ചീഫ് ജസ്റ്റിസിനെതിരെ മുന്‍ ജീവനക്കാരിയുടെ പരാതി ഇങ്ങനെ, ലൈംഗികമായി ആക്രമിച്ചു, വഴങ്ങാതിരുന്നപ്പോള്‍ പിരിച്ചുവിട്ടു
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത് ഔദ്യോഗിക വസതിയിലെ മുന്‍ ജീവനക്കാരി. ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച രാജസ്ഥാന്‍ സ്വദേശിനിയാണ് പരാതിക്കാരി. ഏപ്രില്‍ 19 ന് ഇതുസംബന്ധിച്ച് 35 കാരി 22 ജഡ്ജിമാര്‍ക്ക് കത്തയയ്ക്കുകയായിരുന്നു. 2018 ഒക്ടോബര്‍ 10, 11 തിയ്യതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പി ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.
രഞ്ജന്‍ ഗൊഗോയ് ബലപ്രയോഗത്തിലൂടെ ആലിംഗനം ചെയ്യുകയും ശരീരം മുഴുക്കെ സ്പര്‍ശിക്കുകയും ചെയ്തു. തന്നെ ചേര്‍ത്തുപിടിക്കൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബലപ്രയോഗത്തിലൂടെ ചേര്‍ത്തുപിടിച്ചപ്പോള്‍ താന്‍ കുതറിമാറുകയും വീട് വിടുകയുമായിരുന്നു. അദ്ദേഹത്തിന്റെ ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്നതോടെ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും യുവതി പരാതിയില്‍ പറയുന്നു.
സംഭവം നടന്ന രണ്ട് മാസത്തിന് ശേഷം ഡിസംബര്‍ 21 നാണ് ഔദ്യോഗിക വസതിയിലെ ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. പിരിച്ചുവിടലിന് 3 കാരണങ്ങള്‍ പറഞ്ഞതില്‍, അനുവാദമില്ലാതെ കാഷ്വല്‍ ലീവെടുത്തുവെന്നതായിരുന്നു ഒന്ന്. അദ്ദേഹത്തിന് വഴങ്ങാത്തതിലുള്ള പ്രതികാരം ഇവിടെ തീര്‍ന്നില്ല, ഡല്‍ഹി പൊലീസില്‍ ഹെഡ് കോണ്‍സ്റ്റബിളായ ഭര്‍ത്താവിനെയും, സുപ്രീം കോടതിയിലെ ജീവനക്കാരനായ ഭിന്നശേഷിക്കാരനായ ഭര്‍തൃസഹോദരനെയും സസ്‌പെന്റ് ചെയ്തു. 2012 ലുണ്ടായ സംഭവം ചൂണ്ടിക്കാട്ടിയാണ് 2018 ഡിസംബര്‍ 28 ന് തന്റെ ഭര്‍ത്താവിനെതിരെ നടപടിയെടുത്തത്.
2012 ല്‍ ഒരു കോളനിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പരസ്പര സമ്മതത്തോടെ ഒത്തുതീര്‍പ്പാക്കിയതാണ്. എന്നാല്‍ ആ പ്രശ്‌നം ചൂണ്ടിക്കാട്ടി 6 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ജനുവരി 11 ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ തന്നെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇവിടെ വെച്ച് കാല്‍ക്കല്‍വീണ് മാപ്പുപറയാന്‍ അദ്ദേഹത്തിന്റെ ഭാര്യ ആവശ്യപ്പെട്ടു. അവരുടെ കാല്‍ക്കല്‍ മൂക്ക് ചേര്‍ത്തുവെച്ച് മാപ്പുപറയാനാണ് നിര്‍ദേശിച്ചത്. അവര്‍ കല്‍പ്പിച്ച പ്രകാരം താനതല്ലൊം അനുവര്‍ത്തിച്ചു. എന്തിനാണ് തന്നെക്കൊണ്ട് മാപ്പ് പറയിച്ചതെന്ന് അറിയില്ല. എന്നാല്‍ ഇവിടെയും തീര്‍ന്നില്ല. സുപ്രീം കോടതിയില്‍ നിയമിക്കപ്പെട്ട ഭിന്നശേഷിക്കാരനായ തന്റെ ഭര്‍തൃസഹോദരനെയും യാതൊരു കാരണവുമില്ലാതെ ,മൂന്ന് ദിവസത്തിനിപ്പുറം ജനുവരി 14 ന് പിരിച്ചുവിട്ടു.
മാര്‍ച്ച് 9 ന് ഭര്‍ത്താവിനൊപ്പം രാജസ്ഥാനില്‍ കുടുംബവീട്ടിലായിരിക്കെ ഡല്‍ഹി പോലീസ് അവിടെയെത്തി. ജോലി സംഘടിപ്പിച്ച് നല്‍കാമെന്ന പറഞ്ഞ് ഒരാളില്‍ നിന്ന് താന്‍ 2017 ല്‍ 50,000 രൂപ കൈപ്പറ്റി വഞ്ചിച്ചെന്നാരോപിച്ചാണ് എത്തിയത്. ഡല്‍ഹിയിലെത്തിച്ച് തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തന്നെയും ഭര്‍ത്താവിനെയും ക്രൂരമായാണ് ചോദ്യം ചെയ്തു. ഭര്‍തൃസഹോദരനെയും അദ്ദേഹത്തിന്റെ ഭാര്യയെും മറ്റൊരു പുരുഷ ബന്ധുവിനെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് സ്റ്റേഷനില്‍ തങ്ങള്‍ ഇരകളായി. കൈയ്യാമത്തിലാണ് ഞങ്ങളെ നിര്‍ത്തിയത്. ഭക്ഷണവും വെള്ളവും നല്‍കാതെ 24 മണിക്കൂര്‍ പീഡനം തുടര്‍ന്നെന്നും ‘പരാതിയില്‍ പറയുന്നു.
കൈയ്യാമത്തിലുള്ള ഭര്‍ത്താവിന്റെ വീഡിയോ സഹിതമാണ് യുവതി 22 ജഡ്ജിമാര്‍ക്ക് സത്യവാങ്മുലം അയച്ചിരിക്കുന്നത്. Scroll ആണ് യുവതിയുടെ പരാതിയിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.