പി.സി ജോര്‍ജിനെയും രാഹുല്‍ ഈശ്വറിനെയും എന്തിന് ചാനല്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നു; പ്രതിഷേധമറിയിച്ച് എഡിറ്റര്‍മാര്‍ക്ക് കത്ത്

പി.സി ജോര്‍ജിനെയും രാഹുല്‍ ഈശ്വറിനെയും എന്തിന് ചാനല്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നു; പ്രതിഷേധമറിയിച്ച് എഡിറ്റര്‍മാര്‍ക്ക് കത്ത്
Published on

ചാനല്‍ ചര്‍ച്ചകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കും ലിംഗസമത്വത്തിനും എതിരാകരുത് എന്നാവശ്യപ്പെട്ടുകൊണ്ട് മലയാളപ്പെണ്‍കൂട്ടം എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിലെ മുന്‍നിര ചാനലുകളിലെ എഡിറ്റര്‍ മാര്‍ക്ക് കത്ത്.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസ്, നടിയെ ആക്രമിക്കപ്പെട്ട കേസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് അതിജീവിതയെ അധിക്ഷേപിക്കുന്നതും അവഹേളിക്കുന്നതുമായ വിധത്തിലുള്ള തികച്ചും പുരുഷ കേന്ദ്രീകൃതമായ നരേറ്റീവുകള്‍ ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് മലയാളപ്പെണ്‍കുട്ടം ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇത്തരമൊരു കത്തെഴുതുന്നത്.

മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പി.സി.ജോര്‍ജ്ജ് ,രാഹുല്‍ ഈശ്വര്‍,ഒ.അബ്ദുള്ള തുടങ്ങിയവരെപ്പോലെയുള്ളവര്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധവും പീഡനത്തിനിരയായ സ്ത്രീകളെ തേജോവധം ചെയ്യുന്ന തരത്തിലുമാണ് ചാനല്‍ ചര്‍ച്ചകളില്‍ അഭിപ്രായം പറയുന്നത്.

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ദൃശ്യമാധ്യമങ്ങള്‍ക്കും ബാധകമാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് കത്ത്. ഇതിനോടകം സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ കത്തില്‍ ഒപ്പിട്ടു.

ലൈംഗിക പീഡനത്തിന് ഇരയായവരെ പലകുറി അധിക്ഷേപിക്കുന്നതും അവഹേളിക്കുന്നതുമായി പരാമര്‍ശങ്ങള്‍ പൊതുവേദിയില്‍ നിരന്തരം ആവര്‍ത്തിക്കുന്ന പി.സി ജോര്‍ജിനെ പോലുള്ളവരെ ചാനല്‍ ചര്‍ച്ചകളില്‍ ഇരുത്തുന്നതിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ചാനലുകളില്‍ ഇത്തരം ചര്‍ച്ചകള്‍ കൊണ്ടുവരുന്നത് തന്നെ സ്ത്രീപക്ഷ നീതി കിട്ടുക എന്ന ഉദ്ദേശ്യത്തിലാണ്. ലിംഗനീതിക്കെതിരാണ് എന്ന് പലവട്ടം പൊതുഇടത്തില്‍ തെളിയിച്ച ആളുകളെയാണ് പി.സി. ജോര്‍ജും, രാഹുല്‍ ഈശ്വറും ഒ.അബ്ദുള്ളയും. ഇവരെന്താണ് പറയാന്‍ പോകുന്നതെന്ന് കൃത്യമാണ്. പിന്നെ എന്തിനാണ് ഇവരെ ചര്‍ച്ചകളില്‍ വിളിക്കുന്നതെന്ന് മലയാളപ്പെണ്‍കുട്ടായ്മയുടെ സ്മിത പന്ന്യന്‍.

സ്ത്രീനീതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇവരെന്തിനാണ്

സ്ത്രീവിരുദ്ധതയ്ക്ക് നല്ല മാര്‍ക്കറ്റാണ്. അതിന് കൈയ്യടിച്ച് നമ്മള്‍ ശീലിച്ചു പോയി. ഇത്തരം സ്ത്രീവിരുദ്ധത ആവര്‍ത്തിക്കുന്ന ആളുകളെ ചാനല്‍ ചര്‍ച്ചകളില്‍ വിളിക്കരുത് എന്നാണ് ഞങ്ങളുടെ പക്ഷം.

