ബി എല്‍ സന്തോഷ്  
ബി എല്‍ സന്തോഷ്  

ശബരിമലനീക്കങ്ങളുടെ ചുക്കാന്‍, ആര്‍എസ്എസ്-ബിജെപിക്കിടയിലെ പാലം; അമിത്ഷാ തെരഞ്ഞെടുത്ത രണ്ടാമന്‍ ‘സന്തോഷ്ജി’ ആരാണ്?

Published on

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രണ്ടാം സ്ഥാനമായ ദേശീയ ജനറല്‍ സെക്രട്ടറി പദത്തിലേക്കാണ് ജോയിന്റ് ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന ബി എല്‍ സന്തോഷിനെ അമിത് ഷാ കൈ പിടിച്ചുയര്‍ത്തിയിരിക്കുന്നത്. 13 വര്‍ഷം ബിജെപിയില്‍ പ്രവര്‍ത്തിച്ച രാംലാലിനെ മാതൃസംഘടനയായ ആര്‍എസ്എസിലേക്ക് തിരിച്ചയച്ചുകൊണ്ട്. എന്തുകൊണ്ടാണ് ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ള നേതാക്കളെ ഒഴിവാക്കി ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു നേതാവിനെ അമിത് ഷാ രണ്ടാമനാക്കിയത്? ആരാണ് ബി എല്‍ സന്തോഷ് എന്ന ‘സന്തോഷ് ജി?’

ബിജെപി-ആര്‍എസ്എസ് നേതൃത്വങ്ങള്‍ക്കിടയിലെ സുപ്രധാന കണ്ണിയാകല്‍ ദേശീയ ജനറല്‍ സെക്രട്ടറിയുടെ ചുമതലയാണ്.  

പഠനം കൊണ്ട് കെമിക്കല്‍ എഞ്ചിനീയറായ സന്തോഷ് അവിവാഹിതനാണ്. 1993 മുതല്‍ ആര്‍എസ്എസിന്റെ മുഴുവന്‍ സമയപ്രചാരകന്‍. കന്നഡ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തുളു എന്നീ ഭാഷകളില്‍ പ്രാവീണ്യം. കര്‍ണാടക ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി എട്ട് വര്‍ഷം പ്രവര്‍ത്തിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പാടവം തെളിയിച്ചു. മൈസുരു, ഷിമോഗ ജില്ലകളിലായിരുന്നു സന്തോഷിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍.

ബിജെപിയുടെ ഇപ്പോഴത്തെ കര്‍ണാടക അദ്ധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയും സന്തോഷും തമ്മിലുള്ള വിരോധം സംസ്ഥാന നേതൃത്വത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആര്‍എസ്എസിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സന്തോഷിന്റേയും യെദ്യൂരപ്പയുടേയും ശൈലികള്‍ പലപ്പോഴും ഏറ്റുമുട്ടി. യെദ്യൂരപ്പ കര്‍ണാടകയിലെ ബിജെപി മുഖമായി വളര്‍ന്നപ്പോള്‍ അണിയറയില്‍ കരുക്കള്‍ നീക്കുന്ന ദൗത്യമായിരുന്നു സന്തോഷിന്. 2011ല്‍ അഴിമതിയാരോപണം നേരിട്ട യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെപ്പിക്കുന്നതില്‍ 'സന്തോഷ്ജി' പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. യെദ്യൂരപ്പയ്‌ക്കെതിരെ പട നയിച്ച ഈശ്വരപ്പയ്ക്ക് പിന്തുണ നല്‍കിക്കൊണ്ടിരുന്നത് സന്തോഷാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സന്തോഷിന്റെ പേര് ഇടയ്ക്ക് ഉയര്‍ന്നുവരികയുമുണ്ടായി. 2012ല്‍ യെദ്യൂരപ്പ ബിജെപി വിട്ടുപോയപ്പോഴും 2014ല്‍ തിരിച്ചെത്തിയപ്പോഴുമെല്ലാം വൈരം തുടര്‍ന്നു.

