‘പേടിയുണ്ട്, പക്ഷെ ഇത് ജീവിതമാര്‍ഗമല്ലേ’; കൊവിഡ് കാലത്തും സുരക്ഷയില്ലാതെ നഗരം വൃത്തിയാക്കുന്നവര്‍
കൊവിഡ് വ്യാപന കാലത്തും മുടങ്ങാതെ ജോലിയെടുക്കുന്ന മാലിന്യസംസ്‌കരണ തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷാസൗകര്യങ്ങള്‍ ഒരുക്കാതെ എറണാകുളം കോര്‍പ്പറേഷന്‍. മതിയായ സുരക്ഷാ ഉപകരണങ്ങളോ, മറ്റ് മാര്‍ഗനിര്‍ദേശങ്ങളോ ഇവര്‍ക്ക് നല്‍കിയിട്ടില്ല. വീടുകളില്‍ നിന്നും കടകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന നിങ്ങള്‍ എത്ര തവണ കൈകഴുകുന്നുണ്ടെന്ന് ചോദിച്ചാല്‍ ഇവര്‍ ചിരിക്കും. ഈ സാഹചര്യത്തില്‍ ഇങ്ങനെ ജോലി ചെയ്യുന്നതില്‍ പേടിയുണ്ട് പക്ഷെ എന്തു ചെയ്യാനാ, ജീവത മാര്‍ഗമല്ലേ എന്നാണ് ദ ക്യുവിന്റെ ചോദ്യത്തിന് മോഹനന്‍ എന്ന തൊഴിലാളി നല്‍കിയ മറുപടി.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കിട്ടിയത് ഒരു തോര്‍ത്തും, സോപ്പും ഗ്ലൗസും
ഇടക്കൊച്ചി സ്വദേശിയായ മോഹനന്‍ 23 വര്‍ഷമായി ഈ തൊഴില്‍ ചെയ്യുന്നു. 'മുടക്കമില്ലാതെ എല്ലാ ദിവസവും മാലിന്യം ശേഖരിക്കുന്നുണ്ട്. കലൂര്‍ ഭാഗത്ത് മാത്രം അന്‍പതോളം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് പേടിയുണ്ട്. പക്ഷെ അതുപറഞ്ഞ് ഞങ്ങള്‍ക്ക് ജോലി ചെയ്യാതിരിക്കാനാകില്ലല്ലോ. നഗരത്തിലെ മാലിന്യം നീക്കുക എന്നത് അവശ്യസേവനമാണ്. ഒരു തോര്‍ത്തും, സോപ്പും ഗ്ലൗസും മാത്രമാണ് കോര്‍പ്പറേഷന്‍ ഇതുവരെ ലഭ്യമാക്കിയത്. അതും പ്രശ്‌നം മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തിയതോടെ. ചില സ്ഥലങ്ങളില്‍ അതും ഇല്ല. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും ഇല്ലാതെയാണ് ജോലിയെടുക്കുന്നത്.
അതിഥിതൊഴിലാളികള് വേണ്ടി പറയാനും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും ഒരുപാടു പേരുണ്ട്, പക്ഷെ താഴെക്കിടയില്‍ ജോലി ചെയ്യുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരാളുമില്ല. അധികൃതരുമായി ബന്ധപ്പെട്ടു, ഒരു ലക്ഷം രൂപ പാസായിട്ടുണ്ടെന്നാണ് പറയുന്നത്. പക്ഷെ അതുകൊണ്ട് എന്തെങ്കിലും ആകുമോ എന്ന് അറിയില്ല, വളരെ ദൂരെ നിന്ന് വരെ ആളുകള്‍ വരുന്നുണ്ട്. എല്ലാവരും പരസ്പരം സഹകരിച്ചാണ് ജോലി ചെയ്യുന്നത്. ഞങ്ങള്‍ മാലിന്യം എടുക്കാന്‍ പോകുന്ന വീടുകളില്‍ ആരെങ്കിലും നിരീക്ഷണത്തിലുണ്ടോ എന്ന് പോലും അറിയില്ല. ശരിക്കും പറഞ്ഞാല്‍ ഞങ്ങളുടെ ജീവിതം ത്രാസ് പോലെയാണ്.' മോഹനന്‍ ദ ക്യുവിനോട് പറഞ്ഞു. സിഐടിയുവിന്റെ അംഗസംഘടനയായ മാലിന്യ നിര്‍മ്മാര്‍ജ്ജ തൊഴിലാളി യൂണിയന്‍ എറണാകുളം ജില്ലാ കണ്‍വീനര്‍ കൂടിയാണ് മോഹനന്‍.
