ഇനിയെന്ത് ? 400 ഓളം ഫ്‌ളാറ്റുടമകള്‍ ആശങ്കയില്‍ ; പൊളിക്കാനുള്ള സമയപരിധി തീര്‍ന്നു 

ഇനിയെന്ത് ? 400 ഓളം ഫ്‌ളാറ്റുടമകള്‍ ആശങ്കയില്‍ ; പൊളിക്കാനുള്ള സമയപരിധി തീര്‍ന്നു 

Published on

കൊച്ചി മരട് നഗരസഭയിലെ 5 ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി അനുവദിച്ച ഒരുമാസത്തെ സമയപരിധി അവസാനിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫ്‌ളാറ്റ് കെട്ടിടങ്ങള്‍ നീക്കം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. മെയ് 8 നായിരുന്നു നിര്‍ണ്ണായക വിധി. പ്രസ്താവിച്ച ദിനം മുതല്‍ ഒരു മാസത്തിനകം നടപ്പാക്കണമെന്നായിരുന്നു അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഹോളിഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ച്വേര്‍സ് എന്നിവയാണ് പൊളിച്ചുനീക്കേണ്ടവ. ഫലത്തില്‍ കടുത്ത ആശങ്കയിലാണ് നാനൂറോളം വരുന്ന ഫ്‌ളാറ്റ് ഉടമകള്‍.

ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത് വരെ വിധി നടപ്പാക്കാന്‍ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഫ്ളാറ്റുടമകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും അവധിക്കാല ബെഞ്ച് ഈ ആവശ്യം തള്ളുകയായിരുന്നു. പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കാനുള്ള സമയമായെന്ന് ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി ഉചിതമായ സംവിധാനങ്ങളെ സമീപിക്കാവുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മരട് നഗരസഭയും തീരദേശ സംരക്ഷണ അതോറിറ്റിയും കക്ഷികളായ കേസിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് താമസക്കാര്‍ വ്യക്തമാക്കുന്നു.

ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഫ്‌ളാറ്റുകള്‍ നഷ്ടപ്പെടുമെന്നത് ഇവരെ പ്രതിസന്ധയിലാക്കിയിരിക്കുകയാണ്. പൊളിച്ചുനീക്കിയശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിധി നടപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. സംരക്ഷിത മേഖലയില്‍ നിന്ന് ഫ്‌ളാറ്റുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സര്‍ക്കാര്‍ ഒഴിവാക്കിയതാണെന്നും തങ്ങളുടെ വാദം കേള്‍ക്കണമെന്നും താമസക്കാര്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. താമസക്കാരെ ഒഴിപ്പിച്ച് കൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ കോടതിയനുവദിച്ച സമയപരിധി തികയില്ലെന്ന് നഗരസഭ വിശദീകരിച്ചിരുന്നു.

logo
The Cue
www.thecue.in