കൊച്ചി നഗരത്തില്‍ നിന്നും 17 കിലോമീറ്ററപ്പുറത്തുള്ള ബ്രഹ്‌മപുരത്തെ 37 ഏക്കര്‍ ഭൂമിയില്‍ മാലിന്യം തള്ളിത്തുടങ്ങിയ കോര്‍പ്പറേഷന്‍ 25 വര്‍ഷം കൊണ്ട് 110 ഏക്കറിലേക്ക് ആ മാലിന്യമല വ്യാപിപ്പിച്ചു. ബ്രഹ്‌മപുരം ഖരമാലിന്യ സംസ്‌കരണ പ്ലാന്റെന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും മാലിന്യം തള്ളുന്ന ഇടം മാത്രമാണത്. നിലവില്‍ കൊച്ചി കോര്‍പ്പറേഷന് പുറമേ തൃക്കാക്കര, തൃപ്പൂണിത്തുറ, ആലുവ, അങ്കമാലി മുനിസിപ്പാലിറ്റികളുടെയും ചേരനല്ലൂര്‍, കുമ്പളങ്ങി, വടവുകോട് പുത്തന്‍ കുരിശ്, എന്നീ പഞ്ചായത്തുകളില്‍ നിന്നുമുള്ള മാലിന്യങ്ങളും ബ്രഹ്‌മപുരത്താണ് തള്ളുന്നത്. ഇങ്ങനെ മാലിന്യം ശേഖരിക്കുന്നതിന് കൊച്ചി കോര്‍പ്പറേഷന്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പണം ഈടാക്കുന്നുണ്ട്.
ബ്രഹ്‌മപുരം പ്ലാന്റില്‍ ദിവസവും 390 ടണ്‍ മാലിന്യമെത്തുന്നതില്‍ 206 ടണ്‍ ജൈവ മാലിന്യമാണ്. 30 ടണ്‍ മാലിന്യം ഒരു ദിവസം സംസ്‌കരിക്കാന്‍ കഴിയുന്ന പ്ലാന്റിലാണ് ഇത്രയധികം മാലിന്യം തള്ളുന്നത്. തരംതിരിക്കാതെയാണ് മാലിന്യം ശേഖരിക്കുന്നതും. മാലിന്യം തരംതിരിക്കുന്നുവെന്ന് കാണിച്ച് ഒരു ടണ്ണിന് 40000 രൂപ വരെ ഈടാക്കുന്നുണ്ട്. എല്ലാ ദിവസവും മാലിന്യം പ്രോസസ് ചെയ്യുകയും പത്ത് ദിവസം കൂടുമ്പോള്‍ ഇളക്കി മറിക്കുകയും വേണം. എന്നാല്‍ മാലിന്യം തള്ളുക മാത്രമാണ് നടക്കുന്നത്. ഇങ്ങനെ കുന്നുകൂടുന്ന പ്ലാസ്റ്റ്ക് മാലിന്യത്തില്‍ നിന്നും റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്നവ മാത്രം ഒരു കമ്പനി ശേഖരിക്കുന്നു. ബാക്കിയുള്ളവ പ്ലാസ്റ്റിക് മലകളായി രൂപാന്തരപ്പെട്ടു. ആ മലകള്‍ക്കാണ് തീപിടിച്ചത്. മലയുടെ അടിയിലേക്ക് ആഴ്ന്നിറങ്ങിയ തീ അണയ്ക്കാനും ബുദ്ധിമുട്ടുന്നു. മീഥേയ്ന്‍ ഉള്‍പ്പെടെയുള്ള വാതകങ്ങള്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
മാലിന്യ സംസ്‌കരണത്തില്‍ കൃത്യമായ പദ്ധതികളില്ലാത്തതും അഴിമതിയുമാണ് കൊച്ചി കോര്‍പ്പറേഷന്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണം.
പരാജയപ്പെട്ട പദ്ധതികളും കുന്നുകൂടിയ മാലിന്യവും
മാലിന്യ സംസ്‌കരണത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ വര്‍ഷങ്ങളായി വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. ഗുരുതര വീഴ്ച വരുത്തിയതിനാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊച്ചി നഗരസഭയ്ക്ക് 2019ല്‍ 10 കോടി രൂപ പിഴ ചുമത്തിയിരുന്നു. മാലിന്യം കലര്‍ന്ന വെള്ളം കടമ്പ്രാറിലേക്ക് ഒഴുക്കി വിടുന്നതും ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ ലംഘിച്ചുവെന്നുമായിരുന്നു കുറ്റം. പ്ലാന്റ് നിര്‍മ്മാണം വൈകിയതില്‍ ദേശീയ ഹരിത ട്രൈബ്യൂണലും നേരത്തെ ഒരു കോടി രൂപ പിഴ ചുമത്തി. എന്നിട്ടും കോര്‍പ്പറേഷന്‍ അധികൃതര്‍ ചെറുവിരല്‍ അനക്കിയില്ലെന്നതിന്റെ തെളിവാണ് ഒരാഴ്ചയ്ക്കിപ്പുറവും ബ്രഹ്‌മപുരം കത്തിക്കൊണ്ടിരിക്കുന്നത്.
