റഫാല്‍: കേന്ദ്രത്തിന് ക്ലീന്‍ ചിറ്റ് തന്നെ; പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി; രാഹുലിനെതിരെ നടപടിയില്ല 

റഫാല്‍: കേന്ദ്രത്തിന് ക്ലീന്‍ ചിറ്റ് തന്നെ; പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി; രാഹുലിനെതിരെ നടപടിയില്ല 

Published on

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരായ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജികളില്‍ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് അന്തിമവിധി പറഞ്ഞത്.

കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും കോടതി തള്ളി. കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഭാവിയില്‍ സൂക്ഷിക്കണമെന്നും കോടതി അറിയിച്ചു. ലോക്‌സഭ എം പി മീനാക്ഷി ലേഖിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്.

ഫ്രാന്‍സിലെ ദസൊ ഏവിയേഷനില്‍ നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീംകോടതി വിധി. ഇതിനെതിരെ മുന്‍കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി,അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവരാണ് റിവ്യു ഹര്‍ജി നല്‍കിയത്. അന്വേഷണം ആവശ്യമില്ലെന്ന വിധിക്ക് പിന്നാലെ ഇടപാടുമയി ബന്ധപ്പെട്ട രേഖകളും വെളിപ്പെടുത്തലുകളും പുറത്ത് വന്നിരുന്നു. ഇത് ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ 10ന് ഹിന്ദു ദിനപത്രമായിരുന്നു രേഖകള്‍ പുറത്ത് വിട്ടത്. ഇത് പരിശോധിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.

വിമാനത്തിന്റെ വില, നടപടിക്രമങ്ങള്‍ എന്നിവയായിരുന്നു ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്. പ്രതിരോധ മന്ത്രാലയത്തെ മറിമടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.

logo
The Cue
www.thecue.in