ഇവരിത്തരം ജെന്‍ഡര്‍ വിഷയങ്ങളില്‍ എക്‌സ്‌പേര്‍ട്ടുകളല്ല. നിയമ വിദഗ്ധരല്ല. പിന്നെ എന്താണ് ഇവര്‍ക്കുള്ള യോഗ്യത എന്നത് ഒരു ചോദ്യമാണ്. ലിംഗസമത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നീതിയുടെ പക്ഷത്ത് നിന്നുള്ള നിലപാട് എടുത്തിട്ടുള്ള മനുഷ്യന്മാരല്ല ഇവര്‍.

മാധ്യമങ്ങള്‍ തങ്ങളുടെ റേറ്റിംഗും ബിസിനസും മാത്രം ലക്ഷ്യമിട്ട് ഒരു തരം കണ്ടീഷനിംഗ് നടത്തുകയാണെന്ന് വിഷയത്തില്‍ സംവിധായകന്‍ ജിയോ ബേബി പ്രതികരിച്ചു. ടെലിവിഷന്‍ ചാനലുകളില്‍ സ്ത്രീകളെ, ട്രാന്‍സ്ജെന്‍ഡേഴ്സിനെ, എല്‍.ജി.ബി.ടി.ക്യു വിഭാഗത്തെ അവഹേളിക്കുന്ന ഒട്ടനവധി പ്രസ്താവനകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്.

ഇതെല്ലാം മാറ്റി നിര്‍ത്തേണ്ടതുണ്ട്. അതില്‍ ഒരു കണ്ണി മാത്രമാണ് പി.സി ജോര്‍ജ്. പി.സി ജോര്‍ജ് സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്ന ആളുകളുടെ പ്രതിനിധിയാണെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.

ജിയോ ബേബിയുടെ വാക്കുകള്‍

പി.സി ജോര്‍ജ് സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്ന ആളുകളുടെ പ്രതിനിധിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഒഴിവാക്കുക എന്നതില്‍ മാത്രമല്ല കാര്യം. പി.സി ജോര്‍ജ് ഇത്തരം വൃത്തിക്കേടുകളുടെ ഒരു പ്രപഞ്ചമാണ്. തീര്‍ച്ചയായിട്ടും അദ്ദേഹത്തെ ഒഴിവാക്കണം. അതുപോലെ തന്നെ ഇത്തരം വൃത്തിക്കേടുകള്‍ സമൂഹത്തിന്റെ വിവിധ തുറകളിലുണ്ട്. അവര്‍ക്കെല്ലാം ടെലിവിഷന്‍ ചാനലുകളില്‍ റപ്രസന്റേഷനുമുണ്ട്.

നമ്മുടെ ടെലിവിഷന്‍ ചാനലുകളില്‍ സ്ത്രീകളെ, ട്രാന്‍സ്ജെന്‍ഡേഴ്സിനെ, എല്‍.ജി.ബി.ടി.ക്യു വിഭാഗത്തെ അവഹേളിക്കുന്ന ഒട്ടനവധി പ്രസ്താവനകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം മാറ്റി നിര്‍ത്തേണ്ടതുണ്ട്. അതില്‍ ഒരു കണ്ണി മാത്രമാണ് പി.സി ജോര്‍ജ്.

ദിലീപിന്റെയോ ഫ്രാങ്കോയുടെയോ കേസില്‍ നമുക്ക് എവിടെ വേണമെങ്കിലും നില്‍ക്കാം. അതിന് ജനാധിപത്യപരമായ അവകാശമുണ്ട്. പക്ഷേ അപ്പോള്‍ പോലും ഒരാളെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യേണ്ടതില്ല. പി.സി ജോര്‍ജ് പക്ഷേ പെണ്‍കുട്ടിയെ അപമാനിക്കുകയാണ്. പി.സി ജോര്‍ജ് എന്ന് പറയുന്നത് ഭാഷയുടെ വൃത്തികേടിന്റെ അങ്ങേ അറ്റമാണ്. ഇത്തരം വൃത്തികേടുകള്‍ താങ്ങി നടക്കുന്നവര്‍ക്ക് ആശ്വാസവും സപ്പോര്‍ട്ടുമാണ് പി.സി ജോര്‍ജിനെ പോലെയുള്ളവര്‍.

