മോദിയെ തളയ്ക്കാനിറങ്ങിയ ശാലിനി 1.14 ലക്ഷം വോട്ടുമായി ബിജെപിയെ വിറപ്പിച്ച പോരാളി, ഫാഷന്‍ ഡിസൈനര്‍ 

മോദിയെ തളയ്ക്കാനിറങ്ങിയ ശാലിനി 1.14 ലക്ഷം വോട്ടുമായി ബിജെപിയെ വിറപ്പിച്ച പോരാളി, ഫാഷന്‍ ഡിസൈനര്‍ 

Published on

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തളയ്ക്കാന്‍ എസ്പി-ബിഎസ്പി ഗഡ്ബന്ധന്‍ രംഗത്തിറക്കിയിരിക്കുന്നത് ശാലിനി യാദവിനെയാണ്. ഇത് രണ്ടാം തവണയാണ് ശാലിനി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2017 ല്‍ നഗരസഭാദ്ധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വാരാണസയില്‍ രണ്ടാമതെത്തിയിട്ടുണ്ട്. 1.14 ലക്ഷം വോട്ടുകളാണ് അന്ന് സമാഹരിച്ചത്. 1.92 ലക്ഷം വോട്ടുകള്‍ നേടിയ ബിജെപി സ്ഥാനാര്‍ത്ഥി മൃദുല വിജയിച്ചു. എസ്പിയെയും ബിജെപിയെയും പിന്നിലാക്കിയായിരുന്നു അന്ന് ശാലിനിയുടെ കുതിപ്പ്. 15 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വോട്ട് വിഹിതമാണ് അന്ന് കോണ്‍ഗ്രസ് നേടിയത്. പ്രചരണഘട്ടത്തില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ ശാലിനിക്കായിരുന്നു.

മുന്‍ കോണ്‍ഗ്രസ് നേതാവ് ശ്യാംലാല്‍ യാദവിന്റെ മരുമകളാണ് ശാലിനി. ശ്യാംലാല്‍ യാദവ് 1984 ല്‍ വാരാണസിയില്‍ നിന്ന് വിജയിച്ചിരുന്നു. കേന്ദ്രമന്ത്രിയായും രാജ്യസഭാ ഉപാദ്ധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വാരാണസിക്കുവേണ്ടി ശ്യാംലാല്‍ യാദവ് നല്‍കിയ സംഭാവനകള്‍ തനിക്ക് മുന്‍ തെരഞ്ഞെടുപ്പില്‍ ഗുണകരമായിട്ടുണ്ടെന്നും ഇക്കുറിയും തുണയാകുമെന്നും ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു. അന്ന് ജാതിമത ഭേദമന്യേ ശാലിനിക്ക് വോട്ട് സമാഹരിക്കാനായിരുന്നു.

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദധാരിയാണ് ഈ എസ് പി സ്ഥാനാര്‍ത്ഥി. ലക്‌നൗവില്‍ നിന്ന് ഫാഷന്‍ ഡിസൈനിംഗില്‍ ഉന്നതവിദ്യാഭ്യാസം നേടി. രാഷ്ട്രീയത്തിന് പുറമെ ഭാരത് ദൂത് എന്ന ഹിന്ദി സായാഹ്ന പത്രത്തിന്റെ എഡിറ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു. അരുണ്‍ യാദവ് ആണ് ഭര്‍ത്താവ്. ഏപ്രില്‍ 22 നാണ് കോണ്‍ഗ്രസ് വിട്ട് ശാലിനി സമാജ്‌വാദി പാര്‍ട്ടിയുടെ ഭാഗമായത്. എസ് പി നേതാവ് അഖിലേഷ് യാദവുമായുള്ള പരിചയമാണ് തന്നെ പാര്‍ട്ടിയിലെത്തിച്ചതും സ്ഥാനാര്‍ത്ഥിത്വം നേടിത്തന്നതുമെന്ന് ശാലിനി വ്യക്തമാക്കുന്നു. അഖിലേഷ് ആണ് തന്നോട് മോദിക്കെതിരെ മത്സരിക്കാന്‍ ആവശ്യപ്പെട്ടതെന്നും ശാലിനി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജനവികാരം തനിക്ക് അനുകൂലമാകും. 2014 ലെ രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളത്, ജനങ്ങള്‍ വഞ്ചിക്കപ്പെടുന്നതിനാണ് രാജ്യം അഞ്ചാണ്ടില്‍ സാക്ഷ്യം വഹിച്ചത്. കുടിവെള്ളം,റോഡുകള്‍,ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങി ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത വാരാണസിയില്‍ രൂക്ഷമാണ്. മുന്‍പ് മോദിയെ നേരിട്ട അരവിന്ദ് കെജ്രിവാള്‍ മണ്ഡലത്തിന് അപരിചിതനായിരുന്നു. എന്നാല്‍ പ്രാദേശിക തലത്തില്‍ പോലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാവുന്ന തനിക്ക് മികച്ച മത്സരം കാഴ്ചവെയ്ക്കാനാകുന്നുണ്ട്. എസ്പി ബിഎസ്പി രാഷ്ട്രീയ ലോക്ദള്‍ സഖ്യം തനിക്ക് കരുത്തായുണ്ട്

