സര്‍ജറി ചെയ്യുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങേണ്ട ഹോര്‍മോണല്‍ ചികിത്സകള്‍, കൗണ്‍സിലിങ്ങും കണ്‍സള്‍ട്ടേഷനുമെല്ലാം കഴിഞ്ഞ് സ്ത്രീ ശരീരത്തിലേക്കോ പുരുഷ ശരീരത്തിലേക്കോ ഉള്ള യാത്രയുടെ വലിയ ചവിട്ടുപടിയായ സര്‍ജറി, ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷമുള്ള പ്രത്യേക പരിചരണം, തുടര്‍ ചികിത്സകള്‍, ഇത്തരത്തില്‍ അനുഭവത്തിലൂടെ മാത്രം പരിചിതമാകുന്ന യാതനകളിലൂടെയും ശാരീരികവും മാനസികവുമായ വേദനകളിലൂടെയും കടന്നാണ് ഓരോ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും തങ്ങളുടെ സ്വതന്ത്ര സ്വത്വത്തില്‍ തുടര്‍കാലം ജീവിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലേക്ക് പോകുന്നത്.
കൊല്ലം സ്വദേശിയായ അനന്യ കുമാരി അലക്‌സ് സര്‍ജറിയില്‍ പിഴവ് ആരോപിച്ച് ആത്മഹത്യ ചെയ്തതിന് പിന്നാലെ എന്തിനാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് മുതിരുന്നത് എന്ന ചോദ്യം പൊതുസമൂഹത്തില്‍ നിന്ന് ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ചിലരെങ്കിലും പരിഹാസോക്തിയോടെ ഈ ശസ്ത്രക്രിയയെ വ്യാഖ്യാനിക്കുന്നുണ്ട്.
ജനനം മുതല്‍ തങ്ങള്‍ നേരിടുന്ന സാമൂഹിക അവഗണനയുടെ തുടര്‍ച്ചയായാണ് ഈ ചോദ്യങ്ങളെയും പരിഹാസങ്ങളെയും കാണുന്നതെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം പറയുന്നു. ബൈനറിയിലൂടെ മാത്രം കാര്യങ്ങളെ കാണുന്ന പൊതുസമൂഹത്തിന്റെ നിലപാടുകളുടെ പ്രതിഫലനമാണ് ഇത്തരം ചോദ്യങ്ങളെന്ന് ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകരിലൊരാളായ അഡ്വ.മായ കൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു.
ഇനിയും അര്‍ഹിക്കുന്ന സാമൂഹ്യസ്വീകാര്യത ലഭിച്ചിട്ടില്ലാത്ത മനുഷ്യര്‍, നിരന്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍, കുടുംബത്തിലും, സമൂഹത്തിലും തൊഴില്‍മേഖലയിലുമെല്ലാം പ്രാതിനിധ്യവും പരിഗണനയും കിട്ടാതെ പോകുന്നവര്‍, അവരില്‍ പലരും ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് ലിംഗമാറ്റ ശസ്ത്രക്രിയയക്ക് പിന്നാലെയാണ്.
എന്തിന് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തു എന്ന ചോദ്യമല്ല ഉണ്ടാകേണ്ടത്, എന്തുകൊണ്ട് സുരക്ഷിതമായി ചെയ്യാൻ കഴിഞ്ഞില്ല എന്നാണ് ചോദിക്കേണ്ടത്.
എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ?
കടുത്ത സാമൂഹിക അവഗണന ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ നേരിടുന്നുണ്ട്. പക്ഷേ ലിംഗമാറ്റ ശസ്ത്രക്രിയ വ്യക്തിപരമായ ഒരു ചോയ്‌സാണ്, അതിന് പിന്നില്‍ വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകളുണ്ട്.
