സിനിമയെന്ന തൊഴിലിടം മെച്ചപ്പെടുമെന്ന് ജസ്റ്റിസ് ഹേമ പറയുന്നു; റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുന്നത് എന്തിനെന്ന് സര്‍ക്കാര്‍ പറയണം

സിനിമയെന്ന തൊഴിലിടം മെച്ചപ്പെടുമെന്ന് ജസ്റ്റിസ് ഹേമ പറയുന്നു; റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുന്നത് എന്തിനെന്ന് സര്‍ക്കാര്‍ പറയണം
Published on

2018 മെയിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത്. ജസ്റ്റിസ് ഹേമക്കൊപ്പം കെ.ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു അംഗങ്ങള്‍. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നത്.

ഒന്നരവര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31ന് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ചലച്ചിത്രമേഖലയില്‍ ലിംഗസമത്വം മുന്‍നിര്‍ത്തി വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിലെത്തിയിട്ട് ഈ ഡിസംബര്‍ 31 ന് രണ്ട് വര്‍ഷം പൂര്‍ത്തിയായി.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് മുമ്പാകെ വെക്കാനോ, റിപ്പോര്‍ട്ടിന്‍മേല്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെ നടപടികള്‍ക്കോ സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലും വിമുഖത തുടരുകയാണ്.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന് മേല്‍ സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിച്ചില്ല എന്നത് മലയാള സിനിമയില്‍ സ്ത്രീകള്‍ ഇതുവരെ നേരിട്ടുവന്നിരുന്ന പ്രയാസങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമാകുമെന്ന് പ്രതീക്ഷിച്ച് സര്‍ക്കാരിനെ സമീപിച്ചവരെയും കമ്മീഷനുമായി സഹകരിച്ചവരെയും നിരാശയിലാക്കുകയാണ്.

റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടിയുണ്ടായാല്‍ മെച്ചപ്പെട്ട തൊഴിലിടവും സുരക്ഷിതത്വവും സൃഷ്ടിക്കാന്‍ കഴിയുമെന്ന് നൂറ് ശതമാനം വിശ്വാസമുണ്ടെന്ന് ജസ്റ്റിസ് ഹേമ ഉറപ്പിച്ച് പറയുമ്പോഴും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ടേബിള്‍ ചെയ്യാനോ നടപടിയെടുക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.

റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ സര്‍ക്കാര്‍ ചെയ്താല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. ഞാനത് ചെയ്തു, സര്‍ക്കാരിനെ ഏല്‍പ്പിച്ചു, ഇനി സര്‍ക്കാരാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും ജസ്റ്റിസ് ഹേമ ദ ക്യുവിനോട് പറഞ്ഞു. കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലിംഗനീതിയും സ്ത്രീസുരക്ഷയും ചര്‍ച്ചയാക്കിയ തുടക്കം

2017 ഫെബ്രുവരി 17 ന് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം തൊഴിലിടം എന്ന നിലയില്‍ ചലച്ചിത്രമേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കൂടിയാണ് വഴിവെച്ചത്. തമസ്‌കരിക്കപ്പെട്ടതും നിസാരവത്കരിക്കപ്പെട്ടതുമായ തൊഴിലിടത്തെ സ്ത്രീകളുടെ നിരവധി പ്രശ്നങ്ങള്‍ സംഭവത്തിന് പിന്നാലെ സജീവ ചര്‍ച്ചയായി.

മലയാള സിനിമയിലെ ഒരു പറ്റം വനിതകളുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) എന്ന പേരില്‍ സംഘടന രൂപീകരിക്കുകയും അവര്‍ മലയാള സിനിമയ്ക്കും സിനിമയിലെ സ്ത്രീകള്‍ക്കും വേണ്ടി ഉറച്ച ശബ്ദത്തില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്തു.

സിനിമയിലെ പുരുഷാധിപത്യത്തിനെതിരെയും ലിംഗവിവേചനത്തിനെതിരെയുമുള്ള പരസ്യ കലഹം കൂടിയായിരുന്നു ഡബ്ല്യുസിസിയുടെ നേതൃത്വത്തില്‍ നടന്നത്. അമ്മ പോലുള്ള സംഘടനകളെ വനിതാ കൂട്ടായ്മയുടെ നീക്കം പ്രതിരോധത്തിലാക്കി.