കൊച്ചി നഗരത്തിലെ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി 1998ലാണ് ബ്രഹ്‌മപുരത്ത് 37 ഏക്കര്‍ സ്ഥലം വാങ്ങുന്നത്. 2005ല്‍ മാലിന്യ പ്ലാന്റ് നിര്‍മ്മിക്കാന്‍ ആന്ധ്രാപ്രദേശ് ടെക്നോളജി ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി കരാറുണ്ടാക്കി. ദിവസം 250 ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് നിര്‍മ്മിച്ചു. 2008ല്‍ ഉദ്ഘാടനം നടന്ന് മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. സമീപത്തെ പ്രദേശങ്ങളിലേക്ക് മാലിന്യം കൂട്ടിയിടാന്‍ തുടങ്ങി. മാലിന്യം അഴുകി ജീവിതം ദുസഹമായതോടെ പരിസരവാസികള്‍ പ്രതിഷേധമുയര്‍ത്തി. ദുര്‍ഗന്ധം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കമ്പനിയും പാതി വഴിയില്‍ ഉപേക്ഷിച്ചു. പ്ലാന്റ് കോര്‍പ്പറേഷന്‍ നേരിട്ട് നടത്താന്‍ തുടങ്ങി. ഇതിനിടെ കെട്ടിടങ്ങള്‍ തകര്‍ന്നു തുടങ്ങി.
മാലിന്യത്തില്‍ നിന്നും വൈദ്യുതി
മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള പരീക്ഷണത്തിനും കൊച്ചി കോര്‍പ്പറേഷന്‍ ഇറങ്ങി. ബ്രഹ്‌മപുരം പ്ലാന്റിനോട് ചേര്‍ന്ന് 20 ഏക്കര്‍ സ്ഥലമായിരുന്നു ഇതിനായി കോര്‍പ്പറേഷന്‍ കണ്ടെത്തിയത്. 295 കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതിക്ക് 2016 ഫെബ്രുവരിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുമതി നല്‍കി. 300 ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ഇതിലൂടെ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
500 മെട്രിക് ടണ്‍ ഖരമാലിന്യം വരെ സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റില്‍ നിന്നും 12.65 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു കോര്‍പ്പറേഷനും കമ്പനിയും അവകാശപ്പെട്ടത്.
2017 ല്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയ പദ്ധതിക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. പദ്ധതി നടത്തിപ്പിനായി കൊച്ചി കോര്‍പ്പറേഷന്‍ കരാറുണ്ടാക്കിയ ജി.ജെ എക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് പരിചയമില്ലെന്നതായിരുന്നു പ്രതിഷേധത്തിനുള്ള കാരണം.
വിമര്‍ശനങ്ങളും പ്രതിഷേധവും ഉയരുന്നതിനിടെ 2018 ഏപ്രിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിക്ക് തറക്കല്ലിട്ടു. പദ്ധതി സംസ്ഥാനത്തിന് മുഴുവന്‍ മാതൃകയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു. 18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചതെങ്കിലും 2020 മെയില്‍ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. കമ്പനിയുടെ സാമ്പത്തിക ഭദ്രത തെളിയിക്കുന്നതിന് ആവശ്യമായ വ്യവസ്ഥ കരാറിലുണ്ടായിട്ടും തെളിവ് നല്‍കിയില്ലെന്നതായിരുന്നു റദ്ദാക്കാനുള്ള കാരണം. കരാറില്‍ ഒപ്പിട്ട് 180 ദിവസത്തിനകം സാമ്പത്തിക ഭദ്രത തെളിയിക്കണമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. 1400 ദിവസം പിന്നിട്ടിട്ടും കമ്പനിക്ക് അതിന് കഴിഞ്ഞില്ല. വായ്പ ലഭിക്കാന്‍ ജാമ്യം നില്‍ക്കണമെന്നും പാട്ടക്കരാര്‍ വേണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം പദ്ധതിക്കായി കണ്ടെത്തിയ 20 ഏക്കര്‍ ഭൂമി കമ്പനിക്ക് പാട്ടത്തിന് നല്‍കി. കടബാധ്യതയുള്ള കമ്പനിയാണെന്നും കരാറിലേര്‍പ്പെടുന്നതിന് മുമ്പ് സാമ്പത്തിക ബാധ്യതകള്‍ അന്വേഷിച്ചില്ലെന്നും നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. കരാര്‍ റദ്ദാക്കിയതിനെതിരെ ജി.ജെ എക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് ഹൈക്കോടതിയെ സമീപിച്ചു. ആവശ്യം സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും തള്ളി.
