എന്ത് തരം രാജ്യമാണ് നമ്മള്‍ നിര്‍മ്മിക്കുന്നത് എന്നതിന്റെ സാക്ഷ്യമായി ചില ജീവിതങ്ങള്‍ നിലകൊള്ളും, ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് പിന്നാലെ ദ കാരവന്‍ എഡിറ്റര്‍ വിനോദ് കെ ജോസ് എഴുതിയതാണിത്.
എല്‍ഗാര്‍ പരിഷദ് കേസില്‍ പ്രതിയാക്കപ്പെട്ട സാമൂഹിക പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചതിന് പിന്നാലെ ശക്തമായ രോഷമാണ് ഉയരുന്നത്. എണ്‍പത്തിനാല് വയസുള്ള സ്റ്റാന്‍ സ്വാമിയുടെ മരണത്തെ ഭരണകൂടത്തിന്റെ കൊലപാതകമെന്ന് തന്നെ പറയാമെന്ന് രാഷ്ട്രീയ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ഉറച്ചു പറയുന്നു.
പാര്‍ക്കിന്‍സണ്‍ രോഗം സ്ഥിരീകരിച്ച സ്റ്റാന്‍ സ്വാമിക്ക് കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ക്കപ്പും വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കേണ്ടി വന്നിരുന്നു. 84 വയസുള്ള സ്റ്റാന്‍സ്വാമിയുടെ അപേക്ഷ പരിഗണിക്കാന്‍ കോടതിക്ക് പിന്നെയും ആഴ്ചകള്‍ വേണ്ടി വന്നു. കൈകള്‍ വിറയ്ക്കുന്നത് കാരണം ഗ്ലാസ് പിടിക്കാന്‍ പോലും പറ്റുന്നില്ലെന്നായിരുന്നു അദ്ദേഹം ഹരജിയില്‍ പറഞ്ഞത്.
ഇന്ന് ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹം മരണപ്പെട്ടുവെന്ന് അഭിഭാഷകന്‍ അറിയിക്കുന്നത്. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ സ്റ്റാന്‍ സ്വാമിയെ വലിയ രീതിയില്‍ അലട്ടിയിരുന്നു.
ഇതൊരു കൊലപാതകമാണെന്നാണ് ഡോ. കഫീല്‍ ഖാന്‍ എഴുതിയത്. വിചാരണ കൂടാതെ തടവിലാക്കുന്നത് നീതി ന്യായ സംവിധാനത്തിന്റെ മരണമാണെന്നും, എന്റെ തല നാണക്കേട് കൊണ്ട് താഴുന്നുവെന്നും അദ്ദേഹം പറയുന്നു. ആ നാണക്കേട് വീണ്ടും വീണ്ടും ഇരട്ടിയാകുന്നത് മരണത്തിന് ശേഷവും സ്റ്റാന്‍ സ്വാമിയ്‌ക്കെതിരെ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ കൂടി വായിക്കുമ്പോഴാണ്.
ഒരു ഇന്ത്യക്കാരെന്ന നിലയില്‍ വലിയ ദുഃഖമാണ് ഈ ഘട്ടത്തില്‍ താന്‍ അനുഭവിക്കുന്നത് എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞത്. മോദിയുടെയും അമിത് ഷായുടെയും കയ്യില്‍ സ്റ്റാന്‍ സ്വാമിയുടെ ചോരയുണ്ടെന്ന് പതര്‍ച്ചയില്ലാതെ ഗുജറാത്തില്‍ നിന്നുള്ള എം.എല്‍.എയും ദളിത് അവകാശ പ്രവര്‍ത്തകനുമായ ജിഗ്നേഷ് മേവാനി പറയുന്നു.
യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്‍പ് സ്റ്റാന്‍ സ്വാമി പറഞ്ഞത് എന്തൊക്കെയോ രേഖകള്‍ തന്റെ കംപ്യൂട്ടറില്‍ കെട്ടിചമച്ച് വെച്ചിട്ടുണ്ടെന്നും, തനിക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് എന്‍.ഐ.എ ശ്രമിക്കുന്നത് എന്നുമാണ്. തീവ്ര ഇടത് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് താനെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് എന്‍.ഐ.എയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്നതായിരുന്നു അറസ്റ്റിലാകുന്നതിന് മുന്‍പുള്ള അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍.
സംഘപരിവാറിനെയും കേന്ദ്രത്തെയും അസ്വസ്ഥതപ്പെടുത്തുന്ന അനേകം ഇടപെടലുകള്‍ സ്റ്റാന്‍ സ്വാമിയുടെ ഭാഗത്തു നിന്ന് ഉണ്ടായി. ജെസ്യൂട്ട് പുരോഹിതനായ സ്റ്റാന്‍ സ്വാമി ജാര്‍ഖണ്ഡിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രിയപ്പെട്ടയാളായിരുന്നു. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അവരോടൊപ്പം നിന്ന് ശബ്ദം ഉയര്‍ത്തിയ വ്യക്തിയായിരുന്നു.
ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലായുള്ള ഒമ്പത് സംസ്ഥാനങ്ങളില്‍ പ്രത്യേക ഗോത്ര പഞ്ചായത്തുകള്‍ നടപ്പിലാക്കാത്തതിനെതിരെ അദ്ദേഹം പരസ്യമായി നിലപാടെടുത്തിരുന്നു. പൊലിസ് അതിക്രമത്തിനെതിരെയും കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കെതിരെയും സ്റ്റാന്‍ സ്വാമി നിരന്തരം നിലകൊണ്ടു. സ്റ്റാന്‍ സ്വാമിയുടെ നേതൃത്വത്തിലാണ് യുറാനിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് കുടിയൊഴിപ്പിക്കലിലൂടെ തങ്ങളുടെ വ്യവസായം കെട്ടിപ്പെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്.
ആദിവാസികളെ ഒന്നായി അണി നിരത്തി അദ്ദേഹം സമരത്തിനിറങ്ങുകയായിരുന്നു. മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി വിചാരണ പോലുമില്ലാതെ തടവില്‍ പാര്‍പ്പിക്കുന്നവരെ വിട്ടയക്കണമെന്ന ആവശ്യവും സ്റ്റാന്‍ സ്വാമി നിരന്തരം ഉന്നയിച്ചു. ഒടുവില്‍ ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം വിചാരണ പോലുമില്ലാതെ തടവറയിലാക്കപ്പെട്ട അനേകം രാഷ്ട്രീയ തടവുകാരുടെ കൂട്ടത്തില്‍ 84കാരനായ സ്റ്റാന്‍ സ്വാമിക്കും പോകേണ്ടി വന്നു.
2018ല്‍ കാരവന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരെല്ലാം ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുകയാണ് എന്നാണ് സ്റ്റാന്‍ സ്വാമി പറഞ്ഞത്. ഇന്ന് 84ാം വയസില്‍ ഭരണകൂടത്തില്‍ നിന്ന് നീതി കിട്ടാന്‍ ഒരു സ്‌ട്രോയ്ക്കും സിപ്പര്‍ കപ്പിനും വേണ്ടി കോടതി കയറി ഇറങ്ങേണ്ടി വന്ന സ്റ്റാന്‍ സ്വാമി അന്തരിച്ചിരിക്കുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തെ നോക്കി അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ അപ്പോഴും അപ്രസക്തമാകുന്നില്ല. മരണത്തിലും വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ പ്രൊഫൈലുകള്‍ക്ക് കിട്ടുന്ന സ്വീകാര്യതയും കയ്യടിയും ഈ സര്‍ക്കാര്‍ വിചാരണ കൂടാതെ തടവിലാക്കിയ അധ്യാപകരും, വിദ്യാര്‍ത്ഥികളും, സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരുടെ ഭാവിയെക്കുറിച്ച് വലിയ ആശങ്കയും ഉണ്ടാക്കുന്നു.