ഡബ്ല്യു.സി.സിയുടെ പരാതി പ്രകാരം 2018 മെയ് മാസത്തിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത്. ജസ്റ്റിസ് ഹേമ, കെ.ബി വത്സല കുമാരി, നടി ശാരദ എന്നിവരാണ് ഹേമ കമ്മീഷന്‍ അംഗങ്ങള്‍.

രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കുന്നത്. ആ തരത്തില്‍ സ്വാഗതാര്‍ഹമായ തീരുമാനമായിരുന്നു സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുമെന്ന് പറഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചത്.

2019 ഡിസംബര്‍ 31ന് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പ്രസ്തുത റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിലെത്തിയിട്ട് വരുന്ന ഡിസംബര്‍ 31 ന് രണ്ട് വര്‍ഷം തികയും.

സെന്‍സിറ്റീവായ വിവരങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റി റിപ്പോര്‍ട്ടാണെങ്കില്‍ കൂടി ആ ഭാഗങ്ങള്‍ ഒഴിവാക്കി ഹേമ കമ്മീഷന്റെ കണ്ടെത്തലുകള്‍ പുറത്തുകൊണ്ടുവരുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം പോലും സര്‍ക്കാര്‍ ഇതുവരെയായും കാണിച്ചില്ലെന്നാണ് വിമര്‍ശനം.

മലയാള സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി ചര്‍ച്ച നടത്തി സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, തൊഴില്‍ മേഖലയിലെ ചൂഷണം, തുടങ്ങിയ പ്രശ്നങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കമ്മീഷനെ നിയോഗിച്ചിരുന്നത്.

പക്ഷേ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷമാകുമ്പോഴും ഗൗരവതരമായ പ്രശ്നത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല എന്ന് മാത്രമല്ല കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ പ്രശ്നങ്ങള്‍ പുറത്തു പറയാനും വിസമ്മതിക്കുകയാണ്.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ സമഗ്രരൂപമല്ലെങ്കിലും ചുരുക്കരൂപമെങ്കിലും പുറത്തുവിടേണ്ടതല്ലേ. ഇത്രയൊക്കെ സമയവും പൈസയും ചെലവഴിച്ചിട്ട് ചുരുങ്ങിയ പക്ഷം എന്താണ് കണ്ടെത്തിയത് എന്നറിയാനുള്ള അവകാശമുണ്ടല്ലോ എന്ന് സംവിധായികയും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് സ്ഥാപകാംഗവുമായ അഞ്ജലി മേനോന്‍.

കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഫോളോ അപ്പുകള്‍ നടത്തുമ്പോള്‍ താങ്കളുടെ ഇമെയില്‍ ലഭിച്ചിട്ടുണ്ട്. അത് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റിലേക്ക് അയക്കുന്നതായിരിക്കും എന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്ന് സംവിധായിക അഞ്ജലി മേനോന്‍ ദ ക്യുവിനോട് പറഞ്ഞു. എത്ര വാര്‍ഷികങ്ങള്‍ കഴിഞ്ഞാലാണ് ഇതിനൊരു ഗുണം കിട്ടുക എന്നറിഞ്ഞാല്‍ നന്നായിരുന്നുവെന്നും അഞ്ജലി.

നിരുത്സാഹപ്പെടുത്തേണ്ട നിരവധി പ്രവണതകളുണ്ടെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടിരുന്നു: എ.കെ ബാലന്‍

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളിച്ചും അടൂര്‍ ഗോപാലകൃഷ്ണന്റെ അഭിപ്രായങ്ങളെ മുന്‍നിര്‍ത്തിയും

സമഗ്രമായ നിയമാണ് കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്ന് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എന്ത് കൊണ്ട് വൈകുന്നുവെന്ന ചോദ്യത്തിന് മുന്‍ സിനിമാ മന്ത്രി എ.കെ ബാലന്‍. ചലച്ചിത്ര മേഖലയില്‍ നിരുത്സാഹപ്പെടുത്തേണ്ട നിരവധി പ്രവണതകളുണ്ടെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടിരുന്നു.

നിയമത്തിന്റെ പ്രൊസസ് എല്ലാം കഴിഞ്ഞതാണെന്നും അത് നിയമസഭയില്‍ അവതരിപ്പിക്കുക എന്ന നടപടിയാണ് ബാക്കിയുള്ളത് എന്നും എ.കെ ബാലന്‍ പറയുന്നു.

അതേസമയം റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും നിയമനിര്‍മ്മാണത്തിന്റെ ഭാഗമായി മാത്രമേ പുറത്തുവരികയുള്ളു എന്നുമാണ് മുന്‍മന്ത്രിയുടെ വാദം.

