‘ആള്‍ക്കൂട്ട കൊലപാതകമെന്നത് പാശ്ചാത്യ പ്രയോഗം’ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കരുതെന്ന് മോഹന്‍ ഭാഗവത്
ആള്‍ക്കൂട്ട കൊലപാതകം എന്ന പ്രയോഗം പാശ്ചാത്യ സൃഷ്ടിയാണെന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ ഉപയോഗിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും മോഹന്‍ ഭാഗവത്. ആള്‍ക്കൂട്ട ആക്രമണമെന്നത് ഇന്ത്യന്‍ ധര്‍മ്മചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞതല്ല. മറ്റൊരു മതത്തില്‍ നിന്നാണ് അതിന്റെ ഉത്ഭവമെന്നും മോഹന്‍ ഭാഗവത് അവകാശപ്പെട്ടു. വിജയദശമി ദിനത്തില്‍ നാഗ്പൂരിലെ റെഷിംബാഗില്‍ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍എസ്എസ് സര്‍സംഘ ചാലക്. സാഹോദര്യത്തിലാണ് ഇന്ത്യന്‍ ജനത വിശ്വസിക്കുന്നത്. അതിനാല്‍ അത്തരം പ്രയോഗങ്ങള്‍ ഇന്ത്യക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നുമായിരുന്നു മോഹന്‍ ഭാഗവതിന്റെ വാദം.
ചില ആളുകള്‍ ആള്‍ക്കൂട്ട ആക്രമണം എന്ന പ്രയോഗം ഉപയോഗിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ചില സംഭവങ്ങളെ ആള്‍ക്കൂട്ട ആക്രമണങ്ങളായി ചിത്രീകരിക്കുകയാണ്. ഒരു മതവിഭാഗം മറ്റൊരു പ്രത്യേക വിഭാഗത്തെ ആക്രമിക്കുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ ഈ വാദം ശരിയല്ല. ഏകപക്ഷീയമായ ആക്രമണങ്ങള്‍ അല്ല നടക്കുന്നത്. തിരിച്ചും സംഭവിക്കുന്നുണ്ട്. എന്നാല്‍ ചില സംഭവങ്ങള്‍ മാത്രം ബോധപൂര്‍വം കെട്ടിച്ചമച്ച് അവതരിപ്പിക്കുകയാണെന്നും മോഹന്‍ ഭാഗവത് വാദിച്ചു. പൗരന്‍മാര്‍ ഐക്യത്തോടെ ജീവിക്കണം. നിയമത്തിന്റെ നിയന്ത്രണങ്ങളില്‍ ജീവിക്കണം. ഈ സംസ്‌കാരമാണ് ആര്‍എസ്എസ് പിന്‍തുടരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വാഴ്ത്തുകയും ചെയ്തു. രാജ്യം ശക്തമാകുന്നതും ഊര്‍ജസ്വലമാകുന്നതും ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് അംഗീകരിക്കാനാകുന്നില്ലെന്നും മോഹന്‍ ഭാഗവത് കുറ്റപ്പെടുത്തി. പശുക്കടത്ത് ആരോപിച്ചും ജയ് ശ്രീറാം മുഴക്കാന്‍ നിര്‍ബന്ധിച്ചും രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നിരന്തരം ആള്‍ക്കൂട്ട ആക്രമണങ്ങളും ക്രൂരഹത്യകളും അരങ്ങേറുമ്പോഴാണ് ഈ പ്രയോഗം പാടില്ലെന്ന നിലപാടുമായി മോഹന്‍ ഭാഗവതിന്റെ രംഗപ്രവേശം.