സാമ്പത്തികമായി പ്രതിസന്ധികളുള്ള പലരും സ്വരുക്കുട്ടിയ സമ്പാദ്യം മുഴുവനും ഉപയോഗിച്ചാണ് സെക്‌സ് റിഅസൈമെന്റ് സര്‍ജറിയിലേക്ക് പോകുന്നത്. സ്ത്രീ ശരീരത്തിലേക്കുള്ള യാത്രയാണ് സര്‍ജറിയെന്നും പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് അത് മനസിലാകണമെന്നില്ലെന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ രാഗരജ്ഞിനി ദ ക്യുവിനോട് പറഞ്ഞു.
'ആണ്‍ ശരീരത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീയാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ വര്‍ഷങ്ങളായി വിഷാദമുള്‍പ്പെടെ അനുഭവിക്കുന്നവരുമുണ്ട്. നമ്മുടെ സ്വകാര്യ ഭാഗങ്ങളും അവയവങ്ങളും കാണുമ്പോള്‍ തന്നെ ഒരുപാട് ഡിപ്രസ്ഡ് ആകും. ലിംഗമാറ്റ ശസ്ത്രക്രിയ എന്ന് പറയുന്നത് ഒരു ദിവസംകൊണ്ട് പോയി ചെയ്യുന്നതല്ല, അതിന് വേണ്ട പണം സമാഹരിക്കണം, തയ്യാറെടുപ്പുകള്‍ നടത്തണം.
സര്‍ജറിക്ക് മുമ്പ് മാനസികമായ വലിയ തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. ഒരു സ്ത്രീയായി ജീവിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. ഇതൊന്നും ആരോടും പറഞ്ഞാല്‍ മനസിലാകില്ല. ഇതിലൂടെ ജീവിച്ചാല്‍ മാത്രമേ മനസിലാകുകയുള്ളു. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് ഇതൊക്കെ എന്തിന് ചെയ്യുന്നു, ഏതിന് ചെയ്യുന്നു എന്നൊക്കെ പറയാം.
പലര്‍ക്കും ആ ഒരു സര്‍ജറിയിലൂടെ ജീവിതം തന്നെ നഷ്ടപ്പെട്ടേക്കാമെന്ന സ്ഥിതിയുണ്ട്, ജീവിതം തിരിച്ചുകിട്ടുന്നവരുമുണ്ട്. എന്നിട്ടും എല്ലാ റിസ്‌കുകളും എടുത്ത് സര്‍ജറിയിലേക്ക് പോകുന്നത് അത് അത്രയധികം ആവശ്യമായതുകൊണ്ടാണ്,'' രാഗരഞ്ജിനി പറഞ്ഞു.
അനന്യയ്ക്ക് വലിയ പ്രശ്‌നങ്ങള്‍ തന്നെ നേരിടേണ്ടി വന്നിരുന്നു
സ്വന്തം ശരീരത്തില്‍ തന്നെ കോണ്‍ഫിഡന്‍സ് കുറയുന്ന ഘട്ടത്തിലാണ് സര്‍ജറിക്ക് വേണ്ടിയുള്ള ട്രീറ്റ്‌മെന്റ് ചെയ്യാന്‍ ആരംഭിച്ചതെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റായ പിങ്കി വിശാല്‍ പറയുന്നു. എയര്‍പോര്‍ട്ടിലൊക്കെ പോകുമ്പോള്‍ ടോയ്‌ലറ്റു പോലും ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഒന്നരവര്‍ഷമായി എന്റെ സര്‍ജറി കഴിഞ്ഞിട്ട്. അര്‍ജുന്‍ ഡോക്ടര്‍ തന്നെയാണ് സര്‍ജറി ചെയ്തത്. എന്നെ സംബന്ധിച്ച് സര്‍ജറി വിജയമാണ്. പക്ഷേ അനന്യയുടെ കാര്യം അങ്ങനെയല്ലായിരുന്നു.