2014ലാണ് സന്തോഷിനെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുളള ദേശീയ ജനറല്‍ സെക്രട്ടറിയായി അമിത് ഷാ നിയോഗിക്കുന്നത്. 2018ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ന്യൂഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സന്തോഷിനോട് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് യെദ്യൂരപ്പയോട് അമിത് ഷാ ആവശ്യപ്പെട്ടു. ബിജെപി ഒറ്റയ്ക്ക് 105 സീറ്റുകള്‍ നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടു. ശേഷം എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ നിരന്തരമായുണ്ടായ 'ഓപ്പറേഷന്‍ ലോട്ടസ്' നീക്കങ്ങളില്‍ ഈ മോഡി വിശ്വസ്തന്റെ തന്ത്രങ്ങളുമുണ്ടായിരുന്നു.

അണികള്‍ക്കിടയിലും നേതൃത്വത്തിലും സ്വാധീനമുണ്ടാക്കുന്ന ‘സിസ്റ്റമാറ്റിക് സ്റ്റൈല്‍’ ആണ് സന്തോഷിന്റേത്. സംഘടനാ യോഗങ്ങള്‍ കൃത്യമായി വിളിച്ചുചേര്‍ക്കുന്നതില്‍ കര്‍ക്കശക്കാരന്‍.

ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി വളര്‍ച്ച ത്വരിതപ്പെടുത്തുക എന്ന ബിജെപി ലക്ഷ്യത്തിനൊപ്പം തന്നെ നിര്‍ണായകമായി കാണേണ്ടതാണ് സന്തോഷ് സുപ്രധാന സ്ഥാനത്ത് എത്തുന്ന സന്ദര്‍ഭവും. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 16 എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നു. 15 എംഎല്‍എമാര്‍ രാജി സ്വീകരിക്കാത്ത സ്പീക്കര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. ഈ സാഹചര്യത്തിനാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയില്‍ കര്‍ണാടകക്കാരനായ സന്തോഷ് രണ്ടാമനാകുന്നത്.

കേരളാ കണക്ഷന്‍

സുപ്രീം കോടതിയുടെ ശബരിമല യുവതീപ്രവേശനവിധിയേത്തുടര്‍ന്നുണ്ടായ 'സുവര്‍ണാവസര' പ്രയോഗങ്ങളില്‍ ചുക്കാന്‍ പിടിച്ച ആര്‍എസ്എസ് നേതാവ് സന്തോഷാണ്. 600 കിലോമീറ്റര്‍ അകലെ, ബെംഗളരുവില്‍ നിന്ന് ഒരു നേതാവ് ആര്‍എസ്എസ് സംവിധാനം ചലിപ്പിക്കുന്നതിനേക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. സംസ്ഥാനത്ത് ഇടതുസര്‍ക്കാരിനെതിരെ സംഘടിപ്പിച്ച് പിണറായി ഗ്രാമത്തിലൂടെ കടന്നുപോയ 'ജനരക്ഷായാത്ര'യിലും' സന്തോഷിന്റെ പങ്കുണ്ട്.

ദേശീയ നേതൃത്വത്തില്‍ ബി എല്‍ സന്തോഷ് ശക്തനാകുന്നത് കേരളത്തിലെ ബിജെപി ഗ്രൂപ്പ് പോരിലും നിര്‍ണായകമാകും. കേന്ദ്രമന്ത്രി വി മുരളീധരനുമായുള്ള സന്തോഷിന്റെ അടുപ്പം പാര്‍ട്ടിക്കുളളില്‍ തന്നെ പല തവണ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. 2018 ജൂണില്‍ തൃശൂരില്‍ വെച്ച് നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കുമ്മനം രാജശേഖരനെ കേരള രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന് സന്തോഷ് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരധീധരന്‍ കുമ്മനത്തെ വനവാസത്തിന് അയക്കാന്‍ നീക്കം നടത്തിയപ്പോള്‍ 'സന്തോഷ്ജി' കണ്ണടച്ചെന്നായിരുന്നു വിമര്‍ശനം.

logo
The Cue
www.thecue.in