വഖഫില്‍ കുടുങ്ങി സമസ്ത; രാഷ്ട്രീയ നേട്ടമാക്കാന്‍ ലീഗ്; മുഖ്യമന്ത്രിയുടെ യോഗം നിര്‍ണായകം

വഖഫില്‍ കുടുങ്ങി സമസ്ത; രാഷ്ട്രീയ നേട്ടമാക്കാന്‍ ലീഗ്; മുഖ്യമന്ത്രിയുടെ യോഗം നിര്‍ണായകം
Published on

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനവുമായി മുന്നോട്ട് പോകുമെന്ന സര്‍ക്കാര്‍ നിലപാടില്‍ വെട്ടിലായി സമസ്ത നേതൃത്വം. പി.എസ്.സി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. മുസ്ലിം ലീഗ് തിരുവനന്തപുരത്ത് നാളെ സമരം നടത്തും. നിയമം റദ്ദാക്കാന്‍ പുതിയ ബില്ല് നിയമസഭയില്‍ കൊണ്ടുവരുമെന്നായിരുന്നു സമസ്തയുടെ പ്രതീക്ഷ. ഇതിനിടെയാണ് പി.എസ്.സിക്ക് വിട്ട നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍ വ്യക്തമാക്കിയത്. നേരത്തെ മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഇതേ അഭിപ്രായം പറഞ്ഞപ്പോള്‍ സമസ്ത ഇടഞ്ഞിരുന്നു. മന്ത്രി സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ നേരിട്ട് കണ്ട് മയപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

മുസ്ലിം ലീഗുമായി ഇടഞ്ഞ് നിന്ന സമസ്ത വഖഫ് വിഷയം നേരിട്ട് പരിഹരിക്കുമെന്ന നിലപാടിലായിരുന്നു. മന്ത്രി അബ്ദുറഹ്‌മാന്റെ പ്രസ്താവന ജിഫ്രി തങ്ങളെ ദുര്‍ബലപ്പെടുത്തുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സമസ്തയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ പരിഹാരം കാണുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതീക്ഷ. അതിലൂടെ വഖഫ് സമരത്തില്‍ ലീഗിന്റെ കൂടെ നില്‍ക്കാത്തതില്‍ സമസ്തയ്ക്കുള്ളിലെ ഒരുവിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ മറികടക്കാനും കഴിയുമെന്നും കണക്കുകൂട്ടി.

മന്ത്രി വി. അബ്ദുറഹ്‌മാന്റെ പ്രസ്താവനയ്ക്ക് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എതിര്‍പ്പ് പരസ്യമായി അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നല്‍കിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിയുടെ പ്രസ്താവന വരുന്നതിന് തൊട്ട് മുമ്പ് തന്നോട് വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്ട്. പി.എസ്.സി വിഷയത്തില്‍ നേരത്തെ നല്‍കിയ വാഗ്ദാനം നടപ്പിലാക്കണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

വഖഫ് വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുമെന്നും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ഉറപ്പായ ഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. ഏപ്രില്‍ 20ന് തിരുവനന്തപുരത്താണ് യോഗം.

പി.എസ്.സിക്ക് വിട്ട തീരുമാനവുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കമെങ്കില്‍ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളുടെ എതിര്‍പ്പ് ഉയരുമെന്ന് ഉറപ്പാണ്. തല്‍സ്ഥിതി തുടരുമെന്നായിരുന്നു സമസ്തയുമായി നേരത്തെ നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പ്.

രാഷ്ട്രീയ നേട്ടമാക്കാന്‍ ലീഗ്

വഖഫ് വിഷയത്തില്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് സമരം നടത്താനിരിക്കെയാണ് പി.എസ്.സി നിയമനവുമായി മുന്നോട്ട് പോകുമെന്നുള്ള മന്ത്രിയുടെ പ്രസ്താവന. ഇത് നാളെ നടത്താനിരിക്കുന്ന സമരത്തിന് ശക്തിയാകുമെന്നാണ് മുസ്ലിം ലീഗിന്റെ കണക്കുകൂട്ടല്‍. രാവിലെ 11 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധം. നിയമസഭ മാര്‍ച്ചായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടര്‍ന്ന് പ്രതിഷേധ യോഗമാക്കി മാറ്റുകയായിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലാ ഭാരവാഹികളും പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികളുമാണ് പ്രതിഷേധത്തില്‍ പ്‌ങ്കെടുക്കുക.

വഖഫ് വിഷയത്തില്‍ സമസ്ത നേരിട്ട് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതും സമരത്തില്‍ ഒപ്പം നില്‍ക്കാതിരുന്നതും മുസ്ലിം ലീഗിന് രാഷ്ട്രീയമായ തിരിച്ചടിയായിരുന്നു. നേരത്തെ സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് പാലമായി നിന്ന ലീഗിനെ സമസ്തയും കൈവിട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളും നേരിട്ട് വിളിച്ചായിരുന്നു സമസ്ത നേതൃത്വവുമായി ആശയവിനിമയം നടത്തിയത്. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിനെതിരെ പള്ളികളില്‍ പ്രതിഷേധിക്കാനുള്ള മുസ്ലിം ലീഗിന്റെ തീരുമാനം ജിഫ്രി മുത്തുക്കോയ തങ്ങള്‍ തള്ളിയിരുന്നു. മുസ്ലിം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള വേദിയില്‍ വെച്ചായിരുന്നു പള്ളികളെ രാഷ്ട്രീയ സമരത്തിനുള്ള വേദിയാക്കരുതെന്ന നിലപാട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചത്.

സമസ്ത സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് പോകുകയും മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കുകയും ചെയ്തത് ലീഗിനെ ചൊടിപ്പിച്ചിരുന്നു. കോഴിക്കോട് കടപ്പുറത്ത് പ്രതിഷേധ റാലി നടത്തി സംസ്ഥാന സര്‍ക്കാരിനും സമസ്തയ്ക്കും ലീഗ് മറുപടി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലെ തീരുമാനമായിരിക്കും വഖഫ് വിഷയം ആര്‍ക്ക് രാഷ്ട്രീയ നേട്ടമാകുമെന്നതില്‍ നിര്‍ണായകമാകുക.

Related Stories

No stories found.
logo
The Cue
www.thecue.in