അതിര്‍ത്തിക്കപ്പുറത്തെ രോഗികളെ കയ്യൊഴിയാതെ കേരളം; കര്‍ണാടകയുടെ ക്രൂരതയ്ക്ക് ഈ കരുതലാണ് മറുപടി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള അതിര്‍ത്തികള്‍ അടച്ചുകൊണ്ടുള്ള കര്‍ണാടകയുടെ നടപടി മൂലം പൊലിഞ്ഞത് 10 ജീവനുകളാണ്. വിഷയത്തില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും ഉള്‍പ്പടെ ഇടപെട്ടിട്ടും അയവില്ലാത്ത സമീപനമാണ് കര്‍ണാടക തുടരുന്നത്. അതിര്‍ത്തി തുറക്കുന്നത് കര്‍ണടകയിലെ ജനങ്ങള്‍ മരണത്തെ ആലിഗനം ചെയ്യുന്നതിന് തുല്യമാണെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് കര്‍ണാടകയില്‍ നിന്നുള്ള രോഗികള്‍ക്ക് യാതൊരു വേര്‍തിരിവുമില്ലാതെ ചികിത്സ ലഭ്യമാക്കുന്ന വായനാട് മാനന്തവാടിയിലെ ആശുപത്രിയുടെയും ജില്ലാ അധികൃതരുടെയും നടപടി ശ്രദ്ധേയമാകുന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കര്‍ണാടകയില്‍ അതിര്‍ത്തി ഗ്രാമമായ ഡിബി ഗുപ്പയില്‍ നിന്ന് ദിവസേന നിരവധി പേരാണ് ചികിത്സ തേടി മാനന്തവാടിയിലെത്തുന്നത്. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്തും അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നെത്തുന്ന രോഗികള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ആദില അബ്ദുള്ള ദ ക്യുവിനോട് പറഞ്ഞു.
''ആരോഗ്യപരമായ ആവശ്യങ്ങള്‍ക്ക് വയനാട് ജില്ലയെ ആശ്രയിച്ചിരുന്നവര്‍ക്ക് എപ്പോഴത്തെയും പോലെ ചികിത്സ ലഭ്യമാക്കും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും മൈസൂര്‍ ജില്ലയില്‍ നിന്നുള്‍പ്പടെ ആളുകള്‍ എത്തുന്നുണ്ട്. മാനുഷിക പരിഗണന നല്‍കി എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രോഗിയെയും കൂടെ വരുന്ന ആളെയും തടസമില്ലാതെ കടത്തിവിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ ആദില അബ്ദുള്ള ദ ക്യുവിനോട് പറഞ്ഞു.
അപകടങ്ങളില്‍ പരുക്കേറ്റവരും ഗര്‍ഭിണികളുമാണ് കൂടുതലായും ചികിത്സയ്ക്കായി വയനാട് എത്തുന്നത്. മാനന്തവാടി ജില്ലാ ആശുപത്രി കൊവിഡ് സെന്റര്‍ ആക്കിയതോടെ, രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പടെ ചികിത്സയ്ക്കാവശ്യമായ പകരം സംവിധാനം ജില്ലാ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാകട- കേരള എന്നുള്ള വേര്‍തിരിവ് ചികിത്സയുടെ കാര്യത്തില്‍ ഇതുവരെ വരുത്തിയിട്ടില്ലെന്നും ഇനി വരുത്തില്ലെന്നും ജില്ലാ അധികൃതര്‍ പറയുന്നു.