ശാലിനി യാദവ് 

കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ശാലിനിയെ എസ്പിയിലെത്തിച്ചത്. അതേക്കുറിച്ച് അവര്‍ പറയുന്നതിങ്ങനെ.

കോണ്‍ഗ്രസ് പുതിയ നേതൃത്വത്തിന് കീഴില്‍ പുതിയ ആശയാദര്‍ശങ്ങളുമായി നീങ്ങുകയാണ്. താനൊരു പഴയ കോണ്‍ഗ്രസുകാരിയാണ്. കോണ്‍ഗ്രസ് സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കും. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ കേവലം 12% മാത്രമാണ് വനിതാസ്ഥാനാര്‍ത്ഥികള്‍. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുകയാണ്. ചിലയിടങ്ങളില്‍ ആരോപണവിധേയര്‍ക്കാണ് ടിക്കറ്റ് നല്‍കിയത്. വിജയസാധ്യതയുള്ള കഴിവുള്ള സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കുമെന്ന് രാഹുല്‍ഗാന്ധി പറയാറുണ്ടെങ്കിലും നിയമസഭാ- ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലൊന്നും സാധ്യമാകാറില്ല. വാരാണസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന മണ്ടത്തരമായാണ് ഞാന്‍ കാണുന്നത്. അത്തരത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ മത്സരിക്കണമായിരുന്നു. 

ശാലിനി യാദവ് 

2014 ലെ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മോദിക്ക് 5.8 ലക്ഷം വോട്ടുകളാണ് ലഭിച്ചത്. പോള്‍ ചെയ്യപ്പെട്ടതിന്റെ 56 ശതമാനം വരും ഇത്. എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന് 2.09 ലക്ഷം വോട്ടുകള്‍ ലഭിച്ചു. അതായത് 30 ശതമാനം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 75,000 വോട്ടുകള്‍ നേടിയപ്പോള്‍ ബിഎസ്പി, എസ്പി സ്ഥാനാര്‍ത്ഥികള്‍ക്ക് യഥാക്രമം അറുപതിനായിരവും നാല്‍പ്പതിനായിരവും വോട്ടാണ് ലഭിച്ചത്.

മുസ്ലിം വിഭാഗമാണ് മണ്ഡലത്തില്‍ ഭൂരിപക്ഷം. 3.5 ലക്ഷം മുസ്ലിം വോട്ടര്‍മാരുണ്ട്. ബ്രാഹ്മണ വിഭാഗം വോട്ടുകള്‍ 3 ലക്ഷവും വൈശ്യ വിഭാഗം വോട്ടുകള്‍ രണ്ട് ലക്ഷവും വരും. മണ്ഡലത്തില്‍ 2 ലക്ഷം ദളിത് വോട്ടുകളുണ്ട്. ഭൂമിഹാര്‍, കുര്‍മി വിഭാഗങ്ങള്‍ക്ക് യഥാക്രമം ഒന്നരലക്ഷം വോട്ടുകളുണ്ടെന്നുമാണ് കണക്ക്. നേരത്തേ ഇവിടെ മത്സരിക്കാന്‍ സന്നദ്ധനായ ജവാന്‍ തേജ് ബഹാദുര്‍ യാദവിന്റെ പത്രിക തള്ളിയിരുന്നു. മെയ് 19 ന് അവസാനഘട്ടത്തിലാണ് വാരാണസിയില്‍ തെരഞ്ഞെടുപ്പ്.

logo
The Cue
www.thecue.in