പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. ഉത്തരവ് പിന്‍വലിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.
ഉത്തരവ് പിന്‍വലിക്കാനുള്ള അവസാന അവസരം യുപി സര്‍ക്കാരിന് നല്‍കുകയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഫെബ്രുവരി 18നകം ഉത്തരവ് പിന്‍വലിക്കണം. ഇല്ലെങ്കില്‍ ഉത്തരവ് റദ്ദാക്കും. സ്വത്ത് കണ്ടുകെട്ടാനുള്ള ട്രിബ്യൂണലുകളായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെ നിയമിച്ചത് നിയമവിരുദ്ധമാണ്. സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ക്കായി ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സി.എ.എ സമരത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 106 കേസുകളാണ് യു.പി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 833 പേര്‍ പ്രതികളാണ്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിയുമായാണ് ഉത്തരപ്രദേശ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.