കാത്ത നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍. ഇത് മനസ്സിലാക്കി ജനങ്ങള്‍ ഇത്തരം വ്യാജപ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ആളെകൊല്ലി ആനയെ പൂരത്തിന് ഇറക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് വനംവകുപ്പ്. തൃശൂര്‍ കളക്ടര്‍ ടി വി അനുപമയുടെ നേതൃത്വത്തിലുള്ള നാട്ടാന നിരീക്ഷണ സമിതിയോഗവും രാചന്ദ്രനുള്ള വിലക്ക് തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. നിര്‍ദേശങ്ങളിലും മാനദണ്ഡങ്ങളിലും വെള്ളം ചേര്‍ക്കാന്‍ തയ്യാറാകാത്ത കളക്ടര്‍ അനുപമ രാമചന്ദ്രന്റെ കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.