തൊഴിലിടത്തിലെ അവകാശത്തിന് വേണ്ടിയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടിയാണല്ലോ കമ്മീഷനെ ഏര്‍പ്പാടാക്കിയതും.

കമ്മീഷന്റെ കണ്ടെത്തല്‍ എന്താണ് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരം ആര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. നിലവില്‍ ആരുടെയും ശരിയായ പേര് റിപ്പോര്‍ട്ടില്‍ ഇല്ല എന്നാണ് മനസിലാക്കുന്നത്. അങ്ങനെയെങ്കില്‍ എങ്ങനെയാണ് വിക്ടിമിന്റെ പ്രൈവസി എന്ന വാദം മാത്രം ഉയര്‍ത്തി റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നതെന്ന് അഞ്ജലി മേനോന്‍ ചോദിക്കുന്നു.

പുറത്തുവരാതിരിക്കുന്ന ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടായിരുന്നെങ്കില്‍ എന്തിനായിരുന്നു കമ്മീഷന് മുന്നില്‍ വന്ന സ്ത്രീകള്‍ അവര്‍ക്ക് താത്പര്യമില്ലാത്ത കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പറഞ്ഞത്. ഇനിയുള്ള തലമുറയ്ക്കെങ്കിലും ഗുണമുണ്ടാകട്ടെ എന്നു കരുതിയല്ലേ അവര്‍ അത് ചെയ്തത്. ചുരുങ്ങിയ പക്ഷം അതെങ്കിലും മാനിക്കേണ്ട ഒരാവശ്യമുണ്ടല്ലോ

കഴിഞ്ഞ മന്ത്രിസഭയുടെ സമയത്ത് വനിതാ ശിശുക്ഷേമ വകുപ്പ് ചുമതല കൂടിയുണ്ടായിരുന്ന ശൈലജ ടീച്ചറെ കണ്ടപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവരട്ടെ അതിന് ശേഷം വേണ്ട നടപടികളൊക്കെ ഉണ്ടാകുമെന്നാണ് പറഞ്ഞത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പായി എല്ലാവരെയും വിളിച്ച് ഒരു ചര്‍ച്ചയുണ്ടായിരുന്നു. മുഖ്യമന്ത്രിയോട് അവിടെ വച്ചും ഇതേ വിഷയം സംസാരിക്കുകയും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ പുറത്തുകൊണ്ടുവരണം എന്ന് ആവശ്യപ്പെടുകയുമുണ്ടായി.

വേണ്ടത് ചെയ്യുന്നതായിരിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കിയിരുന്നു. പുതിയ മന്ത്രിസഭ വന്നപ്പോള്‍ സാംസ്‌കാരികമന്ത്രി സജി ചെറിയാനും വിളിപ്പിച്ചിരുന്നു. ആ യോഗത്തിലും ഞങ്ങള്‍ സംസാരിക്കുകയും സിനിമാമേഖലയിലെ പ്രശ്ങ്ങളുമായി ബന്ധപ്പെട്ട് ഒരു പ്രസന്റേഷന്‍ അവതരിപ്പിക്കുകയും ചെയ്തു. മന്ത്രി ആവശ്യപ്പെട്ടത് പ്രകാരം ഡോക്യുമെന്റായി അത് നല്‍കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നത് ?

മെച്ചപ്പെട്ട തൊഴില്‍സാഹചര്യം ഉറപ്പാക്കാനും ലിംഗവിവേചനമില്ലാതാക്കാനുമായി ചലച്ചിത്രമേഖലയിലെ ഒരു കൂട്ടം സ്ത്രീകള്‍ രംഗത്ത് വന്നപ്പോള്‍ പ്രശ്നങ്ങള്‍ സമഗ്രമായി പഠിക്കാമെന്നതായിരുന്നു സര്‍ക്കാര്‍ തലത്തിലുള്ള ആദ്യ പടി. ആദ്യ പടിയില്‍ തന്നെ തുടര്‍നടപടികളെല്ലാം സ്തംഭിച്ച് നില്‍ക്കുകയാണ്.