ഞങ്ങള്‍ അമാനുഷികരല്ലല്ലോ, സാധാരണ മനുഷ്യരല്ലേ
ഏകദേശം അഞ്ഞൂറോളം ആളുകളാണ് കൊച്ചി നഗരത്തില്‍ മാത്രം മാലിന്യ ശേഖരണ തൊഴിലാളികളായുള്ളത്. ഇതില്‍ പകുതിയിലധികം സ്ത്രീകളാണ്. മാലിന്യ ശേഖരണ തൊഴിലാളികളെന്ന നിലയ്ക്ക് തങ്ങള്‍ക്ക് യാതൊരു സുരക്ഷാ പരിഗണനയും അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നില്ലെന്ന് ഗാന്ധിനഗര്‍ സ്വദേശിയായ ഗീത ഗോപി ദ ക്യുവിനോട് പറഞ്ഞു. 'ഇതാണ് ഞങ്ങളുടെ തൊഴില്‍, മാറിനില്‍ക്കാനാകില്ലല്ലോ, വീട്ടില്‍ ഇരിക്കുന്നവരോട് വരെ കൈ നിരവധി തവണ കഴുകണം, സാനിറ്റൈസര്‍ ഉപയോഗിക്കണം എന്ന് പറയുന്നുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് സാനിറ്റൈസറുമില്ല, വെള്ളവുമില്ല, ഒരു സോപ്പും ഒരു തോര്‍ത്തുമാണ് ആകെ തന്നിരിക്കുന്നത്. കൊവിഡ് കാലത്ത് എല്ലാ തട്ടിലുള്ളവര്‍ക്കും പരിഗണന ലഭിക്കുമ്പോഴും, മാലിന്യ തൊഴിലാളികള്‍ക്ക് വേണ്ടി എന്ത് ചെയ്തു എന്നുള്ളത് ചോദ്യം മാത്രമാണ്. ഞങ്ങള്‍ക്ക് അമാനുഷികതയൊന്നുമില്ലല്ലോ, സാധാരണ മനുഷ്യരല്ലേ', 11 വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന ഗീത ചോദിക്കുന്നു.
ആരോഗ്യമുന്‍കരുതല്‍ എന്നത് ഉള്‍പ്പെടെ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു മാര്‍ഗനിര്‍ദേശങ്ങളും ലഭിച്ചിട്ടില്ലെന്ന് ഇടപ്പള്ളി ഭാഗത്തെ തൊഴിലാളിയായ മനോജും ദ ക്യുവിനോട് പറഞ്ഞു. ഞങ്ങള്‍ക്ക് ഒന്നും നേടിയെടുക്കാന്‍ വേണ്ടിയല്ല ഇങ്ങനെ പരാതിയായി പറയുന്നത്, നൂറുകണക്കിനാളുകളുടെ സുരക്ഷയെ ഓര്‍ത്താണ്. ഒരു പ്രതിഷേധം നടത്താനൊന്നും ഞങ്ങള്‍ക്ക് താല്‍പര്യവുമില്ല. ഓരോ ദിവസവും നിരവധി വീടുകളിലാണ് ഞങ്ങള്‍ കയറി ഇറങ്ങുന്നത്. ഒരു തുണിയുടെ രണ്ട് സൈഡിലും നൂല് പിടിപ്പിച്ച് അതാണ് ഞങ്ങള്‍ക്ക് മാസ്‌ക് എന്ന് പറഞ്ഞ് തന്നിരിക്കുന്നത്. ഇതിനെ ഒരു മാസ്‌ക് എന്ന് പോലും വിളിക്കാന്‍ പറ്റില്ല. ഒരു തോര്‍ത്തും തന്നിട്ടുണ്ട് അതെന്തിനാണെന്ന് പോലും അറിയില്ലെന്നും മനോജ് ദ ക്യുവിനോട് പറഞ്ഞു.