ഇതൊക്കെ കാണാനും കേള്‍ക്കാനുമൊക്കെയുള്ള ത്വര പൊതുസമൂഹത്തിനുണ്ടാകും. ദിലീപ് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മുതല്‍ റിപ്പോര്‍ട്ട് തുടങ്ങുകയാണ്. ആ വിഷയത്തില്‍ നമുക്ക് അറിയേണ്ടത് കോടതി എന്ത് പറയുന്നു എന്ന് മാത്രമാണ്. നമ്മളെ കാണിച്ച് നമ്മളെ ശീലിപ്പിക്കുകയാണ്. മാധ്യമങ്ങള്‍ നോക്കുന്നത് റേറ്റിംഗും ബിസിനസുമായിരിക്കും. അതിന് അവര്‍ക്ക് പി.സി ജോര്‍ജിനെ വേണ്ടിവരും.

നിക്ഷ്പക്ഷമെന്നും, ഒബ്ജക്ടീവെന്നുമൊക്കെ നമ്മള്‍ പറയുന്ന നിലപാടുകള്‍ മുഴുവന്‍ ആണ്‍പക്ഷമാണ്. അതിനകത്ത് നിന്ന് ഒരു സ്ത്രീ അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പോലും അവര്‍ക്ക് ഒരു തുല്യതയില്ല.

ചാനല്‍ ചര്‍ച്ചകള്‍ ബാലന്‍സ്ഡ് അല്ല എന്ന് മാത്രമല്ല വളരെ ഭീകരമാംവിധം കൂടുതല്‍ കൂടുതല്‍ സ്ത്രീയെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാവുകയാണ്. ചാനല്‍ ചര്‍ച്ചകളിലെ ചോയ്‌സ്, ബാലന്‍സിങ്ങ് എല്ലാം വളരെ പ്രധാനപ്പെട്ടതാണെന്ന് ദീദി ദാമോരന്‍ ദ ക്യുവിനോട് പറഞ്ഞു.

ചാനലുകളിലെ ചോയ്‌സും ബാലന്‍സിങ്ങും പ്രധാനമാണ്; ദീദി ദാമോദരന്‍

വളരെ പാട്രിയാര്‍ക്കല്‍ ആയിട്ടുള്ള ഒരു വ്യവസ്ഥിതിക്ക് അകത്ത് നിന്നുകൊണ്ടാണ് സ്ത്രീയുടെ ആവശ്യങ്ങളെ പറ്റി സംസാരിക്കുന്നത്. അവിടെ നാം സംസാരിക്കുന്നത് ഒരു മറുഭാഷയാണ്, അതായത് ആളുകള്‍ക്ക് മനസിലാകാത്ത ഒരു ഭാഷ നമ്മള്‍ സംസാരിക്കുകയാണ്.

നിക്ഷ്പക്ഷമെന്നും, ഒബ്ജക്ടീവെന്നുമൊക്കെ നമ്മള്‍ പറയുന്ന നിലപാടുകള്‍ മുഴുവന്‍ ആണ്‍പക്ഷമാണ്. അതിന്റെയുള്ളില്‍ നിന്ന് ഒരു സ്ത്രീ അവളുടെ പ്രശ്‌നം അവതരിപ്പിക്കുമ്പോള്‍ പോലും അവര്‍ക്കൊരു തുല്യതയില്ല.

ഒബ്ജക്ടീവ് എന്ന് തോന്നുന്ന വിധത്തില്‍ കുറേ ആളുകളെ കൊണ്ട് വന്ന് അവര്‍ ചാനലില്‍ സംസാരിക്കുകയാണ്. നമുക്ക് നോക്കിയാല്‍ തന്നെ അറിയാം നരേറ്റീവ് വളരെ കൃത്യമായി ഒരു ഭാഗത്തേക്ക് നിന്ന് വളരെ പാര്‍ഷ്യല്‍ ആയിട്ടുള്ള കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വളരെ പ്രിവിലേജ്ഡ് ആയിട്ടുള്ള ഒരാളെക്കുറിച്ച് പറയുമ്പോള്‍ അയാള്‍ എങ്ങനെയാണ് മറ്റെയാള്‍ക്ക് തുല്യമാകുക.

ഇപ്പോള്‍ നടക്കുന്ന കേസില്‍ സിനിമയുടെ അകത്തുള്ള എല്ലാ പ്രധാനപ്പെട്ടയാളുകളും തെറ്റ് ചെയ്തു എന്ന് വിചാരിക്കുന്ന ആളുകളുടെ കൂടെ ഇടം വലം നിന്നിട്ട് ഫോട്ടോ എടുക്കുകയും അത് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതിന് അപ്പുറത്ത് എന്ത് എന്റോഴ്‌സ്‌മെന്റാണ് ഒരാള്‍ക്ക് വേണ്ടത്.