കമ്മീഷനെ വെച്ച് അവര്‍ പ്രശ്നങ്ങള്‍ പഠിച്ചിട്ടും അത് പുറത്തുവരാതിരിക്കുമ്പോള്‍ ഇനിയുള്ള കാര്യങ്ങള്‍ എങ്ങനെയാണ് മുന്നോട്ട് പോകുക. നിങ്ങള്‍ എന്ത് കണ്ടുപിടിച്ചു, എന്തൊക്കെ പ്രശ്നങ്ങളാണ് സ്ത്രീകള്‍ക്കുള്ളത്, എന്നതാണല്ലോ ചോദിക്കുന്നത്. അത് പറയുന്നതില്‍ എന്താണ് പ്രശ്നം. അത് എന്തുകൊണ്ട് പറയുന്നില്ല. പ്രശ്നങ്ങളെങ്ങനെയാണ് പിന്നെ പരിഹരിക്കുക.

പുറത്തുവരാതിരിക്കുന്ന ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടായിരുന്നെങ്കില്‍ എന്തിനായിരുന്നു കമ്മീഷന് മുന്നില്‍ വന്ന സ്ത്രീകള്‍ അവര്‍ക്ക് താത്പര്യമില്ലാത്ത കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പറഞ്ഞത്. ഇനിയുള്ള തലമുറയ്ക്കെങ്കിലും ഗുണമുണ്ടാകട്ടെ എന്നു കരുതിയല്ലേ അവര്‍ അത് ചെയ്തത്. ചുരുങ്ങിയ പക്ഷം അതെങ്കിലും മാനിക്കേണ്ട ഒരാവശ്യമുണ്ടല്ലോ, അഞ്ജലി മേനോന്‍ പറയുന്നു.

ഹേമ കമ്മീഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നികുതി കൊടുക്കുന്ന എല്ലാവര്‍ക്കും ഉത്തരം ലഭിക്കണമെന്നാണ് അഭിപ്രായമെന്ന് ദീദി ദാമോദരന്‍. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നില്ല എന്നത് നിര്‍ഭാഗ്യകരമാണെന്നും ദീദി.

കമ്മീഷന് ഒരു രഹസ്യ സ്വഭാവമുണ്ട്. അവരുടെ മുന്നില്‍ വന്ന ടെസ്റ്റിമോണിയലുകള്‍ രഹസ്യ സ്വഭാവത്തില്‍ തന്നെയുള്ളതാണ്. അതുകൊണ്ട് തന്നെ മറ്റ് റിപ്പോര്‍ട്ടുകള്‍ പോലെ നേരിട്ട് ഇത് ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ സാധിക്കില്ലായിരിക്കും.

റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്നത് വ്യാജപേരുകളൊക്കെയാണെങ്കിലും അതാരാണെന്ന് മനസിലാകും എന്നുള്ളതുകൊണ്ടും അതിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്തേണ്ടതുകൊണ്ടും റിപ്പോര്‍ട്ട് മുഴുവനായും പബ്ലിഷ് ചെയ്യാന്‍ പറ്റില്ല എന്നുള്ളതാണ് ഒരു പ്രശ്നമായി പൊതുവില്‍ അവതരിപ്പിക്കപ്പെടുന്നത്.

പറഞ്ഞു കേട്ടത് പ്രകാരം മൂന്ന് പേരുടെയും നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിനകത്ത് തന്നെ ഉള്‍ച്ചേര്‍ന്നാണ് കിടക്കുന്നത്. പ്രത്യേകമായി നിര്‍ദേശം എന്നൊരു സെഗ്മെന്റ് റിപ്പോര്‍ട്ടില്‍ ഇല്ല എന്നാണ് മനസിലാക്കുന്നത്. മൂന്നു പേരും മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ എക്സ്ട്രാക്റ്റ് ചെയ്ത് എടുക്കേണ്ടി വരുമെന്ന് അറിയുന്നു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരാത്തത് നിര്‍ഭാഗ്യകരമാണ്. ഞാനൊക്കെ ഒരു ദിവസം മുഴുവന്‍ ഇരുന്നാണ് കമ്മീഷനുമായി സംസാരിക്കുന്നത്. തിരക്കഥയില്‍ ഉള്ള മെയില്‍ ഓറിയന്റേഷനെക്കുറിച്ചായിരുന്നു എനിക്ക് വിശദീകരിക്കേണ്ടി വന്നത്. അതുകൊണ്ട് തന്നെ ഹേമ കമ്മീഷനുമായി ബന്ധപ്പെട്ട് വളരെ ബൃഹത്തായ ഒരു പഠനമാണ് നടന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

റിപ്പോര്‍ട്ടിന് വേണ്ടി അത്രയധികം പണം ചെലവായിട്ടുണ്ട്. പുറത്തു പറയാന്‍ ബുദ്ധിമുട്ടുള്ള തങ്ങളുടെ ജീവിതാനുഭവങ്ങള്‍ മുഴുവനും വലിയ പ്രത്യാശയോടെ നിരവധി പേര്‍ ഒരു ജസ്റ്റിസിന് മുന്നില്‍ തുറന്നു പറഞ്ഞിരുന്നു.

