ശ്രീജിവിന്റേത് ആത്മഹത്യയെന്ന് സിബിഐ; കസ്റ്റഡി മരണമല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
പാറശ്ശാല സ്വദേശി ശ്രീജിവ് പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ. ശ്രീജിവിന്റെത് കസ്റ്റഡി മരണമല്ലെന്നാണ് സിബിഐയുടെ വാദം. ഇക്കാര്യമുള്ള അന്വേഷണറിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. 2014 മെയ് 21 നാണ് ശ്രീജിവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അപ്പോള്‍ തന്നെ ഇയാള്‍ കയ്യില്‍ വിഷം കരുതിയിരുന്നുവെന്നാണ് സിബിഐ പറയുന്നത്. ദേഹപരിശോധന നടത്താതെയാണ് പൊലീസ് ഇയാളെ സെല്ലിലിട്ടത്. സെല്ലില്‍ വെച്ച് വിഷം കഴിക്കുകയായിരുന്നു.
വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മൊഴിയുണ്ടെന്നും സിബിഐ വിശദീകരിക്കുന്നു. മെഡിക്കല്‍ കോളജില്‍ വെച്ചാണ് ശ്രീജിവ് മരണപ്പെടുന്നത്. ഇയാള്‍ ആറ്റിങ്ങലില്‍ ലോഡ്ജില്‍ താമസിച്ചിരുന്നു. അവിടെ വെച്ച് ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ടെന്നുമാണ് ഈ വാദം സാധൂകരിക്കുന്ന തെളിവായി സിബിഐ ചൂണ്ടിക്കാട്ടുന്നത്. മോഷണക്കേസ് ആരോപിച്ചായിരുന്നു ശ്രീജിവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ പൊലീസുദ്യോഗസ്ഥരും ഡോക്ടര്‍മാരും ചേര്‍ന്നുള്ള ഒത്തുകളിയാണ് നടന്നതെന്ന് സഹോദരന്‍ ശ്രീജിത്ത് പ്രതികരിച്ചു.ആത്മഹത്യാ കുറിപ്പ് പൊലീസ് തയ്യാറാക്കിയതാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുമെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും ശ്രീജിത്ത് പറഞ്ഞു. ശ്രീജിവിന്റേത് ആത്മഹത്യയാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ മരണം കൊലപാതകമാണെന്നായിരുന്നു പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ അന്വേഷണത്തില്‍ വ്യക്തമായത്. ഇതോടെ സംഭവം വിവാദമായി. ശേഷം സഹാദരന്‍ ശ്രീജിത്ത് ദീര്‍ഘനാള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കേസ് അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു.