മോട്ടി പ്രസാദെന്ന ബിഹാറി,ഒച്ച കൂടിയാല്‍ ഇടയുന്ന തെച്ചിക്കോട്ട് രാമചന്ദ്രന്‍;ആരാധകര്‍ക്ക് ഏകഛത്രാധിപതി
തൃശൂര്‍ പൂരത്തിന്റെ തിടമ്പ് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുന്ന തെച്ചിക്കോട്ട് രാമചന്ദ്രന്‍ ബിഹാറിയായ ആന. 1964 ലാണ് ജനനം. മോട്ടി പ്രസാദ് എന്നായിരുന്നു ആദ്യപേര്. ബിഹാറിലെ ആനച്ചന്തയില്‍ നിന്ന് വാങ്ങി കേരളത്തിലെത്തിക്കുകയായിരുന്നു. തൃശ്ശൂരിലെ വെങ്കിടാദ്രിസ്വാമി വാങ്ങിയപ്പോള്‍ ആനയുടെ പേര് ഗണേശന്‍ എന്നാക്കി. എന്നാല്‍ 1984 ല്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം ഗണേശനെ വാങ്ങി. നടയ്ക്കിരുത്തിയപ്പോള്‍ പേര് രാമചന്ദ്രന്‍ എന്നാക്കി. അങ്ങിനെയാണ് മോട്ടി പ്രസാദ് ചെച്ചിക്കോട്ട് രാമചന്ദ്രനായത്.
ഇതിനകം വിവിധയിടങ്ങളിലായി 13 പേരെ രാമചന്ദ്രന്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ആറ് പാപ്പാന്‍മാരും നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും ഇതില്‍ ഉള്‍പ്പെടും. 2013 ജനുവരി 27 ന് കുറുപ്പംപടി രായമംഗലം കൂട്ടുമഠം ക്ഷേത്രോത്സവത്തിനിടെ രാമചന്ദ്രന്റെ കുത്തേറ്റ് 3 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. 2019 ഫെബ്രുവരി 8 ന് തൃശൂരില്‍ ഗൃഹപ്രവേശനത്തിന് എത്തിച്ചപ്പോള്‍ ഒരാളെ ചവിട്ടിക്കൊലപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം.അന്ന് പടക്കം പൊട്ടിയപ്പോള്‍ വിരണ്ടോടുകയായിരുന്നു. കൂട്ടാനയെ ആക്രമിക്കുന്ന ശീലവും രാമചന്ദ്രനുണ്ട്. മംഗലാംകുന്ന് കര്‍ണന്‍, തിരുവമ്പാടി ചന്ദ്രശേഖരന്‍ എന്നീ ആനകളെ ആക്രമിച്ചിട്ടുണ്ട്. ചന്ദ്രശേഖരന്‍ കുറച്ചുനാളുകള്‍ക്ക് ശേഷം ചെരിയുകയും ചെയ്തു.
ഇന്ന് സംസ്ഥാനത്തുള്ളതില്‍ ഏറ്റവുമധികം ഉയരമുള്ള ആനയായി രാമചന്ദ്രന് വിശേഷമുണ്ട്. ഉയരത്തില്‍ ഏഷ്യയിലെ രണ്ടാം സ്ഥാനമുണ്ടെന്നും ദേവസ്വം അവകാശപ്പെടുന്നു. പത്തരയടിയാണ് ഉയരം. 317 സെന്റിമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടലിന്റെ നീളം 340 സെന്റീമീറ്ററാണ്. ലക്ഷണമൊത്ത രൂപമാണ് രാമചന്ദ്രന്‍ വിശേഷിപ്പിക്കപ്പെടുന്നത്. 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയ്യും തലയെടുപ്പും സവിശേഷതകളായി പറയാറുണ്ട്. തിടമ്പ് കയറ്റിയാല്‍ ഇറക്കും വരെ തലഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നതും പ്രത്യേകതയായി അവതരിപ്പിക്കാറുണ്ട്. എന്നാല്‍ 54 വയസ്സുള്ള ആനയ്ക്ക് കാഴ്ച കുറവാണ്. വലിയ ശബ്ദങ്ങളില്‍ വിരണ്ടോടുന്ന സ്വഭാവവുമുണ്ട്.
എകഛത്രാധിപതി. ഗജരാജകേസരി, ഗജസാമ്രാട്ട്, ഗജചക്രവര്‍ത്തി തുടങ്ങി ബഹുമതികള്‍ രാമചന്ദ്രന്‍ നേടിയിട്ടുണ്ട്. ഇത്തിത്താനം ഗജമേളയടക്കമുള്ളവയില്‍ വിജയിയാവുകയും നിരവധി തലപ്പൊക്ക മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. തൃശൂര്‍ പൂരത്തിന് ഘടകക്ഷേത്രമായ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കുംനാഥന്റെ തെക്കേ ഗോപുരവാതില്‍ തള്ളിത്തുറക്കുന്ന ചടങ്ങില്‍ വര്‍ഷങ്ങളായി രാമചന്ദ്രനെയാണ് അണിനിരത്തുന്നത്. കേരളത്തിലുടനീളം നിരവധി ക്ഷേത്രോത്സവങ്ങളില്‍ തെച്ചിക്കോട്ട് രാമചന്ദ്രനെ പങ്കെടുപ്പിച്ചിട്ടുണ്ട്.