അതിനു പോലും ഒരു വിലയുമില്ല എന്നുള്ളത് ഖേദകരമാണ്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ഇത് മുന്നോട്ട് വെച്ചത് എം.എല്‍.എയായിരുന്ന എം. സ്വരാജായിരുന്നു. അന്ന് കൊവിഡായതുകൊണ്ടാണ് കാലതാമസം വന്നത് എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്, ദീദി ദാമോദരന്‍ പറഞ്ഞു.

അതേസമയം ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഒരു നിയമം ഉണ്ടാക്കിയിരുന്നുവെന്നും കൊവിഡായതുകൊണ്ട് തന്നെ അത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല എന്നുമാണ് മുന്‍ മന്ത്രി എ.കെ ബാലന്‍ ദ ക്യുവിനോട് പ്രതികരിച്ചത്.

മലയാള സിനിമ രംഗത്ത് എന്തു നടക്കണം എന്തു നടക്കേണ്ടായെന്നു തീരുമാനിക്കാന്‍ കഴിയുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ട് എന്നതടക്കമുള്ള ഗൗരവതരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ടെന്ന് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടതിന് പിന്നാലെ വാര്‍ത്തകള്‍ വന്നിരുന്നു.

സ്ത്രീസുരക്ഷ നിസാരമായി കാണുന്ന സര്‍ക്കാര്‍: വി.ടി ബല്‍റാം

രണ്ട് വര്‍ഷമായും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടില്ല എന്നുള്ളത് സ്ത്രീ സുരക്ഷയേയും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഹരാസ്മെന്റിനെയുമൊക്കെ എത്ര നിസാരമായാണ് ഈ സര്‍ക്കാര്‍ കാണുന്നത് എന്നതിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം ദ ക്യുവിനോട് പറഞ്ഞു.

'ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായി. ഞാന്‍ നിയമസഭയിലുണ്ടായിരുന്ന സമയത്ത് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടതാണ്. പക്ഷേ ഇതുവരെ ആ നിലയിലുള്ള ഒരു തീരുമാനവും ഉണ്ടായിട്ടില്ല എന്നുള്ളത് സ്ത്രീ സുരക്ഷയേയും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഹരാസ്മെന്റിനെയുമൊക്കെ എത്ര നിസാരമായാണ് ഈ സര്‍ക്കാര്‍ കാണുന്നത് എന്നതിന്റെ സൂചനയാണ്.

കാസ്റ്റിങ്ങ് കൗച്ച് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ചലചിത്ര മേഖലയില്‍ നിന്ന് തന്നെ പുറത്തു വന്നിട്ടുണ്ട്. പക്ഷേ ഇതിലൊന്നും സര്‍ക്കാര്‍ ശരിയായ രീതിയിലുള്ള ഇടപെടല്‍ നടത്താനോ കൃത്യത വരുത്താനോ ഒട്ടും താത്പര്യം കാണിക്കുന്നില്ല.

അത് ഈ സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള അവകാശവാദങ്ങളൊക്കെ എത്ര പൊള്ളയാണ് എന്ന് ബോധ്യപ്പെടുത്തുന്ന കാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം പറഞ്ഞു. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവിടുകയും അതിന്മേലുള്ള നടപടി നിയമസഭയില്‍ ടേബിള്‍ ചെയ്യാനും സര്‍ക്കാര്‍ തയ്യാറാവണം' വി.ടി ബല്‍റാം പറഞ്ഞു.

പുറത്തുവരാത്ത റിപ്പോര്‍ട്ടിന്മേല്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി ദ ക്യുവിനോട് പ്രതികരിച്ചു.

ലിംഗസമത്വവും സ്ത്രീപ്രാതിനിധ്യവുമെല്ലാം ഇടതുപക്ഷം പ്രകടനപത്രികയിലുള്‍പ്പെടെ വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്നിടത്ത് അതിവിശാലമായതും സങ്കീര്‍ണവുമായ നിരവധി പ്രശ്നങ്ങളെക്കുറിച്ച് വിശദമായ പഠനത്തിന് ശേഷം സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് പൊടി പിടിച്ച് കിടക്കുന്നത് നിരാശാജനകമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in