ഇപ്പുറത്ത് ഒരു സ്ത്രീക്ക് അവളുടെ സ്വന്തം പേരും പോലും ഉപയോഗിക്കാന്‍ പറ്റുന്നില്ല. അവര്‍ക്ക് എന്ത് തോന്നുന്നുവെന്ന് ഉറക്കെ പറയാന്‍ പറ്റുന്നില്ല. അത്രപോലും തുല്യമല്ലാത്ത ഒരിടത്ത് നിന്നുകൊണ്ട് വീണ്ടും നമ്മള്‍ കുറ്റം ആരോപിക്കപ്പെട്ടയാളുടെ തുല്യതയെ പറ്റിയാണ് സംസാരിക്കുന്നത്.

സ്ത്രീയുടെ എല്ലാ തുറന്നു പറച്ചിലും അവള്‍ കള്ളം പറയുന്നതായിരിക്കും എന്ന മുന്‍വിധിക്ക് അകത്ത് നിന്നുകൊണ്ടാണ് സമീപിക്കുന്നത് പോലും. ചാനല്‍ ചര്‍ച്ചകള്‍ ബാലന്‍സ്ഡ് അല്ല എന്ന് മാത്രമല്ല വളരെ ഭീകരമാംവിധം കൂടുതല്‍ കൂടുതല്‍ സ്ത്രീയെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാവുകാണ്.

ചാനല്‍ ചര്‍ച്ചകളിലെ ചോയ്‌സ്, ബാലന്‍സിങ്ങ് എല്ലാം വളരെ പ്രധാനപ്പെട്ടതാണ്. രണ്ടു ഭാഗവും സംസാരിക്കുമ്പോള്‍ വേണമെങ്കില്‍ സ്ത്രീയുടെ ഭാഗത്ത് കുറച്ച് കൂടുതല്‍ ആളുകള്‍ സംസാരിക്കേണ്ടതായി വരും. കാരണം അവര്‍ വളരെ അണ്ടര്‍ പ്രിവിലേജ്ഡ് ആയിട്ടുള്ള ഒരിടത്ത് നിന്നുകൊണ്ടാണ് സംസാരിക്കുന്നത്.

മാധ്യമങ്ങളിലെ എഡിറ്റോറിയല്‍ ഡെസ്‌ക്കുകളില്‍ എത്ര സ്ത്രീകളുണ്ട്. മാധ്യമങ്ങള്‍ ആരാണ് നിയന്ത്രിക്കുന്നത്. അതിന്റെ പേഴ്‌സ്‌പെക്ടീവ് മെയിലല്ലേ. ചാനല്‍ ചര്‍ച്ചകളില്‍ ഉപയോഗിക്കുന്ന ഭാഷമാത്രമല്ല. ഏത് ആംഗിളില്‍ നിന്നുകൊണ്ടാണ് കാര്യങ്ങള്‍ കാണുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാല്‍ അത് പുരുഷ കേന്ദ്രീകൃതം തന്നെയാണ്.

സംസാരിക്കുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരു നിലപാടാണ് ഉടനീളം കാണാന്‍ കഴിയുന്നത്. സ്ത്രീകളായിരിക്കണം സംസാരിക്കേണ്ടത് എന്ന് മാത്രമല്ല, ജെന്‍ഡര്‍ സെന്‍സിറ്റീവ് ആയിരിക്കണം എന്നതാണ്.

മലയാളപ്പെണ്‍കൂട്ടം എഴുതിയ കത്ത്

സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ദ്ധിച്ചുവരികയും കുറ്റവാളികള്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇത് സാമൂഹ്യനീതി പ്രതീക്ഷിക്കുന്നവരെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്.

ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ചാനല്‍ ചര്‍ച്ചകള്‍ സമൂഹത്തെ സ്ത്രീപക്ഷ ചിന്തകളിലേക്ക് നയിക്കാനായിരിക്കണം ഊന്നല്‍ നല്‍കേണ്ടത്. എന്നാല്‍ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പി.സി.ജോര്‍ജ്ജ് ,രാഹുല്‍ ഈശ്വര്‍,ഒ.അബ്ദുള്ള തുടങ്ങിയവരെപ്പോലെയുള്ളവര്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധവും പീഡനത്തിനിരയായ സ്ത്രീകളെ തേജോവധം ചെയ്യുന്ന തരത്തിലുമാണ് ചാനല്‍ ചര്‍ച്ചകളില്‍ അഭിപ്രായം പറയുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ദൃശ്യമാധ്യമങ്ങള്‍ക്കും ബാധകമാണ് എന്ന് ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു .

