അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ സമഗ്ര പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ദ ക്യുവിനോട്. അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ കാരണങ്ങള്‍ തേടിയുള്ള ദ ക്യു വാര്‍ത്തയിലാണ് മന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണം. ജനകീയ പങ്കാളിത്തത്തോടെ കര്‍മ്മ പരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കും. കോട്ടത്തറ ആശുപത്രിയെ കുട്ടികളുടെയും സ്ത്രീകളുടെയും സ്‌പെഷ്യാലിറ്റിയാക്കി മാറ്റുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ആവശ്യമായ പോഷകാഹാരം കഴിക്കാത്തതാണ് ഭാരക്കുറവിനും വിളര്‍ച്ചയ്ക്കും കാരണം. വിവിധ പദ്ധതികളിലൂടെ ഇവര്‍ക്ക് പോഷകാഹാരം എത്തിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
നിലവിലുള്ള ഗര്‍ഭിണികളെ റിസ്‌ക് ഫാക്ടറിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് പ്രത്യേക ശ്രദ്ധ കൊടുക്കും. അപകട സാധ്യതയുള്ള ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കി. കുറച്ച് കൂടി ശക്തമായ ജനപങ്കാളിത്തം അനിവാര്യമാണ്.
ഗര്‍ഭിണിയാകുന്ന സ്ത്രീയുടെ ഭാരം 45 കിലോയ്ക്ക് മുകളിലായിരിക്കണം. എങ്കില്‍ മാത്രമേ കുഞ്ഞിന് ആവശ്യമായ തൂക്കം ഉണ്ടാവുകയുള്ളു. പക്ഷേ അട്ടപ്പാടിയിലെ ഗര്‍ഭിണികളായ സ്ത്രീകളുടെ ഭാരം ശരാശരി 40 കിലോയില്‍ താഴെയാണ്. സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിപ്പെടുന്ന സ്ത്രീകളുടെ ഭാരം 35ല്‍ താഴെയാവുന്നു. ഇതുമൂലം ഇവരില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വലിയ രീതിയില്‍ തൂക്കക്കുറവുണ്ടാകുന്നുണ്ട്. ഈ കുഞ്ഞുങ്ങള്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടും. അതോടൊപ്പം അട്ടപ്പാടിയിലെ സ്ത്രീകളില്‍ ഹീമോഗ്ലോബിന്റെ കുറവുണ്ട്. വിളര്‍ച്ചയുണ്ട്. ശരാശരി എച്ച്.ബി 9 ആണ് ഇവരില്‍. ഇതും വളരെ കുറവാണ്. ഭാരക്കുറവ്, വിളര്‍ച്ച തുടങ്ങിയ അടിസ്ഥാനപരമായിട്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അട്ടപ്പാടിയിലെ സ്ത്രീകളില്‍ നിലനില്‍ക്കുന്നുണ്ട്. അത് കൂടാതെ തന്നെ ജനിതക രോഗങ്ങളും കാണുന്നുണ്ട്. ഇപ്പോള്‍ ഗര്‍ഭിണികളായിട്ടുള്ള എട്ട് പേര്‍ക്ക് സിക്കിള്‍സെല്‍ അനീമിയയുണ്ട്. ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള പ്രെഗ്നന്‍സിയാണിത്. സിക്കിള്‍സെല്‍ അനീമിയയുള്ള അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് രോഗം പകരാനുള്ള സാധ്യത 25%മാണ്.
അട്ടപ്പാടിയിലെ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ചുരമിറങ്ങാതെ തന്നെ മികച്ച ചികിത്സ കിട്ടുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കുട്ടികളുടെയും സ്ത്രീകളുടെയും സ്‌പെഷ്യാലിറ്റി ആശുപത്രിയായി തന്നെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയെ മാറ്റും. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിലവില്‍ 29 ഡോക്ടര്‍മാര്‍, 44 സ്റ്റാഫ് നേഴ്‌സുമാര്‍ ഉള്‍പ്പെടെ 210 ആരോഗ്യപ്രവര്‍ത്തകരുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് വാര്‍ത്ത ഇവിടെ വായിക്കാം