കൊച്ചി കോര്‍പ്പറേഷനുള്ളിലെ മാലിന്യം വൈദ്യുതി നിര്‍മ്മാണത്തിന് മതിയാകില്ലെന്നതിനാലായിരുന്നു മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച് തുടങ്ങിയത്. ഇപ്പോള്‍ ആ മാലിന്യങ്ങളും കോര്‍പ്പറേഷന് തലവേദനയാകുകയാണ്.
മാലിന്യ മലകളെ നിരപ്പാക്കാന്‍ ബയോ മൈനിംഗ്
മാലിന്യം കുന്നുകൂടിയതോടെ ബ്രഹ്‌മപുരം പ്ലാന്റില്‍ ബയോ മൈനിങ് നടത്താന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. സോണ്‍ട ഇന്‍ഫ്രാടെക് എന്ന കമ്പനിക്ക് 54.90 കോടിക്ക് കരാര്‍ നല്‍കി. ഈ തുകയില്‍ പകുതി സംസ്ഥാന സര്‍ക്കാരാണ് വഹിക്കേണ്ടത്. എന്നാല്‍ യോഗ്യതകളില്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷം ആരോപണമുയര്‍ത്തി. 2020 ഒക്ടോബര്‍ മാസം വരെ 4,75,139 ക്യുബിക് മീറ്റര്‍ മാലിന്യം കെട്ടിക്കിടക്കുന്നുണ്ടെന്നായിരുന്നു കമ്പനി കണ്ടെത്തിയത്. മാലിന്യത്തില്‍ നിന്നും പ്ലാസ്റ്റിക്, ജൈവം, മെറ്റല്‍, റബര്‍ എന്നിങ്ങനെ വേര്‍തിരിച്ച് മൈനിങ് നടത്തുമെന്നായിരുന്നു കമ്പനി നല്‍കിയ വാഗ്ദാനം. മണ്ണില്‍ അലിയുന്ന മാലിന്യം കുഴിച്ചുമൂടും. 2022 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയായിരുന്നു സമയം നല്‍കിയത്.
ബ്രഹ്‌മപുരത്തെ തീപ്പിടുത്തത്തോടെ ബയോ മൈനിംഗ് കരാരും കമ്പനിയും രാഷ്ട്രീയ വിവാദത്തിലായി. സി.പി.എം നേതാവ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിയായ സോണ്ട ഇന്‍ഫ്രാടെകിനാണ് 2021ല്‍ ബയോമൈനിങിനുള്ള കരാര്‍ ലഭിച്ചത്. കെ.പി.സി.സി സെക്രട്ടറി എന്‍. വേണുഗോപാലിന്റെ മകന്റെ സ്ഥാപനമാണ് ഉപകരാര്‍ എടുത്തത്. 9 മാസത്തിനുള്ളില്‍ 5.52 ലക്ഷം ഘനമീറ്റര്‍ മാലിന്യം നീക്കാനായിരുന്നു കരാര്‍. സമയബന്ധിതമായി മാലിന്യം സംസ്‌കരിക്കാന്‍ കമ്പനിക്ക് കഴിയാതിരുന്നതോടെ കരാര്‍ നീട്ടി നല്‍കി. 54 കോടിയാണ് കമ്പനിക്ക് നല്‍കേണ്ടത്. 25 ശതമാനം മൈനിങ് നടത്തിയെന്ന് അവകാശപ്പെടുന്ന കമ്പനിക്ക് 11 കോടി രൂപ നല്‍കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മാലിന്യം ശരിയായ രീതിയിലല്ല തരംതിരിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്.
സോണ്ട ഇന്‍ഫ്രാടെക്കിനെതിരെ താന്‍ മന്ത്രിയായിരുന്നപ്പോള്‍ പരാതി ലഭിച്ചിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ചകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും വഴിവിട്ട് സഹായിച്ചതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും എം.വി ഗോവിന്ദന്‍ പറയുന്നു. ആരോപണങ്ങള്‍ തുടരുന്നുണ്ടെങ്കിലും ബയോമൈനിംഗ് പൂര്‍ത്തിയാക്കുകയാണ് ബ്രഹ്‌മപുരത്തെ പ്രതിസന്ധിക്ക് പരിഹാരമെന്ന വാദവും ഉയരുന്നുണ്ട്.