അനന്യയ്ക്ക് വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തുവെച്ചിരിക്കുന്നത് എന്ന് പോലും നമുക്ക് തോന്നുമായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യമാണെന്ന് തോന്നുന്നവര്‍ക്ക് ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം. അത് സുരക്ഷിതമായി ചെയ്യാനും അവര്‍ക്കാകണം. പിങ്കി വിശാല്‍ പറഞ്ഞു.
സര്‍ജറി കഴിഞ്ഞാലും ഡോക്ടര്‍മാരുടെ സപ്പോര്‍ട്ട് ആവശ്യമാണ്. സര്‍ജറി പരാജയപ്പെടുന്നതും, തൃപ്തികരമല്ലാത്തതുമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ഇടപെടലുകളുമുണ്ടാകണമെന്നും പിങ്കി വിശാല്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ജറിക്ക് ശേഷം പാസ്‌പോര്‍ട്ടിലും രേഖകളിലുമൊക്കെ പിങ്കി വിശാല്‍, ജെന്‍ഡര്‍, ഫീമെയില്‍ എന്ന് എഴുതിചേര്‍ത്ത് കിട്ടുമ്പോള്‍ ഒരു സുരക്ഷിതത്വം കിട്ടുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ എന്ന് ചേര്‍ത്താല്‍ യാത്രകള്‍ക്കുള്‍പ്പെടെ പ്രയാസമുണ്ട്. ആ അവസ്ഥയും മാറികിട്ടണം, അതുകൊണ്ടാണ് ഫിമെയില്‍ എന്നെഴുതിയത്. പിങ്കി വിശാല്‍ കൂട്ടിച്ചേര്‍ത്തു.
കുറേ വര്‍ഷങ്ങളോളം മനസ് ഇഷ്ടമല്ലാത്ത സാഹചര്യങ്ങളില്‍ തളച്ചിടുകയും, വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പൂട്ടിയിടുകയും, മറ്റൊരാളായി ജീവിക്കാന്‍ മല്‍പ്പിടുത്തം നടത്തുകയും ചെയ്യുന്നിടത്ത് നിന്ന് പുറത്തേക്ക് വന്ന് സ്വതന്ത്രമായി ജീവിക്കാന്‍ തുടങ്ങുന്നിടത്താണ് ഞങ്ങളുടെ ബാല്യം തുടങ്ങുന്നത് തന്നെ. ശരിക്കും ഇതെന്റെ കുട്ടിക്കാലമാണ്. അവിടെ ഒരു സ്വപ്നം എന്റെ ജീവിതം മൊത്തം തച്ചുടച്ച് എന്നെ പെരുവഴിയില്‍ നിര്‍ത്തിയിരിക്കുന്ന അവസ്ഥയാണ്,''എന്നാണ് മരിക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് അനന്യ ദ ക്യുവിനോട് പറഞ്ഞത്.
ലിംഗമാറ്റ ശസ്ത്രക്രിയ വേണ്ട എന്ന് അനന്യ പറയുന്നില്ല. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ പിഴവ് സംഭവിച്ചുവെന്ന ആരോപണമാണ് അനന്യ ഉന്നയിക്കുന്നത്.
ഒരു സൂചികുത്തിയാല്‍ പോലും സഹിക്കാന്‍ കഴിയാത്ത ആളായിരുന്നു അനന്യ. അങ്ങനെയൊരാള്‍ ശാരീരികമായി വലിയ പ്രയാസങ്ങളുള്ള ഈ ശസ്ത്രക്രിയ ചെയ്യാമെന്ന് തീരുമാനിക്കുമ്പോള്‍ തന്നെ മനസിലാക്കണം, ലിംഗമാറ്റ ശസ്ത്രക്രിയ ഞങ്ങള്‍ക്ക് എത്ര പ്രധാനപ്പെട്ടതാണ് എന്ന്. അവിടെ സുരക്ഷയാണ് ഞങ്ങള്‍ക്ക് വേണ്ടത്. അതിനു വേണ്ട കൂടുതല്‍ സൗകര്യങ്ങളും സഹായങ്ങളുമാണ് ഉണ്ടാകേണ്ടത്, രാഗരഞ്ജിനി കൂട്ടിച്ചേര്‍ത്തു.