പ്രകടമായിത്തന്നെ ഭരണഘടനാവിരുദ്ധവും ലിംഗനീതിക്ക് നിരക്കാത്തതുമായ അഭിപ്രായങ്ങള്‍ ഇവര്‍ പറയുകയും ലൈവായിത്തന്നെ അവ സംപ്രേക്ഷണം ചെയ്യപ്പെടുകയും ചെയ്യുന്നത് സ്ത്രീകളുടെ ആത്മാഭിമാനത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. നിയമ വിദഗ്ധരോ, സ്ത്രീപക്ഷ ചിന്തകരോ അല്ലാത്ത, പല വിഷയങ്ങളിലും സ്ത്രീവിരുദ്ധത പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള ഇത്തരം ആളുകളെ ചാനല്‍ ചര്‍ച്ചകളിലേക്ക് ക്ഷണിക്കുന്നത് ഞങ്ങളെ അങ്ങേയറ്റം വേദനിപ്പിക്കുന്നു. ഞങ്ങള്‍ക്ക് അതില്‍ കഠിനമായ പ്രതിഷേധവുമുണ്ട്.

അതുകൊണ്ട് പി.സി.ജോര്‍ജ്ജിനെയും രാഹുല്‍ ഈശ്വറിനെയും ഒ.അബ്ദുള്ളയെയും പോലെ സ്ത്രീവിരുദ്ധതയും ഭരണഘടനാ വിരുദ്ധതയും പറയുന്നവരെ സ്ത്രീ നീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചയ്ക്ക് വിളിക്കരുതെന്ന് ഈ നിവേദനം മുഖേന ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസിലും നടിയെ ആക്രമിച്ച കേസിലും ചാനല്‍ ചര്‍ച്ചകളില്‍ അതിജീവിതയെ ഹീനമായ ഭാഷയില്‍ നിരന്തരം അവഹേളിക്കുകയാണ് ജനപക്ഷം നേതാവും മുന്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജ്. ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തനായ വിധി വന്ന ശേഷം മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം എന്ന 'പ്രൈം ടൈം' ചര്‍ച്ചയിലും, മനോരമ ന്യൂസ് പ്രൈം ടൈം ചര്‍ച്ച 'കൗണ്ടര്‍ പോയിന്റി'ലും അതിഥികളിലൊരാള്‍ പി.സി ജോര്‍ജ് ആയിരുന്നു. ദിലീപ് കേസില്‍ അതിജീവിതയെ ക്രൂരമായ ഭാഷയില്‍ അവഹേളിച്ചിട്ടും മലയാളത്തിലെ മുന്‍നിര ചാനലുകളെല്ലാം പ്രൈം ടൈം ചര്‍ച്ചകളില്‍ ഇപ്പോഴും അതിഥിയായി വിളിക്കുന്നത് പി.സിയെ തന്നെ.

കുറ്റാരോപിതനെ പിന്തുണക്കുന്നതും പ്രതിക്ക് വേണ്ടി വാദിക്കുന്നതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നിരിക്കെ തന്നെ ബലാത്സംഗ കേസിലെ ഇരകളെ മനുഷ്യത്വവിരുദ്ധമായ ഭാഷയില്‍ നിരന്തരം അവഹേളിക്കുന്ന പി.സി ജോര്‍ജിനെ ചാനലുകള്‍ വീണ്ടും വീണ്ടും അതിഥിയായി ക്ഷണിക്കുന്നത് ഏത് നിലക്കും റേറ്റിംഗ് ഉയര്‍ത്താനെന്നാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം ഉയരുന്ന വിമര്‍ശനം.

മാധ്യമങ്ങള്‍ക്ക് ഒരു സമൂഹത്തെ സാംസ്‌കാരികപരമായി സ്വാധീനിക്കാന്‍ സാധിക്കുമെന്നിരിക്കെ എന്തുകൊണ്ട് ഇത്തരമൊരു ജാഗ്രത മുഖ്യധാര മാധ്യമങ്ങളില്‍ നിന്ന് ഉണ്ടാകുന്നില്ല എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in