ബദല്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമോ
ബ്രഹ്‌മപുരത്തെ തീപിടിത്തം പരിഗണിക്കുമ്പോള്‍ ഉറവിടത്തില്‍ തന്നെ മാലിന്യം വേര്‍തിരിക്കാനുള്ള സംവിധാനം വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ ഒരു വര്‍ഷം 37 ലക്ഷം ടണ്‍ ഖരമാലിന്യം ഉല്‍പാദിപ്പിക്കപ്പെടുന്നുവെന്നും 22 ലക്ഷം ടണ്‍ നഗരമേഖലയില്‍ നിന്നാണെന്നുമാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ കൊച്ചി പോലുള്ള വലിയ നഗരങ്ങളില്‍ ഉറവിട മാലിന്യ സംസ്‌കരണം പൂര്‍ണ്ണമാകാത്ത സാഹചര്യമാണെന്നും കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നത് അതുകൊണ്ടാണെന്നും ബ്രഹ്‌മപുരത്തെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റിന്റെ തറക്കല്ലിടലില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ശുചിത്വ മിഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്തെ മാലിന്യത്തില്‍ 49 ശതമാനവും ഗാര്‍ഹിക മാലിന്യമാണ്. 51 ശതമാനം പൊതുഇടങ്ങളിലും സ്ഥാപനങ്ങളില്‍ നിന്നുമുള്ളതാണ്. ഇതില്‍ തന്നെ 36 ശതമാനമാണ് പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം. പൊതുഇടങ്ങളിലെ മാലിന്യം 15 ശതമാനമാണ്. പൊതുവിടങ്ങളിലെയും ചെറുകിട സ്ഥാപനങ്ങളെയും മാലിന്യം ശേഖരിച്ച് കേന്ദ്രീകൃതമായും ഉറവിടങ്ങളില്‍ തന്നെ ചെയ്യാന്‍ കഴിയുന്നത് വികേന്ദ്രീകൃത രീതിയിലും സംസ്‌കരിക്കുന്നതാണ് കേരളത്തിലെ സാഹചര്യത്തില്‍ പ്രായോഗികമായിട്ടുള്ളത്. മാലിന്യങ്ങള്‍ കുഴിച്ച് മൂടുന്ന രീതിയായിരുന്നു നേരത്തെ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിച്ചിരുന്നത്. ജൈവ മാലിന്യം അഴുകി മണ്ണില്‍ ചേരുമെന്നും വളമായി മാറുമെന്നുമാണ് ഈ പദ്ധതി നടപ്പിലാക്കുമ്പോള്‍ വിശദീകരിക്കപ്പെട്ടത്. ഒരു പ്രദേശം മുഴുവന്‍ മാലിന്യങ്ങള്‍ കൊണ്ടു തള്ളി. വിളപ്പില്‍ശാലയും ലാലൂരും ഞെളിയന്‍പറമ്പും മാലിന്യം കുന്നുകൂടി ചീഞ്ഞ് അഴുകി കിടന്നു. സംസ്‌കരണ കേന്ദ്രങ്ങളുടെ സംഭരണ ശേഷിക്കും അപ്പുറമായി മാലിന്യം. മഴ വെള്ളത്തോടൊപ്പം മലിനജലവും കിണറുകളിലേക്കും മറ്റ് ജലാശയങ്ങളിലേക്കും ഒഴുകി കലര്‍ന്നു. സമീപത്ത് ജനങ്ങള്‍ക്ക് താമസിക്കാന്‍ പോലും കഴിയാത്ത രീതിയിലേക്ക് മാറിയതോടെ പ്രതിഷേധം ശക്തമായി. ഇതോടെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമെന്ന ആശയത്തിന് ശ്രദ്ധ കിട്ടി.
ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കാരിക്കാനുള്ള പദ്ധതികള്‍ പല തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും നടപ്പിലാക്കി. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്. കുന്നംകുളം, ഇരിങ്ങാരക്കുട, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളില്‍ ഇത്തരം പദ്ധതി വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്.