വേണം, സര്‍ക്കാരിന്റെ പിന്തുണ
ലിംഗമാറ്റ ശസ്ത്രക്രിയ ഫേക്ക് ആണെന്ന് പറയുന്നവര്‍ എന്തിന് വേണ്ടിയാണ് ട്രാന്‍സ് വ്യക്തികള്‍ ഇത് ചെയ്യുന്നത് എന്നുകൂടി ആലോചിക്കണമെന്ന് പ്രശസ്ത മോഡലും സംരഭകയുമായ റിയ ഇഷ ദ ക്യുവിനോട് പറഞ്ഞു. സമൂഹത്തെയും വീട്ടുകാരെയും നാട്ടുകാരെയും എല്ലാം ഉപേക്ഷിച്ചിട്ട് എന്ത് സുഖം കിട്ടാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത് എന്നാണ് നിങ്ങള്‍ കരുതുന്നത്.
ഒരു സ്ത്രീയായിരിക്കാന്‍ വേണ്ടി തന്നെയാണ് ഞങ്ങള്‍ ഈ പ്രയാസങ്ങളെല്ലാം അനുഭവിക്കുന്നത്. മനസിനോട് ചേര്‍ന്ന ഒരു ലിംഗമല്ലാതായിരിക്കുമ്പോള്‍ അത് ഒരു ബുദ്ധിമുട്ടാണ്. മനസും, പ്രകൃതവുമൊക്കെ സത്രീയുടേതാണ്. ശരീരം മാത്രം പുരുഷന്റേതാണ്. അങ്ങനെയൊരവസ്ഥയില്‍ നിന്ന് മാറാനാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നത്.
സര്‍ജറി ചെയ്ത് എനിക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. പ്രശ്‌നങ്ങളില്ലാത്തവരും ഉള്ളവരും ഉണ്ട്,'' റിയ പറഞ്ഞു. സ്വന്തം സ്വത്വത്തില്‍ സ്ത്രീയായി ജീവിക്കുന്ന ഒരു പുരുഷനെ കണ്ടാല്‍ സമൂഹം കൊത്തിപ്പറിക്കില്ലേ എന്നും സര്‍ക്കാര്‍ തലത്തില്‍ പിന്തുണയാണ് തങ്ങള്‍ക്ക് വേണ്ടെതെന്നും റിയ പറയുന്നു.
അനന്യയുടെ മരണം ഓര്‍മ്മപ്പെടുത്തലാണ്
അനന്യയുടെ മരണം സംസ്ഥാനത്ത് ലിംഗമാറ്റ ചികിത്സയ്ക്കു വേണ്ട സംവിധാനങ്ങളുടെ അപര്യാപ്തതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ഡോ.കെ.പി അരവിന്ദന്‍ പറയുന്നത്. ഹോര്‍മോണ്‍ ചികിത്സ, ശസ്ത്രക്രിയ, കൗണ്‍സലിങ്ങ് എന്നിവയെല്ലാം ഉള്‍പ്പെടുന്ന യൂണിറ്റുകള്‍ മെഡിക്കല്‍ കോളേജുകളില്‍ തുടങ്ങണമെന്നും അതിനു വേണ്ട പരിശീലനത്തിന് ആവശ്യമെങ്കില്‍ ഡോക്ടര്‍മാരെ അയക്കണമെന്നും ഡോ.അരവിന്ദന്‍ ആവശ്യപ്പെടുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ സര്‍ക്കാരിനാകില്ല.അവിടെ എന്തിന് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തു എന്ന ചോദ്യമല്ല ഉയരേണ്ടത്, എന്തുകൊണ്ട് സുരക്ഷിതമായി ചെയ്യാൻ കഴിഞ്ഞില്ല എന്നാണ് ചോദിക്കേണ്ടത്.