മാതൃകയായി ഗുരുവായൂരും കുന്നംകുളവും
മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ പഴി കേട്ടിരുന്നതില്‍ നിന്നും ഗുരുവായൂരിലെ മാലിന്യം കൈകാര്യം ചെയ്യുന്നതില്‍ കൈയടി നേടുകയാണ് നഗരസഭ. പതിറ്റാണ്ടുകളായി മാലിന്യം നിക്ഷേപിച്ചിരുന്ന ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിനെ ബയോപാര്‍ക്കാക്കി മാറ്റി. ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയവും അഗ്രോ നഴ്സറിയും ഇവിടയുണ്ട്. 2017 മുതല്‍ ജൈവവള യൂണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെയും പരിസരത്തുള്ള കല്യാണമണ്ഡപങ്ങളിലെയും ഹോട്ടലുകളിലെയും ജൈവ മാലിന്യങ്ങള്‍ ഉള്‍പ്പെടെ മൂന്ന് മുതല്‍ അഞ്ച് ടണ്‍ വരെ മാലിന്യം ഒരു ദിവസം ഇവിടെ സംസ്‌കരിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ മാലിന്യം ശേഖരിക്കുന്നു. വീടുകളിലെയും ഫ്ളാറ്റുകളിലെയും മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ബയോഗ്യാസ് പ്ലാന്റുകളും ബയോഡൈജസ്റ്റര്‍ പോട്ടുകളും പൈപ്പ് കമ്പോസ്റ്റുകളും നല്‍കിയിരുന്നു. ജൈവ-അജൈവ മാലിന്യമായി വേര്‍തിരിക്കും. ജൈവ മാലിന്യങ്ങള്‍ ചികിരിച്ചോറും ഇനോക്കുലവും ചേര്‍ത്ത് വിന്‍ഡ്രോകളായി മാറ്റും. 30 ദിവസത്തെ സംസ്‌കരണത്തിന് ശേഷം സൂക്ഷമാണുവളങ്ങള്‍ കൂടി ചേര്‍ത്ത് ജൈവവളമായി വില്‍ക്കുന്നു.
ഇതേ മാതൃകയാണ് തൃശൂര്‍ കുന്നംകുളത്തെ മാലിന്യ പ്രശ്നം പരിഹരിച്ചത്. പതിറ്റാണ്ടുകളായി അനങ്ങാതെ കിടന്ന മാലിന്യക്കുന്നുകളില്‍ നിന്നും കുറുക്കന്‍പാറയ്ക്കും മോചനം കിട്ടി. നഗരസഭയുടെ അഭിമാന പദ്ധതിയായി ജൈവവള നിര്‍മ്മാണ കേന്ദ്രം മാറി.
ബ്രഹ്‌മപുരത്തെ പ്രതിസന്ധിക്കും പരിഹാരം ഇത് തന്നെയാണെന്നാണ് ഗുരുവായൂരിലെയും കുന്നംകുളത്തെയും പദ്ധതിക്ക് നേതൃത്വം നല്‍കിയ ഐ.ആര്‍.ടി.സി പ്രതിനിധി വി. മനോജ് കുമാര്‍ പറയുന്നത്.
'ഒരു വര്‍ഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മൂന്ന് കോടി തീര്‍ത്ഥാടകരാണ് എത്തുന്നത്. അമ്പലത്തില്‍ നിന്ന് മാത്രം ഒരു ദിവസം ഒന്നര ടണ്‍ ജൈവ മാലിന്യമുണ്ടാകും. ഇത് ശാസ്ത്രീയമായി സംസ്‌കരിച്ച് ബയോവേയ്സ്റ്റാക്കി മാറ്റുകയാണ്. വികേന്ദ്രീകൃതമായ മാലിന്യ സംസ്‌കരണമാണ് വേണ്ടത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലായി ചെറിയ പ്ലാന്റുകള്‍ സ്ഥാപിക്കണം. ഒറ്റ വലിയ പ്ലാന്റ് എന്നതില്‍ നിന്നും മാറി ബ്രഹ്‌മപുരത്ത് തന്നെ പത്തോളം പ്ലാന്റുകളും നിര്‍മ്മിക്കാം. ഏതെങ്കിലും ഒരു പ്ലാന്റിന് പ്രശ്നം വന്നാലും മാലിന്യം സംസ്‌കരിക്കുന്നത് തടസ്സപ്പെടില്ല. ജൈവമാലിന്യം വളമാക്കി മാറ്റുന്നതിനൊപ്പം അജൈവ മാലിന്യങ്ങള്‍ കമ്പനികള്‍ക്ക് നല്‍കുകയും ചെയ്യാം. ലെഗസി വേയ്സ്റ്റ് എനര്‍ജി യൂണിറ്റില്‍ ഉപയോഗിക്കുകയും ചെയ്യാം. മാലിന്യ സംസ്‌കരണത്തില്‍ വലിയ ഒറ്റ പദ്ധതികള്‍ പരാജയപ്പെടുന്നതാണ് കാണുന്നത്'.